1968 ലെ ഒരു പ്രഭാതം. തൃശൂർ ജില്ലയിലെ കാളത്തോട് എന്ന ദേശത്തു നിന്നും ഒരു സൈക്കിളിൽ ഒരു ചെറുപ്പക്കാരൻ യാത്ര തുടങ്ങുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ലോകത്തോടു വിട പറഞ്ഞ പ്രതിഭാധനനായ ഗിറ്റാറിസ്റ് ആറ്റ്ലി ഡിക്കൂഞ്ഞയാണ് സൈക്കിളിന്റെ ഡ്രൈവിംഗ് സീറ്റിൽ. നെല്ലിക്കുന്ന് എന്ന സ്ഥലത്തു എത്തിയപ്പോൾ മറ്റൊരു ചെറുപ്പക്കാരനെ സൈക്കിളിന്റെ പിന്നിൽ കയറ്റുന്നു. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഡ്രമ്മർ ആയ ജോബോയ് മാസ്റ്റർ ആണ് ഇപ്പോൾ സൈക്കിളിൽ കയറിയത . യാത്ര കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ സൈക്കിളിൽ അവശേഷിക്കുന്ന മുൻഭാഗത്തു ഉയരം കുറഞ്ഞ ഒരു ബാലൻ കൂടെ ചാടിക്കയറുന്നു. അവസാനം കയറിയ ബാലനാണ് മലയാളത്തിന്റെ എക്കാലത്തെയും ശുദ്ധമായ മെലഡികൾ സൃഷ്ടിച്ച ജോൺസൺ മാസ്റ്റർ. ഈ സൈക്കിൾ യാത്ര ഏതെങ്കിലും സിനിമാശാലയിലേക്കോ കളിക്കളത്തിലേക്കോ അല്ല . വോയിസ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേളസംഘത്തിന്റെ പരിശീലകേന്ദ്രത്തിലേക്കാണ് യാത്ര . എന്നും മുടങ്ങാതെ തന്റെ കൂട്ടുകാരെ സൈക്കിളിൽ കയറ്റി പരിശീലനത്തിന് പോകാൻ ആറ്റ്ലി തയ്യാറായിരുന്നു .സംഗീതത്തെ ആഴത്തിൽ സ്നേഹിച്ചിരുന്ന ഈ യുവാക്കൾ മുൻകൈ എടുത്തു രൂപീകരിച്ച ഗാനമേളസംഘത്തിന്റെ സെക്രട്ടറി ആയിരുന്നു ആറ്റ്ലി ഡിക്കൂഞ്ഞ .
ഗാനമേളകളിൽ ഗിറ്റാർ , മാൻഡലിൻ , ബുൾബുൾ എന്നീ ഉപകരണങ്ങൾ വായിച്ചിരുന്നത് ആറ്റ്ലിയായിരുന്നു . ജോബോയ് മാസ്റ്റർ ബോങ്കോസ് വായിച്ചപ്പോൾ ജോൺസൺ മാസ്റ്റർ മൊറോക്കോസ് എന്ന കൊച്ചു ഉപകരണവുമായി അരങ്ങേറി .
ആറ്റ്ലി ഡിക്കൂഞ്ഞയോടൊപ്പം പതിറ്റാണ്ടുകൾ സംഗീതയാത്ര നടത്തിയ ജോബോയ് മാസ്റ്റർ ഓർമ്മകൾ പങ്കു വയ്ക്കുന്നു:
“സംഗീതമായിരുന്നു ആറ്റ്ലിക്ക് എല്ലാം . സംഗീതത്തിനപ്പുറത്തു ഒരു ലോകം അദ്ദേഹത്തിനില്ലായിരുന്നു . നന്മയുള്ള, തുറവിയുള്ള , സ്നേഹമുള്ളൊരു ഹൃത്തിനുടമയായിരുന്നു അദ്ദേഹം . കലാകാരന്മാരെ കൈ പിടിച്ചുയർത്താൻ മനസ്സ് വച്ചൊരാൾ . ഞങ്ങൾക്ക് പുതിയ പാട്ടുകൾ പഠിക്കാൻ വേണ്ടി അദ്ദേഹം ഗ്രാമഫോൺ റെക്കോർഡുകൾ വാങ്ങും . കറങ്ങുന്ന കറുത്ത ഡിസ്കിൽ ഉരസുന്ന സൂചിയിൽ നിന്നുയരുന്ന പാട്ടുകൾ കേട്ട് മണിക്കൂറുകൾ ഞങ്ങൾ ഒന്നിച്ചിരിക്കും . എനിക്ക് ഡ്രം വായിച്ചു വേദിയിൽ തിളങ്ങാൻ പറ്റുന്ന പാട്ടുകൾ തെരഞ്ഞെടുത്തു നല്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു . ലവ് ഇൻ ടോക്കിയോ എന്ന സിനിമയിൽ ലതാ മങ്കേഷ്കർ പാടിയ സയനോര സയനോര എന്ന ഗാനം ആറ്റ്ലിയുടെ ഗ്രാമഫോണിലൂടെയാണ് ഞങ്ങൾ ആദ്യമായി കേൾക്കുന്നത് . ഈ ഗാനത്തിന്റെ തുടക്കത്തിൽ ബുൾബുൾ എന്ന സംഗീതോപകരണം വായിച്ചിട്ടുണ്ട് . ഗാനമേളകളിൽ ആറ്റ്ലി അതേ മനോഹാരിതയോടെ ബുൾബുൾ വായിക്കുമ്പോൾ ജനം കയ്യടിച്ചു അനുമോദിച്ചിരുന്നത് ഞാനിന്നും ഓർക്കുന്നു.
1972 ൽ ആറ്റ്ലി സ്വന്തമായി മ്യൂസിക്കൽ വേവ്സ് എന്ന പേരിൽ ഗാനമേളസംഘം രൂപീകരിച്ചു . ഞാൻ കോഴിക്കോട് കേന്ദ്രമാക്കി ബാൻഡുകളിൽ പ്രവർത്തിച്ചിരുന്ന ആ കാലത്തു ഗാനമേളകളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു കത്തുകൾ അയക്കുമായിരുന്നു . ആറ്റ്ലി അയക്കുന്ന കത്തുകളിൽ സംഗീതം മാത്രമായിരുന്നു വിഷയമായി വരുന്നത് . അതിൽ ഗാനമേളയുടെ തീയതികൾ , വേദികൾ എന്നിവയെല്ലാം കൃത്യമായി എഴുതിയിട്ടുണ്ടാകും. വാണി ജയറാം ജയചന്ദ്രൻ തുടങ്ങിയവരുടെയെല്ലാം ഗാനമേളകൾക്കു വാദ്യവൃന്ദമൊരുക്കുന്ന ചുമതല ആറ്റ്ലി അതിഭംഗിയായി നിർവഹിച്ചിരുന്നു. ജോൺസനെയും എന്നെയും എന്നും സ്നേഹിക്കുകയും കരുത്തു പകരുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു ആറ്റ്ലി .”
സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ആറ്റ്ലിയെക്കുറിച്ചു പറയുന്നു:
” ആറ്റ്ലിയെന്ന പേര് എന്റെ സിനിമാജീവിതത്തിൽ കേൾക്കാത്ത ദിവസങ്ങളില്ല . ആറ്റ്ലിയെക്കുറിച്ചുള്ള കഥകൾ ജോൺസൺ എന്നും പറയും. എന്റെ 28 സിനിമകൾക്ക് സംഗീതം നൽകിയ ജോൺസണിൽ നിന്നാണ് ആറ്റ്ലിയെക്കുറിച്ചു ഞാൻ അറിയുന്നത്. പുതിയ സിനിമകളുടെ കമ്പോസിങ്ങിനു വരുമ്പോഴെല്ലാം ജോൺസൺ ആറ്റ്ലിയെക്കുറിച്ചു പറയും. ഇങ്ങനെ കേട്ട് കേട്ട് ആറ്റ്ലിയും എന്റെ ജീവിതത്തിന്റെ ഭാഗമായി . ജോൺസന്റെ സംഗീതജീവിതത്തിലെ വഴികാട്ടിയാണ് ആറ്റ്ലിയെന്നു ജോൺസൺ എപ്പോഴും പറയും”.
സംഗീതസംവിധായകൻ ഔസേപ്പച്ചൻ ആറ്റ്ലിയെക്കുറിച്ചു പറയുന്നു:
“ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനെല്ലാം കാരണക്കാരൻ ആറ്റ്ലിയാണ് . എന്റെ ആദ്യത്തെ മെൻറ്റർ ആറ്റ്ലിയാണ്. എന്റെ മാത്രമല്ല, ജോൺസൺ മാസ്റ്റർ അടക്കം നിരവധി പേരുടെ മാർഗദർശിയാണ് ആറ്റ്ലി. അദ്ദേഹം ഒരു ഗിറ്റാറിസ്റ്റ് മാത്രമല്ല ഏറ്റവും മികച്ച സംഘാടകനായിരുന്നു. ഒരുപാടു കലാകാരന്മാർക്ക് നന്മകൾ പകർന്നൊരാളാണ് ആറ്റ്ലി. ജോൺസൺ മാസ്റ്റർ തന്റെ എല്ലാ പാട്ടുകളും ആദ്യം ആറ്റ്ലിയെ കേൾപ്പിച്ചു തിരുത്തലുകൾ വരുത്തുന്നത് പതിവായിരുന്നു. ഗായത്രി അടക്കം നിരവധി ഗായകർക്ക് ആദ്യ വേദി നൽകിയത് ആറ്റ്ലിയായിരുന്നു.”
ഗായിക ഗായത്രിയുടെ വാക്കുകൾ:
“എൻറെ സംഗീതജീവിതത്തിൻറെ തുടക്കം ആറ്റ്ലി അങ്കിളിന്റെ കൂടെയായിരുന്നു. എനിക്ക് ജീവിതത്തിലെ ആദ്യ പ്രതിഫലം നൽകിയത് ആറ്റ്ലി അങ്കിൾ ആയിരുന്നു. ആറ്റ്ലി അങ്കിളിന്റെ കൂടെയുള്ള ഗാനമേളകളാണ് വേദികളിൽ പാടാൻ എനിക്ക് ധൈര്യം നൽകിയത്.പാട്ടുകൾ തെറ്റിച്ചാലും സ്നേഹത്തോടെ തിരുത്തുന്ന ഗുരുവായിരുന്നു ആറ്റ്ലി അങ്കിൾ.”
അമ്പതു വർഷത്തിലധികം ഗാനമേള വേദികളിൽ നിറഞ്ഞു നിന്ന കലാകാരനായിരുന്നു ആറ്റ്ലി ഡിക്കൂഞ്ഞ . എറണാകുളം ജില്ലയിലെ പള്ളിപ്പുറത്തു ഫ്രാൻസിസ് ഡിക്കൂഞ്ഞ – എമിലി റോച്ച ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തവനായിരുന്നു ആറ്റ്ലി. പിതാവിന്റെ ജോലിസ്ഥലത്തേക്കുള്ള സ്ഥലംമാറ്റം ആറ്റ്ലിയെ തൃശൂരിലെത്തിച്ചു. തൃശൂർ സെന്റ് . തോമസ് കോളേജിൽ പഠിക്കുമ്പോൾ ജോൺസൺ മാസ്റ്ററും ഔസേപ്പച്ചനും സഹപാഠികളായിരുന്നു . തൃശൂരിൽ ആരംഭിച്ച പ്രശസ്തമായ നാലു ഗാനമേള സംഘങ്ങൾക്ക് പിന്നിലും ആറ്റ്ലിയുണ്ടായിരുന്നു . ഹാർമോണിസ്റ്റ് വി . സി . ജോർജ് , ഗായകൻ കെ. എച്ച് . അക്ബർ , ഡ്രമ്മർ ജോബോയ് , അന്നത്തെ സ്ത്രീശബ്ദഗായകൻ ജോൺസൺ (ജോൺസൺ മാസ്റ്റർ) എന്നിവരായിരുന്നു സഹപ്രവർത്തകർ .സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ എന്നിവരോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു.
ആകാശവാണിയിലെയും ദൂരദർശനിലെയും ഹൈഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയ്ക്കും നിരവധി സീരിയലുകൾക്കും ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.
ഭാര്യ : ഫെൽസി ഡിക്കൂഞ്ഞ മക്കൾ : ആറ്റ്ഫൽ റിച്ചാർഡ് ഡിക്കൂഞ്ഞ, മേരി ഷൈഫൽ റോഡ്രിഗ്സ്മ. രുമക്കൾ :ട്രീസ എവ്ലിൻ ഡിക്കൂഞ്ഞ, സ്റ്റീഫൻ മെൽവിൻ റോഡ്രിഗ്സ്.
എന്നും ശുദ്ധസംഗീതത്തെ മുറുകെപ്പിടിച്ചു നടന്ന ആറ്റ്ലിയെന്ന വലിയ കലാകാരന് പ്രണാമം .