കൊല്ലം: കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ഇടവക ദേവാലയത്തിലെ മേക്കാട് കൈകെട്ടിയ ഈശോയുടെ കുരിശ്ശടി തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആദ്ധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് കൽവിളക്കിൽ മതസൗഹാർദ ദീപം തെളിയിച്ചു. “സമഗ്ര വിമോചനത്തിനായി സാർവ്വത്രിക സാഹോദര്യം” എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിൻ്റെ ആത്മീയ ദർശനം.
ഇടകവ വികാരി ഫാ. ജോസഫ് ഡാനിയേൽ മതസൗഹാർദ്ദ സന്ദേശം നൽകി. സാമൂഹികമായ വിഭാഗീയതയുടെ അപകടകാലത്ത് ആരാധനാലയങ്ങൾ സാഹോദര്യത്തിന്റെ
പൊതു ഇടങ്ങളായി മാറേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന്റെ മഹനീയ മൂല്യങ്ങൾ അറിയുകയും ആദരിക്കുകയും ചെയ്യുന്ന ഒരു നവസമൂഹ സൃഷ്ടിക്കായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ആഘോഷമായ തിരുന്നാൾ സമാപന സമൂഹബലിക്ക് ഫാ.ഫെലിക്സ് മൂപ്പശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ബെയിസിൽ കപ്പുച്ചൻ വചനപ്രഘോഷണം നടത്തി. തുടർന്ന് എല്ലാവരും പങ്കെടുത്ത സ്നേഹവിരുന്ന് സാഹോദര്യത്തിൻ്റെയും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിൻ്റെയും നേർസാക്ഷ്യമായി.



