ഇറ്റലിയിലെ സെറെഗ്നോയിലുള്ള തന്റെ ആശ്രമത്തിൽ സജീവമായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അന്ന മരിയ ഓഫ് ദി സേക്രഡ് ഹാർട്ട് മാർച്ച് 14 ന് തന്റെ 106-ാം ജന്മദിനം ആഘോഷിച്ചു. പ്രായാധിക്യം വകവയ്ക്കാതെ, അവർ ദിവസവും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുകയും ആശുപത്രിയിലെ പ്രായമായവരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അവർ യൂട്യൂബ് വഴി സുവിശേഷത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നു. ഇത് അനേകരെ യേശുവിനോടുള്ള വിശ്വാസവും സ്നേഹവും കൊണ്ട് നിറക്കുന്നു. മിലാന് സമീപം സെറെഗ്നോയിലെ ആശ്രമത്തിൽ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റർ അന്ന; “ചിന്തയിലും വാക്കിലും” വ്യക്തതയുള്ള കന്യാസ്ത്രീയെന്നാണ് ഇറ്റാലിയൻ പത്രമായ ‘ഇൽ ജിയോർണോ’ സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്.
സിസ്റ്റർ അന്ന മരിയയുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു, ചെറുപ്പത്തിൽ തന്നെ ഗുരുതരമായ രോഗങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം അത്ഭുത രോഗശാന്തി ലഭിച്ചു എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. 70-ാം വയസ്സിൽ ആശ്രമത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, അവർ ഒരു ഗവർണ്മെന്റ്, അധ്യാപിക, പരിചാരിക എന്നീ തൊഴിലുകൾ വഹിച്ചു. തന്റെ ജന്മദിനത്തിൽ വാത്സല്യത്തിന്റെ ഒഴുക്കിന് അവർ നന്ദി പ്രകടിപ്പിക്കുകയും തന്റെ വിശ്വാസ ജീവിതത്തെ കുറിച്ചുള്ള ഒരു ചിന്തകൾ പങ്കുവെക്കുകയും ചെയ്തു: “സ്നേഹം ഹൃദയത്തെ ചെറുപ്പമായി നിലനിർത്തുന്നു”.
പ്രായാധിക്യം ഉണ്ടായിരുന്നിട്ടും രാത്രിയിൽ പോലും അവർ ദിവസവും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്നും വൃദ്ധരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കുന്ന ആശ്രമത്തിലെ ആശുപത്രിയിലും സഹായവുമായി രംഗത്തുണ്ടെന്നും സിസ്റ്റർ അന്നയുടെ സഹ സന്യാസിനികൾ പറയുന്നു. യൂട്യൂബിൽ പങ്കുവെയ്ക്കുന്ന കൊച്ചു കൊച്ചു വീഡിയോകളിലൂടെയും ഈശോയെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി. കഴിഞ്ഞ ദിവസം നടന്ന 106ാം ജന്മദിനാഘോഷത്തിലും ഈശോയെ മഹത്വപ്പെടുത്തിക്കൊണ്ടാണ് ഈ വയോധിക സന്യാസിനി സംസാരിച്ചത്.
മറ്റു പല കാര്യങ്ങളെയും പോലെ, അയൽക്കാരനെ സ്നേഹിക്കാൻ എന്നോട് നിരന്തരം ആവശ്യപ്പെടുന്ന യേശുവിനോടുള്ള സ്നേഹം കൊണ്ടാണ് തന്റെ ശുശ്രൂഷകൾ ഇപ്പോഴും ചെയ്യുന്നതെന്ന് സിസ്റ്റർ അന്ന മരിയ പറയുന്നു. വർഷങ്ങൾ പലതാണ്, പക്ഷേ ഹൃദയം ക്ഷമയോടെ, ദൈവഹിതം നിറവേറും. എനിക്കുവേണ്ടി പ്രാർത്ഥിക്കുക, ഭൂമിയിലും സ്വർഗ്ഗത്തിലും ഞാൻ നിങ്ങളെ എപ്പോഴും ഓർക്കുമെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. കഴിഞ്ഞ 36 വർഷവും ഈശോയ്ക്കു വേണ്ടി സദാസേവനം ചെയ്യുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ സന്യാസിനി.

