The Zone of Interest (Poland\105 minutes\2023)
സംവിധായകൻ: ജോനാഥൻ ഗ്ലേസർ
ഹോളോകാസ്റ്റ് വിഷയമാക്കി നല്ല സിനിമകൾ ലോകത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. ഷിൻ്റ്ലേഴ്സ് ലിസ്റ്റ്, നൈറ്റ് ആൻഡ് ഫോഗ്, ദി പിയാനിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി ബോയ് ഇൻ സ്ട്രൈപ്പ്ഡ് പൈജാമ, ദി ഡയറി ഓഫ് ആൻഡ് ഫ്രാങ്ക് എന്നിവ അവയിൽ ചിലതാണ്. വർഷങ്ങളോളം ചിലവഴിച്ച് ഗവേഷണം നടത്തിയാണ് സംവിധായകൻ ജോനാഥൻ ഗ്ലേസർ നാസി കമാൻഡൻ്റായ റുഡോൾഫ് ഹോസിനെക്കുറിച്ച് ‘ദ് സോൺ ഓഫ് ഇന്ററസ്റ്റ്’ എന്ന തിരക്കഥ തയ്യാറാക്കിയത്. മാർട്ടിൻ അമേസ് ആണ് അദ്ദേഹത്തെ തിരക്കഥയിൽ സഹായിച്ചത് (മാർട്ടിൻ അമേസിന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയായത്). മുൻ ചിത്രങ്ങളായ ‘സെക്സി ബീസ്റ്റ്’, ‘അണ്ടർ ദി സ്കിൻ’ എന്നിവയിൽനിന്നും തീർത്തും വ്യത്യസ്തമായ ചിത്രമാണ് ഇത്. 2023ലെ രണ്ട് ഓസ്കാർ അവാർഡുകളും നിരവധി അന്തർദേശീയ ചലചിത്രോത്സവങ്ങളിലെ പുരസ്കാരങ്ങളും വാരിക്കൂട്ടി ഈ ചിത്രം.
മറ്റ് ഹോളോകാസ്റ്റ് സിനിമകളെ പോലെ പീഡനത്തിൻ്റെയും അക്രമത്തിൻ്റെയും ദൃശ്യങ്ങൾ ഒന്നും സിനിമയിൽ കൊണ്ടുവരുന്നില്ല. അതേസമയം ഭയവും അസ്വസ്ഥതയും ഉണർത്താൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ശബ്ദത്തിന്റെ ഉപയോഗം നന്നായി ഉപയോഗിക്കുന്നു. ശബ്ദത്തിലൂടെയും ദൃശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും തടവുകാരുടെ ദയനീയാവസ്ഥയെ വായിച്ചെടുക്കാം. തടങ്കൽപ്പാളയത്തെയും പൂന്തോട്ടത്തെയും വേർതിരിക്കുന്ന ഉയർന്ന മതിലുകളും നമുക്ക് കാണാം. എല്ലാ ക്രൂരതകളുടെയും പര്യായമായി മതിലിന്നപ്പുറം ക്യാമ്പിന്റെ മേൽക്കൂര ഉയർന്നു നിൽക്കുന്നുണ്ട്. ഗ്യാസ് ചേമ്പറിന്റെ ചിമ്മിനികളിലൂടെ തുടർച്ചയായി പുറത്തു വരുന്ന പുക ശ്വാസതടസ്സം സൃഷ്ടിക്കുന്ന തീവ്രത കാണികളിൽ ഉളവാക്കുന്നു. അതേ സമയം വീടും പരിസരങ്ങളും ജീവിതത്തിന്റെ എല്ലാ ആനന്ദങ്ങളും വെളിപ്പെടുത്തുന്നു. റുഡോൾഫ് ഹോസും ഭാര്യയും കുട്ടികളും ക്യാമ്പിനോടുചേർന്ന വീട്ടിലും പൂന്തോട്ടത്തിലും പുഴക്കരയിലുമൊക്കെയായി ഒരു സ്വപ്ന ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ മതിലിന്നപ്പുറത്തെ ക്യാമ്പിൽ ദിവസേന ആയിരങ്ങൾ കൊലയ്ക്കിരയാകുന്നു. 1943 ൽ, ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ മരണക്യാമ്പിൻ്റെ എസ് എസ് കമാൻഡൻ്റായിരുന്ന റുഡോൾഫ് ഹോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ് ഈ ചിത്രത്തിലെ ഹോസ്. നാസി മെഷിനറി പ്രൊഫഷണലും സംഘടിതവുമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരെ പീഡിപ്പിക്കുകയും മരണത്തിലേക്കെറിയുകയും ചെയ്യുന്ന ഒരു അറവുശാലയുടെ തലവനാണ് അയാൾ. തൻ്റെ ജോലിയോടുള്ള റുഡോൾഫിൻ്റെ നിസ്സംഗത പ്രേക്ഷകനെ ഞെട്ടിക്കും, തീർച്ച.
കുട്ടികളെ നീന്താനും മീൻ പിടിക്കാനും പഠിപ്പിക്കുക, പൂന്തോട്ടം പരിപാലിക്കുക എന്നിവയൊക്കെയായി മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കുമ്പോൾത്തന്നെ തിരശ്ശീലയിൽ ഒരു വശത്തായി ക്യാമ്പിൽ നിന്നുയരുന്ന ശബ്ദങ്ങൾ നമ്മെ അലോസരപ്പെടുത്തും. പൂന്തോട്ടത്തിനും ക്യാമ്പിനും ഇടയിൽ ഉയരമുള്ള മതിൽ കെട്ടി തിരിച്ചിരിക്കുന്നു. തടവുകാരുടെ ബാരക്കുകളും തൂക്കുമരവും ഗ്യാസ് ചേമ്പറും ശ്മശാനവും എല്ലാം മതിലിന്നപ്പുറത്തെ ക്യാമ്പിനകത്ത് ഒരുക്കിയിട്ടുണ്ട്. മരണ ഫാക്ടറിയിൽ നിന്ന് വേർതിരിക്കുന്ന ഉയരമുള്ള മതിലുകൾക്കപ്പുറം എന്താണ് നടക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയില്ല. പക്ഷേ പൂന്തോട്ടത്തിനപ്പുറമുള്ള ക്യാമ്പിൽ നിന്നും പതിവായി വെടിയൊച്ചകളും പതിഞ്ഞ രോദനങ്ങളും തീവണ്ടികളുടെ ശബ്ദവും കേൾക്കാം. പലപ്പോഴും വംശഹത്യയുടെ ശബ്ദം വേലിക്ക് മുകളിലൂടെ മനോഹരമായ പൂന്തോട്ടത്തിലേക്ക് ഇഴയുന്നു. ബാഗ്രൗണ്ട് സ്കോറിലൂടെ അത് സൃഷ്ടിക്കപ്പെടുന്ന ഭയാനകമായ ഒരു ബോധം കാഴ്ചയിൽ ഉടക്കി നിൽക്കും.
ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെടുന്ന ജൂതന്മാരെ സംസ്കരിക്കാൻ ഒരു പുതിയ ശ്മശാനം ഹോസ് രൂപകൽപ്പന ചെയ്യുന്നു. ഇതിനെ തുടർന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടറായി ഹോസ് സ്ഥാനക്കയറ്റം നേടുന്നു അടുത്തുള്ള പുതിയ ക്യാമ്പിലേക്ക് ആയിരുന്നു സ്ഥാനക്കയറ്റം ലഭിച്ചത്. ഏഴു ലക്ഷത്തോളം വരുന്ന ഹങ്കേറിയൻ ജൂതന്മാരെ കൊല്ലപ്പെടുത്തുന്നതിനാണ് ലഭിച്ചിരിക്കുന്ന പുതിയ ചാർജ്ജ്. ഏറ്റവും കാര്യക്ഷമമായി ഗ്യാസ് ചേമ്പർ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഹോസ് ചിന്തിക്കുന്നത്. ചിത്രം അവസാനിക്കുമ്പോൾ ഹോസ് ബെർലിലെ ഓഫിസിന്റെ താഴേക്കുള്ള ഗോവണിയിൽ ഇരുട്ടിലേക്ക് ഇറങ്ങുകയാണ്. ആവർത്തിച്ച് ആവർത്തിച്ച് പിൻവാങ്ങുകയും തുടർന്ന് മുന്നോട്ട് നടക്കുകയും ചെയ്യുന്നു.
പിന്നീട് നാം കാണുന്നത് വർത്തമാനകാലത്ത് ഒരു കൂട്ടം ജോലിക്കാർ ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ട, ഇപ്പോഴും ധാരാളം ആളുകൾ സന്ദശിക്കുന്ന, ഓഷ്വിറ്റ് – ബിർകെനൗ സ്റ്റേറ്റ് മ്യൂസിയം വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ദൃശ്യമാണ്. ഈ ദൃശ്യത്തോടെ ചിത്രം അവസാനിക്കുന്നു.
1946-ൽ ജർമ്മനിയിലെ ന്യൂറംബർഗിൽ തൻ്റെ അറസ്റ്റിനെത്തുടർന്ന് തയ്യാറാക്കിയ ഒരു സത്യവാങ്മൂലത്തിൽ ഹോസ് നിർവ്വികാരത്തോടെ ഇപ്രകാരം എഴുതി “25,00,000 ഇരകളെങ്കിലും അവിടെ വാതകം പ്രയോഗിച്ചും കത്തിച്ചും ഉന്മൂലനം ചെയ്തു, കൂടാതെ അഞ്ചു ലക്ഷമെങ്കിലും പട്ടിണിക്കും രോഗത്തിനും കീഴടങ്ങി, ഏകദേശം 3,000,000 പേർ കൊല്ലപ്പെട്ടു”. തുടർന്ന് കുടുംബവുമായി താമസിച്ചിരുന്ന ഓഷ്വിറ്റ്സിൽത്തന്നെ അയാൾ തൂക്കിലേറ്റപ്പെട്ടു.
റുഡോൾഫ് ഹോസിൻ്റെയും കുടുംബത്തിൻ്റെയും മനോഹരമായി ഒരുക്കിയ വീട്ടിൽ നിന്നാണ് കഥ പറയുന്നത്. ഒരിക്കലും കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് ക്യാമറക്കണ്ണുകൾ എത്തിനോക്കാതെ ഓഷ്വിറ്റ്സിൽ അരങ്ങേറിയ നാസി അതിക്രമങ്ങളുടെ ഭീകരത പുനഃസൃഷ്ടിക്കുന്നു.
ഛായാഗ്രാഹകനായ ലുക്കാസ് സോലിന്റെ സ്റ്റാറ്റിക് ഷോട്ടുകളുടെയും ലോംഗ് ടേക്കുകളുടെയും ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ ചിത്രത്തിന് മിഴിവേകി. കണ്ടിറങ്ങിയ ശേഷവും സിനിമ നമ്മുടെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കും അത് നമ്മോടൊപ്പം തുടർന്ന് ഉണ്ടാവുകയും ചെയ്യും. വംശീയ-വർഗ്ഗീയ വിദ്വേഷങ്ങൾക്കെതിരെ ചിന്തിക്കുവാൻ അവസരമൊരുക്കുന്നു ഇത്തരം സിനിമകൾ.