മലയാളത്തില്‍ ആദ്യമായി ഒരു രൂപതയുടെ വിദ്യാഭ്യാസ സംഭാവനകളുടെ ചരിത്രം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. 1930 ജൂലൈ 14ന് സ്ഥാപിക്കപ്പെട്ട വിജയപുരം രൂപതയാണ് തങ്ങളുടെ മഹത്തായ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചരിത്രം പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. ‘സാമൂഹിക വികസനം വിജയപുരം രൂപതാ സ്കൂളുകളിലൂടെ’എന്ന ഗ്രന്ഥം കേരളത്തില്‍ രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ വെളിപ്പെടുത്തലുമാകുന്നു. പുസ്തകത്തിന്റെ രചനയെ കുറിച്ച് എഡിറ്റര്‍ റവ. ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍ മുഖമൊഴിയില്‍ വിശദീകരിച്ചിട്ടുണ്ട്.
1887 മുതല്‍ വിദ്യാദാന പൈതൃകത്തിന്റെ നേരവകാശികളാണ് വിജയപുരം രൂപതയെങ്കിലും രൂപത സ്ഥാപിതമായി ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് എല്ലാ സ്കൂളുകളെയും കോര്‍ത്തിണക്കി ഒരു വിദ്യാഭ്യാസ ഏജന്‍സി രൂപപ്പെടുന്നത്. വിജയപുരം രൂപതയുടെ കീഴില്‍ 1966 ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വന്ന സംവിധാനമാണ് വിജയപുരം കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്കൂള്‍സ്. ഈ ഏജന്‍സിയുടെ കീഴില്‍ Diploma in Elementary Education (D.El.Ed.), Higher Secondary Schools (HSS), Vocational Higher Secondary Schools (VHSS), High Schools (HS), Upper Primary Schools (UPS), Lower Primary Schools (LPS) എന്നിങ്ങനെ 36 വിദ്യാഭ്യാസസ്ഥാപനങ്ങളാണുള്ളത്. എ, ബി എന്നീ രണ്ട് യൂണിറ്റുകളിലായി ഇവ പ്രവര്‍ത്തിച്ചുവരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇവ സ്ഥാപിതമായിട്ടുള്ളത്. ഈ സ്ഥാപനങ്ങളില്‍ അധ്യാപകരും അനധ്യാപകരുമായി 543 പേര് സേവനം അനുഷ്ഠിച്ചു വരുന്നു. 125 വര്ഷത്തിലേറെയായ വിദ്യാഭ്യാസ പ്രവര്‍ത്തന പാരമ്പര്യത്തിന് അവകാശികളാണ് വിജയപുരം രൂപത. ഈ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ നിയതമായതോ സമഗ്രമായതോ ആയ രേഖപ്പെടുത്തലുകള്‍ ഒന്നും തന്നെ നാളിതുവരെ നടന്നിട്ടില്ല. അതിനാല്‍ തന്നെ കോര്‍പ്പറേറ്റിലെ സ്കൂളുകളെക്കുറിച്ചുള്ള ചരിത്രാന്വേഷണം ഏറെ ദുഷ്കരം തന്നെയാണ്. എങ്കിലും ഇത്തരമൊരു ശ്രമകരമായ സംരംഭത്തിന് മുതിരുവാന്‍ വിജയപുരം കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ വര്‍ക്കിംഗ് കൗണ്‍സില്‍ 2022-ല്‍ തീരുമാനമെടുക്കുകയുണ്ടായി. അതിനായി രൂപതാതലത്തില്‍ ഒരു ചരിത്രരചന കമ്മിറ്റിയെ നിയോഗിക്കുകയും ഓരോ വിദ്യാലയത്തെയും ഓരോ യൂണിറ്റായി കണ്ടുകൊണ്ടും ചരിത്രരചന കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. നിലവിലെ സ്റ്റാഫുകള്‍ക്ക് പുറമേ വിരമിച്ചവര്‍. മുന്‍ മാനേജര്‍മാര്‍, പ്രാദേശിക ചരിത്രകാരന്മാര്, മാതാപിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് ഓരോ സ്കൂളുകളിലും രൂപീകരിക്കപ്പെട്ടത്.
ഓരോ സ്കൂളും അവയുടെ പ്രാരംഭ കാലഘട്ടത്തെക്കുറിച്ചും അന്നത്തെ ആ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചും വിപുലമായ അന്വേഷണം നടത്തി. സ്കൂള്‍ മൂലം നാടിനുണ്ടായ ഗുണപരമായ നേട്ടമെന്ത്? സ്കൂള്‍ മൂലം ജീവിതത്തില്‍ ഉയര്‍ച്ചയും വളര്‍ച്ചയും നേടിയ വ്യക്തികള്‍ ആരെല്ലാം? കുടുംബങ്ങള്‍ ഏതെല്ലാം? എന്നിവയും സ്കൂളിന്റെ നാള്‍വഴികളും, നേട്ടങ്ങളും, സ്കൂളുകളില്‍ പഠിച്ച വിവിധ മേഖലകളില്‍ പ്രശസ്തരായവരും എല്ലാം അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ചരിത്രരചന സമിതിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച സോജന് ജി. മൂന്നാര്‍, കോര്‍പറേറ്റ് എജുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറി എന്‍.എഫ്. സെബാസ്റ്റ്യന്‍ എന്നിവരുടെ ലേഖനങ്ങളില്‍ വിജയപുരം രൂപതയെ കുറിച്ചും 125 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ പഠനം അവതരിപ്പിക്കുന്നു.
വരാപ്പുഴ അതിരൂപതയുടെ തെക്ക് കിഴക്കന്‍ മേഖലകള്‍ വിഭജിച്ച് കോട്ടയം ആസ്ഥാനമാക്കി 1930 ജൂലൈ 14ന് പരിശുദ്ധ പയസ് 11-ാം പാപ്പ ‘അറ ഇവൃശേെശ ചീാലി’ എന്ന തിരുവെഴുത്തിലൂടെ സ്ഥാപിച്ചതാണ് കോട്ടയം ആസ്ഥാനമായുള്ള വിജയപുരം ലത്തീന്‍ രൂപത. ഇന്നത്തെ കോട്ടയം, ഇടുക്കി ജില്ലകള്‍ പൂര്‍ണമായും എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലുമായി മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മൂന്ന് ഭൂപ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മിഷന് രൂപതയാണ് വിജയപുരം. കോട്ടയം എന്ന പേരില്‍ 1887 മുതല്‍ ക്നാനായ രൂപത നിലവിലുണ്ടായിരുന്നതിനാല്‍ കോട്ടയത്തിനു സമീപമുള്ള അത്രപ്രസിദ്ധമല്ലാത്ത ചെറിയ പഞ്ചായത്തായ വിജയപുരത്തിന്റെ പേര് സ്വീകരിച്ചതിനാലാണ് വിജയപുരം രൂപത എന്ന പേരില്‍ അറിയപ്പെടുന്നത്.
കേരളം, തമിഴ്നാട് സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന ഇടുക്കിയിലെ വിവിധ മലമ്പ്രദേശങ്ങളും. 8841 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആനമുടിയും മുതല്‍ ഏറ്റവും താഴ്ന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ വരെയുള്ള 8999 ചതുര കിലോമീറ്റര്‍ വിസ്താരത്തിലുള്ള വിജയപുരം രൂപത, ഭൂവിസ്താരടിസ്ഥാനത്തില് കേരളത്തിലെ ഏറ്റവും വലിപ്പമുള്ള കത്തോലിക്കാ സഭാഘടകങ്ങളില് ഒന്നാണ്.
മധ്യ തിരുവിതാംകൂറിലെ പിന്നാക്കസമുദായങ്ങളുടെ അപ്പസ്തോലന് എന്നറിയപ്പെടുന്ന ബ്രദര്‍ റോക്കി പാലക്കല്‍ ടിഒസിഡി (1843 1927) യുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ സ്വപ്നസാക്ഷാത്കാരം കൂടിയാണ് വിജയപുരം രൂപത.
ഒരു ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ഏകദേശം 1/3 വിഭാഗം ഇവിടെത്തന്നെ ക്രിസ്തുമതം സ്വീകരിച്ചവരും ബാക്കിയുള്ളവര്‍ വരാപ്പുഴ, കൊച്ചി ആലപ്പുഴ, കൊല്ലം എന്നീ രൂപതകളിലും തമിഴ്നാട്ടില്‍ നിന്നും ഉപജീവനത്തിനായി കുടിയേറിപ്പാര്‍ത്തവരുടെ സന്താന പരമ്പരകളുമാണ്.
1868 മുതല്‍ 1930 വരെ ഉള്ള കാലഘട്ടത്തില്‍ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തമാരായിരുന്ന അഭിവന്ദ്യ ലെയൊനാര്‍ദ് മെല്ലാനോ ഒസിഡി (1868 1896), അഭിവന്ദ്യ ബര്‍ണാദ് അര്ഗുയിനോസോണിസ് ഒസിഡി മെത്രാപ്പോലീത്ത (1897 1919), അഭിവന്ദ്യ ഏയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്ത (1919 1934) എന്നിവരുടെ ഭരണ കാലഘട്ടങ്ങളിലെ മിഷന് പ്രവര്‍ത്തനങ്ങളാണ് പിന്നീട് 1930-ല്‍ വിജയപുരം രൂപതയുടെ പിറവിക്ക് കാരണമായത്. ഇതില്‍ തന്നെ എയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്ത 1927-ല്‍ വരാപ്പുഴ അതിരൂപതയെ രണ്ടായി തിരിച്ച് എറണാകുളം കേന്ദ്രമാക്കി വടക്കേ ഭാഗവും, കോട്ടയം കേന്ദ്രമാക്കി തെക്കേ ഭാഗവും രൂപീകരിച്ചു. തെക്കേ ഭാഗത്തിന്റെ വികാരി ജനറലായി ഫാ.ബെനവന്തൂര അരാനയെ നിയമിച്ചു. ഈ ഭാഗമാണ് പിന്നീട് 1930 ജൂലൈ 14 ന് വിജയപുരം രൂപതയായി പരിണമിച്ചത്.
വികാരി ജനറലായിരുന്ന ഫാ.ബെനവന്തൂര അരാനയെ വിജയപുരം രൂപതയുടെ പ്രഥമ മെത്രാനായും നിയമിച്ചു. 1931 മുതല്‍ 1950 വരെയുള്ള 19 വര്‍ഷക്കാലം നയിച്ച സ്പെയിന് സ്വദേശിയായ അഭിവന്ദ്യ ബൊനവന്തൂരാ അരാനാ ഒസിഡിയാണ് അടിസ്ഥാന വിദ്യാഭ്യാസം അന്യമായിരുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും അച്ചടിശാലയും സ്ഥാപിച്ച് ആധ്യാത്മിക ലൗകിക വിദ്യാഭ്യാസത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ബിഷപ് അംബ്രോസ് അബസോളോ ഒസിഡി, ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, ബിഷപ് പീറ്റര്‍ തുരുത്തിക്കോണം, ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ എന്നിവര്‍ രൂപതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രചോദനം നല്കി.
വിജയപുരം രൂപതയുടെ വിദ്യഭ്യാസ പ്രവര്‍ത്തന ചരിത്രത്തെ രണ്ടായി വിഭജിക്കാം. ഒന്ന്: 1930-നു മുമ്പ് ഏകദേശം 1750-1930 കാലഘട്ടമുള്ക്കൊള്ളുന്ന 180 വര്‍ഷങ്ങളും. രണ്ട്: 1930 ശേഷം അതായത് 1930 -2023 (93 വര്‍ഷം) കാലഘട്ടവുമാണ്.
1887ല്‍ ബ്രദര്‍ റോക്കി സ്ഥാപിച്ച സെന്റ് ജോസഫ് എല്‍.പി.എസ്. ചെങ്ങളമാണ് ആദ്യത്തെ സ്കൂള്‍. കോട്ടയം വേളൂര്‍, വെട്ടിമുകള്‍, വടവാതൂര്‍, മുണ്ടക്കയം, പട്ടിത്താനം, മണ്ണാക്കനാട്, വാഴൂര്‍, പൊതി, കവളങ്ങാട്, മധുരവേലി എന്നിവിടങ്ങളില്‍ വിജയപുരം രൂപത സ്ഥാപിക്കുന്നതിനു മുന്‍പേതന്നെ വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. വിജയപുരം രൂപത സ്ഥാപിച്ചതിനുശേഷമുള്ള സ്കൂളുകളുടെ വിവരങ്ങള്‍ സ്ഥലപരിമിതി മൂലം മാറ്റിവെയ്ക്കുന്നു.
പുസ്തകത്തിന്റെ വില 1100 രൂപയാണ്. ആലേഖനം ചെയ്തിട്ടുള്ള ക്യു. ആര്. കോഡിലൂടെ സ്കൂളുകളുടെ വീഡിയോകളും കാണുവാന്‍ കഴിയും.
എന്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി? യുവ ചരിത്രകാരന്മാരില് ശ്രദ്ധേയനായ വിനില്‍ പോള്‍ 2020 മേയ് 31 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനമാണ് അതിനുള്ള ഉത്തരം. ‘മധ്യകേരളത്തില്‍ അകറ്റിനിര്‍ത്തപ്പെട്ട ദളിതര്‍’ എന്ന ലേഖനത്തില്‍ നവോത്ഥാന പ്രക്രിയയില്‍ ബ്രദര്‍ റോക്കിയും വിജയപുരം രൂപതയിലെ മിഷണറിമാരും ചെയ്ത സംഭാവനകളെ വിനില്‍ പോള്‍ വിശകലനം ചെയ്യുന്നുണ്ട്.
‘സാമൂഹ്യ വികസനം വിജയപുരം രൂപതാ സ്കൂളുകളിലൂടെ’ എന്ന പുസ്തകം ഭാവിയിലേക്കുള്ള ഒരു ഈടുവെയ്പാണ്. തമസ്കരിക്കപ്പെട്ട ചരിത്രത്തെ ഉയര്‍ത്തി കാണിക്കാന്‍ ഈ പുസ്തകത്തിന് സാധ്യമാകുന്നു. ചരിത്രഗ്രന്ഥത്തിന് ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്കിയ അഭിവന്ദ്യ വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരിലിനും സഹായമെത്രാന്‍ അഭിവന്ദ്യ ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പിലിനും അഭിനന്ദനം.