സ്നേഹം നിറഞ്ഞവരെ, ഏവർക്കും ഈസ്റ്റർ തിരുനാളിൻ്റെ പ്രാർത്ഥനാ മംഗളങ്ങൾ,
നാൽപത് രാപ്പകലുകൾ നീണ്ടുനിന്ന വലിയ നോമ്പിന് സമാപനം കുറിച്ച്, പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനശ്വര സന്ദേശമായി ഈസ്റ്റർ വീണ്ടും കടന്നുവരുന്നു.
“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല. ഉയിർപ്പിക്കപ്പെട്ടു. ( ലൂക്കാ. 24: 5)
എല്ലാ തിന്മകളെയും പാപാവസ്ഥകളെയും പരാജയപ്പെടുത്തി, ജീവനിലേക്ക് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു, മരണത്തിന് മുകളിൽ ജീവൻ്റെ വിജയത്തെയാണ് ആഘോഷമാക്കുന്നത്. ഈസ്റ്റർ എന്നും പ്രത്യാശയുടെ ഉന്നത സന്ദേശമാണ് നമുക്ക് തരുന്നത്. ഈ ലോക ജീവിതത്തിന് സമാപനം കുറിക്കുന്ന മരണത്തെ പോലും ഭയം കൂടാതെ നേരിടുവാൻ ഈസ്റ്റർ നമ്മെ ശക്തിപ്പെടുത്തുന്നു. നിരാശയുടെ അന്ധകാരത്തിൽ നിന്നും പ്രത്യാശയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന ക്രിസ്തു അനുഭവമാണ് ഈസ്റ്റർ.
ഒപ്പം അത് പരിശുദ്ധ സ്നേഹത്തിൻ്റെ ആഴ മെന്തെന്ന് മനുഷ്യകുലത്തെ പഠിപ്പിക്കുന്ന ഉത്തമമായ ഒരു ഉപമയുമാണ്.സ്വന്തം സഹോദരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന ഉദാത്തമായ പാഠം ഉൾക്കൊണ്ട്, സ്നേഹത്തിൻ്റെ കരുതലായി മാറാനും ഉയിർപ്പ് ഞായർ നമ്മെ ഓർമിപ്പിക്കുന്നു.ലോകം എന്നും കാംക്ഷിക്കുന്ന സനാതന സമാധാനത്തിന്റെ മഹിമയെക്കുറിച്ചും ഈസ്റ്റർ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഉത്ഥിതനായ ക്രിസ്തു ലോകത്തിന് നൽകുന്ന സവിശേഷമായ സമ്മാനമാണ് സമാധാനം. യുദ്ധത്തിന്റെയും ചോര വീഴുന്ന പോരാട്ടങ്ങളുടെയും വാർത്തകൾ നിറയുന്ന ഈ കാലഘട്ടത്തിലാണ് ക്രിസ്തു യഥാർത്ഥ സമാധാനമായി നമുക്ക് മുൻപിലേക്ക് വരിക .മനുഷ്യർ തമ്മിൽ ആദരപൂർവ്വം ബഹുമാനിക്കുവാനും ഒപ്പം സഹിഷ്ണുതയും ക്രിസ്തീയ സഹനഭാവവും ജീവിതത്തിൽ പകർത്തുവാനും അങ്ങിനെ പുതിയആകാശവും പുതിയ ഭൂമിയും ഈ ലോകത്ത് സൃഷ്ടിക്കുവാനും ഈസ്റ്റർ പഠിപ്പിക്കുന്നുണ്ട്.രാജ്യങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സകലപോരാട്ടങ്ങളും അവസാനിക്കപ്പെടാനും അതുവഴി ഈ ലോകത്ത് സമാധാനം പുനസ്ഥാപിക്കപ്പെടാനും ഈസ്റ്റർ ആചരണം നമ്മെ സഹായിക്കട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുനാഥൻ നമ്മെ ശക്തിപ്പെടുത്തട്ടെ. ഏവർക്കും ഈസ്റ്റർ ദിനത്തിൻ്റെ സ്നേഹമംഗളങ്ങൾ നേരുന്നു.

