ഗ്വാഡലജാര: മെക്സിക്കോയെ പിടിച്ചുലച്ച അക്രമത്തിന്റെ അലയൊലികൾ സൃഷ്ടിച്ച ഭയത്തിന് മറുപടിയായി, ഗുരുതരമായ സുരക്ഷാ സാഹചര്യം കാരണം ഞായറാഴ്ച കുർബാന അർപ്പിക്കുന്നത് അസാധ്യമായതിനെത്തുടർന്ന്, ഫെബ്രുവരി 22 ഞായറാഴ്ച, ജാലിസ്കോയിലെ എൽ സാൾട്ടോയിലുള്ള ഹോളി ക്രോസ് പള്ളിയിലെ ഇടവക വികാരിയായ ഫാദർ റിക്കാർഡോ ലോപ്പസ് ഡയസ് തന്റെ പള്ളിയുടെ മണി ഗോപുരത്തിന്റെ മുകളിൽ കയറി ഫേസ്ബുക്കിൽ ലൈവ് ചെയ്തു.
രാജ്യം കലാപത്തിൽ അമരുന്നതിനിടെയാണ് ദിവ്യകാരുണ്യവുമായുള്ള വൈദികന്റെ വീഡിയോ ശ്രദ്ധ നേടുന്നത്. അസ്വസ്ഥതകൾക്കിടയിൽ, ഗ്വാഡലജാര മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ എൽ സാൾട്ടോ യിലെ ഹോളി ക്രോസ് ഇടവക വികാരിയായ ഫാ. റിക്കാർഡോ ലോപ്പസ് ഡയസ്, വിശ്വാസത്തിന്റെ സാക്ഷ്യവുമായി ഇടവക ദേവാലയത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ദിവ്യകാരുണ്യവുമായി എത്തുകയായിരിന്നു. അവിടെ നിന്ന്, നാല് വശത്തേക്കും ദിവ്യകാരുണ്യ ആശീർവാദം നൽകി. “കർത്താവ് എല്ലാറ്റിനും അതീതനാണെന്ന്” വിശ്വാസികളെ ഓർമ്മിപ്പിക്കുന്നതായിരിന്നു വൈദികന്റെ ദിവ്യകാരുണ്യ ആശീർവാദം.
“ദിവ്യബലി അർപ്പിക്കാൻ കഴിയാത്തതിനാൽ ഞങ്ങൾ ഇപ്പോൾ തത്സമയം സംപ്രേഷണം ചെയ്യുന്നു: എല്ലാവരും ആസന്നമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് അവരവരുടെ വീടുകളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നു,” അദ്ദേഹം വിശദീകരിച്ചു. “ഇന്ന് ഞായറാഴ്ചയാണ്, കർത്താവിന്റെ ദിനം – കുർബാനയ്ക്ക് പോകാനും പുറത്തുപോകാനും പങ്കുചേരാനും നടക്കാനും ഉള്ള ഒരു ദിവസം. എന്നാൽ ഇന്ന് എല്ലായിടത്തും പിരിമുറുക്കമുള്ള ശാന്തതയുണ്ട്, കാരണം ആളുകൾ ഭയപ്പെടുന്നു – നല്ല കാരണവുമുണ്ട്. സംഘടിത കുറ്റകൃത്യങ്ങളെ നിങ്ങൾ നിസ്സാരമായി കാണരുതെന്ന് ഞങ്ങൾക്കറിയാം, അത് ഇപ്പോൾ വളരെ കഠിനമായ പ്രഹരമാണ്.
ഗ്വാഡലജാരയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും അക്രമത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വാർത്ത ഞായറാഴ്ച രാവിലെ മുഴുവൻ പ്രചരിച്ചതിനെ തുടർന്നാണ് ദിവ്യകാരുണ്യ ആശീർവാദം നൽകുവാൻ തീരുമാനമെടുത്തതെന്ന് ഫാ. റിക്കാർഡോ പറഞ്ഞു. ഭീഷണിയുടെയും അക്രമത്തിന്റെയും പശ്ചാത്തലത്തിൽ പല ഇടവകകളും അടച്ചിട്ടിരിക്കുകയാണ്. ബലിയർപ്പണം ഓൺലൈനായി ലഭ്യമാക്കിക്കൊണ്ടാണ് വൈദികർ ശുശ്രൂഷ തുടരുന്നത്. ഇതിനിടെയിലാണ് ഫാ. റിക്കാർഡോ ദേവാലയത്തിന്റെ ഏറ്റവും മുകളിൽ നിന്നു നഗരത്തിന് ദിവ്യകാരുണ്യ ആശീർവാദം നൽകിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങീയ നവമാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

