ലൂയിസ് തണ്ണിക്കോട്ട്
ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍, മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്
ലഹരിയുടെ ഇരുട്ടിലേക്ക് മെല്ലെ മെല്ലെ നീങ്ങുന്ന ഒരു ലോകത്തില്‍, നാടിന്റെ കളിമുറ്റത്തെ വെളിച്ചം കൊണ്ട് ആവേശം വിടര്‍ത്തുന്ന ഒരു ലഹരി കഥ, ഒരു നാടിന്റെ നാഴികകല്ലായി മാറിയിരിക്കുന്നു.
പറഞ്ഞുവന്നത്, കായിക ലഹരിയുടെ ഉന്മാദത്താല് കനകം വിളയിച്ച ഒരു ഇടവക വൈദികനെ കുറിച്ചാണ്. ‘കളി മൈതാനത്ത് വിയര്‍പ്പൊഴുക്കുന്ന യുവത്വം വഴിതെറ്റില്ല’ എന്ന ഉത്തമ വിശ്വാസത്തില്‍, നമ്മുടെ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരണം, ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന ദര്‍ശനത്തില്‍ ഒരു നാടിന്റെ യുവതയെ പള്ളിമുറ്റത്ത് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഈ വൈദികന്.
കൊച്ചി രൂപത കുമ്പളങ്ങി അഴീക്കകം ഹോളി മേരിസ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടിലാണ് ഈ വേറിട്ട വൈദികന്. ഫുട്ബോള്‍ ക്രിക്കറ്റ് ഉള്‍പ്പെടെ അച്ഛന് സെറ്റ് ചെയ്ത ടീമിനെ കളിപ്പിച്ചും മത്സരവേദികളിലേക്ക് അയച്ചും പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ വൈദീകന്. കുമ്പളങ്ങി നാട്ടിലെ എങ്ങുമെത്താതെ പോകുമായിരുന്ന യുവതയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കി,
മൂന്നര വര്‍ഷത്തെ ഇടവക സേവനത്തിനു ശേഷം കൊച്ചി രൂപതയുടെ എപ്പിസ്കോപ്പല്‍ വികാര്‍ ആയി സ്ഥാനം മാറിപ്പോകുകയാണ് ഫാ: ഫ്രാന്‍സിസ് സേവ്യര്‍.
ഹൃദയസ്പര്‍ശിയായ യാത്രയയപ്പ് വേളയില്‍ അവര്‍ നേടിയെടുത്ത നൂറോളം സമ്മാനങ്ങള്‍ ആണ് ആ കായികതാരങ്ങള്‍ സംതൃപ്ത മനസ്സോടെ അച്ചന് ആദരമായി സമര്‍പ്പിച്ചത്. കൊച്ചി രൂപതയുടെ മതബോധന ഡയറക്ടര്‍ ഫാ. ലിജേഷ് കാളിപ്പറമ്പില്‍ പരിശീലിപ്പിച്ച, ഇടവക മതബോധന പിടിഎ പ്രസിഡണ്ട് വര്‍ഗീസ് ചക്കാലക്കല്‍ മാനേജരുമായ ഫുട്ബോള്‍ ടീമും, ഒപ്പം ക്രിക്കറ്റ് ടീം അംഗങ്ങളും ജാതിമതഭേദത്തിനതീതമായി, പള്ളിയുടെ പ്രധാന കവാടത്തില്‍ വെച്ച് അച്ചന് വളര്‍ത്തിയ, പ്രോത്സാഹിപ്പിച്ച ആ യുവകായിക താരങ്ങള്‍ വിജയത്തിന്റെ അംഗീകാരങ്ങള്‍ ഒരു കാഴ്ച സമര്‍പ്പണം പോലെ വിതുമ്പുന്ന മനസ്സുമായി ഫ്രാന്‍സിസ് സേവ്യര്‍ അച്ഛന് സമര്‍പ്പിച്ചു.
ചിതറി പോകുമായിരുന്ന ഒരു യുവതയെ ചേര്‍ത്തു നിര്‍ത്തി പ്രോത്സാഹനത്തിന്റേയും പ്രചോദനത്തിന്റെയും ചൂടും ചാലും ആയി ഫാ. ഫ്രാന്‍സിസ് സേവ്യറും പരിശീലകന് ഫാ. ലിജേഷ് കാളിപ്പറമ്പിലും മാനേജര്‍ വര്‍ഗീസ് ചക്കാലക്കലും സഹകാരിയായ നെല്‍സണ്‍ കോച്ചേരിയും അങ്ങനെ പലരും ചേര്‍ന്ന് ….ഹോളി മേരീസ് ഇടവകയെ കായിക ലഹരിയുടെ കൂട്ടായ്മയില്‍ വിജയ കൂടാരമൊരുക്കി. സത്യത്തില്‍ നമ്മുടെ പള്ളിമുറ്റത്ത് നിന്നും ചെറുപ്പക്കാര്‍ അകന്നു പോകുന്നു, അന്യം നിന്നു കൊണ്ടിരിക്കുന്നു എന്ന സത്യം നിലനില്‍ക്കുമ്പോഴും തുടരുമ്പോഴും, എങ്ങനെ അവരോടൊപ്പമായി നിന്ന് അവരെ ചേര്ത്തുനിര്ത്തണമെന്ന് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ നമുക്ക് കാണിച്ചു തരികയായിരുന്നു.
ചെറുപ്പക്കാര്‍ അന്യമാകുന്ന ദേവാലയ മുറ്റങ്ങള്‍ക്കും ദേവാലയത്തിലെ അകത്തളങ്ങള്‍ക്കും ഒരു പാഠമാണ് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തില്‍ വീട്ടില്‍.
ഒരുകാലത്ത് കേരളത്തിലെ പള്ളിമുറ്റവും അകത്തളങ്ങളും യുവജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പള്ളി, യുവതയുടെ കൂടിവരവിന്റെയും വളര്‍ച്ചയുടെയും ഉറവിടമായിരുന്നു. പഴയ തലമുറയില്‍പ്പെട്ട എത്രയോ കലാ-സാഹിത്യ- കായിക പ്രതിഭകളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് പള്ളി മതില്‍ക്കെട്ടിനകം വയലും വളവും ആയിട്ടുണ്ട്.
രണ്ടുദാഹരണങ്ങള്‍ …… ……..ഇരുപതാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയ്ക്കുണ്ടായ ഭീമമായ നഷ്ടം യുവജനങ്ങള്‍ അകന്നു പോയതാണെന്ന് വിലയിരുത്തിയത് പതിനൊന്നാം പിയൂസ് പാപ്പായാണ്. പാപ്പയുടെ ഈ നിരീക്ഷണം പുതിയൊരു യുവജന മുന്നേറ്റത്തിന് സഭയില്‍ തുടക്കമായി. അതിന്റെ പ്രചോദനമാണ് വരാപ്പുഴ അതിരൂപതയില്‍ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ഉയര്‍ത്തിയ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്, അദ്ദേഹം വികാരിയായിരുന്ന ഇന്‍ഫന്റ് ജീസസ്സ് ദേവാലയത്തിന്റെ മുറ്റത്ത് ബോസ്കോ കലാസമിതിക്ക് ജന്മം നല്‍കിയത്. സംഗീതം, നാടകം, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി യുവജനങ്ങളുടെ കഴിവുകളെ പരിപോഷിക്കാന്‍ അക്കാലത്ത് ബോസ്കോ കലാസമിതിക്ക് കഴിഞ്ഞു.
ബോസ്കോ കലാസമിതിയുടെ കവാടത്തിലൂടെ കടന്നു പോയവരാണ് ജെറി അമല്‍ദേവ്, ഗായകന് സി.ഒ.ആന്റോ, സംഗീത സംവിധായകരായ ജോബ് ആന്‍ഡ് ജോര്‍ജ്, ഗോപാലന് മാസ്റ്റര്‍ (ദുഃഖവെള്ളിയിലെ ‘ഇതാ.. ഇതാ.. കുരിശുമരം”) ഐസക് സഹോദരന്മാര്……. തുടങ്ങിയ ശതകണക്കിന് കലാകാരന്മാര്. ഒരു പരിധിവരെ അന്ന് വിദ്യാര്‍ഥി മാത്രമായിരുന്ന യേശുദാസും…….. ( മോണ്‍ :ജോര്‍ജ്ജ് വെളിപ്പറമ്പില്‍, ഫാ: മൈക്കിള്‍ പനക്കല്‍ നവതി സ്മരണിക).
വികാരിയായ മൈക്കിള്‍ പനക്കലച്ചന് പള്ളിമേടയിലാണ് അന്തോണിയ ക്ലബ്ബ് സ്ഥാപിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നത്. ചേന്നൂര്‍ ഇടവകയിലെയും പ്രദേശത്തെയും ചെറുപ്പക്കാരായ ഞങ്ങള്‍ പള്ളിമുറ്റത്ത് ദിവസവും ഒന്നിച്ചു ചേര്‍ന്നു. സംഗീതാലാപനവും ഉപകരണ സംഗീതവും നാടകവും കലാസാഹിത്യ പഠന ക്ലാസുകളും വാര്‍ഷികത്തിന് നാടകാവതരണവും ഒക്കെയായി മുന്നോട്ട്……. എഴുതിത്തുടങ്ങിയ എനിക്ക് ,നാടകങ്ങളിലെ ഗാനങ്ങള്ബ നോട്ടീസ് എഴുത്തുകള്‍ പ്രചോദനമായി. യുവജന പ്രവര്‍ത്തനങ്ങളില്‍ സഹൃദയനായ മൈക്കിള്‍ പനക്കലച്ചന് ചേന്നൂര്‍ നിവാസികളുടെ ആദരവും സ്നേഹവും പിടിച്ചുപറ്റി. ( ആന്റണി എം അമ്പാട്ട് – ഓര്‍മ്മയുടെ ഓളങ്ങളില്‍).
പോകെ പോകെ എങ്ങനെയോ, അപൂര്‍വം ചിലരുടെ കയ്യിലിരുന്ന ചോറില്‍ കല്ല് കടിച്ചപ്പോള്‍, വെന്ത ചോറില്‍ മുഴുവനും കല്ലാണ് എന്ന, ‘സത്യാനന്തര കാലത്തെപ്പോലെ, ‘ കത്തോലിക്കാ സഭയിലെ യുവജന കൂട്ടായ്മകളെ കുറിച്ച് കണ്ടെത്തലുകള്‍ ഉണ്ടായി. സഭയിലെ ചില യുവജന വിഭാഗങ്ങള്‍ പള്ളിയെ ചോദ്യം ചെയ്യുന്നവരും അനുസരണയില്ലാത്തവരുമായ ഒരു വിഭാഗമായി മുദ്രകുത്തപ്പെട്ടു. ഒപ്പം പള്ളിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അവര്‍ വിഘാതമാണെന്നും. (പ്രവാചക ദൗത്യത്തെ ഞാന്‍ ഇഷ്ടപ്പെടുമെങ്കിലും, എന്റെ നേരെ പ്രവാചകന്റെ ചൂണ്ടുവിരല്‍ നീണ്ടു വരുന്നത് പലപ്പോഴും എനിക്കിഷ്ടമല്ല എന്നത്, കാലം സാക്ഷി) അതോടൊപ്പം യുവജന പ്രേക്ഷിതരംഗത്തെ മാറിയ കെട്ടും മട്ടും, കക്ഷി രാഷ്ട്രീയ കേന്ദ്രീകൃത പ്രവര്‍ത്തനശൈലിയും ഒക്കെ കൂടി ചേര്‍ന്നപ്പോള്‍ മുരടിപ്പ് കൂടി വന്നു. വീടുകളിലെ മക്കളുടെ കുറവും പഠന- ജോലി തേടിയുള്ള വിദേശയാത്രയും പള്ളിമുറ്റത്തെ അടഞ്ഞ സമീപനങ്ങളും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ യുവജനം പള്ളിയില്‍ നിന്നും സമുദായങ്ങളില്‍ നിന്നും മടക്കയാത്ര തുടങ്ങി.
തങ്ങളുടെ മുന്നില്‍ കാണുന്ന അപചയങ്ങളെ വെല്ലുവിളിക്കുന്ന ‘യേശു മുന്നേറ്റങ്ങള്‍ ‘ കുറഞ്ഞു വരുകയും കൂടുതല്‍ ഭക്തരെ സൃഷ്ടിക്കുന്ന പരിപാടികള്‍ ക്രമീകരിക്കുക കൂടി ചെയ്തപ്പോള്‍, യേശുവിന്റെ വിപ്ലവകാരികള്‍ വിപ്ലവ വാദികളായി മാറി.
അങ്ങിനെ, യഥാര്‍ത്ഥ ‘യേശു ലഹരി ‘ കിട്ടാത്ത ക്രൈസ്തവ യുവത ഒരു പരിധി വരെ മറ്റു ഭൗതിക ലഹരിയുടെ പിന്നാലെ പോകാന്‍ നിര്‍ബന്ധിതമായി….!
കേരള കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ നിന്ന് യുവജനങ്ങള്‍ മുഴുവനായി അന്യം നിന്നു പോയി എന്നോ,അവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത രീതിയില്‍ പള്ളി വാതിലുകള്‍ അടച്ചിട്ടിരിക്കുന്നു എന്നും അല്ല പറഞ്ഞു വരുന്നത്. ഇനിയും നിലനില്‍ക്കുന്ന യുവജന കൂട്ടായ്മകള്‍ക്ക് എത്രത്തോളം യുവാവായ ക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി മാറാന്‍ സാധിക്കുന്നുണ്ട്, ഇനിയും കടന്നു വരേണ്ടവര്‍ക്കായി, പുതിയൊരു ചേര്‍ത്തു നിര്‍ത്തലിന്റെ ആവശ്യകതയും അനിവാര്യതയും എങ്ങിനെയാകണം എന്നതാണ് പറഞ്ഞു വരുന്നതിന്റെ കാതല്‍.
അതിനായി, ഒരു തിരിഞ്ഞു നോട്ടവും സ്വയം വിമര്‍ശനവും അനിവാര്യമാണെന്ന് കരുതുന്നു. ഇന്നത്തെ സഭയുടെ ജീവിതശൈലി യുവജനങ്ങള്‍ക്ക് ജീവിക്കാനും സ്നേഹിക്കാനും ഉള്ള വിശ്വാസത്തെ കുറിച്ചുള്ള ബോധ്യം നല്കാന് പര്യാപ്തമാണോ എന്ന ചിന്ത ഉണ്ടാവണം. നാം ആഘോഷങ്ങള്‍ – പെരുന്നാളുകള്‍ നടത്തുന്നു. ലിറ്റര്‍ജി പരിഷ്കരിക്കുന്നു. പഠനങ്ങളും സെമിനാറുകളും നടത്തുന്നു. കണ്‍വെന്‍ഷനുകളും ധ്യാനങ്ങളും നടത്തുന്നു. എങ്ങോട്ട് തിരിഞ്ഞു നില്‍ക്കണം എന്നതിനെക്കുറിച്ച് പോലും സമരത്തിലേര്‍പ്പെടുന്നു. പക്ഷേ ഇവയെല്ലാം നമ്മുടെ യുവജനങ്ങളിലേക്കും വരും തലമുറയിലേക്കും യഥാര്‍ത്ഥ ‘ക്രിസ്തു ജീവിതത്തിന്റെ ലഹരി ‘ പകര്‍ന്നു കൊടുക്കാന്‍ കഴിയുന്നുണ്ടോ.? (ലൂക്കാ: 4-18/21)
കൂട്ടി വായിക്കേണ്ടത്, കൊവിഡ്-19 മഹാമാരി വിതച്ച ദുരന്തങ്ങള്‍ പലതാണ്.
ഒപ്പം കത്തോലിക്കാ സഭയിലെ വിശ്വാസത്തിലേറ്റ ആഘാതവും വലുത് തന്നെ.
ആണ്ടു കുമ്പസാരവും, കടമുള്ള ദിവസങ്ങളിലെ /ഞായറാഴ്ചകളിലെ ദിവ്യബലിയും, ദിവ്യകാരുണ്യ സ്വീകരണവും, കൊവിഡ് മൃതസംസ്കാരവും, കൂദാശകളുടെ സ്വീകരണവും……. എന്തിനേറെ പള്ളിക്ക് അകത്തെ സാനിറ്ററൈസിന്റെ ഉപയോഗവും എല്ലാം എല്ലാം ……. നമ്മുടെ വളര്‍ന്നുവരുന്ന യുവജനങ്ങളില്‍ സൃഷ്ടിച്ച വിശ്വാസ വ്യതിയാനം ചില്ലറയല്ല….
നമ്മള് മറക്കരുത്, ഡിജിറ്റല്‍ യുഗത്തില്‍ പൂര്‍ണ്ണമായും വളര്‍ന്ന ആദ്യ തലമുറയായ
Gen Z (1997-2012 ) നെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. അവരാണ് നാളത്തെ സഭയെ സമുദായത്തെ നയിക്കേണ്ടവര്‍. അവര്‍ തന്നെയാണ് നാളത്തെ സഭയുടെ കരുത്തും വിശ്വാസ പ്രേക്ഷിതരും.
‘മതം എന്ന ആശയം ജനറേഷന് – Z നിടയില്‍ പലപ്പോഴും ചര്‍ച്ചയാകുന്ന വിഷയമാണ്.അതേ സമയം യുക്തിവാദത്തെയും ഭൗതിക ചിന്തയെയും മുന്‍നിര്‍ത്തിയുള്ള ജനറേഷന് Z -ന്റെ സമീപനങ്ങള്‍ പലപ്പോഴും മതത്തിന്റെ പ്രാധാന്യത്തെ ചോദ്യം ചെയ്യുകയും മതനിരാസം ജനറേഷന് Z- ന്റെ ജീവിത രീതിയായി മാറുകയും ചെയ്യുന്നു. ‘ദൈവം ഉണ്ടെന്ന് എങ്ങനെ ഉറപ്പാക്കാം..?’
‘മതം ജീവിതത്തില്‍ എന്തുകൊണ്ട് അത്യാവശ്യമാണ്..?’ ‘ആധുനിക ലോകത്ത് മതം എത്രത്തോളം പ്രസക്തമാണ്…?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായും വ്യാപകമായും ഉയരുന്നു.ശാസ്ത്രീയമായ തെളിവുകളെ മുന്‍നിര്‍ത്തി ജനറേഷന് Z പലപ്പോഴും മതത്തിന്റെ ആധികാരികത ചോദ്യം ചെയ്യുകയും അവഗണിക്കുകയും ചെയ്യുന്നു . ‘
(Gen Z: പ്രവണതകളും പ്രതിസന്ധികളും. ജീവധാര -ഡിസം: 2024) പവിത്രമായ കൂദാശ,
വിശുദ്ധ ഉടമ്പടിയായ വിവാഹത്തിന് ബദലായി , ‘living together’ എന്ന യുവതയുടെ പുതിയ ജീവിതരീതി, ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ ഏതാണ്ട് വൃത്തമായി. നിലവിലെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍, ചുരുക്കത്തില്‍, ആദ്യമായി വേണ്ടത് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നമ്മുടെ ദേവാലയാന്തരീക്ഷങ്ങള് തിരികെ പിടിക്കുക തന്നെ വേണം. എല്ലാവര്ക്കും എല്ലാമാകുന്ന, വ്യത്യസ്തങ്ങളായ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന തുറവിയുടെ നാളുകള്‍ മുളയെടുക്കണം.
യുവജനങ്ങളുടെ കാഴ്ചപ്പാട് അവരോടൊപ്പമായി ചേര്‍ന്ന് നിന്ന് കണ്ടറിയണം. തുടര്‍ന്നു വന്ന പാറ്റേണില്‍ ഇനി യൂത്തിനെ പിടിച്ചുനിര്‍ത്തുക അസാധ്യമാണ്. യുവതയുടെ ചോദ്യങ്ങളെ നേരിടാനും മറുപടി നല്‍കാനും, റോള്‍ മോഡലുകള്‍ ആകാനും നമുക്ക് കഴിയണം.
ശ്രദ്ധ വേണ്ടത്, Gen Z യെ മാത്രമല്ല, തുടര്‍ന്നുവരുന്ന ആല്‍ഫ, ബീറ്റ ജനറേഷനുകളെയും അവരുടെ ചോദ്യങ്ങളെയും ആകുലതകളെയും മനസ്സിലാക്കാനും പരിഹരിക്കാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു. ശിശുക്കള്‍ എന്റെ അടുക്കല്‍ വരുവിന്‍ ( ലുക്ക:18/16) എന്ന യേശുതമ്പുരാന്റെ തിരുമൊഴി പോലെ, യുവജനങ്ങള്‍ക്കായി, പുതിയ തുറവികള്‍ ഉണ്ടാവട്ടെ.
മറുമൊഴി:-*
യുവജനങ്ങളില്‍ പലര്‍ക്കും അനുസരണമില്ല, സ്ഥിരം കേള്‍ക്കുന്ന പരാതി.
അനുസരണം രണ്ടു വിധം.
അടിമയുടെയും മക്കളുടെയും.
അടിമ വാ പൊത്തി അനുസരിക്കും. എന്നാല്‍ മക്കളുടെ അനുസരണം യേശുവിന്റെത്.
അവിടെ ചോദ്യങ്ങളും എതിര്‍പ്പുകളും ഉണ്ടാവും. നമ്മുടെ കുടുംബങ്ങളിലേതു പോലെ……..!

