ജെക്കോബി
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗങ്ങളും ക്ഷേമപദ്ധതികളും നിയമഭേദഗതികളും മറ്റും നിര്‍ദേശിക്കാനുമായി ഒന്നാം പിണറായി സര്‍ക്കാര്‍ 2020 നവംബറില്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുതന്നെ തത്വത്തില്‍ അംഗീകരിക്കാനും കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് ശുഭാവഹമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച കമ്മിഷന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് മൂന്നു വര്‍ഷം വൈകിയാണെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പായി വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാകുന്ന രാഷ് ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം വഹിച്ച പങ്ക് എത്രത്തോളമുണ്ടെന്ന് വിലയിരുത്താന്‍ പലരെയും പ്രേരിപ്പിക്കും.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) പങ്കുവച്ച പഠനരേഖകളുടെ അടിസ്ഥാനത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് 2019 നവംബര്‍ 15ന് പി.ടി തോമസ് എംഎല്‍എ നിയമസഭയില്‍ നടത്തിയ സബ്മിഷനില്‍ നിന്ന് ആരംഭിച്ച രാഷ് ട്രീയ സമ്മര്‍ദങ്ങള്‍, മുസ് ലിം വിദ്യാര്‍ഥികളോടൊപ്പം 80:20 അനുപാതത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ചുവന്ന സ്കോളര്‍ഷിപ് ജനസംഖ്യാനുപാതികമായി സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും തുല്യ പരിഗണനയോടെ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതി വിധിയുടെയും, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം അശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ ഏറെ തിടുക്കത്തില്‍ നടപ്പാക്കിയതിന്റെയും പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍, കൂടുതല്‍ വിശാലവും സമഗ്രവുമായ സാമൂഹികനീതിയുടെയും ക്ഷേമ നടപടികളുടെയും പരിപ്രേക്ഷ്യത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള കമ്മിഷന് നിയമനത്തില്‍ ചെന്നെത്തുകയായിരുന്നു.
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക് ടിങ് ചീഫ് ജസ്റ്റിസ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് എന്നീ പദവികള്‍ വഹിച്ച ജസ്റ്റിസ് ജേക്കബ് ബെഞ്ചമിന്‍ കോശി അധ്യക്ഷനും, മുന്‍ രാഷ് ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളുമായി രൂപവത്കരിച്ച കമ്മിഷന് വിവിധ ജില്ലകളില്‍ സിറ്റിങ് നടത്തി തെളിവുകള്‍ ശേഖരിക്കുകയും വിവിധ ക്രൈസ്തവ സഭകളും സംഘടനകളും സമര്‍പ്പിച്ച 4.87 ലക്ഷം നിവേദനങ്ങളും നിര്‍ദേശങ്ങളും പരിശോധിക്കുകയും ചെയ്തു.
കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ എല്ലാ രൂപതകളിലും അടിസ്ഥാനതലം മുതല്‍ വിശദവും വസ്തുനിഷ്ഠവുമായ പഠനങ്ങള്‍ നടത്തിയും ഡേറ്റ സമാഹരിച്ചും കമ്മിഷനു സമര്‍പ്പിച്ചിരുന്നു. 2023 മേയില്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം കെആര്‍എല്‍സിസിയും കെഎല്‍സിഎയും നിരന്തരം സര്‍ക്കാരിനോട് ആ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് മുന്‍ഗണനാക്രമത്തില്‍ അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കെഎല്‍സിഎ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ആയിരം യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും സംസ്ഥാന കണ്‍വെന്‍ഷനുകള്‍ നടത്തുകയും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. കെഎല്‍സിഎ സംസ്ഥാന സമിതി രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമ്പോഴാണ് കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം പുറത്തുവരുന്നത്.
കോശി കമ്മിഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രോഡീകരിച്ച്, ഫിഷറീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ, പിന്നാക്ക വിഭാഗ വികസനം, വനിത ശിശു വികസനം, സാംസ്കാരികം, ധനകാര്യം, നിയമം, പൊതുമരാമത്ത്, ഭക്ഷ്യ സിവില്‍ സപ്ലൈസ്, കൃഷി, പരിസ്ഥിതി, സാമൂഹ്യനീതി, ആസൂത്രണ സാമ്പത്തിക കാര്യം, വനം വന്യജീവി, സഹകരണം, സയന്‍സ് ആന്‍ഡ് ടെക്നോളജി, ടൂറിസം, എക്സൈസ്, ജലവിഭവം, തുറമുഖം, ഊര്‍ജം, കായികം യുവജനകാര്യം, മൃഗസംരക്ഷണം, പുരാവസ്തു, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എന്നിങ്ങനെ 33 വകുപ്പുകളോട് രണ്ടാഴ്ചയ്ക്കകം അതത് വകുപ്പുമായി ബന്ധപ്പെട്ട ശുപാര്ശകളിന്മേലുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെടുന്ന പൊതുഭരണ വകുപ്പിന്റെ 2023 ഒക് ടോബര്‍ 20ലെ കത്തിനെ സംബന്ധിച്ച സൂചനകളും, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതി ശുപാര്‍ശകള്‍ വിലയിരുത്തി നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നുവെന്ന ഒരു വാര്ത്താകുറിപ്പുമല്ലാതെ കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് മറ്റൊരു വിവരവും ലഭ്യമായിരുന്നില്ല.
കമ്മിഷന്റെ ശുപാര്‍ശകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു; കാബിനറ്റിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട അന്തിമ രേഖ തയാറായിട്ടില്ല എന്നാണ് 2025 ഫെബ്രുവരിയില്‍ നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത്. പിന്നീട് ഏതെങ്കിലും മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ കോശി കമ്മിഷന് ശുപാര്‍ശകളില്‍ ഏതെങ്കിലുമൊന്ന് നടപ്പാക്കുന്നതിനെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെയോ വകുപ്പുമന്ത്രിമാരുടെയും എന്തെങ്കിലും തീര്പ്പുകളെക്കുറിച്ചോ ഉത്തരവുകളെക്കുറിച്ചോ ഒരു വാര്‍ത്താകുറിപ്പും ഉണ്ടായില്ല. കോശി കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, കഴിഞ്ഞ ജനുവരിയില്‍ ആ റിപ്പോര്‍ട്ടിലെ ഒട്ടുമിക്ക ശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു എന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന് നാട്ടുകാരെ ഞെട്ടിച്ചത്.
കമ്മിഷന് റിപ്പോര്‍ട്ടിലെ 329 ശുപാര്‍ശകള്‍ – ഇതില്‍ 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളും ഉള്‍പ്പെടുന്നു – സംസ്ഥാന സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ പരിഗണിച്ചുവെന്നും, 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ജനുവരി ആദ്യവാരം ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏഴു ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരികയാണെന്നും, കേന്ദ്ര-സസ്ഥാന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതും കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ടതും, പല വകുപ്പുകളുടെയും നടപടിക്രമങ്ങള്‍ ആവശ്യമുള്ളതുമായ ചില വിഷയങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത്രയ്ക്ക് ബഹുലമായ ക്ഷേമപദ്ധതി നിര്‍വഹണത്തിന്റെ ഒരു സൂചനയും കേരളത്തിലെ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ ആര്‍ക്കുംതന്നെ ലഭിച്ചില്ല എന്നതാണ് ഏറ്റവും അദ്ഭുതകരമായ സംഗതി. ഇത്ര നിഗൂഢമായി, ഒരു സര്‍ക്കാര്‍ വിജ്ഞാപനമോ നിയമഭേദഗതിയോ ബജറ്റ് വിഹിതമോ വകുപ്പുതല നടപടിക്രമമോ സര്‍ക്കാരിന്റെ ഒരു പത്രക്കുറിപ്പോ പോലുമില്ലാതെ ക്രൈസ്തവ സമൂഹങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള 220-ലേറെ കര്‍മപദ്ധതികള്‍ നവകേരള സൃഷ്ടിയുടെ തമ്പുരാന് നടപ്പാക്കാന്‍ കഴിയുമോ? കമ്മിഷന് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ കമ്മിഷന്റെ 32 ശുപാര്‍ശകളില്‍ കൂടി തീരുമാനമെടുത്തതായി പറയുന്നു.
ഏതെല്ലാം ശുപാര്‍ശകളാണ് നടപ്പാക്കിയതെന്ന ചോദ്യത്തിന് ഇന്നുവരെ മറുപടി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അംഗീകരിച്ച കമ്മിഷന് റിപ്പോര്‍ട്ട് എന്നു പുറത്തുവരുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ച് തുറന്ന ചര്‍ച്ച നടത്താനുള്ള ജനാധിപത്യ കീഴ് വഴക്ക മര്യാദ ഇടതുമുന്നണി ഭരണകൂടം കാണിക്കുമോ? തികച്ചും വ്യത്യസ്തമായ വിഷയമാണെങ്കിലും, മലയാളസിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആറുവര്‍ഷം മറച്ചുവച്ചതിനുശേഷം ഭാഗികമായാണ് 2024-ല്‍ പുറത്തുവിട്ടത്. ജസ്റ്റിസ് കോശി കമ്മിഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിന്റെ രാഷ് ട്രീയ പ്രത്യാഘാതം അത്രമേല്‍ ഭയക്കുന്നതുകൊണ്ടാണോ 33 മാസമായി ഒന്നും പുറത്തുവിടാതെ കാര്യങ്ങള്‍ അതീവ രഹസ്യമായി നടപ്പാക്കിക്കളഞ്ഞുവെന്ന് ക്രൈസ്തവ വോട്ടര്‍മാരെ ബോധ്യപ്പെടുത്താമെന്ന് ഇടതു ഭരണകൂടം കരുതിയത്?
കേരള മദ്രസ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഫണ്ടിന്റെ മാതൃകയില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ കോശി കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ഡിസംബര്‍ അവസാനം വിളിച്ചുചേര്‍ത്ത ക്രൈസ്തവ സഭാപ്രതിനിധികളുടെ യോഗത്തില്‍ സണ്‍ഡേ സ്കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയും നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചുകൊടുത്തുകൊണ്ട് അതിലെ ക്ഷേമനിധിയെ സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ സഭകളോട് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍, തിടുക്കത്തില്‍ ഓര്‍ഡിനന്‍സിലൂടെ സണ്‍ഡേ സ്കൂള്‍ ക്ഷേമനിധി നടപ്പാക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ല എന്ന നിലപാടാണ് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) സ്വീകരിച്ചത്.
സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തില്‍ പങ്കുചേരുന്ന പ്രേഷിതരാണ് മതാധ്യാപകര്‍ അഥവാ വിശ്വാസ പരിശീലകര്‍. മതപഠനം സര്‍ക്കാര്‍ ചെലവില്‍ ആനുകൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ടാകരുത്. ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പോലുമില്ലാതെ, പദ്ധതിയുടെ ഘടനയെക്കുറിച്ചോ മതാധ്യാപകരുടെ നിര്‍വചനം, അംഗത്വം, സാമ്പത്തിക സമാഹരണം, പദ്ധതി നടത്തിപ്പ് എന്നിവയെക്കുറിച്ചോ ഒരു ധാരണയുമില്ലാതെ മദ്രസ മോഡല്‍ ക്ഷേമനിധിയെക്കുറിച്ച് അഭിപ്രായം പറയാനാകില്ലെന്ന് കെസിബിസി വ്യക്തമാക്കി.
അവിവാഹിതരും നിരാലംബരുമായ 50 കഴിഞ്ഞ സ്ത്രീകള്‍ക്കു നല്കുന്ന 1,100 രൂപയുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് ആനുകൂല്യം സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ മറ്റു വരുമാനമോ ഇല്ലാത്ത കന്യാസ്ത്രീകള്‍ക്കും നല്‍കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിനും സമ്മിശ്ര പ്രതികരണമാണുണ്ടായത്.
1947നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ 1947 എന്ന വര്‍ഷം ജാതി/ സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കില്ല എന്ന മന്ത്രിസഭയുടെ പുതിയ തീരുമാനം കോശി കമ്മിഷന് റിപ്പോര്‍ട്ടുമായി നേരിട്ടു ബന്ധപ്പെടുന്നതായി സര്‍ക്കാര്‍ പറയുന്നില്ല. ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിക്കും; വില്ലേജ് ഓഫിസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/ സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും എന്നാണ് പ്രഖ്യാപനം.
കെആര്‍എല്‍സിസിയും ബിഷപ്സ് കൗണ്‍സിലും കെഎല്‍സിഎയും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. ലത്തീന്‍ സംവരണത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ 2010ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരോ തെറ്റായി എഴുതിച്ചേര്‍ത്തതാണ് 1947 എന്ന വിഭജനവ്യവസ്ഥ. പിന്നാക്ക വിഭാഗ വികസന വകുപ്പ് 2016 ഫെബ്രുവരിയില്‍ ഇറക്കിയ സ്പഷ്ടീകരണ സര്‍ക്കുലറില്‍, 1947 എന്ന വ്യവസ്ഥ ഒഴിവാക്കി ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റും റവന്യൂ ഉദ്യോഗസ്ഥരുടെ പ്രാദേശിക പരിശോധനയും അടിസ്ഥാനമാക്കി സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് നിര്‍ദേശിച്ചത്. ഇത്രയും കാലം സമുദായ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ മാപ്പുപറയണം.
കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കു ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കും; പിഎസ് സി, യുപിഎസ് സി, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ബാങ്കിങ് സര്‍വീസ് കമ്മിഷന് എന്നിവയുടെ പരീക്ഷകള്‍ക്കുള്ള ട്രെയിനിങ് സെന്ററുകള്‍ മലയോരമേഖലകളിലും തീരദേശ മേഖലകളിലും സ്ഥാപിക്കും; പരിവര്‍ത്തിത ക്രൈസ്തവ കോര്പറേഷന് കണ്ണൂരില്‍ ഓഫിസ് തുറക്കും; അനാഥാലയങ്ങള്‍ക്കും അന്തേവാസികള്‍ക്കും നല്കുന്ന സര്‍ക്കാര്‍ ഗ്രാന്റ് 1,100ല്‍ നിന്ന് 1,375 രൂപയാക്കും തുടങ്ങിയ മന്ത്രിസഭാ തീരുമാനങ്ങളും കമ്മിഷന് ശുപാര്‍ശയുമായി ബന്ധപ്പെട്ടതാകുമോ!
തിരഞ്ഞെടുപ്പിനു മുന്‍പ് കമ്മിഷന് റിപ്പോര്‍ട്ട് പൂര്‍ണമായി പ്രസിദ്ധീകരിക്കുകയും, നടപ്പാക്കിയ ശുപാര്‍ശകള്‍ ഏതൊക്കെയാണെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതുവരെ കണ്‍വെന്‍ഷനുകളും സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികളും തുടരുമെന്ന് കെഎല്‍സിഎ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാഷ് ട്രീയ പാര്‍ട്ടികളും മുന്നണികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സൂക്ഷ്മമായി വിലയിരുത്തിയാകും തിരഞ്ഞെടുപ്പിനുള്ള രാഷ് ട്രീയ നയം നിശ്ചയിക്കാന്‍. കമ്മിഷന് റിപ്പോര്‍ട്ടില്‍ വിവിധ വിഭാഗങ്ങള്‍ക്ക് പറയാനുള്ളത് കേട്ടിട്ടുവേണം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍.
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിനിമയത്തിലും വിതരണത്തിലും ക്രൈസ്തവ സമൂഹം നേരിടുന്ന അവഗണനയ്ക്കും അസന്തുലിതാവസ്ഥയ്ക്കും പരിഹാരമായി ക്രൈസ്തവര്‍ക്ക് മൈക്രോ മൈനോറിറ്റി പദവി നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലുമായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു ഉറപ്പുനല്‍കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കോശി കമ്മിഷന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലെ രഹസ്യാത്മകതയുടെ മുദ്ര പൊട്ടിക്കുന്നത്. ഇതില്‍ മാക്രോ തന്ത്രം കാണും!

