റവ. ഡോ. ലോറന്‍സ് കുലാസ്, (ശുശ്രൂഷ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, തിരുവനന്തപുരം അതിരൂപത)
നോമ്പുകാലം ആത്മാര്‍ഥമായി നാം ആചരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് ശാരീരികവും ആത്മീയവുമായ വിശുദ്ധീകരണമാണ്. അശുദ്ധിയുടെ പ്രവൃത്തികളും ചിന്തകളും ഇല്ലായ്മ ചെയ്യുന്നതിലൂടെ നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൈവസാന്നിധ്യം തന്നെയാണ്.
ശരീരത്തിന്റെയും ആത്മാവിന്റെയും വിശുദ്ധീകരണവും ആത്യന്തികമായ നന്മയിലേക്കുള്ള വീണ്ടെടുപ്പുമാണ് ഏതൊരു നോമ്പാചാരണത്തിന്റെയും അടിത്തറ. ഇതിലൂടെ എല്ലാ മനുഷ്യരും അടിസ്ഥാനപരമായി പ്രാപിക്കാന്‍ ശ്രമിക്കുന്നത് വിശുദ്ധീകരണമാണ്. ബൗദ്ധികമായ ആസക്തികളിലൂടെ കടന്നുവന്ന ജീര്‍ണതകളുടെ നശീകരണവും തുടര്‍ന്നുള്ള നവീകരണവുമാണ് ഏതൊരു നോമ്പാചരണത്തിന്റെയും ഉള്ളടക്കം. ശിഷ്യര്‍ ഗുരുവിനോട് ആരാഞ്ഞു: ”എന്താണ് വിശുദ്ധി?” ”ബൗദ്ധികതയുടെ ജീര്‍ണതകളെ തച്ചുടച്ച് ശരീരത്തെയും ആത്മാവിനെയും പുനരുദ്ധരിക്കുന്നതാണ് വിശുദ്ധി,” ഗുരു ഉത്തരമരുളി. യേശുവിന്റെ ജറുസലേം ദേവാലയ ശുദ്ധീകരണം (യോഹ 2:13 – 22) ഈ സന്ദര്‍ഭത്തില്‍ അനുസ്മരണീയമാണ്. ദ്രവ്യാത്മകതയുടെ വശീകരണത്തില്നിന്ന് മനുഷ്യനെ മോചിപ്പിച്ച് ദൈവീകതയുടെ പടവുകള്‍ കയറുവാനാണ് ദൈവം മനുഷ്യനെ എക്കാലവും ആഹ്വാനം ചെയ്യുന്നത്.
ദൈവം ആഗ്രഹിക്കുന്ന ജീവിത വിശുദ്ധീകരണത്തിന് പരസ്പരപൂരകങ്ങളായ രണ്ട് തലങ്ങളുണ്ട്. ശാരീരികവും ആത്മീയവും. ശാരീരിക ശുദ്ധീകരണം സാധ്യമാകുന്നത് ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യശരീരം ദൈവത്തിന്റെ ആലയമാണെന്ന ബോധ്യത്തിലൂടെയാണ് (1 കോറി 6:19 – 20). ആകയാല്‍, ദൈവത്തിന്റെ ആലയമായ മനുഷ്യശരീരത്തില്‍ കടന്നുവന്നിട്ടുള്ള ജീര്‍ണതകളെ നിര്‍മ്മാര്‍ജനം ചെയ്ത് ശരീരത്തെ നിര്മ്മലമാക്കേണ്ടതുണ്ട്. ശരീരത്തിന്റെ നിര്മ്മലതയെ വീണ്ടെടുക്കുവാനുള്ള ആത്മീയ പരിശീലനമാണ് അനുരഞ്ജന കൂദാശയിലൂടെയും ദിവ്യകാരുണ്യസ്വീകരണത്തിലൂടെയും നാം നേടുന്നത്. ഓരോ മനുഷ്യനും അവരവരുടെ ശരീരത്തെ ആലമായി പുനഃസ്ഥാപിച്ച് അപരനും ദൈവത്തിന്റെ ആലയമാണെന്ന ബോധ്യത്തിലേക്ക് കടക്കുന്നതോടെ ശാരീരിക ശുദ്ധീകരണം പൂര്‍ണ്ണമാകുന്നു.
ശാരീരിക ശുദ്ധീകരണത്തോട് ചേര്‍ന്ന് നില്കുന്നതാണ്. ആത്മീയ ശുദ്ധീകരണം. ആത്മശുദ്ധീകരണത്തിന്റെ കാതല്‍ അവനവന് രൂപപ്പെടുത്തുന്ന ചിന്തകളാണ്. ചിന്തകളിലൂടെ കടന്നുവരുന്ന പാപം മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നു. ചിന്തകളാണ് പ്രവര്‍ത്തികളായി രൂപപ്പെടുന്നത്. ചിന്തയിലൂടെ കടന്നുവരുന്ന അശുദ്ധി അതില്‍ത്തന്നെ പാപപ്രവൃത്തിയാണ് . അതിനാല്‍ ചിന്തകളുടെ ക്രമപ്പെടുത്തല്‍ ആത്മീയ ചൈതന്യം പരിപോഷിപ്പിക്കുവാന്‍ സഹായകമാണ്. ഒരാള്‍ എന്ത് ചിന്തിക്കുന്നുവോ അതാണ് അയാള്‍ ആയിത്തീരുന്നത്
നോമ്പുകാലം ആത്മാര്‍ഥമായി നാം ആചരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് ശാരീരികവും ആത്മീയവുമായ വിശുദ്ധീകരണമാണ്. അശുദ്ധിയുടെ പ്രവൃത്തികളും ചിന്തകളും ഇല്ലായ്മ ചെയ്യുന്നതിലൂടെ നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൈവസാന്നിധ്യം തന്നെയാണ്. ശിഷ്യന് ബുദ്ധനോടു ചോദിച്ചു:”നീണ്ട ധ്യാനത്തിലൂടെ അങ്ങ് എന്താണ് നേടിയത്?”ബുദ്ധന് പറഞ്ഞു: ”ഞാന്‍ ഒന്നും നേടിയില്ല. എനിക്ക് നഷ്ടങ്ങളാണ് ഉണ്ടായത്: ദുര്വ്വാസനകളായ അഹംബോധം, വെറുപ്പ്, അത്യാഗ്രഹം, അജ്ഞത, മരണഭയം തുടങ്ങിയവ.” ഇവയുടെ നഷ്ടമാണ് യഥാര്‍ഥ വിശുദ്ധീകരണം.

