കൊച്ചി: ഫാ. ഡോ. പോൾ ആച്ചാണ്ടിയെ സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറലായി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി കെനിയ മിഷനിൽ പ്രവർത്തിക്കുകയായിരുന്ന ഫാ. പോൾ, 2014 മുതൽ 2020 വരെ പ്രിയോർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ളതാണ്. അടുത്ത ആറു വർഷത്തേക്കുള്ള സഭാ നേതൃത്വത്തെ തെരഞ്ഞെടുത്തത് സന്യാസ സമൂഹത്തിന്റെ 39-ാമത് പൊതുസംഘമാണ്.
റവ. ഡോ. പോൾ അച്ചാണ്ടി1992 ഡിസംബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്. മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റും എംബിഎ ബിരുദവും ചെന്നൈ ഐഐടിയിൽനിന്ന് നേടിയിട്ടുണ്ട്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം തലവനായിരുന്നു. തൃശൂർ ദേവമാതാ പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യലായും പിന്നീട് പ്രോവിൻഷ്യലായും സേവനമനുഷ്ഠിച്ചു.
തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ, ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിന്റെ പ്രോ വൈസ് ചാൻസലർ, ധർമാരാം കോളേജിന്റെ റെക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഫാ. ബെന്നി നൽക്കര (വികർ ജനറൽ, അജപാലന പ്രേഷിതത്വത്തിന്റെ കൗൺസിലർ) ഫാ. ബിനോയ് ഇലവുങ്കൽ (വിദ്യാഭ്യാസം, മാധ്യമം), ഫാ. ടോം അറയ്ക്കൽ (സാമൂഹ്യ പ്രവർത്തനം, ആതുര സേവനം) ഫാ. ജോസഫ് പൊൻമാണി (ധനകാര്യം) എന്നിവരാണു കൗൺസിലർമാർ. ഫാ. ഷിജോ ആറ്റുപുറമാണ് ജനറൽ ഓഡിറ്റർ.

