ബമെൻഡ: കാമറൂണിൽ വിഘടനവാദികൾ തട്ടികൊണ്ടുപോയ വൈദികൻ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ. 2025 നവംബർ 15-ന് കാമറൂണിലെ ബമെൻഡ അതിരൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ആറ് കത്തോലിക്ക വൈദികരിൽ ഒരാളായ ഫാ. ജോൺ ബെരിൻയുയ് ടാറ്റയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിച്ചിരിക്കുന്നത്.
1975 ഡിസംബർ 18ന് കുംബോ രൂപതയിലെ എംബുലുഫ്-ഷിസോങ്ങിൽ ജനിച്ച നിയുക്ത ബിഷപ്പ്, ബമെൻഡയിലെ ബംബുയിയിലുള്ള സെന്റ് തോമസ് അക്വിനാസ് മേജർ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. 2005 മാർച്ച് 30ന് കുംബോ രൂപതയുടെ വൈദികനായി അഭിഷിക്തനായി. ബാംബുയിയിലെ ഡൊമിനിക്കൻ ആശ്രമത്തിൽ ആത്മീയതയിൽ കൂടുതൽ പഠനം നടത്തിയ അദ്ദേഹം റോമിലെ തെരേസിയാനത്തിലെ പൊന്തിഫിക്കൽ തിയോളജിക്കൽ ഫാക്കൽറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് വിവിധയിടങ്ങളിൽ സേവനം ചെയ്തു.
കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, വൈദികരെയും സാധാരണക്കാരെയും സായുധ വിഘടനവാദികൾ പതിവായി ലക്ഷ്യം വച്ചിരുന്നു. 2025 നവംബർ 15ന് സംഘർഷബാധിതമായ ബമെൻഡ പ്രദേശത്തുവെച്ച് തോക്കുധാരികൾ അദ്ദേഹത്തെ പിടികൂടുകയായിരിന്നു. രണ്ടാഴ്ചയിലധികം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന് 2025 ഡിസംബർ 2നാണ് മോചനം ലഭിച്ചത്. നിലവിൽ ബമെൻഡയിലെ കാമറൂൺ കാത്തലിക് യൂണിവേഴ്സിറ്റിയുടെ റെക്ടറായി സേവനം ചെയ്തു വരികയായിരിന്നു ഫാ. ജോൺ ബെരിൻയുയി. അതിരൂപതയുടെ പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചുള്ള നിയമനം ഫെബ്രുവരി 13നാണ് വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തിറക്കിയത്.

