റമദാന് മാസപ്പിറവി നോക്കിയല്ല, ബിജെപിയുടെ ഇലക്ടറല്‍ ബോണ്ട് ‘നിക്ഷേപകരുടെ’ രഹസ്യപട്ടിക പൂഴ്ത്തിവയ്ക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉരുണ്ടുകളിയും തത്രപ്പാടും കണ്ട് സഹികെട്ട് സുപ്രീം കോടതി നല്കിയ അന്ത്യശാസനത്തില്‍ വിറളിപൂണ്ട് ജനശ്രദ്ധതിരിക്കാനുള്ള കിടിലന്‍ തന്ത്രമായാണ് നാലേകാല്‍ കൊല്ലം പരണത്തു വച്ചിരുന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ) മോദി സര്‍ക്കാര്‍ പൊടുന്നനേ എടുത്തുവീശിയതെന്ന് ഒരു വ്യാഖ്യാനമുണ്ട്. പാര്‍ലമെന്റ് 2019 ഡിസംബര്‍ 11നു പാസാക്കിയ ഈ നിയമത്തിനെതിരെ ഇരുന്നൂറിലേറെ ഹര്‍ജികള്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി സിഎഎ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളുടെ ഗസറ്റ് വിജ്ഞാപനം നടത്തുന്നത്.
ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ് ലാമിയയിലും ജെഎന്‍യുവിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലും ഷഹീന് ബാഗിലും നിന്നു തുടങ്ങി രാജ്യത്തിന്റെ വിവിധ നഗരകേന്ദ്രങ്ങളിലേക്കു വ്യാപിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ 83 പേര് കൊല്ലപ്പെടുകയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ കലാപം ആളിപ്പടരുകയും ചെയ്തപ്പോഴും ഭരണകൂട ഭീകരതയ്ക്കെതിരെ പൊരുതിനിന്ന വിദ്യാര്‍ഥികളും വനിതാ കൂട്ടായ്മകളും 2020 മാര്‍ച്ചില്‍ സമരമുഖത്തു നിന്നു പിന്മാറിയത് കൊവിഡ് മഹാമാരിയുടെ ഭീഷണ സാഹചര്യത്തിലാണ്.
ആര്‍എസ്എസിന്റെ ‘അഖണ്ഡഭാരത’ സങ്കല്പത്തില് ഉള്‍പ്പെടുന്ന പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മതപീഡനത്തിന് ഇരകളായി പലായനം ചെയ്യേണ്ടിവന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന ഫാസ്റ്റ് ട്രാക് ജാലകം എന്ന രീതിയിലാണ് സിഎഎ അവതരിപ്പിക്കപ്പെട്ടത്. 2014 ഡിസംബര്‍ 31 വരെ ഇങ്ങനെ ഇന്ത്യയില്‍ എത്തിയ ‘അനധികൃത കുടിയേറ്റക്കാര്‍ക്ക്’ വെബ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ആറു മതവിഭാഗങ്ങള്‍ക്ക് അഭയം നല്കി മോദി സര്‍ക്കാര്‍ കാരുണ്യപൂര്‍വം പൗരത്വം അനുവദിക്കുന്നതില്‍ ആര്‍ക്കാണ് വിരോധം?
ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അഭയം തേടിയെത്തുന്നവരെ തുറന്ന മനസോടെ സ്വീകരിക്കുന്ന ഒരു ചരിത്രപാരമ്പര്യം ഏതാണ്ട് 3,000 വര്‍ഷമായി നമുക്കുണ്ട്.
ജൂതരും അറബികളും റോമാക്കാരും അര്‍മീനിയക്കാരും പേര്‍ഷ്യക്കാരും ബാബിലോണ്‍കാരും മംഗോളിയരും ഈജിപ്തുകാരും യൂറോപ്യരുമൊക്കെ പല ഘട്ടങ്ങളിലായി വന്നണഞ്ഞിട്ടുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ ആരെയും വിലക്കിയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാം വകുപ്പ് ഇന്ത്യന്‍ ഭൂപരിധിയില്‍ ജനിച്ചവര്‍, ഇന്ത്യയില്‍ ജനിച്ച അച്ഛനമ്മമാരുടെ മക്കള്‍, ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ക്ക് പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ മതത്തിന് ഒരു പരിഗണനയുമില്ല. മുസ് ലിം കുടിയേറ്റക്കാരെ ഒഴിവാക്കി, ആറ് അമുസ് ലിം വിഭാഗങ്ങളെ മതാടിസ്ഥാനത്തില്‍ പൗരത്വത്തിന് തിരഞ്ഞെടുക്കുന്നു എന്നതാണ് മോദി സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതി. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പൗരത്വത്തിന് മതം ഒരു മാനദണ്ഡമാകുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മതാധിഷ്ഠിത പൗരത്വം ഇന്ത്യന്‍ ഭരണഘടനയ്ക്കു വിരുദ്ധമാണ്. ഇത് മതസ്വാതന്ത്ര്യത്തിനും ബഹുസ്വരതയ്ക്കും പൗരാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും അപകടകരമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ് നിയമത്തിനു മുന്പില് എല്ലാ പൗരര്‍ക്കുമുള്ള സമത്വവും നിയമപരിരക്ഷയ്ക്കുള്ള തുല്യഅവകാശവും. ഭരണഘടനയുടെ 14-ാം വകുപ്പില്‍ പറയുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് സിഎഎയിലെ മതവിവേചനം. മതം, ജാതി, വര്‍ഗം, നിറം, ലിംഗം, ഭാഷ, രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നിലപാടുകള്‍, ദേശീയത, സാമൂഹിക ഐഡന്റിറ്റി, സ്വത്ത്, ജനനം, മറ്റേതെങ്കിലും സ്റ്റാറ്റസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും നിയമത്തിന്റെ മുന്പില് ഉണ്ടാകരുതെന്ന് സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള രാജ്യാന്തര ഉടമ്പടിയുടെ 26-ാം അനുച്ഛേദത്തില്‍ പറയുന്നുണ്ട്.
മുസ് ലിംകളെ അപരവത്കരിച്ച്, അവരെ രണ്ടാംകിട പൗരരായി തരംതാഴ്ത്തി മതവിദ്വേഷത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ഹിംസാത്മക ഭിന്നതകളിലൂടെ ഭൂരിപക്ഷ ഹിന്ദുത്വ ദേശീയത വളര്‍ത്തുക എന്ന സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് സിഎഎ. മുസ് ലിം വിരോധത്തിലൂടെ ഹിന്ദുത്വശക്തികളുടെ ഏകീകരണം ലക്ഷ്യമാക്കിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിടുക്കത്തില്‍ സിഎഎ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നത്.
ജമ്മു-കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയും സംസ്ഥാന പദവിയും റദ്ദാക്കല്‍, അയോധ്യയിലെ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ് എന്നിങ്ങനെ സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡകള്‍ ഒന്നൊന്നായി സാക്ഷാത്കരിച്ച് രാമരാജ്യനിര്മിതിയിലേക്ക് അതിവേഗം കുതിക്കുന്ന മോദിഭരണത്തിന്റെ മൂന്നാമൂഴത്തിന് ബിജെപിയുടെ എന്‍ഡിഎ സഖ്യം ഇക്കുറി 400 സീറ്റിന്റെ ഭൂരിപക്ഷം മറികടക്കുമെന്ന് അവകാശപ്പെടുമ്പോഴും വര്‍ഗീയ സംഘര്‍ഷത്തിലൂടെ വേണം വോട്ടുനേടാന്‍ എന്നുവരുന്നത് എത്ര അപഹാസ്യമാണ്!
മുസ് ലിം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനമുള്ള ഇന്ത്യയിലെ 18 കോടി മുസ് ലിംകളെ പുതിയ പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ക്ക് ”ഹിന്ദുക്കളെ പോലെ” തുല്യ അവകാശമുണ്ടെന്നും തങ്ങളുടെ പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഇന്ത്യയിലെ ഒരു പൗരനും കാണിക്കേണ്ടിവരില്ലെന്നും സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനു പിന്നാലെ, ഇസ് ലാമിനെയും മുസ് ലിംകളെയും സിഎഎ എങ്ങനെ ബാധിക്കുമെന്നതിനെ സംബന്ധിച്ച് എട്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന ‘പോസിറ്റീവ് നരേറ്റീവ് ഓണ്‍ സിഎഎ 2019” എന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ ഇട്ട വിശദീകരണ കുറപ്പില്‍ പറഞ്ഞിരുന്നു. അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ ആ കുറിപ്പ് പിന്നീട് അപ്രത്യക്ഷമായി!
ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍), ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയുമായി ബന്ധപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിഎഎയെക്കുറിച്ച് സംസാരിക്കുന്നത്. എന്‍ആര്‍സി ദേശീയതലത്തില്‍ നടപ്പാക്കുമെന്നും നുഴഞ്ഞുകയറ്റക്കാരില്‍ ഒരുവനെപോലും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ 2019 ഡിസംബര്‍ 10ന് പാര്‍ലമെന്റില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. 1955-ലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 2003-ല്‍ വിജ്ഞാപനം ചെയ്ത സിറ്റിസണ്‍ഷിപ് റൂള്‍സ് പ്രകാരം സെന്‍സസിനു പ്രാരംഭമായി ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ പുതുക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്. ഇത് എന്‍ആര്‍സിയുടെ ആദ്യപടിയാണ്. എന്‍പിആര്‍ നടപ്പാക്കാന്‍ പുതിയ നിയമമൊന്നും ആവശ്യമില്ല. എന്‍പിആര്‍ സെന്‍സസിന്റെ ഭാഗമാക്കുന്നതിലുള്ള എതിര്‍പ്പു മൂലം രാജ്യത്ത് 2021-ല്‍ നടക്കേണ്ടിയിരുന്ന ദശവത്സര സെന്‍സസ് നടത്താനായില്ല. ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം എന്‍പിആറിന് വിവരം നല്‍കേണ്ടിവരും. സിഎഎ അമുസ് ലിംകളായ അനധികൃത കുടിയേറ്റക്കാരെ പൗരത്വവും വോട്ടവകാശവും നല്കി ഉള്ക്കൊള്ളിക്കാനാണെങ്കില്, എന്‍ആര്‍സി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിക്കുകയോ നാടുകടത്തുകയോ ചെയ്യാനുള്ളതാണ്.
രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കിയ ആദ്യ സംസ്ഥാനമായ അസമിലാണ് ഇപ്പോള്‍ സിഎഎയ്ക്ക് എതിരെ ഏറ്റവും രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. മുസ് ലിംകളോട് അനീതി കാട്ടുന്നതോ മതത്തെ ആധാരമാക്കി പൗരത്വം നിര്‍ണയിക്കുന്നതോ അല്ല അവിടത്തെ പ്രശ്നം. ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനത്ത് അസം സ്റ്റുഡന്റ്സ് യൂണിയനും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ 16 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള യുണൈറ്റഡ് ഓപ്പൊസിഷന് ഫോറവും പതിനഞ്ചോളം രാഷ്ട്രീയേതര സംഘടനകളും അമിത് ഷായുടെ സിഎഎ ദയാവായ്പിലൂടെ ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ പോകുന്ന ലക്ഷകണക്കിന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനെതിരെയാണ് യുദ്ധം പ്രഖ്യാപിക്കുന്നത്. കുടിയേറ്റം, സാംസ്കാരിക പൈതൃകം, ദേശീയത, സ്വത്വം, പൗരത്വം എന്നിവയെച്ചൊല്ലിയുള്ള സംഘര്‍ഷം നാലു പതിറ്റാണ്ടിലേറെയായി പുകഞ്ഞുനില്‍ക്കുന്ന ഈ വടക്കുകിഴക്കന്‍ മേഖലയില്‍ ബംഗ്ലാ സംസാരിക്കുന്ന കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഹിന്ദുക്കളായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ വ്യവസ്ഥ ചെയ്യുന്നു എന്നതിന്റെ പേരിലാണ് അവര്‍ സിഎഎ വിരുദ്ധ ‘സര്ബത്മക് ഹഡ്താല്’ പോലുള്ള സമ്പൂര്‍ണ ബന്ദിനും മറ്റും ആഹ്വാനം ചെയ്യുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് 2019-ല്‍ അസമില്‍ നടത്തിയ ദേശീയ പൗരത്വ റജിസ്ട്രി പൂര്‍ത്തിയായപ്പോള്‍ 3.29 കോടി അപേക്ഷകരില്‍ 19 ലക്ഷം പേര് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ പറ്റാത്തതിനാല്‍ പൗരത്വ പട്ടികയില്‍ നിന്നു പുറത്തായി. ഇതില്‍ മുസ് ലിംകള്‍ 4.89 ലക്ഷം പേരായിരുന്നു; ബംഗ്ലാ സംസാരിക്കുന്ന ഹിന്ദുക്കള്‍ 6.90 ലക്ഷവും ഗൂര്‍ഖകള്‍ 85,000 പേരും അസമീസ് ഹിന്ദുക്കള്‍ 60,000 പേരും. മോദി സര്‍ക്കാര്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിലൂടെ എന്‍ആര്‍സിയില്‍ നിന്നു പുറത്താക്കപ്പെട്ട 19 ലക്ഷം പേരില്‍ മുസ് ലിംകളല്ലാത്തവര്‍ക്ക് പൗരത്വം ഉറപ്പാക്കാനാകും. ‘വിദേശികള്‍’ അസമീസ് സാംസ്കാരിക സ്വത്വത്തിനു ഭീഷണി ഉയര്‍ത്തുന്നതിനെതിരെ ആറുവര്‍ഷം നീണ്ട കലാപത്തിനൊടുവില്‍ 1985ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച അസം ഉടമ്പടിയില്‍ 1971 മാര്‍ച്ച് 24നുശേഷം സംസ്ഥാനത്ത് എത്തിയ ബംഗ്ലാദേശികളെ തിരിച്ചയക്കാന്‍ നിശ്ചയിച്ചിരുന്നു. സിഎഎയുടെ കട്ട് ഓഫ് തീയതിയാകട്ടെ 2014 ഡിസംബര്‍ 31 ആണ്. അസം ഉടമ്പടിക്കു വിരുദ്ധമായി 2015 ജനുവരി വരെയുള്ള അമുസ് ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതിനെ തദ്ദേശീയര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. സിഎഎ വഴി അമുസ് ലിംകളായ 15 ലക്ഷം അനധികൃത കുടിയേറ്റക്കാരെ ബിജെപിക്ക് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനാകും.
1971-ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പശ്ചിമ ബംഗാളിലേക്കു പലായനം ചെയ്ത 30 ലക്ഷത്തോളം വരുന്ന മത്തുവാ ഹൈന്ദവ വിഭാഗത്തിന്റെ പിന്തുണ സിഎഎ നടപ്പാക്കുന്നതിലൂടെ ബിജെപിക്കു ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബംഗാളിലെ 10 കോടി ജനങ്ങളില്‍ 17 ശതമാനം വരും ബംഗ്ലാദേശില്‍ നിന്നുള്ള മത്തുവാ സമൂഹം. സംസ്ഥാനത്ത് 70 അസംബ്ലി മണ്ഡലങ്ങളിലും 10 ലോക്സഭാ മണ്ഡലങ്ങളിലും അവര്‍ നിര്‍ണായക ശക്തിയാണ്. പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും അവര്‍ക്ക് വോട്ടവകാശമുണ്ട്. സിഎഎ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്ന മത്തുവാ സമൂഹം ഇപ്പോള്‍ ആഹ്ലാദതിമിര്‍പ്പിലാണ്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ബംഗാളില്‍ സിഎഎ നടപ്പാക്കുകയോ ആരെയെങ്കിലും തടങ്കല്‍പാളയത്തില്‍ അടക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നുണ്ട്. സിഎഎയ്ക്ക് എതിരെ രാജ്യത്ത് ആദ്യമായി 2019-ല്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത് കേരളമാണ്. കേരളമാണ് സിഎഎ വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ട് ആദ്യമായി സുപ്രീം കോടതിയെ സമീപിച്ചതും. സിഎഎ നടപ്പാക്കുകയില്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും, സിഎഎ വിരുദ്ധ പ്രതിഷേധ സമരങ്ങളുടെ പേരില്‍ കേരളത്തില്‍ 7,913 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 831 കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്.
ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 15 രാജ്യങ്ങളില്‍ നിന്നായി 195,867 അഭയാര്‍ഥികളുണ്ട്. അഭയാര്‍ഥി സംരക്ഷണത്തിന് പ്രത്യേക നയമില്ലാത്ത രാജ്യമാണ് ഇന്ത്യ. 1951-ലെ യുഎന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല, 1967-ലെ പ്രോട്ടോകോളിലുമില്ല. 2019 ജനുവരിയിലെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടില്‍, ഇന്റലിജന്‍സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 31,313 അഭയാര്‍ഥികള്‍ ദീര്‍ഘകാല വിസയുമായി ഇന്ത്യയില്‍ കഴിയുന്നുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. 25,447 ഹിന്ദുക്കളും 5,807 സിഖുകാരും 55 ക്രിസ്ത്യാനികളും രണ്ടു ബുദ്ധമതക്കാരും രണ്ടു പാര്സികളുമാണ് അതിലുണ്ടായിരുന്നത്.
എന്തായാലും സിഎഎ ചട്ടങ്ങളില്‍ മതപീഡനത്തിന്റെ തെളിവൊന്നും ചോദിക്കുന്നില്ല. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങള്‍ മാത്രമല്ല പീഡനങ്ങള്‍ക്ക് ഇരകളാകുന്നത്. പാക്കിസ്ഥാനിലെ അഹമ്മദിയ വിഭാഗവും അഫ്ഗാനിസ്ഥാനില്‍ ഹസാര, താജിക് വിഭാഗങ്ങളും പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. മ്യാന്മറിലെ രോഹിംഗ്യകളും ചൈനയിലെ ഉയ്ഗൂര്‍ മുസ് ലിംകളും വംശഹത്യയ്ക്ക് ഇരകളാകുന്നു. മതപീഡനത്തിനു പുറമെ, രാഷ് ട്രീയം, വംശം, ലിംഗം, ലൈംഗികാഭിമുഖ്യം എന്നിവയുടെ പേരിലുള്ള പീഡനങ്ങളും വ്യാപകമാണ്. അതിനെക്കുറിച്ചൊന്നും ഒരു വേവലാതിയും പ്രകടിപ്പിക്കുന്നില്ല. ചൈന, മ്യാന്മര്, ശ്രീലങ്ക, ഭൂട്ടാന് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ കാര്യം മിണ്ടുന്നതേയില്ലല്ലോ.
ഇന്ത്യ ഗവണ്മെന്റിന്റെ പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരമാണെന്നും മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട രാജ്യാന്തര ബാധ്യതകളുടെ ലംഘനമാണെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് പ്രതികരിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യവും ബഹുസ്വരതയും എല്ലാ സമൂഹങ്ങള്‍ക്കും നിയമത്തിനു മുമ്പില്‍ തുല്യതയുമെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമാണെന്നും സിഎഎ ചട്ടങ്ങള്‍ ഇതിനെ ബാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും നിരീക്ഷിക്കുന്നു. ‘വസുധൈവ കുടുംബകം’ ശ്ലോകത്തില്‍ കഴിക്കയാകും വിശ്വഗുരു!