ന്യൂഡല്‍ഹി: കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) അന്തരിച്ചു. 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30-ന് ചെന്നൈ ചേറ്റ്പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
2025 മാര്‍ച്ച് 25 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:00-ന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ സംസ്കാരം. മാര്‍ച്ച് 24 ചൊവ്വാഴ്ച വൈകുന്നേരം 4:00-ന് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ഷ്രൈനില്‍ അര്‍പ്പിക്കുന്ന അനുസ്മരണ ദിവ്യബലിയില്‍ ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമി മുഖ്യകാര്‍മ്മികത്വം വഹിക്കും. 2014-ല്‍ സ്ഥാപിതമായ കുഴിത്തുറ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു ബിഷപ് ജെറോം ദാസ്. 2015 മുതല്‍ രൂപതയെ നയിച്ച അദ്ദേഹം, ആരോഗ്യപരമായ കാരണങ്ങളാല്‍ 2020 ജൂണ്‍ 6-നാണ് സ്ഥാനമൊഴിഞ്ഞത്.
1951 ഒക്ടോബര്‍ 21-ന് കോട്ടാര്‍ രൂപതയിലെ പടുവൂരിലാണ് ജനനം. 1976-ല്‍ സലേഷ്യന്‍ ഓഫ് ഡോണ്‍ ബോസ്കോ സഭയില്‍ ചേര്‍ന്നു. 1981 മേയ് 24-ന് നിത്യവ്രതവാഗ്ദാനം നടത്തി. റോമിലെ പോന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തിയോളജിയിലും ബിരുദവും ലൈസന്‍ഷ്യേറ്റും നേടി. 1985 ജൂണ്‍ 2-ന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അക്കാദമിക്, പാസ്റ്ററല്‍ മേഖലകളില്‍ അദ്ദേഹം ശ്രദ്ധേയമായ സേവനങ്ങള്‍ അനുഷ്ഠിച്ചു: വെള്ളക്കിണര്‍ നോവിഷ്യേറ്റ് വൈസ് റെക്ടര്‍, തിരുപ്പത്തൂര്‍, മയ്യം എന്നിവിടങ്ങളില്‍ പ്രീ-നോവിഷ്യേറ്റ് റെക്ടര്‍,
മദ്രാസ്-മൈലാപ്പൂര് കത്തീഡ്രല്‍ വികാരിയും റെക്ടറും, സലേഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, യേലഗിരി കുന്നുകളിലെ നോവീസ് മാസ്റ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2014 ഡിസംബര്‍ 22-നാണ് അദ്ദേഹം കുഴിത്തുറ ബിഷപ്പായി നിയമിതനായത്. 2015 ഫെബ്രുവരി 24-ന് ബിഷപ്പായി അഭിഷിക്തനായി.

