ശരത് വെണ്‍പാല
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും മതം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് മടങ്ങിവന്ന കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ശീതയുദ്ധാനന്തര ലോകക്രമത്തില്‍, ഐഡന്റിറ്റി രാഷ്ട്രീയം ശക്തിപ്പെട്ടപ്പോള്‍, മതപരമായ ചിഹ്നങ്ങളും നറേറ്റീവുകളും രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ തുടങ്ങി.
മതരാഷ്ട്രവാദം (റിലീജിയസ് നാഷണലിസം) ഒരു രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഘടനയെ ഒരു പ്രത്യേക മതത്തിന്റെ ഐഡന്റിറ്റിയുമായി ഏകീകരിക്കാന്‍ ശ്രമിക്കുന്ന ആശയധാരയാണ്. ഇതിന്റെ പ്രവര്‍ത്തനരീതി സാരമായി ഒരു സൂത്രവാക്യത്തില്‍ ഒതുങ്ങും:
ആദ്യം ”ആരാണ് നമ്മള്?” എന്ന് നിര്‍വ്വചിക്കുന്നു; തുടര്‍ന്ന് ”എങ്ങനെ ജീവിക്കണം?” എന്ന് നിര്‍ദ്ദേശിക്കുന്നു; തുടര്‍ന്നു ”നിയമം എന്താകണം?” എന്ന് നിര്‍ണ്ണയിക്കുന്നു.ഒടുവില്‍ വെറുപ്പിന്റെയും ആവശ്യമെങ്കില്‍ ഹിംസയുടെയും പ്രത്യയശാസ്ത്രം പ്രയോഗിക്കപ്പെടുന്നു
ആദ്യം: സ്വീകാര്യം അസ്വീകാര്യം
മത രാഷ്ട്രവാദത്തിന്റെ പ്രഥമ ഘട്ടം സാംസ്കാരിക നിര്‍വ്വചനം ആണ്.
• ആരാണ് ‘ദേശത്തിന്റെ യഥാര്‍ത്ഥ പൗരന്’?
• ആരാണ് അകത്തുള്ളവര്‍ (ഇന്‍സൈഡര്‍) ?, ആരാണ് പുറത്തുള്ളവര്‍ ‘? (ഔട്ട്സൈഡര്)
• എന്താണ് ‘ദേശീയത’ എന്താണ് ‘വിദേശി’?
ഇത് ഒരു ഐഡന്റിറ്റി പൊളിറ്റിക്സ് ആണ്. മതം ദേശീയതയുടെ കേന്ദ്രത്തിലാക്കുമ്പോള്, മതപരമായ ഭൂരിപക്ഷം ‘രാജ്യത്തിന്റെ ആത്മാവ്’ ആയി നിര്‍വ്വചിക്കപ്പെടുന്നു. മറ്റ് മതങ്ങള്‍ ”സഹിഷ്ണുതയോടെ സഹവര്‍ത്തിത്വം” എന്ന നിലയില്‍ കാണപ്പെടാം; പക്ഷേ അധികാരത്തിന്റെ കേന്ദ്രത്തില്‍ അവര്‍ ഉണ്ടാകില്ല. പിന്നെ: വസ്ത്രം ഭക്ഷണം. രണ്ടാം ഘട്ടം സാംസ്കാരിക നിയന്ത്രണം ആണ്. ഇത് വ്യക്തിയുടെ സ്വകാര്യ മേഖലയില്‍ ഇടപെടല്‍ തുടങ്ങുന്ന ഘട്ടമാണ്.
• വസ്ത്രധാരണം (ഡ്രസ് കോഡ്സ്)
• ഭക്ഷണരീതി (ഫുഡ് ഹാബിറ്റ്സ്)
• ഉത്സവങ്ങള്‍, ഭാഷ, ആചാരങ്ങള്‍
ഇവയെല്ലാം ”ദേശീയ മൂല്യങ്ങള്‍” എന്ന പേരില്‍ ക്രമീകരിക്കാന്‍ ശ്രമം നടക്കും. ഇത് സമൂഹത്തില്‍ മോറല്‍ പൊലീസ് മനോഭാവം സൃഷ്ടിക്കും. ഭക്ഷണവും വസ്ത്രവും രാഷ്ട്രീയ വിഷയങ്ങളായി മാറുമ്പോള്‍, വ്യക്തിസ്വാതന്ത്ര്യം പൊതുവായ ചര്‍ച്ചയായി മാറും.
അവസാന ഘട്ടം: നിയമം
മൂന്നാം ഘട്ടം ഏറ്റവും നിര്‍ണ്ണായകമാണ്: നിയമവല്‍ക്കരണം.
• വ്യക്തിപരമായ നിയമങ്ങള്‍
• വിദ്യാഭ്യാസ നയങ്ങള്‍
• മതപരമായ ചിഹ്നങ്ങളുടെ പൊതുസ്ഥലങ്ങളില്‍ സ്ഥാനം
• മതപരമായ ഗ്രന്ഥങ്ങളോട് ബന്ധപ്പെട്ടു വരുന്ന നിയമവ്യവസ്ഥ
ഇവ വഴി മതപരമായ ചിന്തകള്‍ ഭരണഘടനാപരമായ ഘടനയില്‍ ഇടംനേടുന്നു. ഇത് സെക്യുലര്‍ രാഷ്ട്രത്തില്‍ നിന്ന് സംസ്കാരാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള മാറ്റം ആകാം.
ഹൈന്ദവ രാഷ്ട്രവാദം:
ഹര് ഹര്- കാവിവത്കരണം- പശുവിറച്ചി- സസ്യഭോജനം- മനുസ്മൃതി -സംഘപരിവാര്‍ അജണ്ട
ഇന്ത്യയില്‍ മത രാഷ്ട്രവാദത്തിന്റെ സമകാലിക രൂപം ഹിന്ദുത്വ ആശയധാരയിലൂടെ പ്രത്യക്ഷമാണ്. 1923-ലെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന ഗ്രന്ഥത്തില്‍ സാവര്‍ക്കര്‍ ഹിന്ദുത്വയെ മതപരമായ ആശയമായി മാത്രമല്ല, സാംസ്കാരിക-ദേശീയ തിരിച്ചറിവായി നിര്‍വചിച്ചു. ”പിതൃഭൂമി” (ഫാദര്‍ലാന്‍ഡ്)യും ”പുണ്യഭൂമി” (ഹോളി ലാന്‍ഡ്)യും എന്ന ഇരട്ട മാനദണ്ഡം ദേശീയതയുടെ അടിസ്ഥാനമായി അവതരിപ്പിച്ചു എം.എസ്. ഗോള്‍വാള്‍ക്കര്‍. ബഞ്ച് ഓഫ് തോട്സ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഏകീകൃത സാംസ്കാരിക രാഷ്ട്രത്തിന്റെ ആശയം മുന്നോട്ടുവച്ചു. സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയെ ”സാംസ്കാരിക ഹിന്ദു രാഷ്ട്രം” എന്ന നിലയില്‍ കാണുന്നു.
മുഖ്യ സവിശേഷതകള്‍:
ഹിന്ദു സംസ്കാരത്തെ ദേശീയ ഐക്യത്തിന്റെ കേന്ദ്രമാക്കല്‍ ചരിത്ര പുനര്‍വായന (റീ ഇന്റര്പെര്ട്ടേഷന് ഓഫ് ഹിസ്റ്ററി) മതപരമായ ചിഹ്നങ്ങളുടെ പൊതുസ്ഥലങ്ങളില്‍ ശക്തമായ സാന്നിധ്യം.വ്യക്തിപരമായ നിയമങ്ങളില്‍ ഏകീകരണ ശ്രമങ്ങള്‍ (യൂണിഫോം സിവില്‍കോഡ് ചര്‍ച്ച). ഇത് സ്വയം ”സാംസ്കാരിക ദേശീയത” (കള്‍ച്ചറല്‍ നേഷണലിസം) എന്ന് നിര്‍വ്വചിക്കപ്പെടുന്നു.
പക്ഷേ വിമര്‍ശകര്‍ ഇതിനെ ഭൂരിപക്ഷവാദം (മജോറിറ്ററൈനിസം) എന്ന് വിശേഷിപ്പിക്കുന്നു.
ഒരു കടയുടെ പേരില്‍ ബാബ എന്ന് വയ്ക്കാന്‍ പാടില്ല അത് ഹിന്ദു നാമമാണ് എന്ന യുക്തി അടുത്തിടെ നാം കണ്ടതാണ.് അവിടെ എന്റെ പേര് മുഹമ്മദ് ദീപക് എന്ന് പറഞ്ഞു മുന്നോട്ട് വന്ന ഒരാള്‍ ഒരു ബദല്‍ സംസ്കാരത്തിന്റെ വക്താവാകുന്നു എന്നത് പ്രത്യാശ പകരുന്നു.
ഹര് ഹര്: മിത്തില്‍ നിന്ന് അധികാരത്തിലേക്ക്…
‘ഹര് ഹര് മഹാദേവ്’ എന്ന വിളിക്ക് ചരിത്രപരമായി പ്രതിരോധത്തിന്റെ ഒരു മുഖമുണ്ട്. മുഗള്‍ സാമ്രാജ്യത്വത്തിനെതിരെ ഛത്രപതി ശിവാജി തന്റെ സൈന്യത്തെ ഉണര്‍ത്താന്‍ ഉപയോഗിച്ച ഈ യുദ്ധകാഹളം ഇന്ന് ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ ആധാരശിലയാണ്.
1990-കളിലെ രഥയാത്രയും ബാബറി മസ്ജിദ് ധ്വംസനവുമാണ് ‘ഹര് ഹര്’ എന്ന ഭക്തിമന്ത്രത്തെ ഒരു രാഷ്ട്രീയ പ്രഖ്യാപനമായി മാറ്റിയത്. ഇത് സാംസ്കാരിക ദേശീയതയുടെ (കള്‍ച്ചറല്‍ നാഷണലിസം) പ്രകടനമായി മാറി.
ഉത്തരേന്ത്യന്‍ തെരുവുകളിലെ ബുള്‍ഡോസര്‍ രാഷ്ട്രീയവും, കാശി-മഥുര തര്‍ക്കങ്ങളും ഈ വിഭാഗീയതയെ ദൃഢപ്പെടുത്തുന്നു. അയല്‍രാജ്യമായ നേപ്പാളില്‍ പോലും ഹൈന്ദവ രാഷ്ട്ര വാദത്തിന് ഇത് ഊര്‍ജ്ജം നല്കുന്നു. ഭാരതാംബയുടെ കയ്യില്‍ ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി , ദേശീയഗീതത്തിന് പകരം ഗണഗീതം ,ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാനത്ത മനുസ്മൃതി തുടങ്ങിയ പ്രത്യക്ഷരാഷ്ട്രീയ ചിഹ്നങ്ങളെ അംഗീകരിക്കുന്നവര്‍ ദേശസ്നേഹികളും എതിര് സ്വരമുയര്‍ത്തുന്നവര്‍ ദേശദ്രോഹികളും ആകുന്നു ആള്‍ക്കൂട്ട വിചാരണ ശിക്ഷ നടപ്പിലാക്കല്‍ എന്നിവ തുടര്‍ന്നു വരുന്നു. മറാത്ത ബ്രാഹ്മണരുടെ പൂണൂല് ബുദ്ധിയില്‍ വിരിഞ്ഞ താമര ഇന്ത്യയുടെ ദേശീയപുഷ്പം എന്നതില്‍ നിന്നും ഹിന്ദുത്വയുടെ അടയാളം ആയി മാറുന്ന കാഴ്ചക്ക് സമകാലിക ഇന്ത്യ സാക്ഷിയാണ് .
ഹലാല്‍ – ഹറാം: ഹിജാബ്-ഹക്കമിയ • ഹലാല്‍ : അനുവദനീയമായത്.
ഹറാം : നിഷിദ്ധമായത്/വിലക്കപ്പെട്ടത്.
ഹിജാബ്: എളിമയും മാന്യതയും പാലിക്കുന്ന വസ്ത്രധാരണം (പ്രധാനമായും സ്ത്രീകള്‍ക്ക്). രാഷ്ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട പ്രധാന പദമാണ്
ഹക്കിമിയ്യ : അല്ലാഹുവിന്റെ പരമാധികാരം (ദൈവഭരണത്തിനുള്ള അവകാശം). ഇത് അല്ലാഹുവിന് മാത്രമേ നിയമനിര്മ്മാണാധികാരമുള്ളൂ എന്ന അടിസ്ഥാന തത്വത്തെ സൂചിപ്പിക്കുന്നു. രാഷ്ട്രീയ ഇസ്ലാമിലേക്കുള്ള തീവ്രവാദ പാതയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഈ അടിസ്ഥാന ഇസ്ലാമിക ആശയങ്ങളെ (ഹലാല്‍, ഹറാം, ഹിജാബ്, ഹക്കിമിയ്യ) ദുര്‍വ്യാഖ്യാനം ചെയ്ത് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
ഹലാല്‍ / ഹറാം ദുര്‍വ്യാഖ്യാനം:
തീവ്രവാദികള്‍ തങ്ങളുടെ എതിരാളികളെ (മറ്റു മുസ്ലീങ്ങള്‍ ഉള്‍പ്പെടെ) ‘ഹറാമി’ ആയി പ്രഖ്യാപിക്കുന്നു. ജനാധിപത്യം, മതേതരത്വം, പാശ്ചാത്യ സ്വാധീനം എന്നിവയെല്ലാം ‘ഹറാം’ ആണെന്ന് വാദിച്ച്, അവയെ എതിര്‍ക്കാന്‍ അക്രമം അനുവദനീയമാണെന്ന് സ്ഥാപിക്കുന്നു.
ഹിജാബ് ഒരു രാഷ്ട്രീയ ചിഹ്നമായി: ഹിജാബ് എന്നത് കേവലം വസ്ത്രധാരണമല്ല, മറിച്ച് തങ്ങളുടെ കര്‍ശനമായ ഇസ്ലാമിക നിയമവ്യവസ്ഥയുടെ (ശരീഅത്ത്) രാഷ്ട്രീയമായ അടയാളമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇത് നടപ്പിലാക്കാന്‍ അക്രമം ഉപയോഗിക്കുന്നത് ന്യായീകരിക്കുന്നു.
ഹക്കിമിയ്യയും അക്രമവും
തീവ്രവാദ പാതയിലെ പ്രധാന പ്രത്യയശാസ്ത്രപരമായ അടിത്തറ അവര്‍ വാദിക്കുന്നത്, നിലവിലുള്ള മുസ്ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ (അല്ലെങ്കില്‍ നേതാക്കള്‍) ദൈവത്തിന്റെ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കാത്തതിനാല്‍, അവര്‍ ദൈവത്തിന്റെ പരമാധികാരത്തെ ധിക്കരിക്കുന്നു എന്നാണ്.
ഇത്തരം ഭരണകൂടങ്ങളെ ‘ജഹീലിയ്യ’ (അവിശ്വാസികളുടെ/അജ്ഞതയുടെ കാലഘട്ടം) എന്ന് വിളിക്കുകയും, ഈ ഭരണാധികാരികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ‘കാഫിറുകള്‍’ (അവിശ്വാസികള്‍) ആയി പ്രഖ്യാപിക്കുകയും(അവിശ്വാസികളാക്കല് സിദ്ധാന്തമാണ് അത്തരം ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ജിഹാദ് (ആയുധമെടുത്ത് പോരാടല്) നടത്തുന്നത് ന്യായീകരിക്കുന്നതിനുള്ള പ്രധാന കാരണം. അല്‍-ഖ്വാഇദ, ഐ.എസ്.ഐ.എസ് പോലുള്ള ഗ്രൂപ്പുകള്‍ ഈ വാദങ്ങളിലാണ് അക്രമങ്ങളെ ആശ്രയിക്കുന്നത്.
ചുരുക്കത്തില്‍, ഈ ഗ്രൂപ്പുകള്‍ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഒരുതരം തീവ്രമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി വളര്‍ത്തിയെടുക്കുകയും, തങ്ങള്‍ നിര്‍വചിക്കുന്ന ‘ശരിയായ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് അക്രമത്തെ ഒരു ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇസ്ലാം മതത്തിലെ ഭക്ഷണ ശുദ്ധിയെ സൂചിപ്പിക്കുന്ന ഈ പദങ്ങള്‍ ഇന്ന് ഒരു ‘സമാന്തര സാമ്പത്തിക ശക്തി’യായും രാഷ്ട്രീയ സ്വത്വമായും വ്യാഖ്യാനിക്കപ്പെടുന്നു.
ചരിത്രം: ആഗോളതലത്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക നിയമങ്ങളെ രാഷ്ട്രീയ വ്യവസ്ഥയുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ഹലാല്‍’ എന്നത് കേവലം ഭക്ഷണത്തിനപ്പുറം ഒരു രാഷ്ട്രീയ നിലപാടായി മാറി.
വര്‍ത്തമാനം: ഇന്ത്യയില്‍ ‘ഹലാല്‍ സര്ട്ടിഫിക്കേഷന്’ വിവാദങ്ങള്‍ വലിയ സാമ്പത്തിക ബഹിഷ്കരണങ്ങള്‍ക്ക് വഴിവെച്ചു. അന്താരാഷ്ട്ര തലത്തില്‍, ഫ്രാന്‍സിലെ ഹിജാബ് നിരോധനവും സ്വീഡനിലെ ഖുറാന് കത്തിക്കലും ഉയര്‍ത്തുന്ന പ്രതിരോധങ്ങളില്‍ ‘ഹലാല്‍’ ഒരു രാഷ്ട്രീയ ആയുധമായി മാറുന്നത് നാം കാണുന്നു. ഇത് പലപ്പോഴും തീവ്ര വലതുപക്ഷത്തെ (ഫാര്‍-റൈറ്റ്) പ്രകോപിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നു.
ഒരു നൈജീരിയന്‍ വിലാപം:
ബൊക്കോ ഹറാം എന്ന തീവ്ര രാഷ്ട്രീയ ഇസ്ലാമിന്റെ കിരാതമുഖമാണ്.
‘പാശ്ചാത്യ വിദ്യാഭ്യാസം പാപം’ (വെസ്റ്റേണ്‍ എജ്യുക്കേഷന്‍ ഈസ് എ സിന്) എന്ന് വിശ്വസിക്കുന്ന ബൊക്കോ ഹറാം, നൈജീരിയയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഒരു വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാമിക ഭരണകൂടമാണ്. ‘ഹലാല്‍ – ഹറാം’ എന്ന വിഭജനത്തെ അവര്‍ ഏറ്റവും ക്രൂരമായ രീതിയില്‍ വ്യാഖ്യാനിക്കുന്നു
2014-ല്‍ ചിബോക്കില്‍ നിന്ന് 276 സ്കൂള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ലോകത്തെ നടുക്കി. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചവര്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. ഇത് ആഗോളതലത്തില്‍ ‘പൊളിറ്റിക്കല്‍ ഇസ്ലാം’ എങ്ങനെയൊരു ഭീകരരൂപം പ്രാപിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.
ഹല്ലേലുയ: ക്രിസ്തുവിന്റെ രാഷ്ട്രീയം
ഇന്നത്തെ ലോകം ഒരു ശബ്ദങ്ങളുടെ യുദ്ധഭൂമിയാണ്.
ആരോ നമ്മോട് പറയുന്നു ‘നീ ആദ്യം ഒരു മതം.”
മറ്റൊരാള്‍ പറയുന്നു ‘നീ ആദ്യം ഒരു ജാതി.”
മറ്റൊരാള്‍ പറയുന്നു ‘നീ ആദ്യം ഒരു ദേശീയത.”
പക്ഷേ ആരും ചോദിക്കുന്നില്ല
‘നീ ആദ്യം ഒരു മനുഷ്യനല്ലേ?”
അടയാള രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശക്തി എന്താണ്?
അത് നമുക്ക് അഭിമാനം നല്കുന്നു;പക്ഷേ അതിന്റെ മറഞ്ഞിരിക്കുന്ന അപകടം എന്താണ് എന്നു തിരിച്ചറിയേണ്ട കാലത്തില്‍ ആണ് നാം. ശിവാജിയുടെ യുദ്ധകാലത്തെ വീര്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തെ രാഷ്ട്രീയ റാലികളിലെ പോര്വിളികളിലേക്കുള്ള ഇതിന്റെ പരിണാമം അധികാര രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഒരു വിഭാഗം ഇതിനെ ‘അതിജീവനത്തിന്റെ ശബ്ദമായി’ കാണുമ്പോള്‍, മറ്റുള്ളവര്‍ക്ക് ഇത് ഭയത്തിന്റെ നിഴലാണ്. ഹര് ഹറും ഹലാലും ചോര പുരണ്ട കൊലവിളികളായി മാറുമ്പോള്‍ കാതോലിക്ക സഭയുടെ വലിയ മുക്കുവന് ലെയോ പാപ്പ 2026 നെ അസീസ്സി വര്‍ഷമായി പ്രഖ്യാപിച്ചത് ഒരു അല്ലെല്ലുയ പ്രഖ്യാപനമാണ് . ലോകം പറഞ്ഞത്: ”നിന്റെ മതത്തെ കാക്കുക.”
അസീസിയിലെ ഫ്രാന്‍സിസ് പറഞ്ഞു: ഏവരെയും സഹോദരരായി കാണുക. ക്രൂസേഡുകളുടെ കാലം; മതത്തിന്റെ പേരില്‍ വാളുകള്‍ ഉയര്‍ന്ന സമയം. സൈന്യങ്ങള്‍ ”ദൈവത്തിന്റെ നാമത്തില്‍” മുന്നേറിയ സമയം.
അത്തരം സാഹചര്യത്തില്‍, ഫ്രാന്‍സിസ് ഒരു വേറിട്ട തീരുമാനം എടുത്തു. അവന് ആയുധമില്ലാതെ നടന്നു. ഈജിപ്തിലെ സുല്‍ത്താന്‍ അല്‍-കാമിലിന്റെ പാളയത്തിലേക്ക്. സൈനികര്‍ അത്ഭുതപ്പെട്ടു. സഹോദരന്മാര് ഭയപ്പെട്ടു. പക്ഷേ ഫ്രാന്‍സിസ് സമാധാനത്തോടെ നടന്നു. അവന് ജയിക്കാന്‍ പോയില്ല. വാദം ജയിക്കാന്‍ പോലും പോയില്ല.
സാക്ഷ്യം പറയാന്‍ പോയി. സുല്‍ത്താന്റെ മുമ്പില്‍ നിന്നപ്പോള്‍ അവന് ഒരു സൈനികനല്ലായിരുന്നു. ഒരു മതപ്രചാരകനായി പോലും സുല്‍ത്താന്റെ പാളയത്തിലേക്ക് ആയുധമില്ലാതെ നടന്നു. അദ്ദേഹം ജയിക്കാന്‍ പോയില്ല. അതാണ് ഹലേലുയ. ആദിമ രക്ത സാക്ഷികള്‍ ഉരുവിട്ട മന്ത്രം സമാധാനം തേടുന്ന ഈ കാലം ആവശ്യപ്പെടുന്ന ക്രിസ്തുവിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തുന്ന അഹിംസയുടെ പ്രാര്‍ത്ഥന.

