രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന്റെ കൊടിയ വീഴ്ചയുടെ ഭീതിദമായ ദൃഷ്ടാന്തമാണ് മലയോരത്തെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണത്തിലെ ഓരോ മനുഷ്യക്കുരുതിയും. കാടിന്റെ വന്യതയിലേക്കോ മനുഷ്യന്റെ നിസ്സഹായതയിലേക്കോ ചൂഴ്ന്നിറങ്ങുന്ന പ്രകൃതിനിയമത്തിന്റെ അലംഘനീയ നിയതിതത്ത്വമോ ആഗോള താപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അവശ്യംഭാവിയായ പ്രതിഭാസ പ്രഹേളികയോ ഉരുക്കഴിച്ചുകൊണ്ട് ചുരം കയറിയെത്തുന്ന രാഷ്ട്രീയ വിദൂഷകരെ ജനം തെരുവില്‍ കുറ്റവിചാരണ ചെയ്യും. വയനാട്ടിലോ മൂന്നാറിലോ നാലാളെ കാട്ടാനകള്‍ ചവിട്ടിക്കൊല്ലുകയോ കടുവ ആരെയെങ്കിലും കടിച്ചുകീറുകയോ ചെയ്യുമ്പോള്‍ ജനരോഷം ആളിപ്പടരുന്നതിന്റെ ആക്കവും താപപരിണാമവും നോക്കി ഭരണകക്ഷി ഹര്‍ത്താല്‍ പ്രഖ്യാപിച്ചും സര്‍വകക്ഷി യോഗം കൂടി പ്രമേയം പാസാക്കിയും അടിയന്തര ദുരന്തപ്രതിരോധം തീര്‍ക്കുന്ന ഈ പ്രഹസനം ഇനിയെങ്കിലും അവസാനിപ്പിക്കണം.
ബേലൂരില്‍ നിന്നു പിടികൂടി കര്‍ണാടക വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് ബന്ദിപൂര്‍ ദേശീയോദ്യാനത്തിലെ മൂലഹൊള്ള റേഞ്ചില്‍ കാടുകയറ്റിവിട്ട ബേലൂര്‍ മഖ്ന എന്ന മോഴയാന കബനി നദി കടന്ന് വയനാട്ടിലെ മാനന്തവാടി ടൗണിലെത്തിയിട്ടും കേരളത്തിലെ വനപാലകര്‍ക്കോ പൊലീസ്, റവന്യു, തദ്ദേശഭരണ വകുപ്പുകള്‍ക്കോ ഒരു അപായ സിഗ്നലും കിട്ടിയില്ല. കാട്ടാനയെ കണ്ട് വിരണ്ടോടിയവരില് ചാലിഗദ്ദ പനച്ചിയില്‍ അജീഷ് എന്ന നാല്പത്തിരണ്ടുകാരനെ അയല്പക്കത്തെ വീട്ടുമുറ്റത്തു വച്ച് ആന കൊന്നു. കൊലയാളി കാട്ടാനയെ കണ്ടെത്തി മയക്കുവെടിവയ്ക്കാന്‍ ദൗത്യസംഘം വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വനം വകുപ്പിന്റെ കുറുവ ദ്വീപ് ഇക്കോ-ടൂറിസം സെന്റര്‍ ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തക്കസമയത്ത് മെഡിക്കല്‍ സഹായം കിട്ടിയിരുന്നെങ്കില്‍ പോളിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഘാട്ട് റോഡിലൂടെ നൂറുകിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടെ പുല്‍പ്പള്ളിയിലിറങ്ങിയ കടുവയും ജനങ്ങളുടെ ഉറക്കം കെടുത്തി.
മൂന്നാര്‍ കന്നിമല ടോപ് ഡിവിഷന് പെരിയവരയിലെ ഓട്ടോഡ്രൈവര്‍ മണികണ്ഠന് എന്ന സുരേഷ്കുമാറിന്റെ ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്, തെറിച്ചുവീണ മണികണ്ഠനെ തുമ്പിക്കൈയില്‍ ചുറ്റിയെടുത്ത് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മൂന്നാറിലെ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ വാര്‍ഷിക പരിപാടി കഴിഞ്ഞ് അഞ്ചാം ക്ലാസുകാരി കുട്ടിപ്രിയയെയും അവളുടെ മാതാപിതാക്കളായ എസക്കി രാജ്, റെജീന എന്നിവരെയും രാത്രി വീട്ടിലെത്തിക്കാനുള്ള ട്രിപ്പിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയില്‍ തലയാര്‍ എസ്റ്റേറ്റ് ഭാഗത്ത് പടയപ്പ എന്ന കുഴപ്പക്കാരനായ കാട്ടാന വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുണ്ട്. ഓട്ടോഡ്രൈവര്‍ മണികണ്ഠന്റെ ജീവനെടുത്ത ആനയ്ക്ക് പടയപ്പയോടു സാമ്യമുണ്ടെന്ന് പറയുന്നവരുണ്ട്.
മലനാട്ടിലെ വനാതിര്‍ത്തികളില്‍ കഴിയുന്ന ആദിവാസികളും കര്‍ഷകരും ഉള്‍പ്പെടുന്ന ജനസമൂഹങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിത ജീവിതത്തിനും അതിജീവനത്തിനും ഭീഷണിയായ അക്രമകാരികളായ കാട്ടാന, കടുവ, കാട്ടുപോത്ത്, കരടി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെ എങ്ങനെ നേരിടണം എന്ന ജീവന്മരണപ്രശ്നത്തിന് പരിഹാരം തേടി ജനങ്ങള്‍ നാടുനീളെ പ്രതിഷേധ റാലിയും പ്രക്ഷോഭവും ആരംഭിച്ചപ്പോള്‍, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രി മന്ത്രിമാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചു. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്കു കടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ 250 എഐ കാമറകള്‍ കൂടി സ്ഥാപിക്കും, വനം, പൊലീസ്, റവന്യു വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും, പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ
കര്‍ണാടകയിലെ നാഗരഹോളെ, ബന്ദിപ്പൂര്‍, തമിഴ്നാട്ടിലെ മുതുമല, ആനമല വന്യജീവി സങ്കേതങ്ങളുടെ പരിധിയില്‍ നിന്നു പിടികൂടുന്ന പ്രശ്നക്കാരായ കാട്ടാനകള്‍ കേരളത്തിലെത്തുന്നത് നിയന്ത്രിക്കുന്നതിന് നടപടിയെടുക്കും, കൂടുതല്‍ ദ്രുതകര്‍മ സേനയെയും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെയും വിന്യസിക്കും, സോളാര്‍, ഹാങിങ്ങ് തുടങ്ങിയ സ്മാര്‍ട്ട് ഫെന്‍സിങ്, ആന മതിലുകള്‍, കിടങ്ങുകള്‍ പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കും എന്നിങ്ങനെ ചില പ്രഖ്യാപനങ്ങളുണ്ടായി.
ജനവാസമേഖലയെ അലട്ടുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ പരാതി. എന്നാല്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒരു ഭേദഗതിയും ആവശ്യമില്ലെന്നും, വന്യജീവികളെ കെണിവച്ച് പിടികൂടി വേണ്ടിവന്നാല്‍ വെടിവയ്ക്കാനും ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അധികാരമുണ്ടെന്ന് ആ നിയമത്തിലെ രണ്ടാം ഭാഗത്തു കാണാമെന്നുമാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലെ പ്രശ്നബാധിത മേഖലയില്‍ വിശദീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ജനപ്രതിനിധികളുടെയും അനാസ്ഥയാണ് പ്രതിസന്ധിക്കു കാരണമെന്നും വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സംഘത്തോടൊപ്പമെത്തിയ ബിജെപി കാബിനറ്റ് മന്ത്രി പറഞ്ഞു.
വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കൂടി ഉന്നം വച്ചാകണം കേന്ദ്രമന്ത്രിയുടെ ആ പരാമര്‍ശം. വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എന്തെങ്കിലും പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയനും കേട്ടിട്ടില്ലത്രേ.
ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവച്ച് വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പറന്നെത്തിയ രാഹുല്‍ ഗാന്ധി, ബേലൂര്‍ മഖ്ന കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഫോണില്‍ അഭ്യര്‍ഥിക്കുകയും അദ്ദേഹം ഉടനെ അതിന് സമ്മതിക്കുകയും ചെയ്തുവെങ്കിലും അവിടത്തെ പ്രതിപക്ഷ കക്ഷിയായ ബിജെപി അത് വലിയ രാഷ്ട്രീയ വിവാദമാക്കിയപ്പോള്‍ കര്‍ണാടകയുടെ ആ കാരുണ്യം വേണ്ടെന്നുവയ്ക്കേണ്ടിവന്നു അജീഷിന്റെ കുടുംബത്തിന്. ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു മുറവിളി കൂട്ടിയ വയനാട്ടിലെ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് കേരളത്തിലെ ബിജെപി!
1972 വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗത്തെ മനുഷ്യജീവന് അപകടകരമായ സാഹചര്യത്തില്‍ പിടികൂടാനോ കൊല്ലാനോ ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് നല്കുന്ന അധികാരം സെക്ഷന്‍ 11 (1) (എ) ഭേദഗതി ചെയ്ത് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കു കൂടി കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാന്‍ അധികാരമുണ്ടെന്ന കേന്ദ്രമന്ത്രിയുടെ വാദം പ്രാഥമികമായി സ്ഥിരീകരിക്കുന്നതാണ് ഈ പ്രമേയം. വന്യജീവി ആക്രമണമുണ്ടാകുമ്പോള്‍ പ്രാദേശിക തലത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്നതിനായാണ് ചീഫ് കണ്‍സര്‍വേറ്റര്‍മാര്‍ക്കു കൂടി ഈ അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെടുന്നത്. അഞ്ച് ചീഫ് കണ്സര്വേറ്റര്മാരുണ്ട് കേരളത്തില്‍.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജീവനും വിളകള്‍ക്കും ഭീഷണിയായ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുള്ള വേട്ടക്കാരെ നിയോഗിക്കാമെന്ന് 2021-ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാട്ടുപന്നിയെ വെടിവച്ചുകൊന്നതിനുശേഷം വനം വകുപ്പിനെ വിവരം അറിയിക്കണമെന്നും ജഡം സംഭവസ്ഥലത്തുതന്നെ ദഹിപ്പിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ലൈസന്‍സുള്ള വേട്ടക്കാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഓരോ തവണ കാട്ടുപന്നിയെ വകവരുത്തുമ്പോഴും വനപാലകരെ വരുത്തണം എന്ന നിബന്ധനയുടെ അപ്രായോഗികതയും കൊണ്ട് പദ്ധതി മുന്നേറിയില്ല. എന്തായാലും, കേന്ദ്ര വന്യജീവി സംരക്ഷണ നിയമം 2022-ല്‍ ഭേദഗതി ചെയ്ത് 2023 ഏപ്രില്‍ ഒന്നിന് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോഴും, ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കപ്പെടുന്ന വന്യജീവികളുടെ പട്ടികയില്‍ നൂറുകണക്കിന് സ്പീഷിസുകള്‍ പെരുകിയെങ്കിലും വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നതിന് പുതുതായി ഒരു വ്യവസ്ഥയും അതില്‍ ചേര്‍ത്തില്ല.
വന്യജീവികള്‍ അനിയന്ത്രിതമായി പെറ്റുപെരുകുമ്പോള്‍ അവയെ കൊന്നുതിന്നുകയാണു വേണ്ടതെന്ന് സ്വീഡന്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ മാതൃക ചൂണ്ടിക്കാട്ടി വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രഫ. മാധവ് ഗാഡ്ഗില്‍ പറയുന്നത് നമ്മുടെ പരിസ്ഥിതിതീവ്രവാദികള്‍ കേള്‍ക്കുന്നുണ്ടോ?
വയനാട്ടില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്നതിനെതിരെ ജനങ്ങള്‍ അലമുറ കൂട്ടുന്നതിനിടെ, കര്‍ണാടക, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ കുറവാണെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും ഇക്കഴിഞ്ഞ വര്‍ഷം കുറവുണ്ടായെന്നും ദേശീയ വാര്‍ത്താ ഏജന്‍സി വഴി സംസ്ഥാന വനം വകുപ്പ് ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 2021-22 ല്‍ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ചത് 35 പേരാണ്, 2022-23ല്‍ 27 പേര് മരിച്ചു, 2023-24 ല്‍ 17 പേര് മാത്രം! 2022-23ല്‍ കേരളത്തില്‍ 8,873 വന്യജീവി ആക്രമണങ്ങളുണ്ടായി: 4,193 കാട്ടാന ആക്രമണം, 1,524 കാട്ടുപന്നി, 193 കടുവ, 244 പുലി, 32 കാട്ടുപോത്ത്. മൊത്തം മരിച്ചത് 98 പേര്; ഇതില്‍ കാട്ടാന ആക്രമണത്തിന് ഇരകളായത് 27 പേരാണ്. 2017-2023 കാലയളവില്‍ കൃഷിനാശത്തിന് ഇടയാക്കിയ 20,957 വന്യജീവി ആക്രമണങ്ങളുണ്ടായി. ഇതില്‍ 1,559 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 2016-2023 കാലയളവില്‍ 55,839 ആക്രമണങ്ങളില്‍ 909 പേര് കൊല്ലപ്പെട്ടു. പരിക്കേറ്റത് 7,492 പേര്‍ക്ക്. കൃഷിനാശക്കെടുതി 68.43 കോടി രൂപയുടേത്.
ഇന്ത്യയില്‍ വന്യമൃഗ ആക്രമണത്തിന് ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മികച്ച മാതൃക മഹാരാഷ്ട്രയിലെ 2023 ഓഗസ്റ്റിലെ നിയമമാണ്. ഇക്കഴിഞ്ഞ ജനുവരി 30ന് ചട്ടങ്ങള്‍ പ്രഖ്യാപിച്ച് പ്രാബല്യത്തില്‍ വന്ന ആ നിയമപ്രകാരം ജീവഹാനിക്ക് നഷ്ടപരിഹാരം 25 ലക്ഷം രൂപയാണ് – പത്തു ലക്ഷം രൂപ ഉടന്‍ നല്‍കും, 10 ലക്ഷം ബാങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായും, അഞ്ചു ലക്ഷം 10 വര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായും. സ്ഥായിയായ അംഗവൈകല്യത്തിന് ഏഴര ലക്ഷം രൂപയാണു നഷ്ടപരിഹാരം. ഗുരുതരമായ പരുക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് 50,000 രൂപ. സംഭവം നടന്ന് 48 മണിക്കൂറിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് മൂന്നു ദിവസത്തിനകം പഞ്ചനാമ റിപ്പോര്‍ട്ട് നല്‍കും. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് നഷ്ടപരിഹാരം നല്‍കാനുള്ള അധികാരി. 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആറു ശതമാനം പലിശ കൂടി നല്‍കേണ്ടിവരും. കന്നുകാലികള്‍ക്കുള്ള നഷ്ടപരിഹാരം മാര്‍ക്കറ്റ് വില അനുസരിച്ച് 20 ദിവസത്തിനകം നല്‍കിയിരിക്കണം.
വയനാട്ടിലും മൂന്നാറിലും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകിട്ടാന്‍ മൃതദേഹം വിട്ടുകൊടുക്കാതെ സമരം ചെയ്യേണ്ട സാഹചര്യമുണ്ടായി. വന്യജീവി ആക്രമണത്തില്‍ മരണാനന്തര നഷ്ടപരിഹാരം, ചികിത്സാസഹായം, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം എന്നിവയ്ക്കായി 2021 മുതല്‍ തീര്‍പ്പാകാതെ കിടക്കുന്ന 7,235 അപേക്ഷകളുണ്ടെന്ന് വനം മന്ത്രി നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. ആശ്രിതര്‍ക്ക് ജോലി വാഗ്ദാനം ലഭിക്കാനും ഏറെ സമ്മര്‍ദം വേണ്ടിവരും. ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ ആയ നിലയില്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി ഉദാരമാകുമെന്ന്‍ പ്രതീക്ഷിക്കാം.
വനാതിര്‍ത്തിയില്‍ നിന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് ‘മാനവിക ലോലമേഖല’ സ്ഥാപിക്കുകയും വന്യമൃഗങ്ങളെ അതിര്‍ത്തിയില്‍ തടയുകയും ചെയ്യണമെന്ന് ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനായ കമ്മിഷന് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. വന്യജീവികളെ ഉള്‍ക്കൊള്ളാനുള്ള വനത്തിന്റെ കഴിവ് കണക്കാക്കി അതിനുസരിച്ച് വന്യജീവികളുടെ എണ്ണം ക്രമീകരിക്കണം. ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വേട്ടയാടാനുള്ള അവകാശം 2021 ജൂലൈ 23ലെ കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം ചില തദ്ദേശസ്വയംഭരണ മേഖലയിലെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ അവകാശം ആവശ്യമുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും നല്‍കണം. മോട്ടോര്‍ വാഹന അപകടത്തിനുള്ള നഷ്ടപരിഹാരത്തിന് ഓരോരുത്തരുടെയും പ്രായവും ആശ്രിതരുടെ എണ്ണവും മറ്റും മാനദണ്ഡമാക്കുന്നതു പോലെ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നല്‍കുകയും ചെയ്യണമെന്നും കമ്മിഷന് നിര്‍ദേശിക്കുന്നുണ്ട്. ജെ.ബി കോശി കമ്മിഷന് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് സമ്മര്‍ദം ശക്തമാക്കേണ്ട നേരമാണിത്.
”കണ്ണുനീരിന്റെ പുഴകളൊഴുക്കാനും കൂട്ടയാതനകളുടെ കാട്ടുതീ പടര്‍ത്താനും മാത്രമാണ് ചിലര്‍ക്ക് താല്പര്യം. ഭ്രാന്തമായ ഒരു കാറ്റില്‍ ഉണങ്ങിയ മരക്കൊമ്പുകള്‍ തമ്മിലുരസി തീ പാറുന്നതുപോലെ ഒരുന്തരീക്ഷം വളര്‍ത്താന്‍ ആരും ശ്രമിക്കരുത്” – കാട്ടുനീതിയുടെ പഞ്ചനാമയില് മലയോര ജനതയുടെ വികാരവിക്ഷോഭത്തിന്റെ അലകള്‍ മലനാട്ടിലാകെയും ഇടനാട്ടിലും തീരദേശത്തും ഉയരുമ്പോള്‍ വിപ്ലവ പാര്‍ട്ടിയുടെ മുഖപത്രം ഇത്രമേല്‍ കാതരമാകയോ!