വില്യം ഷേക്സ്പിയറുടെ നാടകങ്ങളെ അടിസ്ഥാനമാക്കി ഡേവിഡ് മിച്ചോഡ് സംവിധാനം ചെയ്ത ഇതിഹാസ ചരിത്ര സിനിമയാണ് ദി കിംഗ്. 1399-1485 ലെ ഇംഗ്ലണ്ടിലെ ചരിത്രത്തെയും രാജാക്കന്മാരെയും കേന്ദ്രീകരിച്ചും യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള 10 ചരിത്ര നാടകങ്ങള്‍ ഷേക്സ്പിയറിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ അഞ്ചാമത്തേതാണ് ഹെന്റി അഞ്ചാമന്. പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും ഫ്രാന്‍സും നൂറുവര്‍ഷങ്ങളായി യുദ്ധം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഫ്രഞ്ചുകാര്‍ക്കെതിരെ ഇംഗ്ലീഷുകാര്‍ നേടിയ നിര്‍ണായക വിജയം, ഇംഗ്ലീഷ് ദേശീയ സാംസ്കാരിക അഭിമാനത്തിന്റെ ചരിത്ര നിമിഷമായി ഷേക്സ്പിയര് സാഹിത്യത്തിലൂടെ രേഖപ്പെടുത്തുന്നുണ്ട്. അതേസമയം ചരിത്രത്തോടും ഷേക്സ്പിയര് നാടകങ്ങളോടും ദി കിംഗ് സിനിമ നീതി പുലര്‍ത്തിയെന്ന് പറയാനാകില്ല. ഉപകഥകളും ആഖ്യാനങ്ങളും സംവിധായകന്റേയും തിരക്കഥാകൃത്തുക്കളുടേയും ഭാവനയില്‍ ഉരുത്തിരിഞ്ഞതാണ്. ബ്രാഡ് പിറ്റ്, ഡെഡെ ഗാര്‍ഡ്നര്‍, ജെറമി ക്ലീനര്‍, ലിസ് വാട്ട്സ് എന്നിവരോടൊപ്പം ചിത്രം നിര്‍മ്മിച്ച സംവിധായകന് ഡേവിഡ് മിച്ചോഡും ജോയല്‍ എഡ്ജര്ടണും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. വെയില്‍സ് രാജകുമാരനായും പിന്നീട് ഇംഗ്ലണ്ടിലെ ഹെന്റി അഞ്ചാമന് രാജാവായും യുവനടന് തിമോത്തി ചാലമെറ്റ് അഭിനിയിക്കുന്നു. 2019 സെപ്റ്റംബര്‍ 2-ന് 76-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദി കിംഗ് പ്രീമിയര്‍ ചെയ്തു, 2019 ഒക്ടോബര്‍ 11-ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തു.
ഇംഗ്ലണ്ടിലെ ഹെന്റി നാലാമന് രാജാവിന്റെ (ബെന്‍ മെന്ഡല്സണ്) മൂത്തമകനാണ് വെയില്‍സിലെ രാജകുമാരനായ ഹാല് ( തിമോത്തി ചാലമെറ്റ്). രാജകുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് അടുത്ത രാജാവാകേണ്ടയാള്. എന്നാല്‍ രാജകുമാരന് ഭരണത്തില്‍ വലിയ താല്പര്യമില്ല. കൊട്ടാരം വിട്ട് അകലെയൊരു വാടകവീട്ടില്‍ കൂട്ടുകാരനായ ജോണ്‍ ഫാല്സ്റ്റാഫിനൊപ്പം (ജെയല് എഡ്ഗര്ട്ടണ്) കഴിയുകയാണയാള്‍. സ്ത്രീകളിലും മദ്യത്തിലുമാണ് താല്പര്യം. മകന്റെ ബലഹീനതകള്‍ അറിയാമായിരുന്ന ഹെന്റി നാലാമന് രാജാവിനും അവനെ രാജാവാക്കാന്‍ താല്പര്യമില്ല. ഇളയമകന് തോമസിനെയാണ് അയാള്‍ രാജാവാക്കാന്‍ ഉദ്ദേശിക്കുന്നത്. ഹാലിനും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. സിംഹാസനത്തില്‍ തനിക്ക് താല്പര്യമില്ലെന്നും രാജഭരണത്തില്‍ പിടിപാടില്ലെന്നും അവനും നല്ല ബോധ്യമുണ്ട്. ഇംഗ്ലണ്ടിലെ ഒരു പ്രഭുവും യുദ്ധനിപുണനുമായ ഹോട്സ്പര്‍ രാജാവുമായി പിണങ്ങുന്നത് ആ ഘട്ടത്തിലാണ്. ഒരു യുദ്ധത്തില്‍ തടവുകാരനാക്കപ്പെട്ട തന്റെ ബന്ധുവിനെ മോചിപ്പിക്കാന്‍ രാജാവ് മോചനദ്രവ്യം നല്‍കിയില്ല എന്നാണ് അയാളുടെ പരാതി. അയാള്‍ക്ക് സ്വന്തമായി സൈന്യമുണ്ട്. ഒരു ആഭ്യന്തരയുദ്ധത്തിന് ഹോട്സ്പര്‍ കോപ്പുകൂട്ടുകയാണ്.
ഇംഗ്ലണ്ട് നിരന്തരമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു സമയമാണത്. ഹെന്റി നാലാമന് രാജാവ് അസുഖബാധിതനായി കിടപ്പിലായി. എന്നാല്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും രാജകുമാരന് താല്പര്യമില്ല. ഒടുവില്‍ സുഹൃത്ത് ജോണ്‍ ഫാല്സ്റ്റാഫിന്റെ നിര്‍ബന്ധപ്രകാരം അയാള്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ കൊട്ടാരത്തിലെത്തുന്നു. രാജാവാകാനുള്ള തന്റെ താല്പര്യകുറവ് അവന് പിതാവിനേയും സഹോദരന് തോമസിനേയും അറിയിച്ചു.
ഹോട്സ്പര്‍ ഒരു സൈന്യവുമായി വരുന്ന വിവരം ഹാല് അറിയുന്നു. ഇംഗ്ലണ്ട് സൈന്യത്തെ നയിക്കുന്നത് സഹോദരന് തോമസാണെന്നറിഞ്ഞ ഹാല് ഉടനെ യുദ്ധരംഗത്തേക്ക് പോകുകയാണ്. തോമസിനെ അപകടം കൂടാതെ രക്ഷിക്കുകയാണ് അയാളുടെ ലക്ഷ്യം. എന്നാല്‍ തോമസിന് ഇതിഷ്ടപ്പെടുന്നില്ല. ഒരു പോരാട്ടമുണ്ടായാല്‍ ഇരുഭാഗത്തും വലിയ ആള്നാളമുണ്ടാകുമെന്ന് ഹാല് ഭയപ്പെടുന്നു. അതൊഴിവാക്കാന് ഹോട്സപറിനെ നേരിട്ടുള്ള ഒരു പോരാട്ടത്തിന് വിളിക്കുകയാണ് ഹാല്. പോരാട്ടത്തില്‍ ഹാല് വിജയിക്കുന്നു. ഹോട്സ്പര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗത്തേയും ആള്‍നാശം ഒഴിവായെങ്കിലും താനൊരു കൊലപാതകിയാണെന്ന ബോധം ഹാളിന്റെ മനസിനെ വല്ലാതെ ഉലയ്ക്കുന്നു. തോമസിനാകട്ടെ സഹോദരന്റെ വിജയം ഒട്ടും ഇഷ്ടപ്പെടുന്നില്ല. യുദ്ധം നടന്ന് തനിക്കു ലഭിക്കേണ്ട വിജയവും പ്രശംസയും ചേട്ടന് തട്ടിയെടുത്തെന്ന തോന്നലാണ് അവന്. അധികം താമസിയാതെ മറ്റൊരു യുദ്ധത്തില്‍ തോമസ് കൊല്ലപ്പെട്ടു. സിംഹാസനത്തിന് വേറെ അവകാശികളില്ലാത്തിരുന്നതിനാല്, രാജകൊട്ടാരത്തിലേക്ക് വിളിപ്പിക്കപ്പെട്ട ഹാല് ഹെന്റി അഞ്ചാമന് എന്ന പേരില്‍ രാജാവായി അഭിഷിക്തനാകുന്നു.
കിരീടധാരണ ചടങ്ങിനോടനുബന്ധിച്ച് നിരവധി പേര് പുതിയ രാജാവിന് ഉപഹാരങ്ങള്‍ നല്കുന്നു. ഫ്രാന്‍സിലെ കിരീടാവകാശിയായ ഡൗഫിന്‍ (റോബര്‍ട്ട് പാറ്റിന്സണ്) ഒരു ചെറിയ പന്താണ് അയച്ചുകൊടുക്കുന്നത്. രാജാവിന്റെ ചീഫ് ജസ്റ്റിസ് വില്യം ഗാസ്കോയിന്‍ (സീന്‍ ഹാരീസ്), അത് രാജാവിനെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണെന്ന് പറഞ്ഞുകൊടുക്കുന്നു. അപമാനത്തിന് പകരം യുദ്ധമാണ് വേണ്ടതെന്നും അയാള്‍ പറയുന്നു. എന്നാല്‍ ഇത്തരം നിസാരകാര്യങ്ങള്‍ക്ക് യുദ്ധം ചെയ്യുന്നത് ശരിയല്ലെന്ന് ഹെന്റി വ്യക്തമാക്കുന്നു.
ചടങ്ങിനെത്തിയ ഡെന്മാര്ക്കിലെ രാജ്ഞിയായ ഹെന്റിയുടെ സഹോദരി ഫിലിപ്പിയ, കൊട്ടാരത്തിലും പ്രഭുക്കന്മാരിലും ആരേയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് സഹോദരനെ ഉപദേശിക്കുന്നു. ഏതുനിമിഷവും ചതിവ് പറ്റാം. ഹെന്റി ഇതുകേട്ട് അസ്വസ്ഥനാകുന്നു. കാന്റണ്ബറിയിലെ ആര്‍ച്ച്ബിഷപ് കൊട്ടാരസദസിലെത്തി രാജാവിനോട് രാജചരിത്രം വിശദീകരിച്ചുകൊടുക്കുന്നു. ഫ്രാന്‍സിന്റെ സിംഹാസനം എങ്ങിനെ ഇംഗ്ലണ്ടിന് അവകാശപ്പെടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിശദീകരണം. ഫ്രാന്‍സിനേയും ജറുസലേമിനേയും ആക്രമിച്ച് കീഴടക്കണമെന്നാണ് ഇംഗ്ലണ്ടിലെ ഭൂരിപക്ഷം പേരുടേയും പ്രഭുക്കന്മാരുടേയും അഭിപ്രായം. പക്ഷേ ഒരു യുദ്ധത്തിന് ഹെന്റി തയ്യാറാകുന്നില്ല.
ഹാലിനെ വധിക്കാന്‍ ഫ്രാന്‍സിലെ ചാള്‍സ് ആറാമന്‍ രാജാവ് ഒരു വാടകക്കൊലയാളിയെ അയച്ചെന്നും അയാളെ പിടികൂടി തടങ്കലിലാക്കിയെന്നും ചീഫ് ജസ്റ്റിസ് വില്യം ഗാസ്കോയിന്‍ വിശദീകരിക്കുന്നു. അയാളെ രാജാവ് നേരിട്ട് ചോദ്യം ചെയ്യുന്നു. അയാളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ വിശദീകരിച്ച് ഫ്രാന്‍സിലെ രാജാവിന് കത്തയക്കുന്നു. പ്രഭുക്കന്മാരായ കേംബ്രിഡ്ജിനെയും ഗ്രേയെയും ഫ്രഞ്ചുകാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. രണ്ടു പ്രഭുക്കന്മാരും ഹാലിന്റെ സുഹൃത്തുക്കളാണ്. തങ്ങള്‍ എന്തു ചെയ്യണമെന്ന് അവര്‍ വില്യം ഗാസ്കോയിനോട് ആരായുന്നു. തണുപ്പന്‍ പ്രകൃതക്കാരനായ പുതിയ രാജാവില്‍ ആര്‍ക്കും വിശ്വാസമില്ല. ഫ്രഞ്ചുകാരാണെങ്കില് അവരുടെ പക്ഷം ചേര്‍ന്നാല്‍ മികച്ച പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഭ്യന്തരപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുകയാണെന്നും യുദ്ധമാണ് അഭികാമ്യമെന്നും വില്യം ഗാസ്കോയിന്‍ രാജാവിനെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. രാജദ്രേഹക്കുറ്റത്തിന് രണ്ടു പ്രഭുക്കന്മാരേയും പിടികൂടിയ ഹാല് ഇരുവരുടേയും ശിരച്ഛേദം ചെയ്യുന്നു. ഹാലിന്റെ രാജാവിലേക്കുളള പരകായപ്രവേശമായി ഈ സംഭവത്തെ കാണാം. തന്റെ സുഹൃത്തുക്കളായ രണ്ടു പ്രഭുക്കന്മാരേയും രാജാവ് വധിക്കുമെന്ന് ആരും പ്രതിക്ഷിച്ചിരുന്നില്ല.
ഒരുപാടു നേരത്തെ ചിന്തകള്‍ക്കു ശേഷം ഫ്രാന്‍സുമായുള്ള യുദ്ധത്തിന് ഹാല് മാനസികമായി തയ്യാറാകുന്നു. അയാള്‍ തന്റെ പഴയ ലാവണത്തിലേക്കു ചെല്ലുന്നു. രാജകുമാരനായിരിക്കേ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്ക്. അവിടെ സുഹൃത്ത് ജോണ്‍ ഫാള്‍സ്റ്റാഫ് പിണക്കത്തിലാണ്. കൊട്ടാരത്തിലേക്ക് പോയതില്‍ പിന്നെ ഹാല് ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല, സിംഹാസനത്തിലേറുന്ന ചടങ്ങിലേക്ക് ക്ഷണിച്ചുമില്ല. ഹാല് തന്റെ തെറ്റ് സമ്മതിച്ച് മാപ്പുചോദിക്കുന്നു. തന്നോടൊപ്പം കൊട്ടാരത്തിലേക്ക് ജോണിനെ ക്ഷണിക്കുന്നു. ഒരുപാടു നാളായി കുടിശികയുള്ള വാടക കൊടുത്താല്‍ താന്‍ വരാമെന്നാണ് ജോണിന്റെ മറുപടി. ജോണിനെ തന്റെ മുഖ്യ സൈനിക തന്ത്രജ്ഞനായി രാജാവ് നിയമിക്കുന്നു. മറ്റു പലര്‍ക്കും ഇതിഷ്ടപ്പെടുന്നില്ല. താന്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഒരേയൊരു മനുഷ്യന് ജോണ്‍ ഫാള്സ്റ്റാഫാണെന്ന് രാജാവ് വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് സൈന്യം ഫ്രാന്‍സിലേക്ക് കപ്പല്‍ കയറുന്നു. ഫ്രാന്‍സിന്റെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ അവര്‍ തമ്പടിക്കുന്നു. അവിടെ ആയുധങ്ങള്‍ തയ്യാറാക്കുകയും ഫ്രാന്‍സിനെ ആക്രമിക്കുകയും ചെയ്യുന്നു. ചില ചെറിയ വിജയങ്ങള്‍ നേടി ഇംഗ്ലണ്ട് സേന മുന്നേറുമ്പോള്‍ വലിയ സൈനിക സന്നാഹങ്ങളോടെ ഡൗഫിന്‍ ഇംഗ്ലണ്ട് സേനയെ നേരിടാനെത്തുന്നു. അയാള്‍ ഹെന്റിയെ സന്ദര്‍ശിച്ച് മുന്നറിയിപ്പ് നല്കുന്നു. കീഴടങ്ങിയില്ലെങ്കില്‍ വലിയ ദുരിതമായിരിക്കും ഫലം. സ്ത്രീകളേയും കുട്ടികളേയമടക്കം കൊന്നുകളയും എന്നൊക്കെ. നേരത്തെ യുദ്ധത്തിന് പ്രേരിപ്പിച്ചിരുന്നവരൊക്കെ ഇപ്പോള്‍ കാലുമാറിത്തുടങ്ങി. പിന്മാറുന്നതാണ് ബുദ്ധിയെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ പിന്മാറരുതെന്നാണ് ജോണ്‍ ഫാള്സ്റ്റാഫിന്റെ അഭിപ്രായം. മഴക്കാലമായി. തങ്ങള്‍ക്കു യുദ്ധത്തില്‍ ജയിക്കാന്‍ കഴിയുമെന്നാണ് അയാളുടെ വിശ്വാസം. മറ്റുള്ളവരുടെ എതിര്‍പ്പ് അവഗണിച്ച് രാജാവ് ജോണില്‍ പൂര്ണവിശ്വാസമര്പ്പിക്കുന്നു.
രക്തച്ചൊരിച്ചില്‍ കുറയ്ക്കാന്‍ ഡൗഫിനെ ഒറ്റക്കൊറ്റക്കുള്ള പോരാട്ടത്തിന് ഹാല് വെല്ലുവിളിക്കുന്നു. ഡൗഫിന്‍ അത് നിരസിക്കുന്നു. പരാജയം മണത്തതിനു ശേഷം രക്ഷപ്പെടാനുളള അടവാണെന്ന് അയാള്‍ പരിഹസിക്കുന്നു. പ്രസിദ്ധമായ അജിന്‍കോര്‍ട്ട് യുദ്ധം ആരംഭിക്കുന്നു. ഫ്രാന്‍സ് സൈന്യം കനത്ത കവചങ്ങളോടെയാണ് യുദ്ധരംഗത്തേക്കു വരുന്നത്. അവരുടെ കുതിരകളും അങ്ങിനെ തന്നെ. അവരെ നേരിടാന്‍ ജോണിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ സൈന്യം എത്തുന്നു. ഫ്രഞ്ചുകാരുടെ സൈന്യങ്ങളും കുതിരകളും ചെളിക്കുണ്ടില്‍ നിലതെറ്റുമ്പോള്‍ ജോണിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് സൈന്യം അവരെ നശിപ്പിക്കുന്നു. ഡൗഫിനും വധിക്കപ്പെടുന്നു. തടവിലുള്ള എല്ലാ ഫ്രഞ്ച് തടവുകാരെയും വധിക്കാന്‍ രാജാവ് ഉത്തരവിട്ടു.
യുദ്ധാനന്തരം ഹാല് ഫ്രാന്‍സിലെ ചാള്‍സ് ആറാമനെ സന്ദര്‍ശിക്കുന്നു. കീഴടങ്ങാന്‍ സന്നദ്ധനാണെന്ന് ചാള്‍സ് രാജാവ് അറിയിച്ചു. തന്റെ മകള്‍ കാതറിനെ (ലിലി റോസ് ഡെപ്) ഹെന്റിക്കു വിവാഹം ചെയ്തു കൊടുക്കാമെന്നും അദ്ദേഹം പറയുന്നു. ഹെന്റി ആഘോഷങ്ങള്‍ക്കായി തന്റെ ഭാര്യയുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുമ്പോള്‍ കാതറിന് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. രാജാവായി അഭിഷേകം ചെയ്യപ്പെടുന്ന സമയത്ത് ഹാലിനെ അപമാനിക്കാനായി പന്ത് അയച്ചുകൊടുത്തത് തന്റെ സഹോദരന് ഡൗഫിന്‍ അല്ല. അതുപോലെ, ഹാലിനെ വധിക്കാന്‍ വാടകക്കൊലയാളികളെയൊന്നും അയച്ചിട്ടുമില്ല. ഗൂഡാലോചന നടന്നത് ഹാലിന്റെ കൊട്ടാരത്തില്‍ തന്നെയായിരിക്കണമെന്ന് അവള് പറയുന്നു. രാജാവ് തന്റെ ചീഫ് ജസ്റ്റീസ് വില്യം ഗാസ്കോയിനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരായുന്നു. അയാളുടെ വിശദീകരണങ്ങളില്‍ രാജാവ് തൃപ്തനാകുന്നില്ല. വീണ്ടും വിശദമായി കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ വില്യം ഗാസ്കോയിന്‍ താനാണ് യുദ്ധത്തിന് പ്രേരിപ്പിക്കാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്തതെന്ന് വെളിപ്പെടുത്തുന്നു. രോഷാകുലനായ രാജാവ് അവിടെ വച്ചുതന്നെ അയാളെ വധിക്കുന്നു. ഹെന്റി അഞ്ചാമന്റെ ശേഷമുള്ള കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നില്ല.
സിനിമയ്ക്ക് ചരിത്രപരമായ ഒരു പ്രധാന്യവും ഇല്ല. ഷേക്സ്പിയര് നാടകങ്ങളെ ഉപയോഗിക്കുന്നതിനേക്കാള്‍, ചരിത്രത്തെ തന്നെ ആശ്രയിക്കുന്നതായിരുന്നു സംവിധായകന് നല്ലത്. കാരണം, ഷേക്സ്പിയര് നാടകങ്ങളെ അതിജീവിച്ച് മറ്റൊന്നു മെനയുമ്പോള്‍ ഷേക്സ്പിയറുടെ ഏറ്റവും വലിയ പ്രത്യേകതയായ ഭാഷയെ ഉപയോഗിക്കാതിരിക്കാനാകില്ല. സിനിമയില്‍ ഭാഷ വികലമായി ഉപയോഗിച്ചിരിക്കുകയാണ്. നായകകഥാപാത്രം പലപ്പോഴും മൂലകഥയുടെ ഭാഷയില്‍ സംസാരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിതാവ് ഹെന്റി നാലാമന്, ഏറ്റവും നികൃഷ്ടമായ വാക്കുകളും ഉപയോഗിക്കുന്നു. ഷേക്സ്പിയര് കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ ഏറെക്കുറേ പകര്‍ത്തുകയും എന്നാല്‍ മൂലകഥയോട് നീതി പുലര്‍ത്താതിരിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിലെ രാജാവിനെ തന്റേതായ പുതിയ രീതിയില്‍ സംവിധായകന് അവതരിപ്പിക്കാമായിരുന്നു. പകരം, ഒരേസമയം ഷേക്സ്പിയറെ മുന്നില്‍ നിര്‍ത്തുകയും അദ്ദേഹത്തെ അകറ്റുകയും ചെയ്യുന്നു.
വില്ലന്‍ വേഷം ചെയ്യാന്‍ വിധിക്കപ്പെട്ട ഡൗഫിന്‍ യഥാര്‍ത്ഥത്തില്‍ സൗമ്യനായ ഒരു വ്യക്തിയും രോഗിയുമായിരുന്നുവെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. അതേസമയം ഹെന്റി അഞ്ചാമന് അങ്ങേയറ്റം ക്രൂരനും ഭ്രാന്തന് ആക്രമണകാരിയുമായിരുന്നു. ഹെന്റിയുടെ ഈ സ്വഭാവവിശേഷങ്ങള്‍ സിനിമയില്‍ മിന്നിമറയുന്നുണ്ടെങ്കിലും മികച്ച രാജാവും നേതാവുമെന്ന പ്രതിബിംബത്തിനു മുന്നില്‍ അത് അപ്രസക്തമാക്കുകയായിരുന്നു.
സാങ്കേതിക തലത്തില്‍ ദി കിംഗ് നന്നായി ചിത്രീകരിച്ച സിനിമയാണ്. വളര്‍ന്നുവരുന്ന താരം തിമോത്തി ചാലമെറ്റ് ഉള്‍പ്പെടെ താരനിബിഡമാണ് സിനിമ. പക്ഷേ പ്രധാനകഥാപാത്രങ്ങളൊഴിച്ചുള്ളവര് രണ്ടു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ നിഴലുകളായി അവശേഷിച്ചു. സിനിമയിലെ യുദ്ധ രംഗങ്ങള്‍ ജീവസുറ്റതാക്കാന്‍ ഛായാഗ്രാഹകന്‍ ആദം അര്ക്കപാവിനു കഴിഞ്ഞിട്ടുണ്ട്. യുദ്ധരംഗങ്ങള്‍ കോറിയോഗ്രാഫ് ചെയ്തിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ നന്നായിരിക്കുന്നു.