ജെക്കോബി
കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ആദ്യ ലോക്സഭാ എംപി സുരേഷ് ഗോപിക്ക് മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഗ്യാരന്റി ചെയ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്കു മുന്‍പായി പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ ചായസല്‍ക്കാരത്തില്‍ പ്രത്യക്ഷപ്പെടുന്നതു വരെ ജോര്‍ജ് കുര്യന്റെ പേര് സാധ്യതാപട്ടികയില്‍ ആരുംതന്നെ പ്രവചിച്ചിരുന്നില്ല. തന്റെ സമഗ്രാധിപത്യ അതിമോഹങ്ങള്‍ക്ക് രാജ്യത്തെ വോട്ടര്‍മാര്‍ നല്കിയ തിരിച്ചടിയില്‍ പരിക്ഷീണിതനാണെങ്കിലും എന്‍ഡിഎ സഖ്യകക്ഷികളെ ആശ്രയിച്ച് ഭരിക്കാനുള്ള കേവലഭൂരിപക്ഷം തികച്ച് 11 ഘടകകക്ഷി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി 72 അംഗ മന്ത്രിസഭ രൂപവത്കരിച്ച മോദി, തൃശൂരില്‍ ചരിത്രവിജയം നേടിയ ജനപ്രിയ താരത്തിനൊപ്പം സംസ്ഥാനത്തുനിന്ന് മറ്റൊരു സഹമന്ത്രിയെയും നാമനിര്‍ദേശം ചെയ്തത് മലയാളികള്‍ക്കുള്ള പ്രത്യേക നന്ദിയര്പ്പണമാവാം.
പ്രതീക്ഷിച്ചിരുന്ന കാബിനറ്റ് റാങ്ക് കിട്ടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുരേഷ് ഗോപി സഹമന്ത്രി പദവി രാജിവയ്ക്കാനൊരുങ്ങുന്നതായി ദേശീയ വാര്‍ത്താചാനലുകള്‍ വരെ ബ്രേക്കിങ് ന്യൂസ് സ്പ്ലാഷ് ചെയ്തെങ്കിലും, ടൂറിസം, പെട്രോളിയം-പ്രകൃതിവാതകം എന്നീ പ്രധാന വകുപ്പുകളിലേക്കാണ് നിയോഗം എന്നറിഞ്ഞതോടെ അദ്ദേഹം സര്‍വാത്മനാ വഴങ്ങി. ഫിഷറീസ്, ന്യൂനപക്ഷകാര്യം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിങ്ങനെ കേരളത്തിന് സവിശേഷ താല്പര്യമുള്ള വകുപ്പുകള്‍ ജോര്‍ജ് കുര്യനുവേണ്ടി കരുതിവച്ചു എന്നതും ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്-എം നേതാവായിരുന്ന പി.സി തോമസ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന് 2001-ല്‍ അടല്‍ ബിഹാരി വാജ്പേയി ഗവണ്മെന്റില് നിയമകാര്യ സഹമന്ത്രിയാവുകയും, കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇടതുമുന്നണി പിന്തുണയോടെ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ് കണ്ണന്താനം പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് ഒന്നാം മോദി സര്‍ക്കാരിന്റെ ഒരു പുനഃസംഘടനയില്‍ 2017-ല്‍ സ്വതന്ത്ര ചുമതലയുള്ള ടൂറിസം സഹമന്ത്രിയാവുകയും ചെയ്ത ചരിത്രത്തോടു ചേര്‍ത്തുവയ്ക്കാവുന്നതാണ് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവനായ മറ്റൊരു ബിജെപി നേതാവിന് മോദി നല്കുന്ന ഈ മന്ത്രിപദവി.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയ ന്യൂനപക്ഷ കമ്മിഷന് ഉപാധ്യക്ഷനായ ജോര്‍ജ് കുര്യന് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍ കമ്മിറ്റി അംഗവുമാണ്. പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഹിന്ദി പ്രസംഗം മലയാളത്തിലേക്കു മൊഴിമാറ്റുകയും ടിവി ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന ജോര്‍ജ് കുര്യന് പുതുപ്പള്ളിയില്‍ 2016-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചതൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് രംഗത്ത് അത്ര പരിചിതമായ മുഖമല്ല. ഒ. രാജഗോപാല്‍ കേന്ദ്രത്തില്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ദൗത്യം അദ്ദേഹം വഹിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജയപ്രകാശ് നാരായണിലേക്കും ജനതാപാര്‍ട്ടിയിലേക്കും ജനസംഘിന്റെ ആശയങ്ങളിലേക്കും ആകര്‍ഷിക്കപ്പെട്ട് പത്തൊമ്പതാം വയസില്‍, 1980-ല്‍ ബിജെപി രൂപം കൊണ്ടകാലത്ത് പാര്‍ട്ടിയില്‍ അംഗമായ ജോര്‍ജ് കുര്യന് യുവ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ്, പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂരിനടുത്ത് കാണക്കാരി സ്വദേശിയും സീറോ മലബാര്‍ സഭാംഗവുമായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മിഷന് അംഗമായിരുന്ന നാള് മുതല്‍ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖമായി, കേരളത്തില്‍ ക്രൈസ്തവ സഭാനേതൃത്വവുമായുള്ള മോദിയുടെ ഔട്ട്റീച്ച് ഉദ്യമങ്ങളുടെ രഹസ്യദൂതനും. രണ്ടര ലക്ഷം ക്രൈസ്തവ വോട്ടര്‍മാരുള്ള തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സഭാസമ്പര്ക്ക മിഷനുകള്‍ക്കു പിന്നില്‍ അദൃശ്യസാന്നിധ്യമായി ജോര്‍ജ് കുര്യനുമുണ്ടായിരുന്നു.
കേരളത്തില്‍ മോദി സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിനായുള്ള മെഗാ പ്രോജക്റ്റിലെ രണ്ടു പ്രധാന കരുക്കളാണ് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത്-തദ്ദേശഭരണ തിരഞ്ഞെടുപ്പിനും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള മുന്നൊരുക്കങ്ങളില്‍ തന്ത്രപ്രധാനമായ ഒരു നീക്കമായി ഇവരുടെ മന്ത്രിപദലബ്ധിയെ കാണുന്നവരുണ്ട്. എന്തായാലും, കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണിഭരണത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിന് ആക്കം കൂട്ടുകയാണ് സംഘപരിവാര്‍ ശക്തികള്‍.
കേരളത്തിലെ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവന്മരണ പ്രശ്നങ്ങളിലും, ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലമായ കടലേറ്റം, തീരശോഷണം, പ്രകൃതിക്ഷോഭം തുടങ്ങിയ ദുരന്തങ്ങള്‍ നേരിടുന്നതിലും, ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവയുടെ കാര്യത്തിലും തീരപരിപാലന നിയമവും ക്ഷേമപദ്ധതികളും നീതിപൂര്‍വകമായി നടപ്പാക്കുന്നതിലും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥ പ്രോഗ്രസ് റിപ്പോര്‍ട്ട് തികച്ചും നിരാശാജനകമാണെന്നിരിക്കെ, കേന്ദ്ര ഫിഷറീസ് വകുപ്പില്‍ നിന്ന് അടിയന്തര ശ്രദ്ധയും സവിശേഷ പരിഗണനയും കേരളത്തിനു ലഭിക്കാന്‍ മന്ത്രി ജോര്‍ജ് കുര്യന്റെ മാധ്യസ്ഥ്യം സഹായകമാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുവഹിക്കാന്‍ കഴിയും. കേരളത്തിലെ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലെ ഇടത്തരം കര്‍ഷകര്‍ക്കും അഗ്രിബിസിനസ് സംരംഭകര്‍ക്കും കേന്ദ്ര പദ്ധതിവിഹിതത്തില്‍ കൂടുതലായെന്തെങ്കിലും കിട്ടാനും ഇടയുണ്ട്.
കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് ചില വമ്പന്‍ പദ്ധതികള്‍ മന്ത്രി സുരേഷ് ഗോപി വഴി കേരളത്തില്‍ എത്തിച്ചേരാനിടയുണ്ട്. തീര്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ‘പ്രസാദ്’ സ്കീം, സ്വദേശ് ദര്ശന് സ്കീം മുതലായ കേന്ദ്ര ടൂറിസം പദ്ധതികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, ശിവഗിരി എന്നു വേണ്ട, മലയാറ്റൂര്‍ കുരിശുമുടി വരെയുള്ള അതിശയനീയമായ ‘റിലീജിയസ് സര്കിട്ട്’ വികസനത്തിനു മുന്‍ഗണന നല്കിയാല് കോടിക്കണക്കിനു രൂപയുടെ ടൂറിസം വികസനം കൂടിയാകും കേരളത്തില്‍ സാധ്യമാവുക. റിലീജിയസ്, ഇക്കോ ടൂറിസം, ട്രൈബല്‍ ടൂറിസം സര്കിട്ടുകളുടെ വികസന രാഷ് ട്രീയത്തില്‍ വാഗമണ്ണും ഗവിയും പരിസ്ഥിതിലോല പ്രദേശങ്ങളും മാത്രമല്ല, ബിജെപിയുടെ അടിസ്ഥാന സ്വാധീനമേഖലയുടെ വികാസവും ഉള്‍പ്പെടും.
ഏതെങ്കിലും സംരംഭത്തില്‍ ഇടപെട്ടാല്‍ അതില്‍ ആത്മാര്‍ഥമായി നിറഞ്ഞാടാനുള്ള വൈഭവം സുരേഷ് ഗോപിയില്‍ നിന്നു പ്രതീക്ഷിക്കാം.
ബിജെപിയെ അടക്കിവാഴുന്ന ഗുജറാത്ത് ലോബിക്ക് 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉണ്ടായ വീഴ്ചകള്‍ വിലയിരുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ സുബ്രഹ്മണ്യന് സ്വാമിയെ പോലെ ഒറ്റപ്പെട്ട ചിലരൊഴികെ അധികമാരും ധൈര്യപ്പെടുകയില്ലെങ്കിലും, നാഗ്പുറില്‍ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് തന്നെ ‘പ്രധാന സേവകന്റെ’ അഹങ്കാരത്തെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളെയും വിദ്വേഷപ്രചാരണത്തിന്റെയും ടെക്നോളജി ഉപയോഗിച്ചുള്ള അസത്യപ്രചാരണത്തിന്റെയും അധാര്‍മിക ശൈലിയെയും പരസ്യമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തെ ശത്രുക്കളായല്ല, രാഷ്ട്രീയത്തില്‍ ഭിന്നാഭിപ്രായക്കാരായാണ് പരിഗണിക്കേണ്ടത്. അവരെ ശ്രവിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് യുദ്ധമല്ല, പൊതുസമ്മതി നേടാനുള്ള പ്രക്രിയയാണ്. തിരഞ്ഞെടുപ്പിന്റെ വാചകക്കസര്‍ത്തുകളൊക്കെ അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കണം. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നും ആര്‍എസ്എസ് മേധാവി മോദിയോട് ആവശ്യപ്പെട്ടു. ”മണിപ്പുരിലെ സംഘര്‍ഷം കത്തിപ്പടര്ന്നതോ കത്തിപ്പടര്ത്തിയതോ ആകട്ടെ, ഒരു കൊല്ലമായി ഇപ്പോഴും അതു കത്തിക്കൊണ്ടിരിക്കയാണ്. ജനങ്ങള്‍ അതില്‍ ചുട്ടുപൊള്ളികഴിയുകയാണ്. ഒരുകൊല്ലമായി അവര്‍ സമാധാനത്തിനായി കാത്തിരിക്കുന്നു. പത്തുവര്‍ഷമായി സമാധാനവും ശാന്തിയും നിലനിന്ന ഇടമാണത്. തോക്കിന്റെ സംസ്കാരത്തിന് അറുതിയായെന്നാണ് ജനങ്ങള്‍ കരുതിയിരുന്നത്,” മോഹന്‍ ഭാഗവത് പറഞ്ഞു.
മണിപ്പുരിലെ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ കുക്കി-സോമി വിഭാഗക്കാര്‍ മ്യാന്മറില് നിന്നുള്ള നുഴഞ്ഞുകയറ്റക്കാരും വനഭൂമി കൈയേറി പോപ്പി കറപ്പ് കൃഷിയിറക്കി ലഹരികടത്തുന്ന ഭീകരപ്രവര്ത്തകരുമാണെന്ന രാഷ്ട്രീയ നരേറ്റീവിലൂടെ സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രിയും ഭൂരിപക്ഷ മെയ്തെയ് സമൂഹത്തിലെ ഹിന്ദുത്വ-സനാമഹി തീവ്രവാദികളും കൊളുത്തിയ വംശീയവിദ്വേഷത്തിന്റെ കലാപതീയണയ്ക്കാന് ഇതുവരെ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത, ഒരിക്കല്‍ പോലും തങ്ങളെ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി മോദിയെ മെയ്തെയ് ഹിന്ദുക്കളും കലാപത്തില്‍ ‘നിഷ്പക്ഷ നിലപാട്’ സ്വീകരിച്ച നാഗാ ക്രൈസ്തവ ഗോത്രവര്ഗക്കാരുമടക്കം മണിപ്പുരി ജനത സംസ്ഥാനത്തെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും നിരാകരിച്ച് കോണ്‍ഗ്രസിനു തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. മെയ്തെയ് മേഖലയായ ഇംഫാലിലെ ഇന്നര്‍ മണിപ്പുരില്‍ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് അസോസിയേറ്റ് പ്രഫസര്‍ അംഗോമ്ചാ ബിമല്‍ അകോയിജാമും, കുക്കികള്‍ക്കും നാഗാ ഗോത്രവര്‍ഗക്കാര്‍ക്കും ഭൂരിപക്ഷമുള്ള ഔട്ടര്‍ മണിപ്പുരില്‍ സംഗീതജ്ഞന് കൂടിയായ മുന്‍ എംഎല്‍എ ആല്‍ഫ്രഡ് കംഗം ആര്‍തറുമാണ് ജയിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, മണിപ്പുരില്‍ അസം അതിര്‍ത്തിക്ക് അടുത്തുള്ള ജിരിബാമില്‍ പൊട്ടിപുറപ്പെട്ട അക്രമങ്ങളില്‍ പൊലീസ് പിക്കറ്റുകളും ഫോറസ്റ്റ് ഔട്ട്പോസ്റ്റുകളും നൂറോളം വീടുകളും കൊള്ളിവയ്ക്കപ്പെട്ടു. സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടി വ്യൂഹത്തിന്റെ അഡ്വാന്‍സ് ടീമിനുനേരെ തീവ്രവാദി ആക്രമണമുണ്ടായി. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കെ രണ്ടായിരത്തോളം കുക്കികള്‍ അസമിലെ കച്ചാറില്‍ അഭയം തേടിയിരിക്കയാണ്.
ഇതിനിടെ, മണിപ്പുര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ ബിജെപി-എന്‍ഡിഎ ഭരണകൂടങ്ങള്‍ക്കെതിരെ തിരിഞ്ഞതിനാലാണ് മൂന്നിടങ്ങളിലുമായി അഞ്ച് ലോക്സഭാ സീറ്റുകളില്‍ നാലെണ്ണം തങ്ങള്‍ക്കു നഷ്ടപ്പെട്ടതെന്ന ആക്ഷേപവുമായി ബിജെപി നയിക്കുന്ന വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഇഡിഎ) കണ്‍വീനറായ അസമിലെ വിടുവായന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ രംഗത്തിറങ്ങി. രാഷ്ട്രീയമല്ല, മതമാണ് പരാജയ കാരണം എന്നാണ് വിശദീകരണം.
മേഘാലയയിലെ തുറ മണ്ഡലത്തില്‍ ബിജെപി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ സഹോദരിയും മുന്‍ കേന്ദ്രമന്ത്രിയുമായ സിറ്റിംഗ് എംപി അഗത സാങ്മ കോണ്‍ഗ്രസിനോടു തോറ്റു. ഷില്ലോങ്ങില്‍ ജയിച്ചത് എന്‍ഡിഎയിലോ ഇന്ത്യാ സഖ്യത്തിലോ ഭാഗമല്ലാത്ത വോയ്സ് ഓഫ് ദ് പീപ്പിള്‍ എന്ന പുതിയ പാര്‍ട്ടിയാണ്. നാഗാലാന്‍ഡിലെ ഏക സീറ്റില്‍ ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയെ തറപറ്റിച്ച് കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിധ്വംസക രാഷ്ട്രീയ ഭീഷണി തിരിച്ചറിഞ്ഞു തുടങ്ങി. എന്നാല്‍ മോദിയുടെ മൂന്നാമൂഴത്തിന് വാഴ് വുകള്‍ നേര്‍ന്നുകൊണ്ട് മലങ്കരയിലെ രണ്ടു പ്രമുഖ ക്രൈസ്തവ സഭാ തലവന്മാര് ”മണിപ്പുരില്‍ നടന്നത് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. അതില്‍ അത്രകണ്ട് വേവലാതിപ്പെടാനൊന്നുമില്ല” എന്ന വെളിപാട് പങ്കുവയ്ക്കുന്നത് മോദിയുടെ കേരള പ്രോജക്റ്റിന്റെ പുരോഗതിയുടെ സൂചനയാണ്.
മത്സരിച്ച 20 സീറ്റില്‍ ഒന്നുമാത്രം നേടി എല്‍ഡിഎഫ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിട്ടും, തന്റെ എട്ടുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ കാട്ടി ജനങ്ങളെ വെല്ലുവിളിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി. ”പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല; കിറ്റ് രാഷ് ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല” എന്ന് ഇടതിനൊപ്പം ‘ഹൃദയപക്ഷത്തു’ നില്ക്കുന്ന ഒരു മെത്രാപ്പോലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ക്ഷുഭിതനായി ”പുരോഹിതര്‍ക്കിടയിലും വിവരദോഷികളുണ്ടാകും’ എന്നാണ് പിണറായി സ്വതസിദ്ധമായ അഹന്തയില്‍ പ്രതികരിച്ചത്. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഈ നാട്ടില്‍ ഇങ്ങനെയൊരു പരുവത്തിലെത്തിച്ച നേതാവ്, എല്‍ഡിഎഫിന്റെ വോട്ട് 4.02 ലക്ഷമേ കുറഞ്ഞിട്ടുള്ളൂ, യുഡിഎഫിന്റേത് 6.11 ലക്ഷമാണ് എന്ന കണക്കുനിരത്തി ‘ബ, ബ, ബ’ അടിക്കുന്നത് ജനം കേള്‍ക്കുന്നുണ്ട്.