ക്യാപിസ്റ്റന്‍ ലോപ്പസ്
ഈ പുസ്തകം ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാവുന്നതേയുള്ളു. ഒരു സിനിമ കണ്ടു തീരുന്ന സമയം മതി. പക്ഷെ ഒരു സിനിമ പോലെ കണ്ടു തീര്‍ക്കേണ്ട പുസ്തകമില്ലത്. ഓരോ ദിവസം ഓരോ ചാപ്റ്റര്‍ വീതം നുണയണം. അങ്ങനെ നുണയാനുള്ള കവിതയില്‍ പൊതിഞ്ഞ 115 സുവിശേഷ മിഠായികളാണിതില്. ഇതില്‍ എല്ലാവര്ക്കുമുള്ളതുണ്ട്. ഫാ. തോമസ് കോലംകുഴിയില്‍ സിഎംഐ എഴുതി ജീവന് ബുക്സ് പ്രസിദ്ധികരിച്ച ‘കാനായിലെ കല്യാണക്കുറികള്‍’ ഇപ്പോള്‍ മധുവിധു നാളുകളിലാണ്.
തോമസച്ചന് ആമുഖത്തില്‍ എഴുതുന്നപോലെ വചനം കടലാസില്‍ ഒതുക്കികൂട്ടാന് ആര്‍ക്കും കഴിയില്ല. എങ്കിലും വിശ്വാസത്തില്‍ നമ്മെ ഉറപ്പിക്കാന്‍, സംശയകാലത്തു താങ്ങിനിര്‍ത്താന്‍, വീഴുമ്പോള്‍ എഴുന്നേല്പിക്കാന്, കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍, വിജയ സന്തോഷങ്ങളെ വിശുദ്ധികരിക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.
അമ്മയെയും നന്മയെയും കൂടുതല്‍ ഇഷ്ടമുള്ളതു കൊണ്ടാവണം കുറച്ചധികം തവണ കാനായിലെ കല്യാണവീട്ടിലും സമരിയക്കാരന്റെ സത്രത്തിലും തോമസച്ചന് കയറിയിറങ്ങുന്നുണ്ട്. പക്ഷെ ഓരോ തവണ ഇറങ്ങിവരുമ്പോഴും വെട്ടമുള്ള മുത്തുകള്‍ കൈയിലുണ്ട്.
‘വീഞ്ഞ് തീര്‍ന്നു പോയത് അവളാണ് ആദ്യം അറിഞ്ഞത്
മറ്റാരും അറിയാതിരുന്നതും അവള് കാരണം’
‘നന്മ ചെയ്തു പോയിട്ടു
വീണ്ടും വരുന്നവരാണ് നല്ല അയല്‍ക്കാര്‍’
കുറിക്ക് കൊള്ളുന്ന കാച്ചിക്കുറുക്ക് കുഞ്ഞുണ്ണി മാഷിനെ ഓര്‍മിപ്പിക്കുന്നു.
ഒരു നല്ല അതിഥി ആവാനുള്ള ഉപദേശം കേള്‍ക്കുക:
‘ സ്വസ്ഥാനതല്ലാത്ത ഇരിപ്പും
ആസ്ഥാനതല്ലാത്ത വാക്കും ഒഴിവാക്കുക’
വിവേകശൂന്യരായ കന്യകമാരെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
‘നീക്കിയിരിപ്പ് നോക്കാതെ
ഉറങ്ങുന്നവരുടെ ദീപങ്ങള്‍ അണഞ്ഞു പോകും’
‘ധൂര്ത്തപുത്രന് പോകാന്‍ ധാരാളമിടങ്ങളുണ്ട്
മടങ്ങി വരാന്‍ ഒരിടം മാത്രം’
നഷ്ടപെട്ട നാണയം പറയുന്നത് കേള്‍ക്കുക:
‘തനിയെ തിരിച്ചു വരാനാവാത്തവരെ
നമ്മള് തേടണം’
‘മനുഷ്യാവകാശ പ്രവര്‍ത്തകന്റെ’ വിപ്ലവ സ്വരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഈ പുസ്തകത്തില്‍ നിറഞ്ഞു കിടപ്പുണ്ട്.
‘ദൈവം ഉപേക്ഷിച്ച മതവും
അനീതി നിറഞ്ഞ രാജ്യവും
ഒന്ന് ചേര്‍ന്നാല്‍
അമിതവേഗ കോടതിയുണ്ടാവും’
ദൈവപുത്രന് ദൈവാലയം വിടുന്നു എന്ന തലക്കെട്ടിലെ വരികളാണിത്:
‘പള്ളിക്കകവും അപകടമേഖലയാകുന്നുണ്ട്
മതിയറ്റ മതാധികാരികള്‍’
സഭാ നേതൃത്വത്തിന് കൊടുക്കുന്ന മുന്നറിയിപ്പ്:
‘മായുന്ന കാഴ്ചകളുടെ താബോറില്‍
തറവാട് പണിയരുത്’
കുര്‍ബ്ബാന വിഷയത്തില്‍ ഒരു തര്‍ക്കവുമില്ലാത്ത വരികള്‍ ഒരു പുരോഹിതന്റെ നെഞ്ചിലെ പോറലാവുന്നുണ്ട്.
‘അപ്പം ആശീര്‍വദിച്ചു നല്കിയപ്പോഴും
മുറിവേല്‍ക്കാത്തവരായി നാം തുടരുന്നു…
പുരോഹിതരായി നാം തുടര്‍ന്നു
ബലിമൃഗമായി അവനും’
‘ഇടവഴിയിലെ പുരോഹിതന്’ ഒരു വാര്‍ഷിക ധ്യാനത്തിന്റെ ഇംപാക്ട് നല്കുന്നു. ദേവാലയത്തിലേക്കുള്ള വഴിയില്‍ മുറിവേറ്റു കിടന്നവനെ പുരോഹിതന് കണ്ടു. പക്ഷെ ‘ആചാരങ്ങളുടെ ഭാരത്തില്‍’ അവന് ദേവാലയത്തിലേക്ക് പോയി. ‘അയാളില്‍ തെറ്റില്ല. പക്ഷെ ശരി ചെയ്യാന്‍ പറ്റിയില്ല’ ദേവാലയ ശുശ്രുഷ കഴിഞ്ഞപ്പോള്‍ പുരോഹിതന് മുറിവേറ്റവനെ നോക്കി പള്ളിവിട്ടിറങ്ങി. അവിടെ ചെന്നപ്പോള്‍ സമരിയക്കാരന്‍ അവനെ സത്രത്തിലേക്കു കൊണ്ടുപോയിരുന്നു. ഇനിയുള്ള വരികള്‍ ഒരു പുരോഹിതന് ജീവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ നീറ്റലാണ്.
‘പാവം വൈദികന്
പള്ളിയില്‍ അയാള്‍ എത്തിയുമില്ല
സത്രത്തിലേക്കവന് പോയുമില്ല’
‘പാതയോരത്തെ അത്തിമരത്തില്‍’ നിന്നും ഒരു കുറിമാനം പറിച്ചുതരുന്നു:
യേശുവാണ് വഴി
നീ വഴിയരികിലെ അത്തിവൃക്ഷം
ആ വഴിയേ പോകുന്നവര്‍ക്ക്
നിന്റെ ഫലങ്ങളില്‍ അവകാശമുണ്ട്’.
ഈ പുസ്തകം പാതയോരത്തെ അത്തിമരം. ഇത് വായിക്കുന്ന നിനക്ക് ഇതിലെ ഫലങ്ങളില്‍ അവകാശമുണ്ട്. ഇത് നീ പറിച്ചു തിന്നുക, മറ്റുളവര്‍ക്കും കൊടുക്കുക. ഒരു ഉറപ്പു തരാം. ഇതില്‍ ഫലമില്ലെന്നു പറഞ്ഞു ആരും നിന്നെ ശപിക്കില്ല!