ഡോ. മേരിദാസ് കല്ലൂര്‍
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ഈസ്റ്ററിനുമുമ്പുള്ള നോമ്പുകാലത്ത് (lent) ദേവാസ്ത് വിളിക്കുന്ന രാത്രികളില്‍ തെരുവുകളിലൂടെ ഏറ്റവും മുന്നില്‍ മെഴുകുതിരി കത്തിച്ചുപിടിച്ചയാള്, അതിനുപിന്നില്‍ മറ്റ് സംഘാംഗങ്ങള്‍ എന്നീ ക്രമത്തില്‍ വരിവരിയായിട്ടാണ് വിളിക്കാര് നീങ്ങുക. ചിലയിടങ്ങളില്‍ മെഴുകുതിരി വഹിക്കുന്നയാള്‍ക്കു മുന്നിലായി റാന്തല്‍ വിളക്കുമായി ഒരു വഴികാട്ടിയുണ്ടാകും. കുറഞ്ഞത് നാലുപേരെങ്കിലും ഈ സംഘത്തില്‍ ഉണ്ടാകണം. ഒഴിഞ്ഞ പറമ്പ്, പുഴതീരം, കടല്‍തീരം, രോഗികളുള്ള വീടുകള്‍, അനിഷ്ടസംഭവങ്ങളോ അസ്വഭാവിക മരണങ്ങളോ നടന്ന വീടുകള്‍, പൈശാചികബാധയുടെ ലക്ഷണങ്ങളുള്ളതായി കരുതപ്പെടുന്ന വീടുകള്‍, സെമിത്തേരി തുടങ്ങിയ ഇടങ്ങളിലൊക്കെ ദേവാസ്ത് വിളി നടക്കും. രാത്രി 10 മണി മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള സമയത്താണ് കൂടുതലും ഈ വിളി നടത്താറ്.
ദൈവനാമത്തില്‍ ദുഷ്ടാരൂപികളെയും അനിഷ്ടസംഭവങ്ങളെയും അകറ്റുന്ന മന്ത്രമെന്നാണ് ദേവാസ്തിനെക്കുറിച്ച് വ്യാപകമായിട്ടുള്ള ഒരു ധാരണ. അനിഷ്ടസംഭവങ്ങള്‍ നടന്നതോ, ഏതെങ്കിലും തരത്തിലുള്ള ബാധശല്യമുണ്ടെന്ന് കരുതപ്പെടുന്നതോ ആയ വീടുകളില്‍ ദേവാസ്ത് വിളിച്ചാല്‍ അവിടെ സമാധാനവും ശാന്തിയും കൈവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മിക്കവാറും അര്‍ദ്ധരാത്രിയോടടുത്ത്, പൈശാചികശക്തികള്‍ ഇറങ്ങി വിഹരിക്കുന്ന സമയമാണത് എന്ന ധാരണയില്‍, ലോകത്തിന്റെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്, നീണ്ട നിലവിളിപോലെയുള്ള ഇടിവെട്ടു ശബ്ദത്തിലാണ് ദേവാസ്തവിളി. ഉയര്ന്നധ്വനിയില് വാങ്ക് വിളി മട്ടിലുള്ള ഒച്ചയില്‍, ഗാഢനിദ്രയിലായിക്കഴിഞ്ഞവരുടെ ശാന്തമായ ഉറക്കത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് ഈ വിളി മുഴങ്ങും. തങ്ങളെ ദൈവകരങ്ങള്‍ താങ്ങുന്നുണ്ടെന്ന് അവരെയൊക്കെ ഈ വിളിയൊച്ചകള്‍ സമാധാനിപ്പിക്കുന്നുണ്ടാവാം.
യേശുവിന്റെ പീഡാനുഭവമരണം, അന്ത്യവിധി, ജീവിതരീതിക്കനുസരിച്ച് അന്ത്യവിധിക്കു ശേഷം മനുഷ്യന് ലഭിക്കുന്ന സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം, ശുദ്ധീകരണസ്ഥലമായ വെസ്പൃക്കാനയിലെ ആത്മാക്കള്‍ തുടങ്ങിയ കാര്യങ്ങളാണ് ദേവാസ്തില് പ്രതിപാദിക്കപ്പെടുന്നത്. പോര്‍ച്ചുഗീസ് മിഷണറിയായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചിയില്‍വച്ചാണ് ഇത് രചിച്ചതെന്ന് കരുതപ്പെടുന്നു.
വിലാപഗീതങ്ങള്‍, നാടകങ്ങള്‍
മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ പലയിടത്തും വിലാപപ്രധാനമായ ഇത്തരം ഗീതങ്ങള്‍ ക്രിസ്തീയസമൂഹങ്ങള്ക്ക് മാര്ഗ്ഗദര്ശകമായ രീതിയില്‍ രചിക്കപ്പെട്ടിരുന്നു. അനുഷ്ഠാനപരമായ വിലാപം (a keening) എന്ന ഐറിഷ് വിലാപ പാരമ്പര്യത്തിന് ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ട്. Canones Hibernenses വിലാപത്തെ ഒരു മാതൃകയായി അവതരിപ്പിക്കുന്നു. Tirechan ഏഴാം നൂറ്റാണ്ടില്‍ എഴുതിയ മൃതസംസ്കാര ശേഷക്രിയാവിവരണത്തിലും Blathmac എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിയ ഭക്തി (devotional) രചനയിലും വിലാപത്തെ ക്രിസ്തുപീഡാനുഭവത്തിന്റെ കാവ്യാത്മകഭാഷ്യം ചമയ്ക്കാന്‍ ഉപയോഗിച്ചു. വിലാപത്തെ പാപങ്ങളുടെമേലുള്ള ഒരു തരം പ്രായശ്ചിത്ത ഇടപെടലാക്കുകയായിരുന്നു ഈ പാരമ്പര്യങ്ങളൊക്കെ. ദേവാസ്ത് പോലുള്ള വിലാപാനുഷ്ഠാനുങ്ങള് ഇത്തരം പാരമ്പര്യങ്ങളെ പിന്തുടരുകയായിരുന്നു എന്നുവേണം കരുതാന്‍. പോളിഷ് നോമ്പുകാലത്തെ വിലാപ ആലാപനങ്ങള്‍ വേദനാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ഈ അനുഷ്ഠാനം പതിനാറാം നൂറ്റാണ്ടിലാണ് പൂര്ണ്ണരൂപത്തിലെത്തിയത്. ദേവാസ്ത് രൂപംകൊണ്ടതും പതിനാറാം നൂറ്റാണ്ടിലായിരുന്നല്ലോ.
മധ്യകാല മതനാടക അനുഷ്ഠാനങ്ങള്‍ യേശുവിന്റെ പീഡാനുഭവം, മരണം, ഉയിര്‍പ്പ് എന്നീ പ്രയോഗങ്ങള്‍ ഉപയോഗിച്ച് വിലാപപ്രധാനമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. മേരിമഗ്ദലനയുടെ പശ്ചാത്താപം, കന്യകാമേരിയുടെ അവസാന അത്താഴവിലാപങ്ങള് തുടങ്ങിയവ യേശുവിന്റെ പീഡാനുഭവത്തെപ്പോലെതന്നെ കാവ്യാത്മകമായ വിലാപരൂപത്തിലായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ജര്‍മ്മന്‍, ചെക്ക് നാടകങ്ങളില്‍ ലൂസിഫറിന്റെ പതനം, മനുഷ്യന്റെ വീഴ്ച, അന്ത്യവിധി (Last Judgment), എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ അനുതാപമുണര്ത്തുംവിധം വിലാപസാന്ദ്രമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്.
ദേവാസ്തില് അന്ത്യവിധിയോടു ചേര്‍ത്തുള്ള മുന്നറിയിപ്പുവിലാപങ്ങള്ക്ക് ഈ പാരമ്പര്യത്തോട് ഒരു വിദൂരകടപ്പാടുണ്ട്. ഫ്രാന്‍സിലെയും ഫ്ളാന്റേഴ്സിലെയും ആദ്യകാല പീഡാനുഭവ അവതരണങ്ങള്‍, പതിമൂന്നാം നൂറ്റാണ്ടിലെ നാട്യേതര കാവ്യാഖ്യാനമായ Passion des jongleurs 15ാം നൂറ്റാണ്ടിലെ തുടക്കത്തിലെ Confreriede la passion എന്നീ പീഡാനുഭവനടനങ്ങള്, ബൊഹീമിയന്‍ നടനമായ St. Edgar passion, മറ്റൊരു വിലാപപ്രധാന നടനമായ Viena Passio എന്നിവയും ദേവാസ്തിനു വളരെ മുമ്പേ യൂറോപ്പിലുണ്ടായ വിലാപ പാരമ്പര്യാനുഷ്ഠാനങ്ങള്ക്ക് ഉദാഹരണങ്ങളാണ്.
യൂറോപ്പിലെ മറ്റൊരു നോമ്പുകാല വിലാപാനുഷ്ഠാനമായിരുന്നു ‘ജറമിയയുടെ വിലാപങ്ങള്‍.’ ബൈബിളിലെ ‘വിലാപങ്ങളുടെ പുസ്തക’ത്തെ അടിസ്ഥാനമാക്കി ഒരാള്‍ പാടുകയും ഒരു സംഘം അതേറ്റുപാടുകയും ചെയ്യുന്ന രീതിയിലായിരുന്നു ഇത്. ശബ്ദനിയന്ത്രണങ്ങളിലൂടെ തീവ്രവൈകാരികത പ്രകടിപ്പിച്ചുകൊണ്ടുള്ള പീഡാനുഭവ ആലാപനം (Passion chat) സങ്കടവും അനുതാപവും വിലാപരീതിയില് പ്രകടിപ്പിക്കുന്ന ‘Plain song’ പോലുള്ള ആലാപനങ്ങള്‍ എന്നിവയൊക്കെ ‘ജറമിയയുടെ വിലാപങ്ങള്‍’ പോലെ തപസ്സുകാലത്തെ അനുതാപസ്വഭാവം പ്രകടമാക്കും വിധമുള്ള ആത്മശോധനാപരത ഉള്‍ക്കൊള്ളുന്ന അനുഷ്ഠാനങ്ങളായിരുന്നു. ദേവാസ്ത് രചനയ്ക്കു പിന്നിലുള്ളതും ഇത്തരം ആത്മശോധനയുണര്ത്തലാണെന്നു കരുതാം.
ഭൗതികസമ്പന്നതയുടെ ഭോഷത്വത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ‘അനുതാപ തിങ്കള്‍’ (Shrove Monday) പ്രദക്ഷിണം യൂറോപ്പില്‍ പഴയകാലംതൊട്ടേ ഉള്ളതാണ്. മനുഷ്യന്റെ തിന്മകള്, പാപങ്ങള്‍, രോഗങ്ങള്‍ എന്നിവയെയൊക്കെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടിയും വേഷങ്ങളും ധരിച്ചവര്‍ നഗരകവാടത്തിലെത്തുന്ന ഈ പ്രദക്ഷിണത്തില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെയാണ് ആളുകള്‍ പങ്കെടുത്തിരുന്നത്. ചാവുദോഷ, ദുശ്ശീലത്തഴക്കങ്ങളെയും മനുഷ്യജീവിതത്തിലെ സന്തോഷസന്താപങ്ങളെയുമൊക്കെ ഈ വേഷങ്ങള്‍ അനുസ്മരിപ്പിച്ചിരുന്നു.
താക്കീതുപ്രദക്ഷിണങ്ങള്
Iberian peninsula യിലെ രാജ്യങ്ങളായ പോര്‍ച്ചുഗല്‍, സ്പെയിന് എന്നിവിടങ്ങളിലെ വിലാപപ്രധാനമായ തപസ്സുകാല (lent) അനുഷ്ഠാനങ്ങളും ദേവാസത് പഠനവിധേയമാക്കുമ്പോള്‍ പ്രസക്തമായവയാണ്. തപസ്സുകാലത്തിന് തൊട്ടുമുമ്പ് എ.ഡി. 1200 തൊട്ടേ പോര്‍ച്ചുഗലില്‍ അനുതാപപ്രവാഹം എന്നപേരില്‍ ഒരു നോമ്പുകാലപൂര്വ്വ (pre Lenten) അനുഷ്ഠാനമുണ്ടായിരുന്നു. രാക്ഷസന്മാരുടെയും മൃഗങ്ങളുടെയും ദുഷ്ടാരൂപികളുടെയുമൊക്കെ മുഖംമൂടി ധരിച്ചുകൊണ്ടുള്ള താക്കീതുപ്രദക്ഷിണങ്ങളായിരുന്നു അവ. ദേവാസ്തവിളിയിലും ജീവിതത്തിന് ഒരു താക്കീത് അടങ്ങിയിട്ടുണ്ടല്ലോ.
ചുവന്ന തൊങ്ങലുള്ള ഒരുതരം ഉടുപ്പും തോലിന്റെയോ ലോഹത്തിന്റെയോ മുഖംമൂടിയും ധരിച്ച് Caretos ആയി വേഷമിടുന്നവര്‍, സ്ഥൂലചൊവ്വ (Fat Tuesday) AYhm Mardigras എന്നറിയപ്പെടുന്ന ദിവസത്തില്‍ ചാടിമറിഞ്ഞും അലറിവിളിച്ചു കൊണ്ട് ഗ്രാമങ്ങളിലൂടെ രാത്രി കടന്നുപോകുന്ന അനുഷ്ഠാനവും പോര്‍ച്ചുഗീസ് തപസ്സുകാല പാരമ്പര്യത്തിലുണ്ട്. ദേവാസ്ത് വിശുദ്ധവാര രാത്രികളുടെ ശാന്തതയെ ഭഞ്ജിച്ചുകൊണ്ടാണല്ലോ നടത്തപ്പെടുന്നത്.
പുരാതനമായ പോര്‍ച്ചുഗീസ് വിലാപപാരമ്പര്യത്തിന്റെ ഭാഗമാണ് പീഡാനുഭവ വാര നിലവിളി. ബ്രാഗയിലെ (Braga) തെരുവുകളിലൂടെ കണ്ണ് മാത്രം പുറത്തുകാണാവുന്ന കറുത്ത പര്‍ദ്ദപോലുള്ള വസ്ത്രം ധരിച്ച Farricos എന്ന നഗ്നപാദരായ നടത്തക്കാര്‍ നയിക്കുന്ന പ്രദക്ഷിണവും പോര്‍ച്ചുഗീസ് തപസ്സുകാലപാരമ്പര്യത്തിന്റെ ഭാഗമാണ്. കോലില്‍ പിടിപ്പിച്ച വിലയ കിലുക്കുപെട്ടി കിലുക്കികൊണ്ടും പൈന്‍ കോണുകള്‍ കത്തിച്ച Fogareus വിളക്കുകള്‍ പിടിച്ചുകൊണ്ടും നടത്തുന്ന ഒരു നിലവിളി പ്രദക്ഷിണമാണിത്. ദേവാസ്ത്തിലെ മണി കിലുക്കവും നിലവിളിപോലുള്ള നീണ്ട വിളിയും ഇതോട് ചേര്‍ത്ത് വായിക്കപ്പെടണം.
പോര്‍ച്ചുഗലിലെ Sardoal എല്ലാ തെരുവുവിളക്കുളും കെടുത്തികൊണ്ട് വിഷാദവും ഭീതിയും ഉണര്‍ത്തുന്ന Procession of Lanterns വിലാപപ്രദക്ഷിണവും അനുതാപവും പാപഭയവും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
സ്പെയിനിലെ Gerona എന്ന സ്ഥലത്ത് എല്ലാ വിശുദ്ധവാര വ്യാഴദിവസവും നടക്കുന്ന ഒരനുഷ്ഠാനമാണ് മരണത്തിന്റെ നൃത്തം (Danza de la muerte). അസ്ഥികൂടരൂപത്തിലുള്ള വസ്ത്രം ധരിച്ച അഞ്ചുപേര്‍ പട്ടണത്തിലൂടെ സഞ്ചരിച്ചുകൊണ്ടും വിലപിച്ചുകൊണ്ടും കാണുന്നവരില്‍ ഭീതി ജനിപ്പിക്കുകയാണ് ഇതിന്റെ രീതി. ഇത് നിത്യമരണം എന്ന ദുരവസ്ഥയെക്കുറിച്ചുള്ള താക്കീതും ഓര്‍മ്മപ്പെടുത്തലും ഉദ്ദേശിച്ചുള്ള വിലാപാനുഷ്ഠാനമാണ്.
രാത്രിയിലെ ദേവാസ്ത് വിളിയും ഇതിന് സമാനമായി പലരിലും ഭീതിയുണര്ത്താറുണ്ടല്ലോ. ഭീതിയിലൂടെയാണെങ്കിലും അതുവഴി ആത്മശോധനയിലേക്കും അനുതാപത്തിലേക്കും നയിക്കുക എന്നതാണ് ദേവാസ്ത് ഉള്‍പ്പെടെയുള്ള ഇത്തരം അനുഷ്ഠാനങ്ങളുടെ ലക്ഷ്യം എന്നു വേണം കരുതാന്‍. ഇതൊക്കെ അനുഷ്ഠാനകലാവതരണങ്ങള് എന്നതിനൊപ്പം ക്രിസ്തീയസഭ എല്ലാ വിശ്വാസികള്‍ക്കുമായി നല്കുന്ന പാഠങ്ങള്‍ കൂടിയാണിത്.
രൂപം നല്‍കിയത് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
1542ല്‍ ഗോവയില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് സേവ്യറിന്റെ യാത്രകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലേക്കും നീണ്ടിരുന്നു. അനുഷ്ഠാനങ്ങളില്‍ കൃത്യമായ മതജ്ഞാനമുള്ള ഒരു ആത്മീയനേതൃത്വത്തിന്റെ അഭാവം 16-ാം നൂറ്റാണ്ടിലെ കേരളീയ ക്രിസ്തീയ സമൂഹത്തിലുണ്ടായിരുന്നു. ക്രിസ്ത്യാനികളായി തീര്ന്നിരുന്നവര് ഇതരസമൂഹങ്ങള്ക്കിടയിലുണ്ടായിരുന്ന ജാതകം, മന്ത്രവാദം, ഗോത്രപരവും മതപരവുമായ ദേവതാപ്രീണനം, ബാധോച്ചാടനം തുടങ്ങിയവയിലും അവരുടെ അനുഷ്ഠാനകലകളിലും ആകൃഷ്ടരായിരുന്നു. ക്രിസ്തീയസമൂഹത്തിനാകട്ടെ ഇത്തരം തനത് അനുഷ്ഠാനകല ഇല്ലായിരുന്നു. അവര്‍ക്ക് സ്വന്തം മതവിശ്വാസത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ പകര്‍ന്നു കൊടുക്കവേ, ഈയൊരു സാഹചര്യം ഫ്രാന്‍സിസ് സേവ്യര്‍ കണക്കിലെടുത്തു കാണും.
പ്രസ്തുത സാഹചര്യത്തില്‍ പരിവര്‍ത്തിത ക്രിസ്തീയ സമൂഹത്തിനായി ശുദ്ധആരാധനക്രമത്തില് പെടാത്ത ഒരു അനുഷ്ഠാനരൂപം വേണമെന്നും തോന്നിച്ചതിന്റെ ഫലമായിട്ടാവണം യൂറോപ്പിന്റെ വിവിധ തപസ്സുകാല അനുഷ്ഠാന അവതരണങ്ങളില്‍ നിന്നുകൂടി പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ദേവാസ്ത് എന്ന സംഗീത, ആലാപന, ലഘുതാള പ്രധാനമായ സമൂഹാനുഷ്ഠാനത്തിന് ഫ്രാന്‍സിസ് സേവ്യര്‍ രൂപം കൊടുത്തത്. ജാതിസമ്പ്രദായത്തിന്റെ ഫലമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാരായ ജനവിഭാഗങ്ങള്‍, പ്രത്യേകിച്ചും ഫ്രാന്‍സിസ് സേവ്യറിന്റെ സഞ്ചാരവഴിയില്‍ കണ്ടെത്തിയവര്‍, അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിലേക്കും വ്യക്തിത്വത്തിലേക്കും ആകൃഷ്ടരാകുകയും മതപരിവര്‍ത്തനത്തിലൂടെ ശാക്തീകരിക്കപ്പെട്ടവരായിത്തീരുകയും ചെയ്തു.
അവര്‍ക്കുവേണ്ടി കൂടിയാകണം ഫ്രാന്‍സിസ് സേവ്യര്‍ ദേവാസ്ത് രചിച്ചത്.
പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ട മൂലകൃതിക്ക് സംസ്കൃതപദബഹുലതയുള്ള വലിയ ദേവാസ്ത്, പച്ചമലയാളത്തിന്റെ ലാളിത്യമുള്ള ചെറിയ ദേവാസ്ത് എന്നിങ്ങനെ രണ്ട് പരിഭാഷകളാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളത്. Deocao എന്ന പോര്‍ച്ചുഗീസ് പദമാണ് തര്‍ജ്ജിമയില്‍ ദേവാസ്ത് ആയത്. ഭക്തി (Devotion), ഭക്താഭ്യാസം എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം.
ശക്തവും തീക്ഷ്ണവുമായ പ്രതിപത്തി, മതപരമായ വണക്കം, ധാര്‍മ്മികത, മതശുഷ്കാന്തി എന്നൊക്കെക്കൂടി ഈ വാക്കിന് അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നു. Devovotio എന്ന ലത്തീന്‍ പദത്തിന്റെ ഹൃസ്വ രൂപമായ Devotio യില്‍നിന്നാണ് Deocao എന്ന പോര്‍ച്ചുഗീസ് പദം രൂപപ്പെട്ടതത്രേ. വാഗ്ദാനം ചെയ്യുക, ശപഥം ചെയ്യുക, സമര്‍പ്പിക്കുക എന്നൊക്കെ Devotio-യ്ക്ക് അര്‍ത്ഥമുണ്ട്. ‘ദേ’, ‘വാസോ’ എന്നീ വാക്കുകളില്‍നിന്നാണ് ദേവോസം, ദേവാസ്ത് എന്നീ പദങ്ങളുണ്ടായതെന്നാണ് മറ്റൊരു ഭാഷ്യം.
(ബാധ) ഒഴിപ്പിക്കല്‍, ഇല്ലാതാക്കല്‍, നിര്‍വീര്യമാക്കല്‍ എന്നീ അര്‍ത്ഥത്തിലും ദേവാസ്ത് എന്ന പദത്തെ കാണാറുണ്ട്. ദേവസ്തുതി എന്നതിന്റെ ചുരുക്കമാണ് ഇതെന്ന് മറ്റൊരു വിശകലനത്തില്‍ കാണുന്നു. ദൈവനാമത്തില്‍ അനിഷ്ടസംഭവങ്ങളെയും സാഹചര്യങ്ങളെയും അകറ്റിക്കളയുന്ന പ്രാര്ഥനയായും ഇത് വിവക്ഷിക്കപ്പെടാറുണ്ട്.
ദേവാസ്തിലെ ഗീതങ്ങളും അതിന്റെ അനുഷ്ഠാനരീതിയും മനുഷ്യന് അത്യുന്നതമായ ആ ദൈവികഅരൂപത്തിലേക്ക് ശ്രദ്ധതിരിക്കണമെന്നും അതുവഴി, ദൈവികഅരുളപ്പാടുകളോട് പ്രതികരിച്ച് മാനസാന്തരം പ്രാപിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടുകൂടി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ വിടുതല്‍ (deliverance) സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിജനഭൂമിയിലെ രോദനങ്ങള്‍
ദേവാസ്ത് വിജനമരുഭൂമിയില്‍ നിന്നുയരുന്ന രോദനത്തോട് സാമ്യപ്പെടുത്താവുന്ന വിളിയാണ്. ഈ മരുഭൂമിയിലേക്ക് പരമോന്നതന് മഞ്ഞും ജീവനും അയക്കും. വിജനതയെന്നത് തയ്യാറെടുപ്പിന്റെയും ഇടപെടലിന്റെയും കാത്തിരിപ്പിന്റെയും ഉത്തരമന്വേഷിക്കലിന്റെയും വിശ്രമം തേടലിന്റെയുമൊക്കെ ഇടം ആണ്. അവിടെ സാധ്യതകള്‍ ഗര്‍ഭം ധരിക്കുന്നു. മഹത്തായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനസ്ഥലമത്രേ അത്. നവവും അതിശയകരവുമായ ചിലതൊക്കെ ജന്മമെടുക്കാനിരിക്കുന്ന ഒരിടം. ആ വിജനതയില്‍നിന്നും അരൂപത്തിന്റെ ഔന്നത്യത്തിലേക്കാണ് ദേവാസ്ത് വിളി ഉയരുന്നത്. ആ അരൂപത്തില്നിന്നു കിട്ടുന്ന പ്രത്യുത്തരമാണ് ദേവാസ്തില്നിന്നു ലഭിക്കുന്ന ഫലം.
നാല്പതുദിവസം ഉപവാസത്തില്‍ കഴിയുന്നവന് ഒരു നവജീവനിലേക്ക് പിറന്നുവീഴുന്നതിന്റെ മുന്നോടിയാണ് ദേവാസ്ത്. അതൊരു വാഗ്ദത്തഭൂമി തേടിയുള്ള യാത്രയാണ്. തിന്മയുടെ അടിമത്തത്തില്‍നിന്ന് വിടുതലൊരുക്കുന്ന കൈപ്പുസ്തകമാണ്. അഹങ്കാരക്കോട്ട പൊളിക്കാനുള്ള രഹസ്യായുധമാണ് ഈ വിളി. സ്വമഹത്വം അന്വേഷിച്ച് അവനവനിലേക്കുള്ള നോട്ടത്തിനുപകരം അശാരീരികമായ പരമസത്യത്തിലേക്കുള്ള നോട്ടം തന്നെയാണത്. അകാരണവും വന്യവുമായ ഭീതികള്ക്കെതിരെ അരൂപ പരമോന്നതനിലേക്കുയരുന്ന ആശ്രയത്വത്തിന്റെ നിലവിളിയാണത്.

