ഗാസ: യുദ്ധ ഭീതിയിലും വിശുദ്ധനാട്ടിൽ പ്രതീക്ഷയുടെ ഒരു അപ്രതീക്ഷിത സൂചനയായി, ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിലെ ക്രിസ്ത്യാനികൾക്ക് മാർച്ച് 29 ന് കുരുത്തോല ആശീർവാദത്തോടെയും, ഘോഷയാത്രയോടെയും ഓശാന ഞായർ ശുശ്രൂഷകൾ നടത്താൻ സാധിച്ചു. കനത്ത മഴയും സമീപത്തായി നടന്നുകൊണ്ടിരുന്ന വെടിവെപ്പും വകവയ്ക്കാതെ, അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു .
“ഞങ്ങൾക്ക് വളരെ മനോഹരമായ ഒരു ആഘോഷം ഉണ്ടായിരുന്നു,” യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ അപ്ഡേറ്റിൽ ഫാദർ ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു, സുരക്ഷയെകുറിച്ചുള്ള മുൻ ആശങ്കകൾ ഓശാന ഞായർ കർമ്മങ്ങൾ ഏതാണ്ട് തടസ്സപ്പെടുത്തിയിരുന്നു. “ഒരു ഘട്ടത്തിൽ ഞങ്ങൾ കരുതി … പലർക്കും പങ്കെടുക്കാൻ കഴിയില്ല അല്ലെങ്കിൽ അവർ ഭയപ്പെടും,” അദ്ദേഹം പറഞ്ഞു.
കഴുതപ്പുറത്ത് കയറി വന്ന യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ ഓർമ്മപ്പെടുത്തി ഈന്തപ്പനയുടെ ശാഖകൾ കൈകളിൽ വഹിച്ചാണ് വിശ്വാസികൾ ദിവ്യബലിയിൽ പങ്കുചേർന്നത്. ഓശാന ശുശ്രൂഷയ്ക്കിടെ സമാധാനത്തിനും സംരക്ഷണത്തിനുമായി പ്രാർത്ഥനകൾ നടത്തി. മാസങ്ങളായി പ്രദേശത്ത് നടക്കുന്ന അക്രമങ്ങൾ മൂലമുണ്ടായ കുടിയിറക്കം, ക്ഷാമം, അരക്ഷിതാവസ്ഥ എന്നിവ മൂലം അനേകം കുടുംബങ്ങൾ കഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ പ്രദേശത്തെ പ്രതികൂല സാഹചര്യം പ്രാർത്ഥനാനിയോഗമായി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറുസലേമിലെ ഓശാന ഞായർ പ്രദിക്ഷണം ഇത്തവണ റദ്ദാക്കിയിരിന്നു. എന്നാൽ തിരുക്കല്ലറ ദേവാലയം സന്ദർശിക്കുവാൻ എത്തിയ ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോ എന്നിവരെ ഇസ്രായേൽ പോലീസ് തടഞ്ഞിരിന്നു. ഇതിനിടെയാണ് ഭീഷണികൾക്ക് ഇടയിലും ഓശാന തിരുക്കർമ്മങ്ങൾ ഗാസയിൽ നടന്നതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിനോട് ചേർന്ന് ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമായ നിരവധി പേരാണ് അഭയാർത്ഥികളായി കഴിയുന്നത്.

