ചില വിജയങ്ങള്‍ അക്കങ്ങളിലും അക്ഷരങ്ങളിലും ഒതുങ്ങുന്നില്ല; അവ കഥകളായി മാറുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത നരുവാമൂട് എന്ന ഗ്രാമത്തിലെ ഇടത്തരം വീട്ടില്‍ വര്‍ഷങ്ങളായി നിശബ്ദമായി വളര്‍ന്നിരുന്ന ഒരു സ്വപ്നം ഇന്ന് ഇന്ത്യയുടെ സിവില്‍ സര്‍വീസ് പട്ടികയില്‍ മിന്നിനില്ക്കുകയാണ്. വെയിലും മഴയും വകവെയ്ക്കാതെ കെട്ടിടനിര്‍മാണ ജോലിക്കായി പുറപ്പെടുന്ന അച്ഛന്റെ വിയര്‍പ്പും, പ്രാര്‍ഥനയില്‍ ജീവിതം സമര്‍പ്പിച്ച അമ്മയുടെ സ്വപ്നങ്ങളും, പുസ്തകങ്ങളോട് ചേര്‍ന്നിരുന്ന് ഉറക്കം മറന്ന് പഠിച്ച ഒരു പെണ്‍കുട്ടിയുടെ കഠിനാധ്വാനവും ചേര്‍ന്നാണ് ആ യാഥാര്‍ഥ്യം രൂപം കൊണ്ടത്.
വിയര്‍പ്പിന്റെ വിലയുള്ള വിജയം
സിബി ജോയ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ നരുവാമൂട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാരംഭിച്ച ശ്രീജയുടെ യാത്ര ഇന്ന് ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തുകയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടി ജെ.എസ്. ശ്രീജ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. നിര്‍മാണ തൊഴിലാളിയായ പിതാവിന്റെ വിയര്‍പ്പും, അമ്മയുടെ പ്രാര്‍ഥനയും, സ്വന്തം കഠിനാധ്വാനവും ചേര്‍ന്നാണ് ശ്രീജയുടെ ഈ വിജയം രൂപപ്പെട്ടത്. സാഹചര്യങ്ങളല്ല, ലക്ഷ്യബോധവും സ്ഥിരതയുമാണ് മനുഷ്യനെ ഉയരങ്ങളിലെത്തിക്കുന്നതെന്ന് ശ്രീജയുടെ ജീവിതം തെളിയിക്കുന്നു. ”മനസ്സില്‍ ആഗ്രഹമുണ്ടെങ്കില്‍ ഇറങ്ങിത്തിരിക്കുക” എന്ന ശ്രീജയുടെ വാക്കുകള്‍ യുവതലമുറയ്ക്ക് ശക്തമായ പ്രചോദനമാണ്. ജീവനാദം പ്രതിനിധി സിബി ജോയിയുമായുള്ള ശ്രീജയുടെ അഭിമുഖം.
ഏത്തക്കാ ചിപ്സും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയും
കേരളത്തിലെ ഏത്തക്കാ ചിപ്സിന് എന്താണിത്ര രുചി ? മസൂരിയിലെ ഐഎഎസ് അക്കാദമിയില്‍ ഫൈനല്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ പരിഭ്രമത്തോടെയിരുന്ന ശ്രീജ ഒരു നിമിഷം പകച്ചുപോയി. കുഴപ്പിക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ കഠിന ചോദ്യങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് പകരം പരിചയമുള്ളവര്‍ നേരമ്പോക്ക് പറയുന്ന പോലെ ഒരു വര്‍ത്തമാനം.
ശ്രീജ പെട്ടെന്ന് തന്നെ സ്വയം വീണ്ടെടുത്തു ചിരിച്ചുകൊണ്ട് പറഞ്ഞു: സാര്‍, അത് ആ മണ്ണും വെളിച്ചെണ്ണയും പിന്നെ ആ സ്നേഹവുമാണ്. നേന്ത്രപ്പഴം പാകത്തിന് മൂക്കുമ്പോള്‍ അത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന ആ രീതി, അതിന് പകരം വെക്കാന്‍ മറ്റൊന്നില്ല.’ ആത്മവിശ്വാസത്തോടെയുള്ള മറുപടിയില്‍ ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഹാപ്പിയായെങ്കിലും ഘടാഘടിയന്‍ ചോദ്യങ്ങളായിരുന്നു തുടര്‍ന്ന് വന്നത്.
ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി എന്നാല്‍ എന്താണ് ?
രണ്ടാമത്തെ ചോദ്യത്തിന് ശ്രീജയുടെ ഉള്ളിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ഉണര്‍ന്നു. 1962-ലെ ആ ശീതയുദ്ധകാലം അവള് വിവരിച്ചു. അമേരിക്കയുടെ തൊട്ടടുത്ത് സോവിയറ്റ് യൂണിയന് മിസൈലുകള്‍ വിന്യസിച്ചതും, ലോകം ഒരു മൂന്നാം ലോകമഹാ യുദ്ധത്തിന്റെ വക്കിലെത്തിയതും, ഒടുവില്‍ കെന്നഡിയും ക്രൂഷ്ചേവും തമ്മിലുണ്ടാക്കിയ ആ നയതന്ത്ര നീക്കങ്ങളും വ്യക്തമായി അവതരിപ്പിച്ചു.
അവസാനത്തെ ചോദ്യം കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു. ‘മലയാളി വിദ്യാര്‍ഥികള്‍ എന്തിനാണ് കേരളം വിട്ട് ചെന്നൈ പോലുള്ള നഗരങ്ങളില്‍ പോയി പഠിക്കുന്നത്?’ ഇതൊരു സാമൂഹിക പ്രശ്നമാണെന്ന് ശ്രീജയ്ക്കറിയാമായിരുന്നു. അവള് ശാന്തമായി മറുപടി നല്കി, ചെന്നൈയിലെ ഐ.ഐ.ടി പോലുള്ള മികച്ച സ്ഥാപനങ്ങളും അവിടത്തെ എക്സ്പോഷറും. പഠനത്തോടൊപ്പം തന്നെ ലഭിക്കുന്ന പാര്‍ട്ട് ടൈം ജോലികളും ഇന്‍ഡസ്ട്രി കണക്ഷനുകളും. പിന്നെ പുതിയൊരു നഗരവും സംസ്കാരവും പരിചയപ്പെടാനുള്ള ആഗ്രഹവും.
കഠിനാധ്വാനവും ആത്മവിശ്വാസവും അടിയുറച്ച ഈശ്വരവിശ്വാസവും കൈമുതലാക്കിയ നെയ്യാറ്റിന്കരക്കാരിക്ക് പുതിയൊരു വഴി തുറക്കുകയായിരുന്നു അവിടെ. സിവില്‍ സര്‍വീസ് എന്നത് പുസ്തകപ്പുഴുക്കള്ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്നും, അത് ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുന്നവര്‍ക്കും കൂടിയുളളതാണെന്നും അവള് ലോകത്തോട് വിളിച്ചു പറഞ്ഞു. ദിവസങ്ങള്‍ക്കിപ്പുറം ഫലം വന്നപ്പോള്‍, പട്ടികയില്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാമതായും ശ്രീജയുടെ പേര്. പെട്ടെന്നുള്ള സാഹചര്യങ്ങളെ നേരിടാനുള്ള ശ്രീജയുടെ കഴിവിനെയും കൂടിയായിരുന്നു ഇന്റര്‍വ്യു ബോര്‍ഡംഗങ്ങള്‍ അന്ന് പരീക്ഷിച്ചത്.
പിന്തുണ നല്കിയ അധ്വാനവും പ്രോത്സാഹനവും
നെയ്യാറ്റിന്‍കര രൂപതയിലെ അമ്മാനി മല ക്രിസ്തുരാജ് ഇടവക അംഗമാണ് ശ്രീജ. തിരുവനന്തപുരം നരുവാമൂട് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ചെറിയ വീട്ടില്‍ നിന്ന് ഇന്ത്യയുടെ വിദേശനയങ്ങള്‍ തീരുമാനിക്കുന്ന തലപ്പത്തേക്ക് ഒരു പെണ്‍കുട്ടി വളര്‍ന്നിരിക്കുന്നു. ജെ. എസ്. ശ്രീജയുടെ വിജയം കഠിനാധ്വാനത്തിന്റെയും അതിലേറെ മാതാപിതാക്കളുടെ വിട്ടുവീഴ്ചയില്ലാത്ത സ്നേഹത്തിന്റെയും കഥയാണ്. വിയര്‍പ്പിന്റെ വിലയുള്ള വിജയം. ശ്രീജയുടെ അച്ഛന് ജയകുമാര്‍ ഒരു നിര്‍മ്മാണത്തൊഴിലാളിയാണ്. മകളുടെ പഠനത്തിനായി അദ്ദേഹം താണ്ടിയ കിലോമീറ്ററുകള്‍ക്ക് കണക്കില്ല. വെയിലത്തും മഴയത്തും സൈക്കിളില്‍ ജോലിക്ക് പോയിരുന്ന ജയകുമാര്‍, മകളുടെ ഫീസിനായി ഓരോ രൂപയും സ്വരുക്കൂട്ടി. കുടുംബത്തിന്റെ അവസ്ഥ പലപ്പോഴും പ്രതിസന്ധിയിലായിരുന്നു. ശ്രീജ പഠിച്ചിരുന്ന കാലത്ത് മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ മെസ്സ് ബില്ലടയ്ക്കാന്‍ പോലും കഷ്ടപ്പെട്ടിരുന്ന നാളുകള്‍, കുടുംബം അതിജീവിച്ച കഥ, ജീവനാദം വാരിക പ്രതിനിധി സിബി ജോയിയുമായി പങ്കുവയ്ക്കുമ്പോള്‍ ശ്രീജയുടെ ശബ്ദം ഇടക്കിടെ ഇടറുന്നുണ്ടായിരുന്നു. ചിട്ടി പിടിച്ചും, കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തും, കൃഷി ലോണ്‍ പുതുക്കിയും, അവര്‍ ശ്രീജയെ പഠിപ്പിച്ചു. എംഎ ബിരുദധാരിയായ അമ്മ ഷീജ കുമാരി കുട്ടിക്കാലം മുതലേ കൂടെയിരുത്തി മകളെ പഠിപ്പിക്കുമായിരുന്നു. സ്വന്തം സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും മകളിലൂടെ അത് പൂവണിയുന്നത് നിറമനസോടെ കാണുകയാണ് ആ അമ്മ.
ശ്രീജ എന്ന പേരിന്റെ അര്‍ത്ഥം ‘ദ വണ്‍ ഹു ഈസ് ബോണ്‍ ഫ്രം പ്രോസ്പിരിറ്റി എന്നാണ്. സാമ്പത്തിക പരാധീനകള്‍ ക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും സമൃദ്ധിയില്‍ തന്നെയാണ് ശ്രീജ വളര്‍ന്നുവന്നത്. സിവില്‍ സര്‍വീസ് എന്ന മോഹം മനസില്‍ കുടിയേറുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആ സമയത്താണ് മലയാളിയായ ഹരിത വി. കുമാര്‍ യുപിഎസ് സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നത്. അത് പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇക്കാര്യം വായിച്ചറിഞ്ഞ ശ്രീജ അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അമ്മയാണ് സിവില്‍ സര്‍വ്വീസിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പൊളിറ്റിക്കല്‍ സയന്‍സും ഹ്യൂമാനിറ്റസും ഒക്കെയായിരുന്നു പഠിച്ചത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യന്‍ ഫോറിന് സര്‍വീസിലേക്ക് ശ്രീജക്ക് (ഐഎഫ്എസ്) പ്രത്യേക താല്പര്യം തോന്നാന്‍ കാരണം. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് ശ്രീജ. രാജ്യസേവനം തന്നെയാണല്ലോ, രാജ്യത്തിന് അകത്താണെങ്കിലും പുറത്താണെങ്കിലും. ശ്രീജ ജീവനാദത്തോടു പറഞ്ഞു.
ഫോര്‍ച്യൂണ്‍ കുറിച്ചിട്ട ഡയറിയും ചുമരും
വെള്ളായണി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്കൂള്‍, നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കി. ചെന്നൈ ക്രിസ്ത്യന്‍ കോളജില്‍ നിന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് ഒരിക്കല്‍ മാത്രമേ പരിശ്രമിക്കുകയുള്ളൂവെന്നും 2026 ല്‍ സിവില്‍ സര്‍വ്വീസ് നേടുമെന്നും 2021 ല്‍ സ്വന്തം ഡയറിയില്‍ ശ്രീജ എഴുതി. ഇടക്കിടെ ശ്രീജ ആ പേജ് മറിച്ചു നോക്കുമായിരുന്നു. വിജയം കരസ്ഥമാക്കും വരെ. 2024 ല്‍ ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ പരിശീലനം നേടി. പിന്നെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം 2024-ലാണ് ശ്രീജ സിവില്‍ സര്‍വീസ് കോച്ചിംഗിനായി പരിശീലനം ആരംഭിക്കുന്നത്. സ്കൂള്‍ കാലഘട്ടത്തില്‍ സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുകള്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ബിരുദാനന്തര ബിരുദത്തിനു ശേഷമാണ് ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ ജോയിന്‍ ചെയ്യുന്നത്. കൃത്യമായ പ്ലാനിംഗായിരുന്നു വിജയരഹസ്യം. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. എന്തെങ്കിലും കാരണവശാല്‍ മാറ്റിവെക്കേണ്ടി വന്നാല്‍ അത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തീര്‍ക്കും. ഞായറാഴ്ചത്തെ മോക്ക് ടെസ്റ്റിന് മുന്‍പ് എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തും.’ സാധാരണ കുട്ടികളെപ്പോലെ തന്നെ എനിക്കും ചിലപ്പോഴൊക്കെ മടിയും ഉഴപ്പാനുള്ള പ്രേരണയുമൊക്കെ പിടിപെട്ടിട്ടുണ്ടെന്ന് ശ്രീജ ജീവനാദത്തോട് വ്യക്തമാക്കി. ഇത്തരം പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് സ്ഥിരതയാണ്. ടെസ്റ്റിനൊക്കെ മാര്‍ക്ക് കുറയുമ്പോള്‍ വിഷമം വരും. തോറ്റു പോകുമോ എന്നുള്ള ഭയമൊക്കെയാണ് ഈ ഘട്ടത്തില്‍ നമ്മെ അലട്ടുന്നത്. ഇതൊക്കെ മറികടക്കാന്‍ എനിക്കും ബുദ്ധിമുട്ട് തന്നെയായിരുന്നു. ഞാന്‍ എന്റെ വീടിന്റെ ചുമരില്‍, എന്റെ ലക്ഷ്യങ്ങള്‍ ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. അത് ഇടക്കിടെ വായിക്കുമ്പോള്‍ എനിക്ക് തന്നെ പ്രേരണയാകുമായിരുന്നു.
പൂച്ച, പുസ്തകം പിന്നെ പ്രാര്‍ഥനയും
പ്രതിസന്ധികളും പരാജയങ്ങളുമൊക്കെ വരുമ്പോള്‍ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം പ്രാര്‍ത്ഥന നല്കുന്ന ഊര്ജ്ജത്തെപ്പറ്റിയാണ്. ഒരു ജപമാല അര്‍പ്പിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ. ആദ്യമൊക്കെ അമ്മ പറയുമ്പോള്‍ ദേഷ്യം തോന്നുമായിരുന്നു. അമ്മയ്ക്ക് ഇത് മാത്രമേ പറയാനുള്ളോ എന്നൊക്കെ മനസ്സില്‍ തോന്നും. പക്ഷേ അവസാനം ഞാന്‍ എത്തുന്നത് അങ്ങോട്ട് തന്നെയായിരിക്കും. ചില കാര്യങ്ങള്‍ക്ക് കുഞ്ഞുനാള് മുതല്‍ തന്നെ ഒരു വാശി ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആ സ്വഭാവം എന്നെ സഹായിച്ചു എന്നു ഞാന്‍ കരുതുകയാണ്. എന്നില്‍ വിശ്വാസമുള്ള ഒത്തിരി പേര് എന്റെ ചുറ്റുമുണ്ടായിരുന്നു. ഫോര്‍ച്ച്യൂണ്‍ അക്കാദമിയിലെ അധ്യാപകരും മെന്ഡേഴ്സും ഏതൊരു പ്രതിസന്ധിയും അതിജീവിക്കാനുള്ള കരുത്തും പ്രചോദനവുമായി കൂടെ ഉണ്ടായിരുന്നു.
പാതിരാത്രിയിലാണെങ്കില് പോലും നമ്മുടെ മനസ്സില്‍ എന്തെങ്കിലും സംശയങ്ങള്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ചു തരാന്‍ അവര്‍ എല്ലാ സമയത്തും തയ്യാറായിരുന്നു. പഠനത്തിന്റെ ഇടയില്‍ വായനയായിരുന്നു ശ്രീജയുടെ ഹോബി. മലയാളത്തിലെയും ഇംഗ്ലീഷിലെയും കുറേ നല്ല പുസ്തകങ്ങള്‍ കയ്യില്‍ ഉണ്ടായിരുന്നു. പിന്നെ പിയാനോ പോലെയുള്ള ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് കേള്‍ക്കുന്നതും പതിവായിരുന്നു. പഠനത്തിന്റെയിടയില് മനസൊന്ന് ശാന്തമാകാന്‍ വീട്ടില്‍ വളര്‍ത്തുന്ന ലാറ യെന്ന പൂച്ചക്കുട്ടിയെ കളിപ്പിക്കും.ലാറ ഇടയ്ക്കിടെ മുറിയിലേക്ക് കയറി വരും. അവളുടെ നടപ്പും ഭാവവും ഒക്കെ കാണുമ്പോള്‍ മനസ്സൊന്നു കുളിരുമായിരുന്നുവെന്ന് ശ്രീജ ജീവനാദത്തോടു പറഞ്ഞു.
മാതാപിതാക്കള്‍ ഏറ്റവും വലിയ കരുത്ത്
മാതാപിതാക്കളുടെ കഷ്ടപ്പാടാണ് എനിക്ക് പ്രചോദനം എന്ന് ശ്രീജ പറയുന്നു.സിവില്‍ സര്‍വീസ് എന്ന് പറയുന്നത് ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്ന ഒരു പദവി തന്നെയാണ്. എന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനമാണിത്. എന്റെ വിജയത്തോടനുബന്ധിച്ചുള്ള പല പരിപാടികളിലും പറഞ്ഞു കേട്ടിട്ടുണ്ട്, ശ്രീജയുടെ മാതാപിതാക്കളാണ് താരങ്ങള്‍ എന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നാറുണ്ട്. കൃത്യമായ വിലയിരുത്തലാണത്. എന്റെ നേട്ടത്തില്‍ അവരുടെ പങ്ക് പറഞ്ഞറിയിക്കാനാവില്ല. ഞാന്‍ ലക്ഷ്യം എത്തിപ്പിടിക്കും എന്ന് അവര്‍ക്ക് അതിയായ ആത്മവിശ്വാസം ഉണ്ടായിരുന്നു.അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികമാണ് ഈ വര്‍ഷം. കഷ്ടപ്പെട്ട് പഠിപ്പിച്ച എന്റെ അച്ഛനും അമ്മയ്ക്കും നല്കാവുന്ന ഏറ്റവും വലിയ രജതജൂബിലി സമ്മാനമാണ് ഈ വിജയം.
ബിരുദാനന്തര ബിരുദധാരിയായ അമ്മയായിരുന്നു ശ്രീജയുടെ ഏറ്റവും വലിയ കരുത്ത്. പഠനകാര്യങ്ങളില്‍ അമ്മ നല്കിയ പിന്തുണയും അച്ഛന് നല്കിയ ആത്മവിശ്വാസവും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ അവളെ സഹായിച്ചു. എന്റെ അച്ഛനും അമ്മയും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. രണ്ടര വയസിലാണ് എന്നെ എഴുത്തിനിരുത്തിയത്. എന്തുകൊണ്ടാണ് നേരത്തെ എഴുത്തിനിരുത്തിയത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് എനിക്ക് നിന്നെ പഠിപ്പിച്ച് വലിയ ആളാക്കണം. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന സമയത്ത് തന്നെ അമ്മ അതിനായി പ്രാര്‍ഥിച്ച് ഒരുങ്ങിയിരുന്നു. റിസള്‍ട്ട് അറിഞ്ഞശേഷം പലരും വീട്ടില്‍ വരുമ്പോഴും അമ്മ അമിതമായി പ്രതികരിക്കുന്നത് കണ്ടിട്ടില്ല. അമ്മ ഇപ്പോഴും പറയുന്ന ഒരു കാര്യം, അവള് കഷ്ടപ്പെട്ട് പഠിച്ചതിന്റെ പ്രതിഫലം ലഭിക്കുമെന്ന് അറിയാമായിരുന്നു അത് ലഭിച്ചു എന്നുമാത്രമാണ്.
എന്റെ അച്ഛനും അമ്മയും എന്റെ വിവാഹത്തെക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല. 25 വയസ്സിന് മുന്‍പ് നിന്റെ കരിയര്‍ സെറ്റ് ആകും പിന്നെ നിന്റെ തീരുമാനമാണ്. അതാണ് അവര്‍ പറഞ്ഞ കാര്യം. ഇന്ന് എത്ര മാതാപിതാക്കള്‍ മക്കളോട് ഇങ്ങനെ പറയും എന്ന് എനിക്കറിയില്ല. പഠനത്തിലൊക്കെ മികച്ചു നില്‍ക്കുമെങ്കിലും ചിലപ്പോഴൊക്കെ പുറകിലേക്ക് പോകുന്ന സ്വഭാവം എനിക്കുണ്ട്. അപ്പോഴൊക്കെ ഇത് നിന്നെ കൊണ്ട് സാധിക്കും, എന്ന് പറഞ്ഞ് മുന്നിലേക്ക് നയിക്കുന്നത് എന്റെ മാതാപിതാക്കള്‍ തന്നെയായിരുന്നു.
ദിവ്യബലിയും ജപമാലയും ജീവിതത്തിന്റെ ഭാഗം
പ്രാര്‍ഥനയും വിശ്വാസവും കൂട്ടായ്മയും നമ്മുടെ വിജയങ്ങളില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും ദിവ്യബലിയും ജപമാലയും മുടക്കാറില്ല. പ്രിലിംസിന്റെ സമയത്തും പരിക്ഷ കഴിഞ്ഞ സമയത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ കരഞ്ഞുകൊണ്ടാണ് ദിവ്യബലിയില്‍ പങ്കെടുത്തത് പക്ഷേ തിരിച്ചിറങ്ങുമ്പോള്‍ എനിക്ക് അതിയായ സന്തോഷവും ആത്മവിശ്വാസവും ലഭിച്ചിരുന്നു. ജനുവരി 24 നാണ് ഇന്റര്‍വ്യു കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്ത് എത്തുന്നത്. അന്ന് വൈകുന്നേരം പാളയം പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു. അന്നും ഇതുപോലെ സന്തോഷത്തോടെയാണ് പള്ളിയില്‍ നിന്ന് ഇറങ്ങി വന്നത്. അമ്മ ഒരു ദിവസം നാലോ അഞ്ചോ ജപമാല ചെല്ലും.
ഞാനിവിടെ വരെ എത്തിയിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ ഒരു വലിയ കൃപ ഇതിന്റെ പിന്നിലുണ്ട് എന്ന് സംശയം പറയാം. പല പ്രതിസന്ധി സമയങ്ങളിലും വചനഭാഗം ലഭിക്കുന്നത് ദൈവം എന്നോട് നേരിട്ട് പറയുന്നതുപോലെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രിലിംസിന്റെ സമയത്ത് എനിക്ക് കിട്ടിയ വചനം ഇതാണ് ‘സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി. (മത്തായി 15 : 28 ) ഇതുപോലെ പല ഘട്ടങ്ങളിലും ആശ്വാസമായി തീര്‍ന്നത് ദൈവവചനങ്ങളും ജപമാലയും പള്ളിയുമാണ്. ഈശ്വരവിശ്വാസം എനിക്ക് ഒരു നങ്കൂരം തന്നെയായിരുന്നു. ദൈവത്തോട് കൂടുതല്‍ അടുക്കാനും ഈ പരീക്ഷ സാധിച്ചു.
സിവില്‍ സര്‍വീസിലേക്ക്
സ്ത്രീകള്‍ കൂടുതലായി കടന്നുവരണം
ചെറുപ്പം മുതലേ നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ നമ്മള് കാണുന്നുണ്ട്. അവര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന വ്യതി ചലനങ്ങളും പലപ്പോഴായി കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. അതൊക്കെ ഒരു ഇന്സ്പിരേഷന് തന്നെയായി. നമ്മുടെ മാതൃ രാജ്യത്തിനുവേണ്ടിയും ഓരോ വ്യക്തികള്‍ക്കു വേണ്ടിയും ഏറ്റവും നല്ല ഒരു സേവനം കാഴ്ചവെക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ശ്രീജ ജീവനാദത്തോടു വ്യക്തമാക്കി. നമ്മുടെ പല ആളുകളും വിവിധ രാജ്യങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്, സ്ഥിരമായി താമസിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകള്‍ ഇനിയും കൂടുതല്‍ സിവില്‍ സര്‍വീസ് മേഖലയിലേക്ക് കടന്നുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്നങ്ങള്‍ക്കും കൂടുതല്‍ പരിഹാരങ്ങള്‍ നിര്‍ണയിക്കാന്‍ അവര്‍ക്ക് സാധിക്കും.
ഈ മനോഹര ഭൂമിയില്‍ ഇനിയും ജനിക്കണം
മനസില്‍ ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അത് നേടാനായി ഇറങ്ങിത്തിരിക്കുക എന്നതാണ് യുവജനങ്ങളോട് ശ്രീജക്ക് പറയാനുള്ളത്. ഒരാളുടെ സാഹചര്യങ്ങളും പശ്ചാത്തലങ്ങളും ഒന്നും വലിയ കാര്യമല്ല. കൃത്യമായിട്ടുള്ള ലക്ഷ്യബോധത്തോടെ കഠിനാധ്വാനം ചെയ്യാനായി മുന്നോട്ടുവന്നാല്‍ ആര്‍ക്കും സിവില്‍ സര്‍വീസ് ഒരു ബാലികേറാ മലയായി കരുതാനാവില്ല. എന്റെ അമ്മ എനിക്ക് ജന്മം നല്കിയ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നന്മയോടെ ഓര്‍ക്കുന്ന നിമിഷമെന്ന് ഞാന്‍ കരുതുന്നു. ഈ ഭൂമിയില്‍ ജനിക്കുക, ഈ നാടിന്റെ സൗന്ദര്യം ആസ്വദിക്കുക, ഒത്തിരി ആളുകളെ കണ്ടുമുട്ടുക അവരോട് ഇടപഴകുക, അവരുടെ സ്നേഹം അനുഭവിക്കുക, സ്നേഹം പകര്‍ന്നു നല്‍കുക, ഇതൊക്കെ ചെറിയ കാര്യമല്ല. എനിക്ക് ഒരു പ്രായം വരെ ഇതിന്റെയൊക്കെ അര്‍ത്ഥം ഒന്നും മനസ്സിലാവില്ലായിരുന്നു. ഈ ഭൂമിയില്‍ ജനിക്കാന്‍ സാധിച്ചതും ഇത്ര നല്ല മാതാപിതാക്കളെ ലഭിച്ചതുമാണ് ദൈവം എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമെന്ന് ജീവനാദത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീജ പറയുന്നു.

