മ്യൂണിക്ക്:: 2026 ഫെബ്രുവരി മാസത്തിൽ, യൂറോപ്പിലെ ക്രിസ്ത്യാനികൾക്കെതിരായ അസഹിഷ്ണുതയെയും വിവേചനത്തെയും കുറിച്ചുള്ള ഒബ്സർവേറ്ററി (OIDAC യൂറോപ്പ്) ക്രിസ്ത്യൻ ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്രിസ്ത്യൻ വ്യക്തികൾ എന്നിവരെ ലക്ഷ്യം വച്ചുള്ള 34 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. രേഖപ്പെടുത്തിയ സംഭവങ്ങളിൽ 17 എണ്ണം നശീകരണ കേസുകൾ, 11 തീവയ്പ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ, 3 അശുദ്ധമാക്കൽ കേസുകൾ, പ്രത്യേകിച്ച് പവിത്രമായ വസ്തുക്കളെ ലക്ഷ്യം വച്ചുള്ള 2 മോഷണങ്ങൾ, 1 ശാരീരിക അക്രമകേസ് എന്നിവ ഉൾപ്പെടുന്നു.
ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളിൽ ഫ്രാൻസും ഇറ്റലിയുമാണ് മുൻപന്തിയിൽ. 7 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങളാണ് ഇരു രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമ്മനി (6), നെതർലാൻഡ്സ് (3), സ്പെയിൻ (2), സ്വീഡൻ (2), പോളണ്ട് (1), ഗ്രീസ് (1) എന്നിവിടങ്ങളിലാണ് മറ്റ് അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയത്. യൂറോപ്യൻ യൂണിയന് പുറത്ത് യുണൈറ്റഡ് കിംഗ്ഡം (4), ബോസ്നിയ & ഹെർസഗോവിന (1) എന്നിവിടങ്ങളിൽ കൂടുതൽ ക്രൈസ്തവ വിരുദ്ധ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ദേവാലയങ്ങൾക്കുള്ളിൽ മനഃപൂർവ്വം തീയിടുകയോ ദേവാലയഘടനകളെ നേരിട്ട് ലക്ഷ്യംവയ്ക്കുകയോ ചെയ്യുന്ന ആക്രമണങ്ങളാണ് ഇവയിൽ ഏറെയും. ഫ്രാൻസിൽ, ലോയിറെറ്റിലെ ഒരു ദേവാലയത്തിന്റെ അൾത്താരയ്ക്കു നേരെ ആക്രമണമുണ്ടായി. അഗ്നിയ്ക്കിരയാക്കുവാനാണ് ശ്രമിച്ചത്. നെതർലൻഡ്സിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഈഡിലെ മൂന്ന് ദേവാലയങ്ങൾക്ക് തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവ കരുതിക്കൂട്ടിയുള്ള ആക്രമണമായിരിന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു.

