വത്തിക്കാൻ : മദ്ധ്യപൂർവ്വദേശങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ അനുസ്മരിച്ചും, സമാധാനത്തിനായി പ്രാർത്ഥനകൾക്ക് ക്ഷണിച്ചും ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് 22 ഞായറാഴ്ച വത്തിക്കാനിൽ പതിനായിരത്തോളം ആളുകൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിക്കവെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ ദുരിതങ്ങളിൾ നേരിടുന്നതിൽ പാപ്പാ ആശങ്ക രേഖപ്പെടുത്തി.
യുദ്ധങ്ങളും ആക്രമണങ്ങളും സംഘർഷങ്ങളും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ ദുരിതമനുഭവിക്കുന്നത് പരാമർശിച്ച പാപ്പാ, അനേകായിരങ്ങൾ നേരിടുന്ന ഇത്തരമൊരു നിസ്സഹായതയുടെ മുന്നിൽ നിശ്ശബ്ദരായിരിക്കാൻ നമുക്ക് സാധിക്കില്ലെന്ന് പ്രസ്താവിച്ചു. യുദ്ധങ്ങളിൽ മുറിപ്പെടുന്ന ആളുകൾക്കൊപ്പം മുഴുവൻ മാനവികതയുമാണ് മുറിവിന്റെ വേദന പേറുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ലോകത്ത് തുടരുന്ന യുദ്ധങ്ങൾ മരണവും വേദനയും വിതച്ചുകൊണ്ട് തുടരുന്നത് മാനവികതയ്ക്ക് അപമാനമാണ് വരുത്തി വയ്ക്കുന്നതെന്നും, സഹനങ്ങളിലൂടെ കടന്നുപോകുന്ന ആ ജനങ്ങളുടെ നിലവിളി ദൈവത്തിന് മുന്നിൽ എത്തുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ശത്രുതകൾ അവസാനിപ്പിക്കാൻ പരിശുദ്ധ പിതാവ് സംഘർഷങ്ങളിലായിരിക്കുന്നവരോട് ആവശ്യപ്പെട്ടു.
യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിൽ സമാധാനപരവും ആത്മാർത്ഥവുമായ ചർച്ചകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഇതിനായി താൻ മുൻപ് നടത്തിയിട്ടുള്ള ആഹ്വാനം വീണ്ടും ശക്തമായി ആവർത്തിച്ചു.
കഴിഞ്ഞ ഏതാണ്ട് ഒരു മാസമായി മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമായി ആയിരത്തിലധികം ആളുകൾ ലെബനനിൽ മാത്രം കൊല്ലപ്പെട്ടിരുന്നു. അതേസമയം ഞായറാഴ്ച രാവിലെ ഇസ്രായേലിലേക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ നൂറ്റിയറുപത് പേർക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇറാനിൽ ആയിരത്തിനാനൂറിലധികം ആളുകൾ കൊല്ലപ്പെട്ടതായും പതിനെണ്ണായിരത്തോളം പേർക്ക് പരിക്കേറ്റതായും വാർത്തകൾ പുറത്തുവന്നിരുന്നു.

