ബിജോ സില്‍വേരി
കസാന്ദ്സാക്കിസിന്റെ അനശ്വര കഥാപാത്രമായ ‘സോര്‍ബ’യെപ്പോലെ ജീവിതത്തെ ഒരു ലഹരിയായും വലിയൊരു ദര്‍ശനമായും കണ്ട മനുഷ്യനായിരുന്നു ഷെല്‍വി. സുഹൃത്തായ കൊച്ചുബാവ, പ്രസിദ്ധീകരണത്തിന് ‘വൃദ്ധസദനം’ തരാതിരുന്നപ്പോഴുണ്ടായ ഷെല്‍വിയുടെ ആത്മസംഘര്‍ഷം ബെന്യാമിന് അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ നിന്ന് ഷെല്‍വിയെ നമുക്ക് മനസിലാക്കാം.
മലയാള സാഹിത്യത്തില്‍ പ്രമേയസ്വീകരണത്തിലും ആഖ്യാനത്തിലും സദാ നവീകരണങ്ങള്‍ പരീക്ഷിക്കുന്ന എഴുത്തുകാരനാണ് ബെന്യാമിന്. എന്നാല്‍ അദ്ദേഹത്തിന്റെ ‘മള്‍ബെറി, എന്നോട് നിന്റെ സോര്‍ബയെക്കുറിച്ച് പറയൂ’ എന്ന കൃതി കേവലമൊരു വായനാനുഭവത്തിനപ്പുറം, ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അടിമുടി പുനര്‍നിര്‍മ്മിക്കുന്ന ഒന്നാണ്. നോവലിന്റെയും ഡോക്യുമെന്റേഷന്റെയും അതിര്‍വരമ്പുകളെ മായ്ച്ചുകളയുന്ന ഈ പുസ്തകം, മലയാളത്തിലെ പ്രിയപ്പെട്ട പ്രസാധകനായിരുന്ന ഷെല്‍വിയുടെയും വിശ്വവിഖ്യാത എഴുത്തുകാരന് നിക്കോസ് കസാന്‍ദ്സാക്കിസിന്റെയും ജീവിതങ്ങളിലൂടെയുള്ള അസാധാരണമായ ഒരു സഞ്ചാരമാണ്. രണ്ടു കാലങ്ങളാണത്; രണ്ടു ലോകങ്ങളും.
ഷെല്‍വിയുടെ ജീവിതപങ്കാളിയായിരുന്ന ഡെയ്സിയുടെ കാഴ്ചപ്പാടിലൂടെയാണ് മള്‍ബെറിയുടെ കഥ വികസിക്കുന്നത്.
ഏഥന്‍സില്‍ യാത്ര പോയ ഡെയ്സി, തന്നെ പിന്തുടരുന്ന ജോര്‍ജിയോ എന്ന ഗൈഡിനോടൊപ്പം ഗ്രീസ് കാണാന്‍ പുറപ്പെടുന്നു. കോഴിക്കോട് നിന്ന് ഏഥന്‍സിലേക്ക്..വീണ്ടും കോഴിക്കോട്ടേയ്ക്ക്…മള്‍ബറി ആ കഥപറയുന്നു, പുസ്തകത്തെ ജീവനായി കരുതിയിരുന്നവള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി പുസ്തകം കൈകൊണ്ട് തൊട്ടിട്ടില്ലെന്നു പറയുമ്പോള്‍, അവള് അനുഭവിച്ച ആത്മസംഘര്‍ഷങ്ങള്‍, പൊഴിഞ്ഞുവീണ കണ്ണീര് അതിന്റെ ചൂട് നമുക്കനുഭവിക്കാം. അതിനിടയിലൂടെ തെളിഞ്ഞു വരുന്നൂ ഷെല്‍വിയുടെ മുഖം. പ്രണയത്തിന്റെ കാലങ്ങള്‍ കടന്ന് മള്‍ബറി എന്ന വ്യത്യസ്തമായ പ്രസാധക സ്ഥാപനം പടുത്തിയര്‍ത്തിയതും അതൊരു സ്വപ്നം കണക്കെ കണ്മുന്നില് നിന്നു മാഞ്ഞുപോയതും…പിന്നീട് മരണം ക്ഷണിക്കപ്പെട്ടു തന്നെ കടന്നു വന്നതും.
കസാന്ദ്സാക്കിസിന്റെ അനശ്വര കഥാപാത്രമായ ‘സോര്‍ബ’യെപ്പോലെ ജീവിതത്തെ ഒരു ലഹരിയായും വലിയൊരു ദര്‍ശനമായും കണ്ട മനുഷ്യനായിരുന്നു ഷെല്‍വി. സുഹൃത്തായ കൊച്ചുബാവ, പ്രസിദ്ധീകരണത്തിന് ‘വൃദ്ധസദനം’ തരാതിരുന്നപ്പോഴുണ്ടായ ഷെല്‍വിയുടെ ആത്മസംഘര്‍ഷം ബെന്യാമിന് അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ നിന്ന് ഷെല്‍വിയെ നമുക്ക് മനസിലാക്കാം.
സങ്കീര്‍ണ്ണമായ മനുഷ്യവികാരങ്ങളെയും ആത്മബന്ധങ്ങളെയും അതീവ തീവ്രതയോടെ അവതരിപ്പിക്കാന്‍ ബെന്യാമിന് ഈ കൃതിയില്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്ന ചില നിമിഷങ്ങളും വ്യക്തികളും എങ്ങനെയാണ് നമ്മുടെ ചിന്താഗതികളെ മാറ്റിമറിക്കുന്നത് എന്ന് ഈ പുസ്തകം ഹൃദ്യമായി പറഞ്ഞുതരുന്നു. പ്രണയവും വിരഹവും സമാന്തരമായി ഒഴുകുന്ന ഇതിന്റെ ദാര്‍ശനിക ഭൂമിക, ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു.
ഈ പുസ്തകത്തിന്റെ വലിയ ആകര്‍ഷണം അതിന്റെ ആഖ്യാനശൈലിയാണ്. പ്രണയത്തിന്റെ ആഹ്ലാദവും നഷ്ടബോധത്തിന്റെ കടുത്ത വേദനകളും നിറഞ്ഞ ഒരു കാലഘട്ടത്തിലേക്ക് ഡെയ്സിയിലൂടെ ബെന്യാമിന് വായനക്കാരെ കൈപിടിച്ചു നടത്തുന്നു. ഷെല്‍വിയും കസാന്ദ്സാക്കിസും തമ്മിലുള്ള ആത്മബന്ധം വായനക്കാരനും എഴുത്തുകാരനും എന്നതിലുപരിയായിരുന്നു. അവരുടെ ജീവിതങ്ങളിലെ സമാനതകള്‍, പരാജയങ്ങള്‍, യാത്രകള്‍, ഒടുവില്‍ അവര്‍ എത്തിച്ചേരുന്ന ദാര്‍ശനികമായ ഏകാന്തത എന്നിവയെല്ലാം വരികള്‍ക്കിടയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ഷെല്‍വിയുടെ ഓരോ നിശ്വാസത്തിലും കസാന്ദ്സാക്കിസിന്റെ സ്വാധീനം ഡെയ്സി തിരിച്ചറിയുന്നുണ്ട്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി മലയാള പുസ്തക നിര്‍മ്മാണ രംഗത്ത് പുതിയൊരു മാറ്റവും കുറിച്ചിരിക്കുന്നു. കേവലം അക്ഷരങ്ങള്‍ക്കപ്പുറം ഒരു കാലഘട്ടത്തെ നേരിട്ട് സ്പര്‍ശിക്കാന്‍ വായനക്കാരന് ഇതിലൂടെ സാധിക്കുന്നു. ഷെല്‍വിയുടെ ഹൃദയം തൊട്ടെഴുതിയ കത്തുകള്‍, പോസ്റ്റ് കാര്‍ഡുകള്‍, മള്‍ബെറിയുടെ പുസ്തക ലിസ്റ്റുകള്‍, പാരഗണ്‍ ഹോട്ടലിന്റെ നോട്ടീസ് എന്നിവയുടെയൊക്കെ തനിമയാര്‍ന്ന പകര്‍പ്പുകള്‍ പുസ്തകത്തിന്റെ ഭാഗമാണ്. വായനയ്ക്കിടയില്‍ അപ്രതീക്ഷിതമായി ഈ രേഖകള്‍ കണ്മുന്നിലെത്തുന്നത് കഥാപാത്രങ്ങളുമായി ഒരു വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്നു. ഒരു പുസ്തകം എങ്ങനെ ഉദാത്തമായൊരു ‘കലാവസ്തു’ (Object of Art) ആയി മാറാമെന്നതിന് ഇതിലും മികച്ച ഉദാഹരണമില്ല.
മനുഷ്യബന്ധങ്ങളുടെ ആഴവും പുസ്തകങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതിയാണിത്. ഷെല്‍വി എന്ന വ്യക്തിയെ അടുത്തറിഞ്ഞവര്‍ക്കും അദ്ദേഹത്തെക്കുറിച്ച് കേട്ടറിവുള്ളവര്ക്കും, അതിലുപരി ജീവിതത്തെ പ്രണയിക്കുന്നവര്‍ക്കും ഈ പുസ്തകം മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും.
‘നിന്നെ ഞാന്‍ സ്വതന്ത്രനാക്കുന്നു
എന്റെ സ്നേഹത്തിന്റെ
മൃദുലബന്ധനത്തില് നിന്ന്..
എന്റെ സ്വപ്നങ്ങളുടെ
നേര്‍ത്ത സൗമ്യതയില്‍ നിന്ന്
എന്റെ വികാരങ്ങളുടെ
ഹിമ സ്നിഗ്ദ്ധതയില്‍ നിന്ന്…
നിന്നെ.. ഞാന്‍ സ്വതന്ത്രനാക്കുന്നു… ‘
– ഡെയ്സി

