വത്തിക്കാൻ : പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ 2026-ലെ തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമായ മോണക്കോയുടെ രാജകുമാരന്റെ ക്ഷണം സ്വീകരിച്ച്, കത്തോലിക്കാരാജ്യമായ ഇവിടേക്ക് മാർച്ച് 28 ശനിയാഴ്ചയാണ് പാപ്പാ യാത്ര നടത്തിയത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായത്തിലെ ആറാം തിരുവചനത്തിൽ, യേശു, പിതാവിന്റെ പക്കലേക്കുള്ള മാർഗ്ഗമായി തന്നെത്തന്നെ അവതരിപ്പിക്കുകയും തന്റെ യഥാർത്ഥ സത്വം വെളിപ്പെടുത്തുകയും ചെയ്യുന്ന ഭാഗത്തെ ആധാരമാക്കി, “വഴിയും സത്യവും ജീവനും ഞാനാണ്” എന്ന തിരുവചനമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ആയിരിക്കുമ്പോഴും, ഏകാന്തതയും ജീവിതത്തിന്റെ അർത്ഥവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള, തങ്ങളുടെ ആദ്ധ്യാത്മികമായ ദൗർബല്യങ്ങളിൽ ശക്തി പകരാനും, ബോധവാന്മാരാകാനും പരിശുദ്ധ പിതാവിന്റെ സന്ദർശനം തങ്ങളെ സഹായിക്കുമെന്ന് ഈ യാത്രയുമായി ബന്ധപ്പെട്ട് വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ രാജ്യത്തെ ആർച്ച്ബിഷപ് ഡൊമിനിക് മരീ ദാവീദ് പറഞ്ഞിരുന്നു.
ലോകത്തിലെതന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാമത്തേതായ വത്തിക്കാനിൽനിന്ന്, രണ്ടാമത്തെ ചെറിയ രാജ്യമായ മോണക്കോയിലേക്ക്, ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യമേകിയും വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ പ്രഘോഷിച്ചും പാപ്പാ നടത്തിയ ഈ യാത്ര, ഈ വർഷത്തെ ഓശാനഞായറിന് തലേന്നാണ് നടന്നത്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്കും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായ്ക്കും മോണക്കോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ ഔദ്യോഗികമായി ക്ഷണം നൽകിയിരുന്നു.
വത്തിക്കാനിൽനിന്ന് മോണക്കോയിലേക്കുള്ള യാത്ര
മാർച്ച് 28 ശനിയാഴ്ച രാവിലെ, വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് രാവിലെ ഏഴ് ഇരുപതോടെ, ഇന്ത്യയിൽ രാവിലെ പതിനൊന്ന് അൻപതോടെ, യാത്ര ആരംഭിച്ച പാപ്പാ, ഏതാണ്ട് അഞ്ഞൂറ് കിലോമീറ്ററുകൾ ഒരു മണിക്കൂർ നാൽപ്പത് മിനിറ്റുകൾ കൊണ്ട് സഞ്ചരിച്ച് മോണക്കോയിലെ ഹെലിപ്പാഡിലെത്തി. ഈ യാത്രയിൽ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ് പാപ്പായെ കൊണ്ടുപോയ, ഇറ്റലിയുടെ മിലിട്ടറി എയറോനോട്ടിക്സ് വിഭാഗത്തിന്റെ ഹെലികോപ്റ്റർ പറന്നത്. യാത്രയുടെ ഭാഗമായി പതിവുപോലെ ഇരു രാജ്യനേതൃത്വങ്ങൾക്കും പരിശുദ്ധ പിതാവ് ടെലെഗ്രാം സന്ദേശങ്ങളയച്ചിരുന്നു.
അപ്പസ്തോലിക യാത്രയിലെ പ്രധാന നിമിഷങ്ങൾ
ലിയോ പതിനാലാമൻ പാപ്പായുടെ ഇത്തവണത്തെ അപ്പസ്തോലികയാത്രയിൽ നാല് പ്രധാന നിമിഷങ്ങളാണുള്ളത്. മോണക്കോയുടെ രാജകുമാരൻ ആൽബർട്ട് രണ്ടാമനുമൊത്തുള്ള കൂടിക്കാഴ്ച, രാജ്യത്തെ കത്തോലിക്കാസമൂഹത്തോടൊത്തുള്ള കൂടിക്കാഴ്ച, യുവജനങ്ങളും ക്രൈസ്തവവിശ്വാസം സ്വീകരിക്കാനൊരുങ്ങുന്നവരുമൊത്തുള്ള കൂടിക്കാഴ്ച, പൊതുസമൂഹത്തിനൊപ്പമുള്ള വിശുദ്ധ കുർബാന എന്നിവയാണവ. വിശുദ്ധ ബലിയർപ്പണത്തിന് ശേഷം തിരികെ വത്തിക്കാനിലേക്കുള്ള പരിശുദ്ധ പിതാവിന്റെ യാത്രയും ഹെലികോപ്റ്ററിലായിരിക്കും.
പരിശുദ്ധ സിംഹാസനവും പ്രാദേശികസഭയും
പരിശുദ്ധ പിതാവിന്റെ നയതന്ത്ര പ്രതിനിധിയായി മോണക്കോയിൽ ശുശ്രൂഷ ചെയ്യുന്നത്, ആർച്ച്ബിഷപ് മാർട്ടിൻ ക്രെബ്സാണ്. അതേസമയം, മോണക്കോയുടെ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡൊമിനിക് മരീ ദാവീദാണ്.
1887 മാർച്ച് 15-ന് ലിയോ പതിമൂന്നാമൻ പാപ്പായാണ് മോണക്കോ രൂപത സ്ഥാപിച്ചത്. പിന്നീട് 1981 ജൂലൈ 30-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ രൂപതയെ അതിരൂപതയായി ഉയർത്തി. അതിരൂപത ആറ് ഇടവകകളായാണ് തിരിച്ചിട്ടുള്ളത്.
116 ഹെക്ടറുകൾ, ഏതാണ്ട് രണ്ട് ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള മോണാക്കോയിൽ, 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം 38.400 ആളുകൾ അധിവസിക്കുന്നുണ്ട്. ഇവരിൽ 31.500 പേരും, അതായത് എൺപത്തിയഞ്ച് ശതമാനം പേരും കത്തോലിക്കാരാണ്. അതിരൂപതാദ്ധ്യക്ഷന് പുറമെ, 19 ഇടവക വൈദികരും 8 സന്ന്യസ്തവൈദികരും, 2 സ്ഥിരം ഡീക്കന്മാരും 11 സന്ന്യസ്തകളും 45 അൽമായ മതാദ്ധ്യാപകരും ഈ രൂപതയ്ക്ക് കീഴിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്.
ഔദ്യോഗിക സ്വീകരണവും രാജകുമാരനുമൊത്തുള്ള കൂടിക്കാഴ്ചയും
രാവിലെ ഒൻപത് മണിയോടെ ഹെലിപ്പാഡിലെത്തിയ പാപ്പായെ ആൽബർട്ട് രണ്ടാമൻ രാജകുമാരനും ഷർലേൻ രാജകുമാരിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രതിനിധി സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. സ്വീകരണച്ചടങ്ങിന്റെ ഭാഗമായി 21 ആചാരവെടികളും ഗാർഡ് ഓഫ് ഓണറും ഉണ്ടായിരുന്നു.
തുടർന്ന് രാജകുടുംബം കൊട്ടാരത്തിലേക്ക് യാത്രയാകുകയും പരിശുദ്ധ പിതാവ്, അവിടെ പ്രമുഖ അതിഥികൾക്കായുള്ള ശാലയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. പിന്നീട് പരിശുദ്ധ പിതാവ് മൂന്ന് കിലോമീറ്ററുകൾ അകലെയുള്ള രാജകുമാരന്റെ കൊട്ടാരത്തിലേക്ക് കാറിൽ യാത്രയായി. 1191-ൽ സ്ഥാപിക്കപ്പെട്ട കോട്ടയായാണ് ഈ കെട്ടിടം പണിയപ്പെട്ടത്. പിന്നീട് വിവിധ കാലയളവുകളിൽ അറ്റകുറ്റപ്പണികൾക്കും മാറ്റങ്ങൾക്കും വിധേയമായ ഈ കെട്ടിടം അടുത്തിടെ എട്ട് വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് വിധേയമായിരുന്നു.
കൊട്ടാരത്തിന്റെ വാതിൽക്കൽ കാറിൽ എത്തിയ പാപ്പായെ രാജകുമാരനും രാജകുമാരിയും മക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേശീയഗാനാലാപനം സൈനിക ബഹുമതി തുടങ്ങിയവയും ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളും പാപ്പായെ കാത്തുനിന്നിരുന്നു.
2005 ഏപ്രിൽ 6-നാണ് ആൽബർട്ട് രണ്ടാമൻ രാജകുമാരൻ മോണാക്കോയുടെ പതിനാലാമത് പരമാധികാരിയായി സ്ഥാനമേറ്റെടുത്തത്. പ്രകൃതിപരിപാലനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അദ്ദേഹം, ആഗോളതാപനത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
രാജകൊട്ടാരത്തിന്റെ രണ്ടാം നിലയിൽ സ്വകാര്യകൂടിക്കാഴ്ച നടത്തിയ പരിശുദ്ധ പിതാവും രാജകുടുംബവും പരസ്പരം സമ്മാനങ്ങൾ കൈമാറി. പിന്നീട്, കൊട്ടാരത്തിന്റെ ബാൽക്കണിയിലെത്തിയ രാജകുമാരൻ പരിശുദ്ധ പിതാവിന് സ്വാഗതമേകി സംസാരിക്കുകയും, തുടർന്ന് പരിശുദ്ധ പിതാവ് ഏവരെയും അഭിസംബോധന ചെയ്ത് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു.
പ്രഭാഷണത്തിന് ശേഷം പ്രമുഖ അതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പുവച്ച പാപ്പാ, തുടർന്ന് രാജകുമാരനൊപ്പം കൊട്ടാരത്തിന്റെ താഴത്തെ നിലയിലെത്തി പോൾ മൂന്നാമൻ പാപ്പാ 1538-ൽ നടത്തിയ സന്ദർശനത്തിന്റെയും പിയൂസ് ആറാമൻ പാപ്പാ 1802-ൽ നടത്തിയ സന്ദർശനത്തിന്റെയും ചിത്രങ്ങൾ കണ്ടു. തുടർന്ന് അവിടെയുള്ള ചാപ്പലിൽ പ്രവേശിച്ച പാപ്പാ അല്പസമയം മൗനമായി പ്രാർത്ഥിച്ചു.
കത്തോലിക്കാസമൂഹവുമൊത്തുള്ള കൂടിക്കാഴ്ച
രാവിലെ പത്ത് നാല്പതോടെ പരിശുദ്ധ പിതാവ്, കൊട്ടാരത്തിന് തൊട്ടടുത്തുള്ള അമലോത്ഭവമാതാവിന്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് കാറിൽ യാത്രയായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം, കാർലോ മൂന്നാമൻ രാജകുമാരന്റെ ആഗ്രഹപ്രകാരം പണിചെയ്യപ്പെട്ടതാണ് ആയിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ളതും ഏറെ മനോഹരവുമായ ഈ ദേവാലയം.
ദേവാലയവാതിൽക്കലെത്തിയ പാപ്പായ്ക്ക് രണ്ടു കുട്ടികൾ പൂക്കൾ നൽകി. തുടർന്ന്, രാജകുമാരനും രാജകുമാരിയും, മോണാക്കോ അതിരൂപതാദ്ധ്യക്ഷനും, ഇടവകവികാരിയും ചേർന്ന് പാപ്പായെ സ്വീകരിച്ചു. ദേവാലയത്തിനുള്ളിലെത്തിയ പാപ്പായ്ക്ക് സ്വാഗതമേകി അതിരൂപതാദ്ധ്യക്ഷൻ സംസാരിച്ചു. തുടർന്ന് ദേവാലയത്തിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പരിശുദ്ധ പിതാവ് യാമപ്രാർത്ഥനകൾ ചൊല്ലുകയും, പ്രാർത്ഥനയുടെ അവസാനം രാജ്യത്തെ കത്തോലിക്കാസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു.
യുവജനങ്ങളും ക്രൈസ്തവാർത്ഥികളും
അമലോത്ഭവമാതാവിന്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിലെ സമ്മേളനം അവസാനിച്ച ശേഷം, പരിശുദ്ധ പിതാവ്, രാജ്യത്തെ യുവജനങ്ങളും ക്രൈസ്തവാർത്ഥികളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി അവിടെനിന്ന് രണ്ടു കിലോമീറ്ററുകൾ അകലെയുള്ള “സാന്ത ദെവോത്ത” ദേവാലയത്തിലേക്ക് കാറിൽ യാത്രയായി. ഡയക്ളീഷ്യൻ ചക്രവർത്തിയുടെ കാലത്ത് കൊല്ലപ്പെട്ട വിശുദ്ധ ദെവോത്തയുടെ പേരിലുള്ള ഈ ദേവാലയം 1070-കളിലുള്ള രേഖകളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. 1871-ൽ പുതുക്കി പണിയപ്പെട്ട ഈ ദേവാലയം 1887-ൽ ഇടവകയായി ഉയർത്തപ്പെട്ടു.
ദേവാലയത്തിന് മുന്നിലുള്ള ചത്വരത്തിലെത്തിയ പാപ്പായെ മോണാക്കോ അതിരൂപതാദ്ധ്യക്ഷനും, ഇടവക വികാരിയും (ഫാ. ആർസ് ഡൊമിനിക്) ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന ഗാനാലാപനത്തിന് ശേഷം, ആർച്ച്ബിഷപ്പ് പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി, യുവജനങ്ങളുടെ പ്രതിനിധികളായി രണ്ടു പേരും, ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടുപേരും സാക്ഷ്യം നൽകി. ഇതിനിടയിൽ പരമ്പരാഗതമായ നൃത്തപരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
പ്രഭാഷണം അവസാനിച്ചതിനെത്തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകി. അല്പസമയം കൂടി ഇടവകയിൽ ചിലവഴിച്ചശേഷം, ഇടവകയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അതിരൂപതാകേന്ദ്രത്തിലേക്ക് ഉച്ചഭക്ഷണത്തിനായി പന്ത്രണ്ടേമുക്കാലോടെ പരിശുദ്ധ പിതാവ് യാത്രയായി. ഒരുമണിയോടെ അതിരൂപതാമന്ദിരത്തിലെത്തിയ പാപ്പായെ അവിടെയുള്ള സമർപ്പിതരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
ലൂയി രണ്ടാമൻ സ്റ്റേഡിയത്തിലെ വിശുദ്ധ കുർബാന
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടരയോടെ മെത്രാസനമന്ദിരത്തിൽനിന്നും രണ്ടു കിലോമീറ്ററുകൾ അകലെ ഫോന്ത്വിയേയ് ഡിസ്ട്രിക്റ്റിലുള്ള ലൂയി രണ്ടാമൻ സ്റ്റേഡിയത്തിൽ, വിശുദ്ധ കുർബാനയർപ്പണത്തിനായി പാപ്പാ കാറിൽ യാത്ര തിരിച്ചു. 1922 മുതൽ 1949 വരെ ഭരിച്ചിരുന്ന ലൂയി രണ്ടാമന്റെ പേരിലുള്ള ഈ സ്റ്റേഡിയം 1939-ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. തുടർന്ന് 1985-ൽ പഴയ സ്റ്റേഡിയത്തിന് സമീപം പ്പണിത പുതിയ സ്റ്റേഡിയം പതിനെണ്ണായിരത്തിലധികം ആളുകളെ ഉൾക്കൊളളാൻ ശേഷിയുള്ളതാണ്. ഏതാണ്ട് പതിനയ്യായിരത്തോളം വിശ്വാസികൾ ഈ സ്റ്റേഡിയത്തിൽ പരിശുദ്ധ പിതാവ് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
courtesy : Vatican news
