ന്യൂഡൽഹി : ഈസ്റ്റർ ഞായറാഴ്ചയും പരീക്ഷ നടത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ഓശാന ഞായറാഴ്ച പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും തീയതി പുനപരിശോധിച്ചില്ല. നേരത്തെ തന്നെ ഈസ്റ്റർ അവധികൾ അറിയാമായിരുന്നിട്ടും പരീക്ഷ നടത്താനുള്ള യുപിഎസ്സിയുടെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
ജെഇഇ മെയിൻ രണ്ടാം സെഷന്റെ പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചിരിക്കുകയാണ് എൻടിഎ. ഇതിനു പുറമേ 6,8 തീയതികളിലും പേപ്പർ 1 (ബിഇ, ബിടെക്) പരീക്ഷയുണ്ട്. ബിആർക്, ബി പ്ലാനിങ് എന്നിവയ്ക്കുള്ള പേപ്പർ 2 ഏപ്രിൽ 7നു നടത്തും. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.
പരീക്ഷ നടത്താനുള്ള തീരുമാനം ക്രിസ്ത്യൻ പാരമ്പര്യത്തോടുള്ള അവഹേളനവും സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ലെയ്റ്റി കമ്മീഷൻ പറഞ്ഞു. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്നും വിദ്യാർഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണെന്നും രൂപതകൾ ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.

