കത്തോലിക്കാ സഭയുടെ വിശുദ്ധപദവിയില്‍ മലയാളക്കരയില്‍ നിന്നുണ്ടായ രണ്ടാമത്തെ പുണ്യപുരുഷനാണ് ചാവറയച്ചന്. ആ പുണ്യജീവിതത്തെ കൂടുതല്‍ അറിയാനുള്ള ഒരു പുസ്തകം കെഎല്‍സിഎ വരാപ്പുഴ അതിരൂപതയും അയിന് പബ്ലിക്കേഷനും സംയുക്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഡിറ്റ് ചെയ്തിട്ടുള്ള പുസ്തകത്തില്‍ ഒന്‍പത് പ്രബന്ധങ്ങള്‍ ആണുള്ളത്.
കൈനകരിയില്‍ തുടങ്ങി കൂനമ്മാവില്‍ അവസാനിച്ച വിശുദ്ധ ചാവയച്ചന്റെ 66 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന കൃതിയാണിത്. വരാപ്പുഴ വികാരിയാത്തിലെ സുറിയാനി ക്രൈസ്തവര്‍ക്കുവേണ്ടി നിയമിതനായ പ്രഥമ വികാരി ജനറല്‍ ആയിരുന്നു ചാവറയച്ചന്. അദ്ദേഹത്തിന്റെ പൗരോഹിത്യശുശ്രൂഷയുടെ മഹിമയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ഈ കൃതി.
‘വരാപ്പുഴ അതിരൂപതയും വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനും’ എന്ന വിഷയത്തില്‍ 2020ല്‍ കെഎല്‍സിഎ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ചെയ്ത ഉദ്ഘാടന പ്രഭാഷണമാണ് പുസ്തകത്തിലെ ആദ്യ ലേഖനം. കേരളസഭയുടെ ചരിത്രത്തില്‍ വരാപ്പുഴ ദ്വീപിനും കൂനമ്മാവിനും ഉള്ള പ്രാധാന്യം വളരെ വലുതാണ്. വിദ്യാലയം, അച്ചുകൂടം, സന്ന്യാസിനി സമൂഹത്തിന്റെ ഉത്ഭവം തുടങ്ങി നിരവധി ചരിത്ര സംഭവങ്ങള്‍ ഈ പ്രദേശത്തിന് അവകാശപ്പെട്ടതാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘വിശുദ്ധ കുര്യാക്കോസ് അച്ചനും കൂനമ്മാവും’ എന്ന ലേഖനം ഫാ. ആന്റണി ചെറിയകടവില്‍ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില്‍ പൊതു ‘ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തില്‍ സഭയും ചാവറയച്ചനും നല്കിയ പങ്കിനെക്കുറിച്ച് ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഴുതിയിട്ടുണ്ട്. തദേശീയ സന്ന്യസ്തസഭകളുടെ ചരിത്രത്തെ കുറിച്ചാണ് സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കലിന്റെ ലേഖനം. 1829 നവംബര്‍ 29ന് വരാപ്പുഴ വികാരിയത്തിലെ അര്‍ത്തുങ്കല്‍ വിശുദ്ധ അന്ത്രയോസിന്റെ ദേവാലയത്തില്‍ വച്ച് അപ്പസ്തോലിക്ക മൗറേലിയോ സ്തബലീനി മെത്രാനില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ച ചരിത്രം ഫാ.നെല്‍സണ്‍ തൈപ്പറമ്പിലും വരാപ്പുഴ വികാരി ജനറലായി ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറയെ നിയമിച്ച ചരിത്രം പ്രഫ. സേവ്യര്‍ പടിയാരംപറമ്പിലും രേഖകള്‍ സഹിതം വിശദീകരിക്കുന്നു. ഇതില്‍ വരാപ്പുഴ വികാരിയാത്തിന്റെ ആസ്ഥാനം അര്‍ത്തുങ്കലിലേക്ക് മാറ്റിയതിനെ കേരള സഭയുടെ ആസ്ഥാനം അര്‍ത്തുങ്കലിലേക്ക് മാറി എന്ന വസ്തുത ശ്രദ്ധേയമാണ്. മാന്നാനം കേന്ദ്രമാക്കി ചാവറയച്ചന് ചെയ്ത നന്മകളുടെ കഥയാണ് ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍ എഴുതിയിട്ടുള്ളത്.
ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ എഴുതിയ ‘വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് ജീവിതവും കര്‍മ്മവും’ എന്ന ലേഖനമാണ് ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. അത് ഇങ്ങനെ സംഗ്രഹിക്കാം.
‘വിശുദ്ധ ചാവറയച്ചന്റെ ജീവിതം മുഴുവന്‍ ഒരു ആത്മീയ-സാംസ്കാരിക യാത്രയായിരുന്നു. അതാരംഭിക്കുന്നത് കൈനകരയില് നിന്നാണ്. പ്രാര്‍ഥനാനിരതയായ തന്റെ അമ്മയുടെ സവിധത്തില്‍ നിന്നുള്ള ആ യാത്ര പള്ളിപ്പുറത്തെ മല്പാന് സെമിനാരിയിലേക്ക് നീളുന്നു. അവിടെ തന്റെ മല്പാന് പാലക്കല്‍ തോമാ ചാവറശെമ്മാശനെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. കൂടെ പോരൂക്കര തോമാമല്പാനും ഉണ്ടായിരുന്നു. വനവാസവും തപസ്സും അവരുടെ മോഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു. അവരോടൊപ്പം ചാവറയച്ചനും ചേര്‍ന്ന് ആ മൂവര്‍ സംഘത്തിന്റെ യാത്ര അതിന്റെ ലക്ഷ്യം കാണുന്നത് മാന്നാനത്തെ വിശുദ്ധ ഗിരിയിലായിരുന്നു. മാന്നാനത്ത് ചാവറ കുര്യാക്കോസച്ചന് രൂപാന്തരപ്പെട്ട് പ്രിയോര്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനായി. ആ രൂപാന്തരത്തെയാണ് മാര്സലീനോസ് മെത്രാന് മാന്നാനത്ത് വിരിഞ്ഞ വിശുദ്ധ പുഷ്പം എന്ന് വിശേഷിപ്പിക്കുന്നത്. ഈ യാത്ര മാന്നാനത്ത് അവസാനിക്കുന്നില്ല. അതിന്റെ പരിസമാപ്തി വരാപ്പുഴയിലൂടെ കൂനമ്മാവില്‍ എത്തുമ്പോഴാണ്, മാന്നാനത്തെ വിശുദ്ധ പുഷ്പം കൂനമ്മാവില്‍ തന്റെ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ മലബാര്‍ വികാരിയത്തും അതിലുള്‍പ്പെട്ട മാന്നാനവും, വരാപ്പുുഴ-കൂനമ്മാവുമെല്ലാം ചേര്‍ന്ന് വിശുദ്ധിയുടെ ഒരു പൗരസ്ത്രോദ്യാനമായി മാറുന്നു; വിശേഷിച്ച് മലബാറിന്റെ വിശുദ്ധപൂന്തോട്ടമായി ആ പുഷ്പം പൂത്തുലയുന്നു.