ഷാജി ജോര്‍ജ്
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം, അതായത് 1975 ജൂണ്‍ 25ന്, ദേശീയ പതാകയുമായി ഒറ്റയ്ക്കൊരു മനുഷ്യന് നടത്തിയ പ്രതിഷേധജാഥയുടെ ചരിത്രം എറണാകുളം ബോട്ടുജെട്ടിക്കുണ്ട്. ശാന്തപ്രകൃതനും എന്നാല്‍, ആദര്‍ശത്താല്‍ ആത്മബലം സ്വീകരിച്ചവനുമായ അലക്സാണ്ടര്‍ പറമ്പിത്തറയാണ് ആ നേതാവ്. ഒരുകാലത്ത് ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നെങ്കിലും ഇന്ദിരാഗാന്ധിയെയും കെ. കരുണാകരനെയും അടിയന്തരാവസ്ഥക്കാലത്ത് എതിര്‍ക്കാന്‍ ആദര്‍ശധീരതയുള്ള അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഉറച്ച നിലപാട് എടുത്തതിന്റെ പരിണതഫലമായി പലവട്ടം വിജയിച്ച മണ്ഡലത്തില്‍ തോല്‍വി സ്വീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ ആദര്‍ശമുഖം മ്ലാനമായില്ല.
മാതൃകാധ്യാപകന്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സംഘാടകന്‍, നിയമസഭാ സാമാജികന്, സ്പീക്കര്‍, നിലപാടുകള്‍ ഉള്ള രാഷ്ട്രീയ നേതാവ്, ഹൃദയത്തില്‍ ദൃഢതയുള്ള വിശ്വാസി തുടങ്ങിയ വിശേഷണങ്ങള്‍ ഒരു തലമുറ അലക്സാണ്ടര്‍ പറമ്പിത്തറമാഷില്‍ ഹൃദയാഭിവാദ്യമായി നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ലിഖിതമായ ജീവചരിത്രം ഇതുവരെ ഉണ്ടായില്ല. പറമ്പിത്തറമാഷിന്റെ 125-ാം ജന്മവര്‍ഷികത്തില്‍ അഡ്വ. എ.കെ. ശശീന്ദ്രന് ജീവചരിത്രരചനയിലൂടെ ആ കുറവ് ലഘൂകരിക്കുന്നു. പ്രണത ബുക്സാണ് ‘അലക്സാണ്ടര്‍ പറമ്പിത്തറ: ആദര്‍ശം തന്നെ ജീവിതം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി എഴുതിയ അവതാരിക പറമ്പിത്തറമാഷിന്റെ ജീവചരിത്രത്തെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്നു. അലക്സാണ്ടര്‍ പറമ്പിത്തറമാസ്റ്റര് കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു. പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയായി അദ്ദേഹം പലപ്രാവശ്യം കൊച്ചി ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരളം ഉണ്ടായ ശേഷമുള്ള കേരള നിയമസഭയിലേക്കും അദ്ദേഹം പലപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം കേരള നിയമസഭാ സ്പീക്കറുമായി. അന്നത്തെ ഒരു സംഭവവും ശശീന്ദ്രന് ഈ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ അംഗമാകാനാണ് അദ്ദേഹത്തോട് തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞിരുന്നത്. ഏറ്റവും വേണ്ടപ്പെട്ട ചുരുക്കം ചിലരെ മാത്രമേ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നുള്ളൂ. മാസ്റ്റര്‍ മന്ത്രിയായി സത്യപ്രതിജ്ഞ പെയ്യാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ സംഗതി ആകെ മാറിമറിഞ്ഞു.
എന്തോ ചില അട്ടിമറികള്‍ നടന്നു. മന്ത്രിസഭയില്‍ അംഗമാകുന്നതിനു പകരം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അതേപടി അദ്ദേഹം അംഗീകരിച്ചു. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ എന്താണ് സംഭവിക്കുക?
അവിടെയാണ് അലക്സാണ്ടര്‍ പറമ്പിത്തറമാസ്റ്ററുടെ മഹത്വം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത്.
1967-ല്‍ നടന്ന 133 അംഗ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ചത് കേവലം ഒന്‍പതു സീറ്റാണ്. അന്നാണ് പനമ്പിള്ളി ഗോവിന്ദമേനോന് കേരളത്തിലെ കോണ്‍ഗസിനെ മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലുമായി ഉപമിച്ചത്. അതുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങുവാന്‍ സമയം ഏറെയെടുത്തു. ഒന്പതുപേര് മാത്രമേ ജയിച്ചുവന്നുള്ളൂ എങ്കിലും നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നുവന്നു. എന്നിരുന്നാലും പറമ്പിത്തറമാസ്റ്ററുടെ പേരാണ് ഏകകണ്ഠമായി അംഗീകരിച്ചത്. എന്നാല്‍ അദ്ദേഹം ഉടനെതന്നെ പ്രതികരിച്ചു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ അസംബ്ലിയില്‍ പാര്‍ട്ടിയെ നയിക്കേണ്ടത് ഒരു പോരാളി തന്നെ ആയിരിക്കണമെന്നും കെ. കരുണാകരനാണ് ഇത്തരം അവസരത്തില്‍ നേതാവാകേണ്ടത് എന്നും മാസ്റ്റര്‍ നിര്‍ദേശിച്ചു. മാസ്റ്ററുടെ മനസ്സിന്റെ വലിപ്പം കൂടി മനസ്സിലാക്കുവാന്‍ ഇത് ഒരു ഉദാഹരണമാണ്. അന്ന് മാസ്റ്റര്‍ നിര്‍ദേശിച്ച നിയമസഭാ കക്ഷി നേതാവായ കെ. കരുണാകരന്റെ പോരാട്ടവീര്യവും ചാണക്യതന്ത്രവും അതിനോടൊപ്പം കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പോരാളികളുടെ സമരങ്ങളുമാണ് 1967-ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് രണ്ടര വര്‍ഷം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സാഹചര്യം ഒരുക്കിയത്.
ഉത്തമ കത്തോലിക്കാ വിശ്വാസിയായിരുന്നു പറമ്പിത്തറമാഷ്. പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രങ്ങളുടെ വിപുലമായ ശേഖരം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നേതൃത്വവും അദ്ദേഹം വഹിച്ചു. എറണാകുളം മുനിസിപ്പല്‍ ചെയര്മാന് എന്ന പദവിയില്‍ നിന്ന് ആരംഭിച്ച രാഷ്ട്രീയ നേതൃത്വം 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്വിയോടുകൂടെ അവസാനിപ്പിച്ചു. ദീര്‍ഘകാലം കുമ്പളങ്ങി സ്കൂളില്‍ അധ്യാപകനായിരുന്നു. പെരുമാനൂരില്‍ വീടും കുമ്പളങ്ങിയില്‍ താമസവും. കൊച്ചി കപ്പല്‍ശാലയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ സമരങ്ങളും വിസ്മരിക്കാനാവാത്തതാണ്.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ 1959-ല്‍ ‘ബെനേമെരേന്തി’ ബഹുമതി പറമ്പിത്തറമാസ്റ്റര്ക്ക് സമ്മാനിച്ചു.
1989-ലാണ് അദ്ദേഹം അന്തരിച്ചത്.
മരണശേഷം 35 വര്‍ഷങ്ങള്‍ വേണ്ടിവന്നു അദ്ദേഹത്തെ പോലുള്ള ഒരു മഹാന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുവാന്‍ എന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.