പത്തനംതിട്ട: പുനലൂർ രൂപതയിലെ പത്തനംതിട്ട ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. 2027 മാർച്ച് വരെ നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് സിജേഷ് CSJ ജൂബിലി പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് ഇടവക ജനങ്ങളും സമീപവാസികളായ മലങ്കര സീറോ മലബാർ റീത്തുകളിലെ വിശ്വാസികളുടെയും പങ്കാളിത്തത്തോടെ ജൂബിലി സമാരംഭ കുർബാനയും അർപ്പിച്ചു. കുർബാന മദ്ധ്യേ ഫാ. കോളിൻ നെപ്പോളിയൻ SCJ വചനപ്രഘോഷണവും നടത്തി. കുർബാനയ്ക്ക് ശേഷം ജൂബിലി പ്രാർത്ഥനയും നടത്തപ്പെട്ടു.
1927 മാർച്ച് ആറിന് അവിഭക്ത കൊല്ലം രൂപതാധ്യക്ഷൻ അഭിവന്ദ്യ അലോഷ്യസ് മരിയ ബെൻസിങ്ങർ പിതാവ് പത്തനംതിട്ട പുത്തൻപീടികയിൽ, കാവൽ മാലാഖമാരുടെ നാമധേയത്തിൽ സ്ഥാപിച്ച ദേവാലയം ശദാബ്ധിയിലേക്ക് ചുവടുവെക്കുകയാണ്. ആദ്യ കാലഘട്ടങ്ങളിൽ റീത്തു ഭേദമന്യേ എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും മാതൃ ഭവനം ആയിരുന്നു ഈ ദേവാലയം. കാലത്തിന്റെ സഞ്ചാരപഥത്തിൽ പല റീത്തുകളിലും ഉള്ള സഹോദരങ്ങൾ സ്വന്തം ദേവാലയങ്ങളിൽ ആരാധന ശുശ്രൂഷകൾ തുടർന്നപ്പോൾ, പുത്തൻപീടിക ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയം എല്ലാവർക്കും തണലായി നിലകൊണ്ടു. കടുകുമണിയുടെ ഉപമ പോലെ 1947 ഇൽ പാകിയ ഒരു കുഞ്ഞു വിത്തു വളർന്നു പന്തലിച്ച് നാരങ്ങാനം, ഇടകടത്തി, ചെങ്ങറ, മഞ്ഞനിക്കര, ചിറ്റാർ എന്നീ പ്രദേശങ്ങളിലേക്കും ദൈവസ്നേഹത്തിന്റെ നീർച്ചാൽ ഒഴുക്കി നിലകൊള്ളുന്നു.
“ഈ ദേവാലയം ശദാബ്ധിയിലേക്ക് ചുവട് വെക്കുമ്പോൾ, കടന്നുപോയ ഇന്നലെകളെ ഓർത്തു നന്ദി അർപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ കൊല്ലം പുനലൂർ രൂപതകൾ നയിച്ച അഭിവന്ദ്യ പിതാക്കന്മാരെ ഓർത്തു നന്ദി അർപ്പിക്കുന്നു.. ദേവാലയ സ്ഥാപനം മുതൽ ഇന്നുവരെ ഇടവക വികാരിമാരായും സഹവികാരിമാരായും സേവനം അനുഷ്ഠിച്ച വൈദികരെയും ഇടവകയിൽ സേവനം ചെയ്ത ബഹുമാന്യ സമർപ്പിതരെയും ഓർക്കുന്നു.” ഫാ. സിജേഷ് പറഞ്ഞു.

