
ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം
ആകുലപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യബോധത്തിലേക്ക് നമ്മള് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്താണത്? പതിറ്റാണ്ടുകളായി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിച്ചിരുന്ന അന്താരാഷ്ട്ര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തകര്‍ച്ചയെ അംഗീകരിക്കുക എന്നതാണത്. ഇറാന്-ഇസ്രായേല്‍-അമേരിക്ക യുദ്ധം നടക്കുന്നു, റഷ്യ-യുക്രൈന് യുദ്ധം തുടരുന്നു, പാക്കിസ്ഥാന്-അഫ്ഗാനിസ്ഥാന് യുദ്ധം ആരംഭിച്ചിരിക്കുന്നു. എവിടെ ഐക്യരാഷ്ട്ര സംഘടന? എവിടെ സമാധാനത്തിന്റെ വക്താക്കള്‍ ആകേണ്ടവര്‍? നോക്കുക, ഈ യുദ്ധങ്ങളും ബലപ്രയോഗങ്ങളും ഏറ്റവും ക്രൂരമായ അധികാര രാഷ്ട്രീയത്തിന്റെ യുഗത്തിലേക്ക് മടങ്ങാനുള്ള അപകടസാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഡോണള്‍ഡ് ട്രംപിനെ പോലുള്ള അധികാരികള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ആ സംഘര്‍ഷങ്ങളെ സ്റ്റേറ്റ് ഓഫ് എക്സപ്ഷന് ആക്കി മാറ്റി, നിയമപരമായ തന്റെ പരിമിതികളെ റദ്ദാക്കി, സ്വയം പരമാധികാരിയായി അവരോധിക്കുന്ന കാഴ്ചയാണ് നമ്മള് ഈ ദിനങ്ങളില്‍ കാണുന്നത്. ഇത്തരമൊരു സന്ദര്‍ഭം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലും വ്യക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. എങ്ങനെയാണത് സംഭവിക്കുന്നത്? പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തിന്റെയും സ്വരങ്ങളെ അടിച്ചമര്‍ത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണസംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളെ പോലും നിയമവിരുദ്ധമാക്കുന്ന ദേശഭ്രാന്തും വിവരാവകാശങ്ങളില്‍ കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥ പൈശാചികതയും എല്ലാം ആഭ്യന്തര തലങ്ങളില്‍ അധികാരികള്‍ ജനങ്ങളോട് ചെയ്യുന്ന യുദ്ധമുറകളാണ്.
സാമ്പത്തിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കുകയും, ജിയോ പൊളിറ്റിക്സിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി സ്വന്തം ജനങ്ങളുടെ കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കുന്ന മോദിയുടെ ഭരണവും ഏറ്റവും ക്രൂരമായ അധികാര രാഷ്ട്രീയത്തിന്റെ യുഗത്തിലേക്കാണ് നമ്മെയും കൂട്ടിക്കൊണ്ടുപോകുന്നത് എന്ന കാര്യം നമ്മള് അറിയുന്നില്ല.
നമ്മുടെ രാജ്യത്ത് പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതയും വ്യാപ്തിയും നമ്മുടെ പ്രതികരണശേഷിക്ക് അതീതമാണെന്നാണ് തോന്നുന്നത്. വര്‍ഗീയതയ്ക്ക് മതപരമായ വ്യാഖ്യാനം നല്കുന്ന ബിജെപിയുടെ കോര്‍പ്പറേറ്റ് രാഷ്ട്രീയം ജനാധിപത്യ സംവിധാനത്തിലെ അസഹനീയമായ ഒരു പോരായ്മയാണ്.
നോക്കുക, വളരെ കൃത്യതയോടെ നിശബ്ദമാക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംരക്ഷണത്തിനായുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസ്ഥിരത, തകര്‍ച്ചയെക്കുറിച്ചുള്ള ഭയം, വ്യാപകമായ ഭീഷണികളെക്കുറിച്ചുള്ള ധാരണ എന്നിവയെ അഭിമുഖീകരിക്കുമ്പോള്‍, വെറും വോട്ടര്‍മാര്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന അവര്‍ സുരക്ഷ, ക്രമം, സ്വത്വം എന്നിവ തേടുന്നു. അങ്ങനെ രാഷ്ട്രീയ നിയമസാധുതയുടെ പുതിയ അടിത്തറയായി സംരക്ഷണം മാറുന്നു. സുരക്ഷ തേടി തീവ്രവലതുപക്ഷത്തേക്ക് ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍, ചായുമ്പോള്‍ എന്തായിരിക്കും ഇനി അവര്‍ക്ക് ലഭിക്കാന്‍ പോവുക? സ്വാതന്ത്ര്യങ്ങളുടെ വെട്ടിക്കുറവ്, ഏകാധിപതിയുടെ അധികാര കേന്ദ്രീകരണം, കഠിനവല്ക്കരിക്കപ്പെട്ട സ്വേച്ഛാധിപത്യം തുടങ്ങിയവയായിരിക്കും അത്. നിലവില്‍ മലയാള മണ്ണിലേക്കും വേരാഴ്ത്തുവാന് ശ്രമിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ ലക്ഷ്യവും ഇവതന്നെയാണ്.
തീവ്രവലതുപക്ഷ പാര്‍ട്ടിയിലേക്കുള്ള ക്രൈസ്തവരുടെ ക്രമാനുഗതമായ പലായനം കേരള സമൂഹത്തിന്റെ മാനസിക സാമൂഹിക ഘടനയെ ക്രമേണ മാറ്റിമറിക്കും എന്നത് ഏതു കുഞ്ഞിനും അനുമാനിക്കാവുന്ന കാര്യമാണ്. ഈ അവസരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍, ഡയട്രിച്ച് ബോണ്‍ഹോഫറിന്റെ ചില ചിന്തകള്‍ വീണ്ടും പരിശോധിക്കുന്നത് പ്രയോജനകരമായിരിക്കും. അദ്ദേഹം നാസികളുടെ തടവില്‍ കഴിയുമ്പോള്‍ എഴുതിയ കുറിപ്പുകള്‍ അറിയപ്പെടുന്നത് ‘ലെറ്റേഴ്സ് ആന്‍ഡ് പേപ്പേഴ്സ് ഫ്രം പ്രിസണ്‍’ എന്നാണ്. അതില്‍ അദ്ദേഹം പറയുന്നുണ്ട്; വിദ്വേഷമല്ല സ്വേച്ഛാധിപത്യ അധികാരത്തിലെ ഏറ്റവും വലിയ അപകടം, അവര്‍ പ്രചരിപ്പിക്കുന്ന മണ്ടത്തരങ്ങളാണ്. അവരുടെ മണ്ടത്തരങ്ങളില്‍ വിശ്വസിക്കുക എന്നത് കേരളത്തിലെ ക്രൈസ്തവ ബൗദ്ധികതയുടെ ഒരു പോരായ്മയല്ല, മറിച്ച് വിവേചനശേഷിയുടെ നഷ്ടമായിട്ടാണ് ഈയുള്ളവന് മനസ്സിലാക്കുന്നത്.
കേരള സ്റ്റോറി, ബംഗാള്‍ സ്റ്റോറി, കാശ്മീര്‍ ഫയല്‍, ദുരന്തര്‍ തുടങ്ങിയ പ്രോപഗാണ്ടാ ചലച്ചിത്രങ്ങളും സ്വേച്ഛാധിപത്യത്തിന്റെ സ്തുതിപാഠകരായ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നത് യുക്തിവാദങ്ങളല്ല, മുദ്രാവാക്യങ്ങളാണ്. അവര്‍ ചിന്തിക്കാന്‍ നമ്മളെ അനുവദിക്കുന്നില്ല, സമയം തരുന്നില്ല, മറിച്ച് നിരന്തരം വിദ്വേഷങ്ങള്‍ ആവര്‍ത്തിക്കുന്നു. അവരെ വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നില്ല, പക്ഷേ അനുരൂപപ്പെടാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നു. എല്ലാറ്റിനുമുപരി, അവര്‍ മാത്രമാണ് ശരിയെന്ന് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
കേരളത്തിലെ ക്രൈസ്തവ പൊതുമണ്ഡലത്തിന്റെ ക്രമാനുഗതമായ ശിഥിലീകരണത്തിലൂടെയാണ് വര്‍ഷങ്ങളായി തീവ്രവലതുപക്ഷ രാഷ്ട്രീയം അതിന്റെ അടിത്തറ ഒരുക്കിയിരിക്കുന്നത്. കാസ എന്ന സംഘടന അതിനായി നല്ലപോലെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, അടുത്തിടെ വന്ന കൃത്രിമബുദ്ധി സംവിധാനങ്ങളാല്‍ ഉണ്ടായ ആശയവിനിമയ വിസ്ഫോടനമെല്ലാം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി. വീണ്ടും ബോണ്‍ഹോഫറിന്റെ ചിന്തകളെ കടമെടുക്കുകയാണ്: ‘ചില ചരിത്ര ഘട്ടങ്ങളില്‍, മണ്ടത്തരം ഒരു വ്യക്തിഗത സ്വഭാവമായി മാറുകയും അധികാരത്താല്‍ പ്രേരിതമായ ഒരു സാമൂഹിക പ്രതിഭാസമാകുകയും ചെയ്യും.’ ഇതാണ് ഇന്ന് കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളുടെ ഇടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തീവ്രവലതുപക്ഷ രാഷ്ട്രീയവാദികള്‍ പൂര്‍ണ്ണ സംരക്ഷണം വാഗ്ദാനം ചെയ്തുകൊണ്ട്, സ്വന്തം വിവേചനാധികാരം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സംവിധാനത്തിലേക്ക് ക്രൈസ്തവരെ ലയിപ്പിക്കുകയാണവര്.
ഇത് നമ്മുടെ വിവേചനാധികാരത്തെ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ലളിതമായി അവരെ അനുസരിക്കുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ അവരുടെ മണ്ടത്തരം നമ്മുടെ രാഷ്ട്രീയ ആസ്തിയായി മാറും. ഈ കാരണത്താലാണ് മണ്ടത്തരത്തിനെതിരെ നമ്മള് ഏതാണ്ട് പ്രതിരോധമില്ലാത്തവരാകുന്നത്. കാരണം, വിഡ്ഢികളുടെ ആത്മവിശ്വാസത്തിന് വിമര്‍ശനത്തെ അഭിമുഖീകരിക്കാന്‍ സാധിക്കില്ല.
വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയിലാണ് മലയാളമണ്ണില്‍ മറ്റൊരു തിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. കേരളത്തിന്റെ വരുമാനസ്രോതസായ ഗള്‍ഫ് മേഖലയിലെ യുദ്ധത്തിന്റെ തിരിച്ചുവരവ്; പാരിസ്ഥിതിക പ്രതിസന്ധി; അജ്ഞാതമായ തലങ്ങളിലേക്ക് ത്വരിതപ്പെടുന്ന ഡിജിറ്റല്‍ വിപ്ലവം; പരസ്പര വിശ്വാസത്തെ ഇല്ലാതാക്കുന്ന സാമൂഹിക അസമത്വം തുടങ്ങിയവയെല്ലാം നമ്മുടെ മുന്നിലെ അനിശ്ചിതത്വങ്ങളാണ്.
ഈ സാഹചര്യത്തില്‍, വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം. ആ ബന്ധത്തില്‍ അധിഷ്ഠിതമായ സാമൂഹിക ബന്ധങ്ങളും കടമകളും രൂപപ്പെടണം. അവ പിന്നീട് വോട്ടുകളായി ബാലറ്റ് പെട്ടികളില്‍ നിറയുകയും വേണം. നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ബന്ധമില്ലാതായാല്‍ സ്വമേധയാ ഉള്ള അടിമത്തത്തിലേക്കായിരിക്കും കാലം നമ്മെ വിധിക്കുവാന്‍ പോകുന്നത്.

