ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.
പ്രത്യാശയാണ് ഈസ്റ്ററിന്റെ പ്രധാന സന്ദേശം. ഇന്നത്തെ ലോകം അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും നിറഞ്ഞു നിരാശയിൽ നിപതിക്കുമ്പോൾ ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നത് ദുഃഖത്തിനും ഇരുട്ടിനും അപ്പുറം ഒരു പുതിയ വെളിച്ചമുണ്ട് എന്നതാണ്. ജീവിതത്തിലെ പരാജയങ്ങളും വേദനകളും നമ്മെ തളർത്തുമ്പോൾ ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മാതൃക നമ്മെ വീണ്ടും ഉയർന്നുനിൽക്കാൻ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ മാധ്യമസ്വാധീന സാഹചര്യങ്ങളിൽ ഈസ്റ്ററിന് വളരെ വലിയ പ്രസക്തിയുണ്ട്.
മനുഷ്യമനസ്സിന്റെ വ്യക്തിജീവിതത്തിലെ അകൽച്ചയും, സ്വാർത്ഥതയുടെയും, സംഘർഷങ്ങളുടെയും അതിപ്രസരവും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈസ്റ്റർ സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം നൽകുന്നു. മറ്റുള്ളവരെ മനസ്സിലാക്കാനും, ക്ഷമിക്കാനും, ഒത്തൊരുമയോടെ ജീവിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു.
ഈസ്റ്റർ നമ്മെ ഒരു ആത്മപരിശോധനയിലേക്ക് ക്ഷണിക്കുന്നു. ശരിയും തെറ്റും തിരിച്ചറിഞ്ഞു ശരിയിൽ ഉറച്ചുനിൽക്കാനുള്ള വൈഭവമാണ് ഉയിർത്തെഴുന്നേല്പ് സമ്മാനിക്കുന്നത്. ഈസ്റ്റർ സന്തോഷത്തിന്റെയും പുതുജീവിതത്തിന്റെയും തിരുനാളാണ്. ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ കൂടുതൽ പ്രത്യാശയും ശരിയായ ലക്ഷ്യവും കണ്ടെത്താൻ ഈ ദിനം പ്രചോദനമാകട്ടെ. ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ…

