ജര്‍മ്മനി: ദൈവജനത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് വൈദിക ശുശ്രൂഷയില്‍ പങ്കാളിത്തമില്ലെങ്കില്‍ സഭയ്ക്ക് അധികകാലം നിലനില്ക്കാനാവില്ലെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ മുന്‍ മുഖ്യ ഏകോപകനായ മുതിര്‍ന്ന കര്‍ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിക് പറഞ്ഞു. ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്സംബര്‍ഗ് അതിരൂപത അധ്യക്ഷനുമാണ് കര്‍ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിക്.’ദൈവജനത്തിന്റെ പകുതിയും തങ്ങള്‍ക്ക് വൈദിക ശുശ്രൂഷയിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ പ്രയാസമനുഭവിക്കുന്നുണ്ടെങ്കില്‍, ആ സഭയ്ക്ക് ദീര്‍ഘകാലം എങ്ങനെ നിലനില്ക്കാന് കഴിയുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.
മുന്‍പ് ഈ വിഷയത്തില്‍ കൂടുതല്‍ യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചിരുന്ന ഹോളറിക്, തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നതായും വ്യക്തമാക്കി. ഇത് കേവലം ചില ഇടതുപക്ഷ വനിതാ സംഘടനകളുടെ മാത്രം ആവശ്യമല്ലെന്ന് ഒരു ബിഷപ് എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ വൈദിക പട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ ഒരു ‘കൃത്രിമ പ്രശ്നമായി’ കാണുന്ന മറ്റ് സംസ്കാരങ്ങളോട് സഹിഷ്ണുത കാണിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും, തന്റെ ഇടവകകളില്‍ ഇതിന് വ്യാപകമായ പിന്തുണയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ഇടവകകളിലെ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അവരില്‍ 90 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. ഇത്തരം ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ബിഷപ്പുമാര്‍ ബാധ്യസ്ഥരാണ്,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍, 1994-ല്‍ പുറപ്പെടുവിച്ച ‘ഓര്‍ഡിനേഷ്യോ സാക്രദോതാലിസ്’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്കാന് സഭയ്ക്ക് അധികാരമില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. വൈദിക പട്ടം എന്നത് ഒരു കൂദാശയുടെ തന്നെ ഭാഗമായതിനാല്‍ ഈ തീരുമാനം ഡീക്കന്‍, ബിഷപ് പദവികള്‍ക്കും ഒരുപോലെ ബാധകമാണ്.
2025-ല്‍ അന്തരിച്ച ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ (റോമന്‍ കൂരിയ) വരുത്തിയ മാറ്റങ്ങളെ ഹോളറിക് പ്രശംസിച്ചു. ‘പ്രേഡിക്കേറ്റ് ഇവാഞ്ചലിയം’ എന്ന ഭരണഘടനയിലൂടെ വത്തിക്കാനിലെ ഉന്നത പദവികള്‍ സ്ത്രീകള്‍ക്കായി അദ്ദേഹം തുറന്നുനല്‍കിയിരുന്നു. ലെയോ പതിനാലാമന്‍ പാപ്പയുടെ കീഴിലും ഈ മാറ്റങ്ങള്‍ തുടരുമെന്ന് ഹോളറിക് പ്രത്യാശ പ്രകടിപ്പിച്ചു. ബോണ്‍ സര്‍വ്വകലാശാലയിലെ മോറല്‍ തിയോളജി വിഭാഗം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ കര്‍ദിനാള്‍മാരായ ഓസ്കര് റോഡ്രിഗസ് മരാഡിയാഗ, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ബിഷപ്പുമാരായ ഫ്രാന്‍സ്-ജോസഫ് ഓവര്‍ബെക്ക്, ക്ലോസ് ക്രാമര്‍ എന്നിവരും പങ്കെടുത്തു.

