ബിജെപിയുടെ കഴിഞ്ഞ ആറു വര്‍ഷത്തെ തിരഞ്ഞെടുപ്പു വിജയങ്ങളുടെയും രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെയും അക്ഷയ ധനസ്രോതസ്സായിരുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഒറ്റസ്വരത്തിലുള്ള വിധിതീര്‍പ്പ് ഒരു കടപ്പത്രത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള വീണ്ടുവിചാരത്തെക്കാള്, ഇന്ത്യയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം നിയന്ത്രിക്കാനും ‘അധികാരമേശയില്’ ഇടംപിടിക്കാനും കോര്‍പറേറ്റ് മൂലധന ദല്ലാളര്‍ക്കും കള്ളപ്പണ ഇടപാടുകാര്‍ക്കും ‘രഹസ്യാത്മക ഉടമ്പടിയുടെ’ പരിരക്ഷ നല്കുന്ന മോദിയുടെ ചങ്ങാത്ത മുതലാളിത്ത ഗാരന്റിയുടെ ആഘാതവലയങ്ങളെക്കുറിച്ചുള്ള ഭയാശങ്കകളാണ് പങ്കുവയ്ക്കുന്നത്.
രാജ്യത്ത് അഴിമതിയുടെ ഏറ്റവും വലിയ ഉറവിടമാണ് രാഷ്ട്രീയ ഫണ്ടിങ്. ഭരണകക്ഷിയില്‍ നിന്നും മറ്റു രാഷ്ട്രീയ സമ്മര്ദശക്തികളില് നിന്നും ‘പ്രത്യുപകാരം’ (‘ക്വിദ് പ്രോ ക്വോ’) പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ കോടികള്‍ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമായി മുതല്ദ്രവ്യമായി മുടക്കുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമായ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ ഒരു പരിധിയുമില്ലാതെ തങ്ങള്‍ക്കുവേണ്ടി പണമിറക്കാന്‍ നിക്ഷിപ്ത താല്പര്യക്കാരെ പ്രേരിപ്പിക്കുന്നതിന് ‘സ്വകാര്യതയുടെ’ മറസൃഷ്ടിക്കുകയും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരെ നിരീക്ഷണവലയത്തിലാക്കി വേട്ടയാടുകയും ചെയ്യുന്ന തന്ത്രമാണ് ഇലക്ടറല്‍ ബോണ്ടിലൂടെ മോദിയും കൂട്ടരും അതിവിദഗ്ധമായി വികസിപ്പിച്ചെടുത്തത്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് സുതാര്യതയുടെ ഉദാത്ത മാതൃക എന്ന പ്രഘോഷണത്തോടെയാണ് 2016 നവംബറിലെ നോട്ടുനിരോധനത്തിനു പിന്നാലെ, 2017 ഫെബ്രുവരി ഒന്നിന് മോദിയുടെ ഒന്നാം മന്ത്രിസഭയിലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കേന്ദ്ര ബജറ്റിലൂടെ ഇലക്ടറല്‍ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. ബിജെപി സഖ്യകക്ഷികള്‍ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍, ഒരു കുറുക്കുവഴിയിലൂടെ ധനബില്ലായാണ് പിന്നീട് ജനപ്രാതിനിധ്യനിയമം, കമ്പനി നിയമം, ആദായനികുതി നിയമം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, വിദേശസംഭാവനനിയന്ത്രണ നിയമം എന്നിങ്ങനെ ഒരുപറ്റം നിയമങ്ങളുടെ ഭേദഗതി അവതരിപ്പിച്ച് ചര്‍ച്ചയൊന്നും കൂടാതെ അതു പാസാക്കിയത്. പാര്‍ലമെന്റിനെ പോലും ‘നോക്കുകുത്തിയാക്കുന്ന’ മോദി സര്‍ക്കാരിന്റെ സവിശേഷ ശൈലിയുടെ ഒരു ദൃഷ്ടാന്തം. പണബില്ലുമായി ഒരു ബന്ധവുമില്ലാത്ത ആ നിയമഭേദഗതികളെല്ലാം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തി.
ഏതൊരു രാജ്യത്തും കറന്‍സി നോട്ടുകളും ബോണ്ടുകളും ഇറക്കാനുള്ള അധികാരം സെന്‍ട്രല്‍ ബാങ്കിനു മാത്രമാണ്. ഷെഡ്യൂള്‍ഡ് ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുഖേന ഇലക് ടറല്‍ ബോണ്ട് ഇഷ്യു ചെയ്യുന്നതിന് ധനബില്ലിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തില്‍ പുതിയ ക്ലോസ് എഴുതിച്ചേര്‍ത്തു. ബോണ്ട് ഇറക്കാന്‍ ആര്‍ബിഐക്കു മാത്രമേ അധികാരമുള്ളൂ എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അയച്ച കുറിപ്പ് ധനമന്ത്രാലയത്തില്‍ എത്തിയപ്പോഴേക്കും ധനബില്ലിന്റെ അച്ചടി പൂര്ത്തിയായിരുന്നുവത്രേ.
ബെയറര്‍ ബോണ്ടല്ലാതെതന്നെ ചെക്കായോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ സുതാര്യമായി പണം കൈമാറാം എന്നിരിക്കെ, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരും വിവരവും വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു എത്ര കോടികള്‍ വേണമെങ്കിലും സംഭാവന നല്കാന് കഴിയുംവണ്ണം ജനപ്രാതിനിധ്യ നിയമവും കമ്പനി നിയമവും ആദായനികുതി നിയമവും ഭേദഗതി ചെയ്തു. സംഭാവന നല്കുന്ന കമ്പനികളുടെ ഓഹരി ഉടമകള്‍ക്കു പോലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതിനു മുന്‍പ്, 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകളുടെ വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചാലേ ആദായനികുതി ഇളവിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നുള്ളൂ. മൂന്നു സാമ്പത്തിക വര്‍ഷത്തിലെ ശരാശരി ലാഭവിഹിതത്തിന്റെ 7.5 ശതമാനമായിരുന്നു ഒരു കമ്പനിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്കാവുന്ന പരമാവധി ഫണ്ട്. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്കുന്ന സംഭാവന രേഖപ്പെടുത്തണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. കടലാസ് കമ്പനി രൂപീകരിച്ച് പേരു വെളിപ്പെടുത്താതെ ബോണ്ടുകള്‍ വാങ്ങി മറ്റൊരാള്‍ക്കു കൈമാറി അതേ മൂല്യമുള്ള എത്ര കോടി കള്ളപ്പണവും വെളുപ്പിച്ചെടുത്ത് ബോണ്ടുരൂപത്തില് തന്നെ പാര്‍ട്ടിക്കു സംഭാവന ചെയ്യാനുള്ള വ്യവസ്ഥയാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ സബ്സിഡിയറി കമ്പനിയുള്ള വിദേശ സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ ഫണ്ടിങ്ങിന് വഴിതുറന്നു. വിദേശ കോര്‍പറേറ്റുകള്‍ക്കും ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന അവസ്ഥ അങ്ങനെ സംജാതമായി. കള്ളപ്പണം വെളുപ്പിക്കലും രാജ്യാന്തര കള്ളനോട്ട് വ്യാപാരവും വ്യാജരേഖയുണ്ടാക്കലുമൊക്കെ വര്‍ധിക്കാന്‍ ഇലക്ടറല്‍ ബോണ്ട് കാരണമാകുമെന്ന് റിസര്‍വ് ബാങ്കും തിരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്ര നിയമമന്ത്രാലയത്തിന് എഴുതിയിരുന്നു.
2018 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത പദ്ധതി പ്രകാരം ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തുലക്ഷം, ഒരു കോടി മൂല്യമുള്ള ബോണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സമയത്ത് എസ്ബിഐ ഇറക്കിയിരുന്നത്. 2018 മാര്‍ച്ച് മുതല്‍ 2024 ജനുവരി വരെ 30 ഘട്ടങ്ങളിലായി മൊത്തം 16,518 കോടി രൂപ മൂല്യമുള്ള 28,030 ബോണ്ടുകള്‍ വിറ്റഴിച്ചു. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് (94.41 ശതമാനം) ഒരു കോടിയുടെ ബോണ്ടുകള്‍ക്കാണ്. ഒരു കോടി മൂല്യമുള്ള 12,999 ബോണ്ടുകള്‍ വാങ്ങാന്‍ തിടുക്കം കൂട്ടിയവര്‍ക്കു പിന്നില്‍ ഷെല്‍ കമ്പനികളോ വ്യക്തികളുടെ പേരില്‍ കോര്‍പറേറ്റുകളോ ആവാം. 10 ലക്ഷം രൂപയുടെ 7,618 എണ്ണവും, ഒരു ലക്ഷത്തിന്റെ 3,088 ബോണ്ടും പതിനായിരത്തിന്റെ 208 ബോണ്ടും ആയിരത്തിന്റെ 99 ബോണ്ടുകളുമാണ് ചെലവായത്.
ഈ ബോണ്ടുകളുടെ മുഖ്യ ഗുണഭോക്താവ് ബിജെപിയാണെന്നതില്‍ അദ്ഭുതമില്ല. 2023 മാര്‍ച്ച് വരെ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് ഫണ്ടിന്റെ 55 ശതമാനം (6,566.11 കോടി രൂപ) കിട്ടി. കോണ്‍ഗ്രസിന് കിട്ടിയത് കേവലം 9.3 ശതമാനം (1,123.29 കോടി). കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിക്ക് 2,555 കോടി രൂപ ബോണ്ടു വഴി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയത് 317.86 കോടിയാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച ഓഡിറ്റു ചെയ്ത കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. ബോണ്ട് പദ്ധതി തുടങ്ങിയ 2017-18 വര്‍ഷം ബിജെപിക്ക് 210 കോടി രൂപയാണ് ലഭിച്ചത്. 2018-19 വര്‍ഷം അത് 1,450.89 കോടിയായി. 2022-23 വര്‍ഷം ലഭിച്ചത് 1,294.14 കോടി. 2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 1,093 കോടിയും ബിജു ജനതാ ദളിന് 774 കോടിയും ഡിഎംകെയ്ക്ക് 617 കോടിയും ആം ആദ്മി പാര്‍ട്ടിക്ക് 94 കോടിയും എന്‍സിപിക്ക് 64 കോടിയും ജനതാദളിന് (യുണൈറ്റഡ്) 24 കോടിയും ബോണ്ടു വിഹിതമായി കിട്ടി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരെക്കുറിച്ച് അറിയാന്‍ വോട്ടര്‍ക്ക് അവകാശമില്ലെന്നാണ് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ടരമണി മോദി സര്‍ക്കാരിനുവേണ്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദാതാക്കളുടെ പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥ ബോണ്ടിന്റെ പ്രാണതത്വമാണെന്നായിരുന്നു വാദം. ബോണ്ടില്‍ പേരില്ലെങ്കിലും കെവൈസി വിവരങ്ങള്‍ നല്‍കിയാലേ ബോണ്ടു ലഭിക്കൂ എന്നതിനാല്‍ എസ്ബിഐയുടെ പക്കല്‍ ദാതാക്കളെക്കുറിച്ചുള്ള വിവരങ്ങളെല്ലാമുണ്ട്. ഈ വിവരങ്ങള്‍ എസ്ബിഐയില്‍ നിന്നു ശേഖരിക്കാന്‍ ഗവണ്മെന്റിനു കഴിയും. ദാതാവിന്റെ സ്വകാര്യതയും രഹസ്യാത്മകതയും ആപേക്ഷികമാണെന്നു സാരം. ഭരണകക്ഷിയെ അവഗണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു കാര്യമായ സംഭാവന നല്കുന്ന സ്ഥാപനങ്ങളെ റെയ്ഡ് ചെയ്യാനും അവരെ വരുതിക്കു കൊണ്ടുവരാനും കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിയോഗിക്കുന്നത് ബോണ്ടിലെ രഹസ്യാത്മകതയുടെ പൊള്ളത്തരം വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളില്‍ ബിജെപിക്ക് 335 കോടി രൂപ സംഭാവന നല്കിയ 30 കമ്പനികള്‍ കേന്ദ്ര ഏജന്‍സികളുടെ നടപടി നേരിട്ടവയാണെന്ന് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റെയ്ഡിനെ തുടര്‍ന്നാകണം അവ പിന്നീട് കൂടുതല്‍ ഉദാരമായ സംഭാവന ബിജെപിക്കു നല്‍കിയത്. മധ്യപ്രദേശിലെ ഒരു ഡിസ്റ്റിലറി കമ്പനി കേന്ദ്ര ഏജന്‍സി റെയ്ഡിനെ തുടര്‍ന്ന് ഉടമകള്‍ക്ക് ജാമ്യം കിട്ടിയ ഉടന്‍ കനത്ത സംഭാവന നല്‍കിയതായി സൂചനയുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് വിവരം അറിയാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി. വോട്ടുചെയ്യാനുള്ള അവകാശം വിനിയോഗിക്കുന്നതിന് വിവരലഭ്യത അത്യാവശ്യമാണ്. ഇത് നിഷേധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 19 (1)(എ) അനുച്ഛേദത്തിന് എതിരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ കോര്‍പറേറ്റ് സംഭാവന നല്‍കാമെന്ന വ്യവസ്ഥ ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. നിയമത്തിന്റെ മുമ്പാകെയുള്ള സമത്വം ഉറപ്പാക്കുന്ന വകുപ്പാണിത്. തിരഞ്ഞെടുപ്പു ഫണ്ടിലെ സുതാര്യതയും സമത്വവും തിരഞ്ഞെടുപ്പ് എത്രത്തോളം സ്വതന്ത്രവും നീതിപൂര്വകവുമാകുന്നുവെന്നതിന്റെ അടയാളവാക്യങ്ങള്‍ കൂടിയാണ്.
2019 ഏപ്രില്‍ 12 മുതല്‍ വിതരണം ചെയ്ത ബോണ്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ – ദാതാക്കളുടെ പേര്, ബോണ്ടു വാങ്ങിയ തീയതി, മാറ്റിയെടുത്തതു വഴി പാര്‍ട്ടിക്കു ലഭിച്ച സംഭാവന എന്നിവ – മാര്‍ച്ച് ആറിനകം എസ്ബിഐ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷന് മാര്‍ച്ച് 13നു മുന്‍പായി ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. (‘ഹം അദാനികേ ഹേ കോന്‍’ – നമ്മള് അദാനിയുടെ ആരാണ് എന്ന പാര്‍ലമെന്റിലെ ഉത്തരം കിട്ടാത്ത ചോദ്യം ഓര്‍ക്കുക!). രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള, മാറിയെടുക്കാത്ത കടപ്പത്രങ്ങള്‍ ബാങ്കിനു മടക്കിനല്‍കണമെന്നും ബോണ്ട് വാങ്ങിയ ആള്‍ക്ക് ബാങ്ക് പണം മടക്കിനല്‍കണമെന്നും കോടതി നിര്‍ദേശിക്കുന്നു. ഇക്കഴിഞ്ഞ മാസം രണ്ടു മുതല്‍ 11 വരെ പുതിയ ഗഡുവില്‍ ഒന്‍പതു ദിവസം കൊണ്ട് 571.80 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റുപോയി. ഇതില്‍ 570.05 കോടി ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റി. പണമാക്കാനുള്ള ബോണ്ടുകള്‍ തിരികെ നല്‍കണമെന്ന കോടതി ഉത്തരവ് ബാധകമാകുന്നത് 1.75 കോടിക്കു മാത്രമാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിജെപിക്ക് ഉദാരമായി സംഭാവന ചെയ്ത വമ്പന്മാരുടെ പേരുവിവരം ഉടന്‍ പുറത്തുവരും.
ബിജെപിയുടെ ഇലക്ടറല്‍ ബോണ്ടിനു മുമ്പ്, യുപിഎ സര്‍ക്കാര്‍ 2013-ല്‍ കൊണ്ടുവന്ന ഇലക്ടറല്‍ ട്രസ്റ്റ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2,557.74 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കിയിട്ടുണ്ട്. കോര്‍പറേറ്റ് കമ്പനികള്‍ തങ്ങളുടെ സംഭാവനകള്‍ ഒരു ട്രസ്റ്റിന്റെ പേരില്‍ ഒരുമിച്ചിട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണിത്. ഭാരതി ഗ്രൂപ്പിന്റെ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ് 10 വര്‍ഷത്തിനിടെ മൊത്തം സംഭാവനയുടെ 88 ശതമാനവും കൈകാര്യം ചെയ്തത്. ബിജെപിയാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യം കൈപ്പറ്റിയത്. 2023-ല്‍ പ്രൂഡന്റ് ഇലക് ടറല്‍ ട്രസ്റ്റിന്റെ 363.15 കോടി സംഭാവനയുടെ 70.6 ശതമാനവും ബിജെപിക്കാണു ലഭിച്ചത്. ഈ പദ്ധതിയിലൂടെ ബിജെപിക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കിട്ടിയത് 1,893 കോടി രൂപയാണ്. 2022-23 വര്‍ഷം ഇലക്ടറല്‍ ട്രസ്റ്റിലൂടെ ബിജെപിക്ക് നൂറു രൂപ കിട്ടുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 19 പൈസയാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവച്ച സുപ്രീം കോടതി വിധി പുറത്തുവന്നപ്പോള്‍ ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ എന്ന് വികാരവിവശനായി ദേശീയ മാധ്യമങ്ങളില്‍ പേരുവച്ച് ലേഖനമെഴുതിയ പ്രധാനമന്ത്രി മോദി, ഇലക്ടറല്‍ ബോണ്ട് വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ മടിച്ചുനിന്ന്, ഒടുവില്‍ ഉത്തര്‍പ്രദേശില്‍ ശ്രീ കല്‍ക്കി ധാം ശിലാന്യാസ ചടങ്ങില്‍ ശ്രീകൃഷ്ണന്റെയും കുചേലന്റെയും കഥ പറഞ്ഞ് ഇക്കാലത്തെ പൊതുതാല്പര്യവ്യവഹാരങ്ങളില് ഭഗവാന് പോലും പ്രതിക്കൂട്ടിലാകുമെന്ന മട്ടില്‍ ന്യായാധിപന്മാരെ ട്രോളുന്നതായി ചില മാധ്യമവ്യാഖ്യാതാക്കള് നിരീക്ഷിക്കുന്നുണ്ട്.
2019-ലെ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയതായിരുന്നു: 72,158.84 കോടി രൂപ ചെലവായെന്നാണ് ടൈം മാഗസിന് കണക്കാക്കുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഇരട്ടിത്തുക. 2016-ല്‍ മോദിയുടെ സുഹൃത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പിനെക്കാള്‍ ചെലവേറിയത്. 2024-ലെ അധികച്ചെലവിനുള്ള വഹ മോദി ഗാരന്റിയുടെ ബോണ്ടുകളില്‍ സമാഹരിച്ചിട്ടുണ്ടല്ലോ.
തൃശൂരില്‍ 19 മിനിറ്റ് നീണ്ട ‘നാരീശക്തി’ പ്രസംഗത്തില്‍ 18 തവണ മോദി സ്വയം ‘മോദിയുടെ ഗാരന്റി’ പല്ലവി പാടിയത് നാം ഓര്‍ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങളില്‍ ‘മോദി കീ ഗാരന്റി’ സങ്കല്പ് യാത്രയുടെ ജയഭേരി മുഴങ്ങുമ്പോള്‍ മോദി കോര്‍പറേറ്റ് ഫണ്ട് ദാതാക്കള്‍ക്കു നല്കിയ രഹസ്യ ഗാരന്റി ‘പ്ലിങ്’ ആയ കഥ ‘ദേഹാത്തി കിസാന്‍’ ഓര്‍ക്കാതിരിക്കുമോ!