കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലത്തീൻ സമുദായം അവഗണിക്കപ്പെട്ടാൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കൊച്ചി ബിഷപ്പ് ഡോ.ആന്റണി കാട്ടിപ്പറമ്പിൽ. കെഎൽസിഎ കൊച്ചി രൂപത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമനീതിയും, സമുദായത്തിന് അധികാരത്തിലെ പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൊച്ചിക്കാരായ രാഷ്ട്രീയ പ്രവർത്തകരെ കാണാതെ പോകുന്നത് അംഗീകരിക്കാൻ കഴിയില്ല.
കെഎൽസിഎ കൊച്ചി രൂപത പ്രസിഡണ്ട് ടി എ ഡാൽഫിൻ അധ്യക്ഷത വഹിച്ചു . കെഎൽസിഎ കൊച്ചി രൂപതയുടെ പ്രവർത്തന വർഷ കർമ്മപരിപാടികൾ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് പ്രകാശനം ചെയ്തു. കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി ആലുങ്കൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കിൽ, കെസിവൈഎം രൂപത പ്രസിഡന്റ് ഡാനിയ ആന്റണി, ഭാരവാഹികളായ സാബു കാനക്കാപള്ളി , സോണി പവേലിൽ, ലിനു തോമസ്, ജോഷി മുരുക്കുംതറ, റോബർട്ട് കിങ്കരന്തറ, അലക്സാണ്ടർ ഷാജു, സിന്ധു ജസ്റ്റസ്,സുനന്ദ ബോണി, ഹെൻസൺ പോത്തംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഷൈനി മാത്യു , കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡണ്ട് ഷാജി കുറുപ്പശ്ശേരി , എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസഫ് മാർട്ടിൻ, സുമിത്ത് ജോസഫ് എന്നിവരും സംസാരിച്ചു.
സ്വീകരണ സമ്മേളനത്തിൽ കൊച്ചി രൂപത അംഗങ്ങളായ 63 ജനപ്രതിനിധികൾ പങ്കെടുത്തു.

