ജെക്കോബി
മൂന്നാഴ്ചയിലൊതുങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണകോലാഹലങ്ങളൊടുങ്ങുമ്പോള്, ഇടതുമുന്നണിയുടെ താര പ്രചാരകനായ പിണറായി വിജയന്, മുഖ്യമന്ത്രി പദത്തിന്റെ മഹിമയും മര്യാദയും കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രിയെ ഗുണദോഷിച്ചുകൊണ്ടുതന്നെ ‘ഡാഷ് മോനെ രേവന്താ’ എന്നു വിളിച്ച് രേവന്ത് റെഡ്ഡിയെ അധിക്ഷേപിക്കുന്ന മ്ലേച്ഛനം, പിണറായിയുടെ പ്രതിച്ഛായ നവീകരിക്കുന്നതിന് ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്ന ടാഗ് ലൈനുമായി മോഹന്‍ലാലിനെക്കൊണ്ട് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യിപ്പിച്ചത് ഉള്‍പ്പെടെ സംസ്ഥാന ഖജനാവില്‍ നിന്ന് കോടികണക്കിനു രൂപ മുടക്കി കെട്ടിപ്പൊക്കിയ പബ്ലിക് റിലേഷന്‍സ് ബിംബനിര്‍മിതിയുടെ നിരര്‍ഥകത വീണ്ടും മലയാളികളെ ഓര്‍മിപ്പിക്കുന്നു.
നേമത്ത് കോണ്‍ഗ്രസിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിയില്‍, മോഹന്‍ലാലിന്റെ പഴയ ഹിറ്റ് സിനിമയിലെ ‘പോ മോനേ ദിനേശാ’ എന്ന പഞ്ച് ഡയലോഗ് അനുസ്മരിച്ചുകൊണ്ട് ‘പോ മോനേ വിജയാ’ എന്നു പറയേണ്ട കാലമായി എന്ന് രേവന്ത് റെഡ്ഡി പറഞ്ഞതാണ് പിണറായിയെ ഇത്രകണ്ട് പ്രകോപിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പുകാലത്തുതന്നെയാണ് അമ്പലപ്പുഴയിലെ പഴയ സഖാവ് ജി. സുധാകരനെ വര്‍ഗവഞ്ചകനും ചെറ്റയുമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നിന്നു തുടങ്ങി വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ വരെ കേരളം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നേരിട്ട അസാധാരണ പ്രകൃതിക്ഷോഭങ്ങളുടെയും, നിപ പകര്‍ച്ചവ്യാധി, കൊവിഡ് മഹാമാരി പ്രതിസന്ധികളുടെയും നടുവില്‍ പലപ്പോഴും നിര്‍വികാരനും നിഷ്ക്രിയനുമായി നിന്നുകൊണ്ടുതന്നെ ദുരന്തനിവാരണത്തിന്റെയും ദുരിതാശ്വാസത്തിന്റെയും പുനരധിവാസത്തിന്റെയും നവകേരള നിര്‍മിതിയുടെയും പേരില്‍ വന്‍ നേട്ടങ്ങള്‍ കൊയ്തെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത്, 2018ല്‍ സംസ്ഥാനത്ത് ഉണ്ടായ മഹാപ്രളയം മനുഷ്യനിര്മിതമായിരുന്നുവെന്ന ഗുരുതരമായ ആരോപണത്തിനു തെളിവായി പിണറായി മന്ത്രിസഭയിലെ ഒരു അംഗത്തിന്റേതെന്നു പറയുന്ന ശബ്ദരേഖ അവതരിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനു മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനം, ആധുനിക കേരളചരിത്രത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ ദുരന്താഖ്യാനത്തിലേക്കാണ് നമ്മെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നത്.
ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ചകളാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയദുരന്തത്തിന് ഇടവരുത്തിയത് എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സ്വകാര്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും ലാഭമുണ്ടാക്കാനും അതിലൂടെ കോടികണക്കിനു രൂപയുടെ അഴിമതി നടത്താനും ആസൂത്രിതമായ ശ്രമം നടന്നുവെന്നാണ് ജനതാദള്‍ നേതാവ് കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പില്‍ വെളിപ്പെടുന്നത്. ആലപ്പുഴ തീരത്തെ തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ആവശ്യപ്പെട്ടിട്ടും ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയറും ജലസേചന വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി. തോമസും അനുവദിച്ചില്ല. തോട്ടപ്പള്ളി സ്പില്‍വേ തുറന്നാല്‍ തീരത്തെ കരിമണല്തിട്ട ഒലിച്ചുപോകുമായിരുന്നു. ക്യുബിക് മീറ്ററിന് 62 രൂപ നിരക്കില്‍ കരിമണല്‍ നീക്കം ചെയ്യാനുള്ള കരാര്‍ എടുത്തിരുന്ന സ്വകാര്യ കമ്പനിക്ക് അതു മറിച്ചുവിറ്റാല്‍ 2,000 രൂപയാണ് ലഭിക്കുക. അഞ്ചു കോടി രൂപയ്ക്കു കരാറെടുത്ത കമ്പനിക്കു ലാഭം 300 കോടിയാണ്.
മന്ത്രി മാത്യു ടി. തോമസിനും മറ്റു ചിലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് മറ്റൊരു ജനതാദള്‍ നേതാവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടി പറയുന്നതെന്ന് കുഴല്നാടന് വിശദീകരിച്ചു. മണിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ സ്വകാര്യ കമ്പനിക്കുവേണ്ടി വെള്ളം നിറയ്ക്കാന്‍ ചീഫ് എന്‍ജിനിയര്‍ അനുമതി നല്കി. ഒരു മരം വീണതിനെ തുടര്‍ന്ന് മണിയാറിലെ സ്ലൂയിസ് വാല്‍വ് തുറക്കേണ്ടിവന്നു. ഇതിലൂടെ ചെങ്ങന്നൂരിലും മറ്റും ചളിപ്രവാഹമുണ്ടായി. പറമ്പിക്കുളം ഡാമില്‍ നിന്ന് തമിഴ്നാട്ടിലേക്ക് 1,400 ക്യുസെക്സ് വെള്ളം വിടുന്നതിനു പകരം അതിന്റെ പകുതി വെള്ളം മാത്രമാണ് വിട്ടത്.
തമിഴ്നാട് ഭാഗത്തെ ഒരു കോണ്ട്രാക്റ്ററുടെ 200 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് ഡാമില്‍ നിന്നുള്ള ജലപ്രവാഹം തടഞ്ഞത്. ഇങ്ങനെ പിടിച്ചുവച്ച വെള്ളം ഒറ്റയടിക്ക് പെരിങ്ങല്‍കുത്തിലേക്ക് തുറന്നുവിട്ടതോടെയാണ് ചാലക്കുടിയാറില്‍ വലിയ പ്രളയവും നാശനഷ്ടവുമുണ്ടായത്.
പ്രതിഷേധത്തിന്റെ കറുപ്പു കണ്ടാല്‍ കലിതുള്ളുന്ന പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ഭരണസംവിധാനം ജനാധിപത്യ ധാര്‍മികതയെ പൂര്‍ണമായി തള്ളിക്കളയുന്ന സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യമായി മാറിയതിനെക്കുറിച്ച്, പാര്‍ട്ടിയും ഭരണകൂടവും ഒന്നായി മാറിയ അപകടകരമായ സ്ഥിതിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമതസ്വരങ്ങള്‍ ഉയരുന്നുണ്ട്.
വലതുപക്ഷ പ്രവണതകള്‍ കേരളത്തില്‍ എത്രത്തോളം ഇടതുപക്ഷത്തും ആവേശിച്ചിട്ടുണ്ടെന്ന് ഈ തിരഞ്ഞെടുപ്പുകാലം നമുക്കു കാണിച്ചുതരുന്നു. പഴയ ഹിംസാകാണ്ഡങ്ങള് വിസ്മരിക്കാം. അധികാരത്തിനുവേണ്ടി ഭരണവര്‍ഗ പാര്‍ട്ടികള്‍ നടത്തുന്ന ഡീലുകളും തന്ത്രങ്ങളും മാര്‍ക്കറ്റിങ്ങും പ്രത്യയശാസ്ത്ര ഭേദമില്ലാതെ പിന്തിരിപ്പന്മാരെക്കാള് ഒന്നാന്തരം മുതലാളിത്ത ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിവര്‍ഗ നേതാക്കളെയും ആകര്‍ഷിക്കുന്നുണ്ട്. ആയുസ്സിന്റെ നല്ലൊരു പങ്ക് വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി സമര്‍പ്പിച്ച എത്ര മുതിര്‍ന്ന സഖാക്കളാണ് ഇക്കുറി സംസ്ഥാന വ്യാപകമായി ഇടതുമുന്നണി വിട്ട് ‘സ്വതന്ത്രരായി’ മത്സരിക്കുന്നത്! മൂന്നു പതിറ്റാണ്ടുകാലം സിപിഎമ്മുമായി ബന്ധമുണ്ടായിരുന്ന ഐഷാ പോറ്റി കൊട്ടാരക്കരയില്‍ ഇക്കുറി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമ്പോഴും, പഴയ ഓര്‍മയില്‍ വോട്ടു ചോദിച്ചു തുടങ്ങുമ്പോള്‍ ‘അരിവാള്‍’ എന്നു പറഞ്ഞുപോകുന്നത് സ്വാഭാവികം.
നാട്ടികയില്‍ സിപിഐയുടെ സിറ്റിങ് എംഎല്‍എ സി.സി മുകുന്ദന് ബിജെപി സ്ഥാനാര്‍ഥിയാകുന്നു; ഇടുക്കിയിലെ ദേവികുളത്ത് സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും ബിജെപി ചിഹ്നം ഏറ്റുവാങ്ങുന്നു. അമ്പലപ്പുഴയിലെയും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും ഒറ്റപ്പാലത്തെയും എല്‍ഡിഎഫ് വിമതരായ ‘സ്വതന്ത്ര’ സ്ഥാനാര്‍ഥികളുടെ പ്രത്യയശാസ്ത്ര പരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടിയെ അലോസരപ്പെടുത്താതിരിക്കുമോ?
സംരക്ഷകന്റെയും അന്നദാതാവിന്റെയും ഭരണകൂടമായി സ്വയം പ്രത്യക്ഷപ്പെട്ടാണ് പിണറായി രണ്ടാം തവണ ജയിച്ചത്. പരിസ്ഥിതിക്കു ഭീഷണിയായ വികസന പദ്ധതികള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന, ആരോഗ്യമേഖലയിലെ അടിസ്ഥാനപ്രവര്ത്തകരെ അവഹേളിക്കുന്ന, ഫാഷിസ്റ്റ് വിദ്യാഭ്യാസ അജന്‍ഡകളെ സഖ്യകക്ഷികള്‍ അറിയാതെ ജനാധിപത്യവിരുദ്ധമായി സംസ്ഥാനത്തേക്ക് ഒളിച്ചുകടത്തുന്ന, വര്‍ഗീയ വിഷം തുപ്പുന്ന സാമൂഹ്യദ്രോഹികളെ തോളോടു ചേര്‍ക്കുന്ന, സ്വയം പുകഴ്ത്തലിനായി പൊതുധനം ധൂര്‍ത്തടിക്കുന്ന ഒരു പക്ഷം എങ്ങനെ ഇടതാകും എന്ന ചോദ്യം കേരളരാഷ് ട്രീയത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. ശബരിമല സ്വര്‍ണപ്പാളി മോഷണം, ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലുള്ള കോടികളുടെ തിരിമറി, പാര്‍ട്ടി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയ അഴിമതിക്കഥകളുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കാന്‍ പിണറായി ഭരണകൂടം കാണിച്ച വ്യഗ്രത ഇടതുപക്ഷബോധത്തിന്റെ ശിഥിലീകരണത്തിന്റെ അടയാളമായി മാറിയിരുന്നു.
മാറാത്തത് മാറും എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ ക്രൈസ്തവ ഔട്ട്റീച്ചിന്റെയും വികസന മുന്നേറ്റത്തിന്റെയും ഇന്‍ക്ലുസീവ് പൊളിറ്റിക്സ് തന്ത്രങ്ങള്‍ പരീക്ഷിക്കുന്ന ബിജെപി, കൊച്ചി മേഖലയിലെ കോര്‍പറേറ്റ് രാഷ് ട്രീയ സംരംഭമായ ട്വന്റി20യെ എന്‍ഡിഎയുടെ സഖ്യകക്ഷിയാക്കുകയും, നേമം, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലെ സാധ്യതകള്‍ മുന്‍നിര്‍ത്തി വിപുലമായ സന്നാഹങ്ങള്‍ ഒരുക്കുന്നതോടൊപ്പം മധ്യകേരളത്തില്‍ ക്രൈസ്തവ സ്വാധീനമുള്ള മേഖലകളില്‍ പി.സി ജോര്‍ജ്, മകന് ഷോണ്‍ ജോര്‍ജ്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, അനൂപ് ആന്റണി എന്നിവരെ സ്ഥാനാര്‍ഥികളാക്കിയും ഇത്തവണ എന്തൊക്കെയോ സംഭവിക്കും എന്ന പ്രതീതി സൃഷ്ടിക്കുന്നതിനിടെയാണ്, ലോക്സഭയില്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല് (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക് ട് – എഫ്സിആര്‍എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിക്കുന്നത്.
ആര്‍എസ്എസിനും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും രാജ്യത്തെ നിരവധി ഹൈന്ദവ സ്ഥാപനങ്ങള്‍ക്കും മറ്റും നിര്‍ബാധം വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിദേശപണം ഉപയോഗിക്കുന്നു എന്ന വ്യാജപ്രചാരണവുമായി ക്രൈസ്തവ സഭകളുടെയും രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ജീവകാരുണ്യപ്രവര്ത്തനങ്ങളെയും സാമൂഹ്യശുശ്രൂഷ, വിദ്യാഭ്യാസ, ആതുരസേവന പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്താനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നിന്ന് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തത്കാലം പാര്‍ലമെന്റില്‍ ബില്ല് ചര്‍ച്ചയ്ക്കെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ തന്ത്രപൂര്‍വം മാറ്റിവയ്ക്കുകയാണുണ്ടായത്.
കേരളത്തിന്റെ ആധുനിക ചരിത്രത്തോടും ഇവിടത്തെ ധാര്മ്മികപൈതൃകത്തോടും രാഷ് ട്രീയ സംസ്കാരത്തോടും പുലര്‍ത്തുന്ന പുച്ഛം മറച്ചുപിടിക്കാന്‍ മെനക്കെടാതെ പ്രധാനമന്ത്രി മോദി ഏറ്റവുമൊടുവില്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍, കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ്, ധുരന്ധര്‍ എന്നീ ഹിന്ദി സിനിമകള്‍ക്കെതിരെ കേരളത്തില്‍ രാഷ് ട്രീയ നുണപ്രചാരണം നടക്കുന്നുവെന്നതില്‍ രോഷം പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയ വിദ്വേഷം പരത്തുന്ന, വര്ഗീയദേശീയതയുടെയും ഭൂരിപക്ഷ ഹിംസയുടെയും മൂര്‍ത്തീകരണമായ ഈ ചലച്ചിത്ര ആഭാസങ്ങളെ പ്രധാനമന്ത്രി നേരിട്ട് പ്രമോട്ട് ചെയ്യുന്നത് രാജ്യം പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധത്തിന്റെ ആഘാതങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോഴാണ്.
കേരളത്തിലെ രാഷ് ട്രീയ മുന്നണികള്‍ നുണകളുടെ ഫാക്ടറികളാണെന്ന് പ്രധാനമന്ത്രി ആരോപിക്കുന്നു. എഫ്സിആര്‍എ, ഏകീകൃത സിവില്‍ നിയമം (യുസിസി), പൗരത്വ ഭേദഗതി നിയമം (സിഎഎ) എന്നിവയുടെ കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. എഫ്സിആര്‍എ ഭേദഗതിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭകളും ഭരണകക്ഷിയും പ്രതിപക്ഷവും ഏകകണ്ഠമായി എതിര്‍പ്പു പ്രകടിപ്പിച്ചതിനെ പ്രധാനമന്ത്രി വിലയിരുത്തുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് റാലിയിലെ പ്രതികരണം.
‘തിരഞ്ഞെടുപ്പ് ജയിക്കാനും മോദിയെ പഴിക്കാനുമായി’ കോണ്‍ഗ്രസ് പാര്‍ട്ടി ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ജീവന് അപകടത്തിലാക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതായും പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്. ”പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ ശത്രുവായി കാണണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.”
ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധത്തിന് ഉലച്ചിലുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് രാജ്യത്തെ പ്രതിപക്ഷം നടത്തുന്നതെന്നും, കേരളം, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കഴിയുന്നുണ്ടെന്നും അവരുടെ ജീവന് അപകടത്തിലാക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസിന്റേതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു.
ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇത്യോപ്യ, ഇറാന്, സൗദി അറേബ്യ, ഇന്തൊനീഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്സ് ബഹുരാഷ് ട്ര സഖ്യത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യ, ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക കടന്നാക്രമണത്തെ അപലപിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ബ്രിക്സ് അധ്യക്ഷ പദവിയുള്ള ഇന്ത്യയെ അവഗണിച്ച് പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചയ്ക്ക് മാധ്യസ്ഥ്യം വഹിക്കുന്നതിന് പാക്കിസ്ഥാന് ഒരുങ്ങി.
വിദ്വേഷ പ്രചാരണത്തില്‍ മോദിയോടൊപ്പം തിളങ്ങുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മയ്ക്ക് യുഎഇ, ആന്റിഗ്വ ആന്‍ഡ് ബാര്‍ബൂഡ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉണ്ടെന്നും, യുഎഇയിലെ ദുബായ് എമിറേറ്റ്സില്‍ രണ്ട് വസ്തുവകകളും അമേരിക്കയിലെ വ്യോമിങ്ങില്‍ ഹോട്ടല്‍ വ്യവസായ സംരംഭത്തില്‍ 34.67 ബില്യണ്‍ ഡോളര്‍ (52,000 കോടി രൂപ) നിക്ഷേപ പദ്ധതിയുള്ള ഷെല്‍ കമ്പനികളുണ്ടെന്നും കോണ്‍ഗ്രസ് ദേശീയ മീഡിയ പബ്ലിസിറ്റി വകുപ്പ് മേധാവി പവന് ഖേഡ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത് അസം തിരഞ്ഞെടുപ്പില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപകീര്ത്തിക്കേസില്പെടുത്തി ഖേഡയെ അറസ്റ്റു ചെയ്യാന്‍ അസം പൊലീസ് ഡല്‍ഹിയില്‍ ഖേഡയുടെ വീടു വളഞ്ഞത് വിവാദമായി. സംസ്ഥാന പൊലീസ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കെ ഖേഡയെ പിടികൂടാന്‍ അസമില്‍ നിന്ന് പൊലീസ് സംഘത്തെ നിയോഗിച്ചത് ആരാണ് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.
കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാലേ ഒരു ഹിന്ദു രാഷ് ട്രം സ്ഥാപിക്കാന്‍ കഴിയൂ എന്ന വിശ്വാസം മോദിക്കുണ്ട്. കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും സാമൂഹ്യനീതിയും സംരക്ഷിക്കാനുള്ള രാഷ് ട്രീയ ഉത്തരവാദിത്വവുമാണെന്ന് ഓര്‍ക്കുക. ദേശീയ രാഷ് ട്രീയത്തിന് വലിയ സന്ദേശം നല്‍കും ഇവിടത്തെ ജനവിധി.

