കൊൽക്കൊത്ത: അവസാന ഓവറിലെ രണ്ടാമത്തെ പന്തിനെ ബൗണ്ടറി പായിച്ചു വിജയ റൺ നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു ക്രീസിൽ മുട്ടിൽ നിന്ന് ആകാശത്തേക്ക് കണ്ണുകളുയർത്തി കുരിശു വരച്ചു കൈകകൾ കൂപ്പി ദൈവത്തിന് നന്ദി അർപ്പിച്ചു. കാലത്തിന്റെ കാവ്യ നീതിപോലെ അനേകം തടസ്സങ്ങൾക്കും തിരസ്ക്കാരങ്ങൾക്കും ഒടുവിൽ തഴഞ്ഞു സൈഡ് ബെഞ്ചിൽ ഇരുത്തിയവർ തന്നെ തലകുനിച്ചു തോളിലേറ്റാൻ ഇടയാക്കിയതിനു സഞ്ജു നന്ദി അർപ്പിച്ചത് സർവ്വശക്തനായ ദൈവത്തിനു.
സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനത്തിൽ ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. സൂപ്പർ 8ലെ ജീവന്മരണപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 196 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. പുറത്താകാതെ 97 റൺസെടുത്ത സഞ്ജു സാംസണാണ് കളിയിലെ താരം.
അഭിഷേക് ശർമയും ഇഷാൻ കിഷനും 10 റൺസ് വീതമെടുത്ത് എളുപ്പം വീണെങ്കിലും സഞ്ജു പതറിയില്ല. സമ്മർദത്തിന്റെ കൊടുമുടിയിൽ നിന്നപ്പോഴും റൺ റേറ്റ് താഴ്ന്നുപോകാതെ സ്കോർ ബോർഡ് ചലിപ്പിച്ചു. 26 ആം പന്തിൽ കരിയറിലെ ആദ്യ ലോകകപ്പ് അർധസെഞ്ചുറി സഞ്ജു നേടി. ക്യാപ്റ്റൻ സൂര്യയും തിലക് വർമയും ഹാർദിക് പണ്ഡ്യയുമെല്ലാം വീണുപോയെങ്കിലും സഞ്ജു അടങ്ങിയില്ല. ഒടുവിൽ ഒരു സിക്സറും പിന്നാലെ ഒരു ബൗണ്ടറിയും പറത്തി ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.
അർഹിച്ച സെഞ്ചുറി മൂന്ന് റൺസകലെ നഷ്ടമായെങ്കിലും 12 ഫോറും 4 സിക്സും ഉൾപ്പടെ നേടിയ 97 റൺസ് ഇന്ത്യയുടെ ട്വന്റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി മാറി. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിനം ആണിതെന്നും അതിനു സർവ്വശക്തനായ ദൈവത്തിന് നന്ദിപറയുന്നു എന്നും സഞ്ജു മത്സര ശേഷം നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ബുധനാഴചത്തെ ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും ഏറ്റുമുട്ടും.

