ടി.എം ജോസഫ്, തൈപ്പറമ്പില്‍, അഡ്വ. സി.എക്സ്. ആന്റണി ബെനഡിക്ട്
പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581 – 1660). ‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭയും ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. 1581 ഏപ്രില്‍ 24-ന് വിന്‍സെന്റ് ഡി പോള്‍ ഫ്രാന്‍സില്‍ ജനിച്ചു. തുടക്കത്തില്‍ പണവും പ്രശസ്തിയും ആഗ്രഹിച്ചിരുന്ന അദ്ദേഹം, പാവപ്പെട്ടവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. പിന്നീട് അടിമകള്‍, പാവപ്പെട്ടവര്‍, രോഗികള്‍, അനാഥര്‍ എന്നിവര്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ചു. ദാരിദ്ര്യം, പവിത്രത, അനുസരണം, സ്ഥിരത എന്നിവയില്‍ ഊന്നി വിന്‍സെന്‍ഷ്യന്‍ സഭ രൂപീകരിച്ചു.
1625-ല്‍ കോണ്ഗ്രിഗേഷന് ഓഫ് മിഷന് (വിന്‍സെന്‍ഷ്യന്‍സ്) സ്ഥാപിച്ചു. ലൂയിസ് ഡി മരിലാക്കുമായി ചേര്‍ന്ന് 1633-ല്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്ന്യാസിനി സഭയും രൂപീകരിച്ചു. 1660 സെപ്റ്റംബര്‍ 27-ന് അദ്ദേഹം പാരീസില്‍ അന്തരിച്ചു. 1737-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
1833 ലാണ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ആഗോളതലത്തില്‍ സ്ഥാപിതമായത്. അന്ന് വെറും 20 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന നിയമവിദ്യാര്‍ഥിയായിരുന്ന ഫ്രെഡറിക് ഓസാനമും 5 ചെറുപ്പക്കാരും കൂടി പ്രൊഫ. ജോസഫ് ഇമ്മാനുവല്‍ ബെയ്ലി എന്ന പത്രപ്രവര്‍ത്തകന്റെ ഫ്രാന്‍സിലെ പാരീസിലുള്ള ഓഫീസില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ പ്രഥമയോഗം ചേര്‍ന്നതോടെ ഇന്ന് ആഗോളതലത്തില്‍ കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്മായ ജീവകാരുണ്യ പ്രസ്ഥാനത്തിന് തുടക്കമായി. ഉപവിയുടെ കോണ്‍ഫറന്‍സ് എന്നായിരുന്നു ആദ്യമിട്ടിരുന്ന പേര്. പിന്നീട്, പാവങ്ങള്‍ക്കു വേണ്ടി ജീവിച്ചുമരിച്ച് വിശുദ്ധനായി തീര്‍ന്ന സെന്റ് വിന്‍സെന്റ് ഡി പോളിനെ സംഘടനയുടെ സ്വര്‍ഗീയ മധ്യസ്ഥനായി തീരുമാനിച്ചു.

അങ്ങനെയാണ് ക്രൈസ്തവ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കരുണയുടേയും പ്രതീകമായ ഈ അന്തര്‍ദ്ദേശീയ ആത്മീയ സംഘടന സെന്റ് വിന്‍സെന്റ് ഡി പോളിന്റെ നാമത്തില്‍ നിലവില്‍ വന്നത്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഇന്ന് 154 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 48,000 കോണ്‍ഫറന്‍സുകളിലായി 8 ലക്ഷത്തിലധികം അംഗങ്ങളാണ് ലോകത്ത് 3 കോടിയിലധികം മനുഷ്യര്‍ക്ക് ദിവസവും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലെ പ്രത്യേക ഉപദേഷ്ടാവും യുനസ്കോ അസ്സോസിയേറ്റ് അംഗവുമാണ് ഈ ആത്മീയ ജീവകാരുണ്യ സംഘടന.
2033-ല്‍ ഈ മഹാപ്രസ്ഥാനം ആരംഭിച്ചതിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനുമുമ്പുതന്നെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് പ്രത്യാശിക്കുന്നു. വിന്‍സെന്‍ഷ്യന്‍ കുടുംബത്തില്‍ നിന്നുതന്നെയുള്ള വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയെ കഴിഞ്ഞവര്‍ഷം ലെയോ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് ലോകം മുഴുവനുമുള്ള വിന്‍സെന്‍ഷ്യന്‍ അംഗങ്ങള്‍.

‘എന്റെ ഏറ്റവും എളിയ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയായിരുന്നു നിങ്ങള്‍ ചെയ്തതെന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു’ എന്ന ക്രിസ്തു വചനത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് പാവങ്ങളെയും ദുരിതമനുഭവിക്കുന്നവരെയും സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ സാധ്യമായ സഹായങ്ങള്‍ നല്‍കുകയും അതിലൂടെ ദൈവത്തിന്റെ കരുണയും സ്നേഹവും അവര്‍ക്ക് അനുഭവവേദ്യമാക്കി കൊടുക്കുകയും ചെയ്തുകൊണ്ട് അവരെ ദൈവത്തിലേക്ക് അടുപ്പിക്കുകയും അങ്ങനെ അവരുടെയും തങ്ങളുടെയും ആത്മീയ വിശുദ്ധീകരണം സാധ്യമാക്കുക എന്നതാണ് വിന്‍സെന്‍ഷ്യന്‍ ലക്ഷ്യവും ശൈലിയും.
വരാപ്പുഴ അതിരൂപത വിന്‍സെന്‍ഷ്യല്‍ പ്രസ്ഥാനത്തിന് 90 വയസ്
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വരാപ്പുഴ അതിരൂപതയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 90 വര്‍ഷം തികയുന്നു. പുണ്യസ്മരണാര്‍ഹനായ ദൈവദാസന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനം ആരംഭിച്ച ആ കാലഘട്ടത്തില്‍, 1935 ലാണ് അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിനോടനുബന്ധിച്ച് ആദ്യ കോണ്‍ഫറന്‍സ് സ്ഥാപിതമായത്. ഡബ്ല്യു.സി ജോസഫ് പ്രസിഡന്റായി ആരംഭിച്ച സെന്റ് തോമസ് കോണ്‍ഫറന്‍സിന്റെ സ്ഥാപനത്തോടെയാണ് അതിരൂപതയില്‍ മഹത്തായ വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1954-ല്‍ വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സില്‍ രൂപീകൃതമായി.
ഇന്ന് വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സിലിന്റെ കീഴില്‍ അതിരൂപതയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 160 കോണ്‍ഫറന്‍സുകളുണ്ട്. 894 പുരുഷന്മാരും 484 സ്ത്രീകളും 35 യുവഅംഗങ്ങളും ഉള്‍പ്പെടെ 1413 സജീവ അംഗങ്ങള്‍ ഈ കോണ്‍ഫറന്‍സുകളില്‍ പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ പതാക വാഹകരായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ വിദ്യാഭ്യാസം, ചികിത്സ, ഭവനനിര്‍മാണം, വിവാഹം മുതലായ ആവശ്യങ്ങള്‍ക്കായി മൊത്തം നാലു കോടിയോളം രൂപ ഈ കോണ്‍ഫറന്‍സുകള്‍ നല്കി.
1954-ല്‍ രൂപീകൃതമായ വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 12-ാമത് പ്രസിഡന്റായി ടി.എം. ജോസഫ് തൈപ്പറമ്പില്‍ 2026 ഫെബ്രുവരി 1-ന് ചുമതലയേറ്റു. സ്ഥാപക പ്രസിഡന്റ് ടി.ആര്. എബ്രഹാമാണ്. തുടര്‍ന്ന് അഡ്വ. പി.എ. മാത്യു, പ്രൊഫ. കെ.എക്സ്. ജോണ്‍, പ്രൊഫ. ജെര്സന് കണ്ണിക്കല്‍, ജോസ് തോമസ് കാനപ്പിള്ളി, കെ.കെ. റാഫേല്‍ കളത്തിവീട്ടില്‍, സേവ്യര്‍ ജെയിംസ് നെടുംപറമ്പില്‍, പ്രൊഫ. ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി, കെ.വി. ആന്റണി കുറ്റിശേരി, ജോസ് ഫ്രാന്‍സിസ് വടക്കുംതല, റോക്കി രാജന് പുല്ലുപറമ്പില്‍ എന്നിവരായിരുന്നു മുന്‍ പ്രസിഡന്റുമാര്‍. മോണ്‍സിഞ്ഞോര്‍ ക്ലീറ്റസ് പറമ്പലോത്ത് കഴിഞ്ഞ 25 വര്‍ഷമായി വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആത്മീയോപദേഷ്ടാവായി നിസ്തുല സേവനം ചെയ്തു വരുന്നു. ദൈവദാസന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസും ദീര്‍ഘകാലം വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആത്മീയോപദേഷ്ടാവായി സേവനം ചെയ്തിട്ടുണ്ട്.

