ജെക്കോബി
പിണറായി വിജയന് സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ കണ്ണഞ്ചിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എഐ മായിക മിനുക്കുപണികളുടെ പൊലിമയുള്ള വീഡിയോ ക്ലിപ്പുകളും തട്ടുതകര്‍പ്പന്‍ പ്രചാരണതന്ത്രങ്ങളുമൊക്കെയായി ഇടതുമുന്നണി തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുമ്പോള്‍, എറണാകുളം ജില്ലയില്‍ വൈപ്പിന്‍ നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ മുനമ്പം കടപ്പുറത്തെ ‘വഖഫ് തര്‍ക്കഭൂമിയില്‍’ കൊടിയ അന്യായത്തിന് ഇരകളായ 610 കുടുംബങ്ങളുടെ – കടല്‍മത്സ്യബന്ധന പാരമ്പര്യമുള്ളവരാണ് ഇവരിലേറെയും – വ്യാകുലങ്ങള്‍ക്കു മുമ്പില്‍ ഈ ഭരണകൂടം കളിച്ച കപടനാടകവും ജനവഞ്ചനയും തിരിച്ചറിയാന്‍ കഴിയുന്നവരുടെ രാഷ് ട്രീയ പ്രതികരണം എന്താകണം?
കേരളത്തിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ ബിരുദാനന്തര പഠനകേന്ദ്രമായ കോഴിക്കോട് ഫാറൂഖ് ഓട്ടോണമസ് കോളജിന് 1950ല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള എന്‍ഡോവ്മെന്റ് ആയി ലഭിച്ച മുനമ്പം കടപ്പുറത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ കുടികിടപ്പുകാര്‍ക്കും മറ്റുമായി 1980-1998 കാലത്ത് തീറാധാരം നല്കി വിറ്റ വസ്തുക്കള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്, 2019 സെപ്റ്റംബറില്‍ സര്‍വേയോ അര്‍ധ ജുഡീഷ്യല്‍ അന്വേഷണമോ നടത്താതെയും സ്റ്റാറ്റിയൂട്ടറി നടപടിക്രമങ്ങള്‍ പാലിക്കാതെയും കേരള വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി വഖഫായി പ്രഖ്യാപിച്ച് വഖഫ് ആസ്തിപട്ടികയില്‍ ചേര്‍ത്തത്. കടല്‍ക്ഷോഭത്തിലും തീരശോഷണത്തിലും നഷ്ടപ്പെട്ടതു കിഴിച്ചാല്‍ ഇപ്പോള്‍ 135.11 ഏക്കറാണ് അവശേഷിക്കുന്നതെന്ന് കോടതിരേഖ. 2022 ജനുവരിയിലാണ് സ്വന്തം ഭൂമിയുടെമേലുള്ള അവകാശം നഷ്ടപ്പെട്ടത് നാട്ടുകാര്‍ അറിയുന്നത്. നാലുവര്‍ഷമായി വിട്ടുമാറാത്ത ആധിയില്‍ കഴിയുന്ന ജനങ്ങളെ പിന്നെയും പരവശരാക്കിയാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്.
നഷ്ടപ്പെട്ടുപോയ വഖഫ് വസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് വഖഫ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിയോഗിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി എം.എ നിസാര്‍ അധ്യക്ഷനായ കമ്മിറ്റി സ്ഥലം പരിശോധിക്കുകയോ ബന്ധപ്പെട്ടവരില്‍ നിന്നു മൊഴിയെടുക്കുകയോ ചെയ്യാതെ 2009ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുനമ്പം ഭൂമി വഖഫാണെന്ന് കണ്ടെത്തിയത് 2010ല്‍ സര്‍ക്കാര്‍ ഉത്തരവില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ‘നഷ്ടപ്പെട്ടവഖഫ് വസ്തുക്കള്‍’ വീണ്ടെടുക്കുമെന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം, ജനാധിപത്യ ഭരണവ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്തവണ്ണം നിഗൂഢമായ രീതിയില്‍ മുനമ്പത്ത് പിണറായി സര്‍ക്കാര്‍ നടപ്പാക്കി. ചരിത്രപരമായി മുസ് ലിം ലീഗിന് മേല്‍ക്കൈയുള്ള ഫാറൂഖ് കോളജ് മാനേജ്മെന്റ് മുനമ്പത്തെ വസ്തു സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തി എന്നു വരുത്തിതീര്‍ത്ത് മുസ് ലിം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് രാഷ് ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടായിരുന്നു.
തങ്ങള്‍ പണം കൊടുത്തു വാങ്ങിയ ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാനായി മുനമ്പം കടപ്പുറത്തെ വേളാങ്കണ്ണിമാതാ ഇടവകയിലെ നാനൂറില്പരം ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളും ഇരുന്നൂറോളം പിന്നാക്ക ഹൈന്ദവ കുടുംബങ്ങളുമടക്കം മുനമ്പം ഭൂസംരക്ഷണ സമിതി 2024 ഒക് ടോബര്‍ 13ന് ആരംഭിച്ച് 413 ദിവസം തുടര്‍ന്ന റിലേ നിരാഹാര സത്യഗ്രഹത്തിന് കേരളത്തിലെ നീതിബോധമുള്ള മനുഷ്യരും ബഹുജന പ്രസ്ഥാനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോഴും, മുനമ്പത്തെചൊല്ലി സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാനായി സര്‍വകക്ഷി സമ്മേളനം വിളിച്ചുകൂട്ടി പ്രശ്നം പരിഹരിക്കുന്നതിന് ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും മുസ് ലിം സംഘടനകളും അനുകൂല നിലപാട് സ്വീകരിച്ചപ്പോഴും സര്‍ക്കാര്‍ തന്ത്രപരമായ മൗനം തുടര്‍ന്നു.
പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതു പ്രായോഗികമല്ല എന്ന തിരിച്ചറിവോടെ സര്‍ക്കാര്‍ മുനമ്പത്ത് ‘വസ്തുതാന്വേഷണ’ കമ്മിഷനായി കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെ നിയമിച്ചതിനെ ജനങ്ങള്‍ സ്വാഗതം ചെയ്തു. കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് കേരള വഖഫ് സംരക്ഷണ വേദിയുടെ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കമ്മിഷന്റെ നിയമനം നിയമവിരുദ്ധമാണെന്ന് വിധിച്ചത്. കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ വസ്തുനികുതി സ്വീകരിക്കരുതെന്ന വഖഫ് ബോര്‍ഡിന്റെ കല്പന പാലിക്കാനുള്ള കൊച്ചി തഹസില്‍ദാരുടെ നിര്‍ദേശം പിന്‍വലിക്കണമെന്ന് വഖഫ് മന്ത്രി വാക്കാല്‍ ആവശ്യപ്പെടുമ്പോള്‍തന്നെ മറുഭാഗത്ത് കരം പിരിക്കുന്നതിനെതിരെ മന്ത്രിയുമായി അടുപ്പമുള്ളവര്‍ കോടതിയെ സമീപിക്കുന്ന കാര്യം വഖഫ് ബോര്‍ഡ് മുന്‍ സിഇഒ വെളിപ്പെടുത്തുകയുണ്ടായി. കമ്മിഷന് നിയമനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതും ഇതേ മട്ടിലാകണം. പിന്നീട്, കമ്മിഷന് പ്രവര്‍ത്തനം തുടരാമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്ന് 2025 മേയില്‍ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇന്നേവരെ അതിന്റെ ഉള്ളടക്കം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വഖഫ് ട്രൈബ്യൂണലിലെ വിധി മുനമ്പത്തെ സ്ഥിരതാമസക്കാര്‍ക്ക് എതിരായാല്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും മറ്റും ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ടിവി അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
ജുഡീഷ്യല്‍ കമ്മിഷന് നിയമനത്തിനെതിരായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തള്ളിക്കൊണ്ടുള്ള വിശദമായ അന്തിമ വിധിതീര്പ്പിലാണ് 2025 ഒക് ടോബര്‍ 10ന് ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് വി.എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മുനമ്പത്തെ ഭൂമി വഖഫല്ലെന്നു വിധിച്ചത്. 1954, 1984, 1995 വര്‍ഷങ്ങളിലെ വഖഫ് നിയമങ്ങള്‍ പ്രകാരം, 1950ലെ മുഹമ്മദ് സിദ്ദിഖ് സേട്ടിന്റെ വഖഫ് സമര്‍പ്പണം സാധുവല്ല. അത് ഉപാധികളോടെയുള്ള ഇഷ്ടദാനമായിരുന്നു, ദൈവത്തിനുള്ള ശാശ്വത സമര്‍പ്പണമല്ല. അത് ചട്ടപ്രകാരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തില്ല. ദാനാധാരപ്രകാരം കൈമാറ്റം ചെയ്യപ്പെട്ട് 69 വര്‍ഷത്തിനുശേഷം, ഉയര്‍ന്ന വിപണിമൂല്യമുള്ള ടൂറിസം മേഖലയിലെ വസ്തു നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായും യുക്തിരഹിതമായും വഖഫ് ബോര്‍ഡ് കവര്‍ന്നെടുത്തതിനെ സര്‍ക്കാര്‍ അംഗീകരിക്കേണ്ടതില്ല. 1995ലെ വഖഫ് നിയമം 97-ാം വകുപ്പ് പ്രകാരം സര്‍ക്കാരിന് സ്ഥിരതാമസക്കാരുടെ താല്പര്യങ്ങളും ഉപജീവനവും സംരക്ഷിക്കാന്‍ അധികാരമുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന വിധിയുടെ പശ്ചാത്തലത്തില്‍, മുനമ്പത്തെ ഭൂഉടമകളില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ നവംബര്‍ 26ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായി. കരമടക്കാനും മറ്റു റവന്യൂ നടപടികള്‍ പുനരാരംഭിക്കാനും ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് 2025 നവംബര്‍ 30ന് ഭൂസംരക്ഷണ സമിതി ഉപവാസ സമരം അവസാനിപ്പിച്ചത്. മുനമ്പം പ്രശ്നത്തില്‍ നാട്ടുകാരോടൊപ്പം നിന്ന വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ സിപിഎം തൃപ്പൂണിത്തുറ മണ്ഡലത്തിലേക്ക് മാറ്റുന്നത് അദ്ദേഹത്തിന്റെ പൊതുസ്വീകാര്യതയുടെ അടയാളമായും വ്യാഖ്യാനിക്കപ്പെടുന്നു.
മുനമ്പം ഭൂമി വഖഫല്ലെന്ന വിധിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തു. തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി, മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസമില്ലെന്നും വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന് നിയമവിരുദ്ധമാണെന്ന വാദവുമായി പിണറായി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച കേരള വഖഫ് ബോര്‍ഡ് മറ്റൊരു പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തതും വൈരുധ്യങ്ങള്‍ക്കിടയിലെ അദൃശ്യമായ ഏതോ ഏകോപനശക്തിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് (ഉമ്മീദ്) ബില്ല് എന്ന പേരില്‍ മോദി ഭരണകൂടം 2025ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുമ്പോഴും പിണറായി സര്‍ക്കാരിന് ഉമ്മീദ് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനം നടത്തേണ്ടിവന്നു. മുനമ്പം ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്യുന്നതിന് നേതൃത്വം വഹിച്ച സിപിഎം നേതാവ് എം.കെ. സക്കീറിനെ ചെയര്‍മാനായി വീണ്ടും പ്രതിഷ്ഠിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്മുസ് ലിം ലീഗിനുള്ള വെല്ലുവിളിയായിട്ടാണ് പലരും കണ്ടത്. മുനമ്പം വഖഫ് ഭൂമി സംരക്ഷിക്കണമെന്ന നിലപാടുകാരനാണ് ഇദ്ദേഹം. അമുസ് ലിംകളായ രണ്ട് വിദഗ്ധരെ ബോര്‍ഡില്‍ കൊണ്ടുവരണമെന്ന പുതിയ നിയമവ്യവസ്ഥ പാലിക്കാതെയാണ് കേരള സര്‍ക്കാര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. മുനമ്പം ഭൂമി വഖഫല്ലെന്ന വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കിയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
എം.കെ സക്കീറിന് പിണറായി വിജയനുമായുള്ള അടുപ്പം കൊണ്ടുതന്നെയാകണം പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥിയാകാനുള്ള നിയോഗം അദ്ദേഹത്തിനു ലഭിച്ചത്. സക്കീര്‍ രാജിവച്ചതിനെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ കെ.എസ് ഹംസ – കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഇദ്ദേഹം മുസ് ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയാണ് – മുനമ്പത്തെ ഭൂഉടമകള്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും കേസുകളില്‍ അനുരഞ്ജനത്തിനു പ്രാധാന്യം നല്കുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിക്കുകയെന്നും പറയുന്നത് സംഘര്‍ഷത്തിന് അയവുവരുത്താന്‍ സഹായകമാണ്.
വഖഫ് ബോര്‍ഡ് മുനമ്പം ഭൂമിയുടെ കാര്യത്തില്‍ ഏകപക്ഷീയമായി സ്വീകരിച്ച നടപടികള്‍ക്കെതിരെ ഫാറൂഖ് കോളജും മുനമ്പത്തെ സ്ഥിരതാമസക്കാരുടെ പ്രതിനിധികളും ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികളില്‍ വാദം കേട്ട കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ അധ്യക്ഷയായ ജില്ലാ ജഡ്ജി ടി.കെ മിനിമോള്‍, ഒരു മാസത്തിനകം കൗണ്ടര്‍ പെറ്റീഷന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് വഖഫ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയതാണ്. കൗണ്ടര്‍ സമര്‍പ്പിക്കാത്ത പക്ഷം അഡ്വാന്‍സ് റഫറന്‍സ് വഴി വിധി പുറപ്പെടുവിക്കുമെന്ന് ട്രൈബ്യൂണല്‍ ഓര്‍മപ്പെടുത്തി. ഫെബ്രുവരി എട്ടിന് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍, തലേന്നുതന്നെ എതിര്‍ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. തുടര്‍ന്ന് ഫെബ്രുവരി 27ലേക്ക് കേസ് മാറ്റിയപ്പോള്‍ വഖഫ് ബോര്‍ഡ് ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ നിന്ന് മാര്‍ച്ച് 23 വരെയുള്ള സ്റ്റേ ഉത്തരവ് സമ്പാദിക്കുകയാണുണ്ടായത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ, സ്റ്റേ നീണ്ടുപോയേക്കും, വിധിതീര്‍പ്പും!
ഇതിനു തൊട്ടുമുന്‍പ് ട്രൈബ്യൂണല്‍ ജഡ്ജിയായിരുന്ന രാജന് തട്ടില്‍ 2025 മേയ് 19ന് സ്ഥലംമാറിപോകുന്നതിനു മുന്‍പ് മുനമ്പം കേസില്‍ വിധി പറയാനായി തുടര്‍ച്ചയായി വാദം കേട്ടുവരികയായിരുന്നു. ഏപ്രില്‍ 19ന് വിധി പ്രസ്താവിക്കാനിരിക്കെ, മേയ് 23 വരെ വിധിതീര്‍പ്പ് തടഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് നേടി വഖഫ് ബോര്‍ഡ് ആ നീക്കം അട്ടിമറിച്ചു. പറവൂര്‍ സബ് കോടതിയില്‍ ഫാറൂഖ് കോളജ് 1971ല്‍ നല്കിയ മുനമ്പം കേസിന്റെ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ബോര്‍ഡിന്റെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളിയതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ട്രൈബ്യൂണലില്‍ നിന്ന് ഫാറൂഖ് കോളജിനും മുനമ്പം നിവാസികള്‍ക്കും അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് പിണറായി സര്‍ക്കാര്‍ നിയോഗിച്ച വഖഫ് ബോര്‍ഡും അഡ്വക്കേറ്റ് ജനറലും തുടര്‍ച്ചയായി സ്റ്റേ ഉത്തരവുകള്‍ സമാഹരിക്കുന്നത്.
മുനമ്പം വഖഫ് പ്രശ്നം ക്രൈസ്തവ-മുസ് ലിം സംഘര്‍ഷത്തിന്റെ ദൃഷ്ടാന്തമായി ദേശീയതലത്തില്‍ അവതരിപ്പിച്ച് വഖഫ് ഭേദഗതി ബില്ലിന് ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണയും ഉറപ്പാക്കാനുള്ള തന്ത്രങ്ങളൊരുക്കിയ സംഘപരിവാര്‍, കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനും ചില ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ പുതിയൊരു മുന്നേറ്റം നടത്താനുമുള്ള നീക്കം ഊര്‍ജിതമാക്കിയിരുന്നു. ഉമ്മീദ് നിയമം പാസായാലുടന്‍ മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് ബിജെപി ആഭിമുഖ്യമുള്ളവര്‍ ഇവിടെ പ്രചരിപ്പിച്ചത്. എന്നാല്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കി ഒരാഴ്ച തികയുമ്പോള്‍, ഏപ്രില്‍ 15ന് മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി’ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു, പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ ഉള്ള കാര്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനായി: മുനമ്പത്തെ അതിസങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സുപ്രീം കോടതിയില്‍ തന്നെ പോകണം; വഖഫ് ഭേദഗതി നിയമത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യവും ഇവിടെയില്ല!
മുനമ്പം ക്രൈസ്തവ മേഖലയിലേക്കുള്ള ബിജെപിയുടെ അതിശക്തമായ മുന്നേറ്റത്തിന് വഴിതുറക്കുമെന്ന വ്യാഖ്യാനമൊക്കെ അതോടെ മുനമ്പം അഴിയില്‍ ഒലിച്ചുപോയി. എങ്കിലും മുനമ്പത്തിന് പ്രധാനമന്ത്രി മോദി നന്ദി പറയാന്‍ തക്കവണ്ണം മറ്റൊരു അപ്രതീക്ഷിത നേട്ടം ബിജെപി അവിടെ കൊയ്തെടുത്തു – പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മുനമ്പം കടപ്പുറത്ത്, വഖഫ് വിരുദ്ധ സമരവേദിയില്‍, ബിജെപി സ്ഥാനാര്‍ഥി സിപിഎം സ്ഥാനാര്‍ഥിയെ 31 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എറണാകുളത്ത് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ്ഷോ വരുമ്പോള്‍, മുനമ്പത്തെ ‘വഖഫ് അധിനിവേശം തടഞ്ഞ’ മോദിയുടെ ഗാരന്റി വാഴ്ത്തപ്പെടും!

