“പൗരോഹിത്യം ദാനവും രഹസ്യവും”
ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
പുനലൂർ: വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള തൈലപരികർമ്മ ദിവ്യബലിയും പൗരോഹിത്യവൃതനവീകരണവും പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ 30.03.2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി. പൗരോഹിത്യം ദിവ്യരഹസ്യവും ദിവ്യദാനവും ആണെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു.
ഒരു പുരോഹിതൻ ദൈവവുമായി ആത്മബന്ധവും മെത്രാനുമായും സഹവൈദീകരുമായും ദൈവജനവുമായും അടുപ്പവും കാത്തുസൂക്ഷിക്കുന്ന വ്യക്തിയായി ജീവിക്കണമെന്ന് കാലം ചെയ്ത ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. പൗരോഹിത്യം സ്നേഹത്തിലും എളിമയിലും സേവനത്തിലും അധിഷ്ഠിതമായിരിക്കണമെന്ന ലിയോപാപ്പായുടെ വാക്കുകളെ ഓർമ്മപ്പെടുത്തി. ജ്ഞാനസ്നാനത്തിലൂടെ പൊതു പൗരോഹിതത്തിൽ പങ്കുകാരായ ദൈവജനത്തെ ശുശ്രൂഷിക്കുന്നതാണ് ഒരു പുരോഹിതന്റെ കടമയെന്ന് വചന സന്ദേശത്തിൽ ബിഷപ്പ് പറഞ്ഞു.
രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദീകരും സന്യസ്തരും രൂപതാ അജപാലന സമിതി അംഗങ്ങളും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ അജപാലന സമിതി അംഗങ്ങളും പങ്കെടുത്തു. പുനലൂർ രൂപതവികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ് സംബന്ധിച്ചവർക്കും ക്രമീകരണം നടത്തിയവർക്കും നന്ദി അറിയിച്ചു.

