കോഴിക്കോട് : പശ്ചിമേഷ്യ യുദ്ധ ഭീതിയിലമാറുമ്പോൾ ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത എല്ലാ രൂപതാകൾക്കും വിശ്വാസികൾക്കുമായി സന്ദേശം അയച്ചു. അനേകായിരങ്ങൾ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ നീതിപുലരുന്നതിനും സായുധ സംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി നമ്മുടെ ദേവാലയങ്ങളിൽ പ്രെത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ നമുക്കും പങ്കുചേരാം ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തു പിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയുവാൻ ലോകനേതാക്കൾക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നു .
“യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാർത്ഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമുക്ക് തിരിച്ചറിയാം” (ഫ്രാൻസിസ് പാപ്പ) . തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് നമ്മെ ഒത്തിരി വേദനിപ്പിക്കുന്നു. ആയതിനാൽ ഈ യുദ്ധക്കെടുതിയിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും നമുക്ക് ചേർത്തു പിടിക്കാം.
നമ്മുടെ പ്രാർത്ഥനകൾ അനേകർക്ക് ആശ്വാസവും കരുത്തും പകരും എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് മുന്നേറാം. കർത്താവ് നമുക്ക് സമാധാനവും നീതിയും നൽകുന്നതിനായും ലോകത്തിൽ നടന്നുവരുന്ന സായുധ സംഘർഷങ്ങൾ മൂലം സഹിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനായും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ എല്ലാ ജനതകളും സമാധാനത്തിന്റെ മാർഗം കണ്ടെത്തുന്നതിനായി മധ്യസ്ഥം വഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ തന്റെ സന്ദേശത്തിൽ പറഞ്ഞു.

