ജെയിംസ് അഗസ്റ്റിന്
പതിനേഴാം നൂറ്റാണ്ടില്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലത്താണ് ഇന്നു നാം നടത്തുന്ന രീതിയിലുള്ള കുരിശിന്റെ വഴി ലോകമെങ്ങും പ്രചാരത്തിലാകുന്നത്. അഞ്ചാം നൂറ്റാണ്ടു മുതല്‍ തന്നെ വിശുദ്ധ നാട്ടില്‍ യേശു നടന്ന വഴികളിലൂടെയുള്ള പ്രാര്ഥനായാത്രകള് വിശ്വാസികള്‍ നടത്തിയിരുന്നു. നാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ബൊളോണിയ രൂപതയിലെ മെത്രാനായിരുന്ന വിശുദ്ധ പെട്രോണിയസ് മുന്‍കൈ എടുത്തു വിശുദ്ധ നാടുകളില്‍ ചെറിയ ചാപ്പലുകള്‍ നിര്‍മിച്ചതായി ചരിത്രമുണ്ട്. 1342 ല്‍ ഇങ്ങനെയുള്ള നിര്‍മ്മിതികളുടെ മേല്‍നോട്ടം ഫ്രാന്‍സിസ്കന്‍ സന്ന്യാസിമാരെ ഏല്‍പ്പിക്കുന്നുണ്ട്. പ്രശസ്തനായ ഇംഗ്ലീഷ് എഴുത്തുകാരനും സഞ്ചാരിയുമായ വില്യം വേ (1407 – 1476) തന്റെ യാത്രാവിവരണത്തില്‍ വിശുദ്ധ നാടുകളില്‍ കുരിശിന്റെ വഴികളുടെ ‘സ്റ്റേഷന്‍സ് ‘ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1462 ലാണ് വില്യം വേ വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ചത് .
പുരോഹിതനും ഗ്രന്ഥകാരനുമായിരുന്ന വാന്‍ ആഡ്രിക്കോം 1584 ല്‍ എഴുതിയ Sicut Christi Tempore Flourit എന്ന പുസ്തകത്തില്‍ കുരിശിന്റെ വഴികളില്‍ 12 സ്റ്റേഷന്‍സ് ഉണ്ടായിരുന്നതായി എഴുതിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച പ്രാര്ഥനാപുസ്തകങ്ങളില് കുരിശിന്റെ വഴികളില്‍ പതിനാലു സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1686-ല്‍ ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പയും 1726 ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പയും കുരിശിന്റെ വഴി പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചിരുന്നു. അങ്ങനെ നമ്മുടെ നാട്ടിലും കുരിശിന്റെ വഴിയുടെ പ്രാര്‍ഥനാ രൂപം പ്രചാരത്തില്‍ വരുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന പ്രാര്ഥനാരൂപത്തിന് മുന്‍പ് കുരിശിന്റ വഴികളുടെ വിവിധങ്ങളായ രചനകള്‍ നമുക്കുണ്ടായിരുന്നു. അന്നും ഇന്നും ഔദ്യോഗികമായി ഏതെങ്കിലും രചനയ്ക്ക് അംഗീകാരം നല്‍കിയിട്ടുമില്ല. പല രൂപതകളിലും ഇടവകകളിലും തനതായി രൂപപ്പെടുത്തിയ പാട്ടുകളും പ്രാര്‍ഥനകളുമായി കുരിശിന്റെ വഴികള്‍ നടത്തിയിരുന്നു. കൊച്ചി രൂപതയിലെ പൂങ്കാവ് പള്ളിയില്‍ എല്ലാ വര്‍ഷവും പുതിയ കുരിശിന്റെ വഴികളാണ് ഉപയോഗിക്കുന്നത്.
കവിയും ഗായകനുമായിരുന്ന ഫാ. ജേക്കബ് കല്ലറക്കല്‍ ഗാനരചന നിര്‍വഹിച്ച് ദൈവദാസന് തിയോഫിനച്ചന് പ്രാര്‍ഥനകള്‍ എഴുതിച്ചേര്‍ത്ത കുരിശിന്റെ വഴി നമ്മുടെ കുറെ നോമ്പുകാലങ്ങളെ പവിത്രമാക്കിയിട്ടുണ്ട്. പ്രസ്തുത കുരിശിന്റെ വഴിയിലെ കുറച്ചു പാട്ടുകളും പ്രാര്‍ഥനകളും നമുക്ക് വായിക്കാം.
പ്രാരംഭഗാനം
വരമേകണേ യേശുമഹേശാ
കുരിശിന് വഴിയേ വരുവാനായി
വന്ക്രൂശുമേന്തി നീ നടന്ന
നിന്നന്ത്യയാത്ര പിന്തുടരാന്
ഉള്ത്താപമായി നിന് പീഡകളില്‍
പങ്കാളിയാകാന്‍ കൃപയേകൂ …
പ്രാരംഭപ്രാര്ഥന
കന്യകാമറിയമേ, ആദ്യത്തെ കുരിശിന്റെ വഴികഴിച്ച അവിടുന്ന് ഈ കുരിശിന്റെ വഴിയുടെ അനുസ്മരണം ശരിയായ വിധം നടത്തുവാന്‍ അനുഗ്രഹിക്കണമേ. അവിടുത്തെ പുത്രന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മകള്‍ മായാതെ ഞങ്ങളുടെ ഹൃദയത്തില്‍ പതിയുന്നതിനു ഇടയാക്കേണമേ. കുരിശിന്റെ വഴിയില്‍ക്കൂടി കര്‍ത്താവിന്റെ കാല്പ്പാടുകളെ അനുഗമിച്ചു അവിടുത്തെ മഹത്വത്തില്‍ പങ്കാളികളായി സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ ഞങ്ങളെ സഹായിക്കേണമേ.
നാലാം സ്ഥലം
ശോകാഗ്നി തന്നില്‍ നീറി നീറി
കാണുന്നിതമ്മ തന്സുതനെ
ഉള്ളം പിളര്‍ന്നു വ്യാകുലത്താല്
പിളരേണം നമ്മുടെ ഹൃത്തടവും
കുരിശുയാത്ര പെട്ടെന്നു നിശ്ചലമായി. അവിടെ ഒരു നിശബ്ദത പരന്നു. യേശുവിന്റെ അമ്മ, കൊലക്കളത്തിലേക്കു ആനയിക്കപ്പെടുന്ന തന്റെ മകനെ ഒരു നോക്കു കാണുവാന്‍ ഓടിയെത്തുന്നു. അമ്മയും മകനും പരസ്പരം നോക്കുന്നു. ഹൃദയഭേദകമായ ഒരു കൂടിക്കാഴ്ച്ച. നിന്റെ ഹൃദയം ഒരു വാളാല്‍ പിളര്ക്കപ്പെടുമെന്നു ശിമയോന് മാതാവിനോടു പറഞ്ഞ വാക്കുകള്‍ അങ്ങനെ നിറവേറി. ഓ, പരിശുദ്ധ മറിയമേ അങ്ങയുടെ ദുഃഖം അപാരമായിരുന്നു. എല്ലാക്കാര്യങ്ങളിലും, സുഖത്തിലും ദുഖത്തിലും ഒരുപോലെ ദൈവത്തിനു പരിപൂര്‍ണമായി അങ്ങു കീഴ്പ്പെട്ടു. എന്നാല്‍ വിഷമങ്ങളിലും ക്ലേശങ്ങളിലും ഞാന്‍ പരാതിപ്പെടുന്നു. പരിശുദ്ധ മറിയമേ എല്ലാറ്റിലും ദൈവേഷ്ടത്തിനു കീഴ്പ്പെട്ടു ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചു തരേണമേ.
ഒന്‍പതാം സ്ഥലം
ലോകൈക നാഥന് വീണ്ടുമിതാ
ദേഹം തളര്‍ന്നു വീണുലകില്
ഒന്നൊന്നായ് നാം ചെയ്ത ഘോരപാപം
ഒക്കെയ്ക്കും ചെയ്തു പരിഹാരം
പരീക്ഷകനായ പിശാച് ഈശോയെ ദേവാലയഗോപുരത്തിങ്കല് നിര്‍ത്തിക്കൊണ്ടു പറഞ്ഞു .’താഴോട്ടു ചാടുക, നിന്റെ കാലില്‍ കല്ലുതട്ടാതെ മാലാഖമാര്‍ നിന്നെ താങ്ങിക്കൊള്ളും’. നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്ന വചനത്താല്‍ ഈശോ ആ പരീക്ഷയെ ജയിച്ചു. ലോകത്തിന്റെ ആശയങ്ങള്‍ എന്നെയും പരീക്ഷിക്കുന്നുണ്ട്. ലോകം പറയുന്നു, ‘ നീ പാപത്തില്‍ വീണുകൊള്ളുക, ദൈവത്തില്‍ ശരണം വച്ചാല്‍ മതി. അവിടുന്ന് കരുണയുള്ളവനാണ്. അവിടുന്ന് നിന്നെ രക്ഷിക്കും. മനസ്താപപ്പെടാന് ധാരാളം സമയമുണ്ട്. ഭയപ്പെടാനില്ല.’
ഈയവസരങ്ങളില്‍ ഈശോയെപ്പോലെയല്ല ഞാന്‍ പലപ്പോഴും വര്‍ത്തിച്ചത്. ഞാന്‍ അബദ്ധോപദേശങ്ങള്ക്കു കാതുകൊടുത്തു. പാപത്തില്‍ വീണു. അതിനുശേഷം പകുതി മനസ്സോടെ പ്രതിജ്ഞ ചെയ്തു. വീണ്ടും പാപത്തില്‍ വീണു. എന്റെ ഈശോയെ, ഞാന്‍ ലോകത്തെ സ്നേഹിച്ചു ലോകത്തിന്റെ ആശയങ്ങളാല്‍ ഭരിക്കപ്പെട്ടു പലപ്പോഴും ചെയ്തുപോയ പാപങ്ങള്‍ മൂലമാണല്ലോ അങ്ങു കുരിശിനോട് കൂടെ വീണ്ടും വീണത്.
ലളിതവും കാവ്യഭംഗിയുള്ളതുമായ ഗാനങ്ങളും ദീപ്തമായ ധ്യാനവിചാരങ്ങളും നിറഞ്ഞ പ്രാര്‍ഥനകളും ഈ കുരിശിന്റ വഴിയെ ധന്യമാക്കുന്നു. ഇതുപോലെയുള്ള വ്യത്യസ്തമായ കുരിശിന്റെ വഴികള്‍ ഓരോ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനയ്ക്കായി തിരഞ്ഞെടുക്കുന്ന ഇടവകകളുമുണ്ട്. ചരിത്രത്തില്‍ നിന്നു ഇതെല്ലം മാഞ്ഞു പോകാനിടവരാതെ കാത്തുസൂക്ഷിക്കാന്‍, കൈമാറാന്‍ നമുക്ക് സാധിക്കണം.
സംഗീതസംവിധായകരായ ബേണി – ഇഗ്നേഷ്യസ് മുന്‍കൈ എടുത്തു ശ്ലീവാ എന്ന പേരില്‍ യൂട്യൂബില്‍ ഈ കുരിശിന്റെ വഴി ചേര്‍ത്തിട്ടുണ്ട്. യേശുദാസ്, ചിത്ര, എം.ജി. ശ്രീകുമാര്‍, കെസ്റ്റര്‍ തുടങ്ങി പതിനാറു ഗായകരാണ് പാടിയിട്ടുള്ളത്.