വത്തിക്കാൻ : പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മാർച്ച് 2 ന് പ്രാദേശിക സമയം വൈകുന്നേരം 5:00 മണിക്ക് റോമിലെ, വല്ലിചെല്ല പരിശുദ്ധമറിയത്തിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച്, ഒരു സമ്മേളനം സംഘടിപ്പിക്കുന്നു. കർദിനാൾ ഡൊമിനിക്ക് മംബെർത്തി സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ജീവിതത്തെ മുൻനിർത്തി, വിവിധ വിഷയങ്ങളിന്മേൽ, പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് അന്നേദിവസം, വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ ബലിയും അർപ്പിക്കും.
പന്ത്രണ്ടാം പീയുസ് പാപ്പാ മാനവകുലത്തിന്റെ ആത്മാർത്ഥതയുള്ള ഒരു സ്നേഹിതനും, സഭയുടെ വിശ്വസ്തനായ ഒരു ദാസനും ആയിരുന്നു. രണ്ടാം ആഗോളയുദ്ധക്കാലത്ത് അക്രമങ്ങൾ അവസാനിപ്പിക്കുവാൻ അദ്യർത്ഥിക്കുക മാത്രമല്ല, അതിനായി വിവിധങ്ങളായ സത്വരനടപടികൾ പ്രത്യേകിച്ച് നാസ്സികളുടെ കൊടുംക്രൂരതയിൽ നിന്ന് യഹുദരെ രക്ഷിക്കുന്നതിനു് അവർക്കു് അഭയം നൽകുക തുടങ്ങിയ പരിപാടികൾ ഉൾപ്പെടെ പലതും പാപ്പാ നടപ്പിലാക്കിയിട്ടുണ്ട്.
മാനവകുലത്തിന്റെ അവകാശങ്ങളും ഔന്നിത്യവും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കുടുംബത്തിന്റെ കേന്ദ്രസ്ഥാനം ഉറപ്പിക്കുക, തൊഴിലിന്റെ മഹാത്മ്യം അംഗീകരിക്കുകയും തൊഴിലാളികൾക്കു് നീതിപൂർവ്വകമായ വേതനം നൽകുകയും ചെയ്യുക, നീതിയുക്തമായ നൈയാമികവ്യവസ്ഥിതിയിലൂടെ വ്യക്തികൾക്ക് നൈയാമികസുരക്ഷിത്വം ഉറപ്പാക്കുക, വ്യക്തികളുടെ സേവനാർത്ഥമുള്ള രാഷ്ട്രീയസംവിധാനം രൂപികരിക്കുക എന്നിവ പന്ത്രണ്ടാം പീയൂസ് പാപ്പാ മുൻപോട്ടുവച്ച, ആവശ്യങ്ങളായിരുന്നു.
