ലൂർദ്/ വാഷിംഗ്ടൺ ഡിസി: ലഹരിയുടെ മായികലോകത്ത് ജീവിച്ചിരുന്ന റിച്ചാർഡ് ജോൺസൺ തന്റെ ജീവിതത്തിൽ വന്ന മാറ്റത്തേക്കുറിച്ച് ‘വാരിയേഴ്സ് റ്റു ലൂർദ്ദ്സ്’ (ഡബ്യു.ടി.എൽ) വാർഷിക തീർത്ഥാടനത്തിനിടെ പങ്കുവെച്ച സാക്ഷ്യം ശ്രദ്ധ നേടുന്നു. അറുപത്തിരണ്ടാമത് ഇന്റർനാഷണൽ മിലിട്ടറി തീർത്ഥാടനത്തിന്റെ ഭാഗമായി മെയ് 10 മുതൽ 16 വരെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ലൂർദ്ദ് ദേവാലയത്തിലേക്ക് അമേരിക്കൻ സൈനീകർ നടത്തിയ എട്ടാമത് തീർത്ഥാടനത്തിലാണ് റിച്ചാർഡിന്റെ ജീവിത സാക്ഷ്യം പങ്കുവെയ്ക്കപ്പെട്ടത്.

2001-ൽ കൊസോവോയിലെ സൈനീക നടപടികൾക്കിടയിൽ റിച്ചാർഡിന്റെ മുട്ടിൽ മുറിവ് സംഭവിച്ചിരിന്നു. ഇതിന്റെ ഭാഗമായി മിലിട്ടറി നേഴ്സായിരുന്ന റിച്ചാർഡിന് ശക്തമായ വേദനസംഹാരികളാണ് നൽകിയിരുന്നത്. ഇത് ക്രമേണ അദ്ദേഹത്തെ ലഹരിയുടെ മായിക ലോകത്തേക്ക് നയിച്ചു. അടുത്ത 14 വർഷത്തോളം അദ്ദേഹം ഒറ്റപ്പെടലിലും, നിരാശയിലുമാണ് ജീവിച്ചത്. കത്തോലിക്കാ വിശ്വാസികളായ റിച്ചാർഡിന്റെ കുടുംബത്തിന് പ്രാർത്ഥിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു.
യാതൊരു ചിന്തയോ, വികാരമോ ഇല്ലാതെ വർഷങ്ങളോളം ഇരുട്ടിലാണ് താൻ കഴിഞ്ഞതെന്നും തന്റെ കുടുംബം ഒരുപാട് ദുഃഖത്തിലായിരിന്നുവെന്നും റിച്ചാർഡ് സമ്മതിക്കുന്നു. “എന്റെ അമ്മ നിരന്തം ജപമാല ചൊല്ലുമായിരുന്നെങ്കിലും എന്റെ ആത്മാവ് പൂർണ്ണമായും നഷ്ടമായതായിട്ടാണ് എനിക്ക് അന്നു തോന്നിയത്”- 47 കാരനായ റിച്ചാർഡ് പറയുന്നു. 2014-ൽ റിച്ചാർഡിന് കടുത്ത മാനസിക പ്രശ്നത്തെ നേരിടേണ്ടി വന്നു. ഇവയിൽ നിന്നും 4 വർഷങ്ങൾക്ക് ശേഷമാണ് താൻ മോചിതനായതെന്നു റിച്ചാർഡ് പറയുന്നു. എന്നാൽ റിച്ചാർഡിന്റെ നവീകരണത്തിനായുള്ള സ്വർഗ്ഗീയമായ കാത്തിരിപ്പു തുടരുകയായിരിന്നു.

2018-ലാണ് തന്റെ ജീവിതത്തിലെ ‘അനുഗ്രഹങ്ങളുടെ വെള്ളപ്പൊക്കം’ എന്ന് റിച്ചാർഡ് തന്നെ വിശേഷിപ്പിക്കുന്ന ആ സംഭവം നടന്നത്. തന്റെ ആത്മാവ് തനിക്ക് തിരികെ ലഭിച്ചതുപോലെയാണ് റിച്ചാർഡിന് തോന്നിയത്. പ്രാർത്ഥിക്കണം എന്ന തോന്നൽ അവനിൽ ശക്തമായി. തന്റെ ഒപ്പം ആർമിയിൽ ഉണ്ടായിരുന്ന ഒരു കത്തോലിക്കാ സുഹൃത്തിന്റെ സഹായത്തോടെ അവൻ പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. പ്രാർത്ഥന അവനെ അകന്നു കഴിയുന്ന തന്റെ മൂത്ത സഹോദരനായ ‘ഡിജേ’യുമായി വീണ്ടും അടുപ്പിച്ചു.
“എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു” എന്ന പ്രമേയവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് സ്പോൺസർ ചെയ്ത തീർത്ഥാടനത്തിൽ സൈനീക സേവനം ചെയ്യുന്നവരും, മുൻ സൈനീകരും ഉൾപ്പെടെ ഇത്തവണ 175 പേരാണ് പങ്കെടുത്തത്. അതിൽ റിച്ചാർഡും ഉണ്ടായിരിന്നു. ഒപ്പം സഹോദരൻ ‘ഡിജേ’യും. ദൈവമാണ് ഇരു സഹോദരങ്ങളെയും ഈ തീർത്ഥാടനത്തിന് ക്ഷണിക്കുവാൻ ക്നൈറ്റ്സ് ഓഫ് കൊളംബസിനെ പ്രേരിപ്പിച്ചതെന്ന് ഇന്ൻ അനേകർ വിശ്വസിക്കുന്നു. താൻ എത്തേണ്ടിടത്ത് എത്തി എന്ന തോന്നലാണ് ലൂർദ്ദിൽ മാതാവിന്റെ സവിധത്തിൽ തനിക്കുണ്ടായതെന്നും, ഈ തീർത്ഥാടനം തന്നെ സംബന്ധിച്ചിടത്തോളം ഒരു സൗഖ്യം തന്നെയായി മാറിയെന്നും റിച്ചാർഡ് പറയുന്നു.
“എന്റെ ആത്മാവിന് തീർത്ഥാടനം ഒരു പുത്തൻ ഉണർവായിരുന്നു, തീർത്ഥാടനത്തോടെ ശരിക്കും ഞാൻ ക്രിസ്തുവിൽ ഒരു പുതിയ മനുഷ്യനാകുകയായിരുന്നു”- റിച്ചാർഡ് പറയുന്നു. സഹോദരൻ മയക്കുമരുന്നിന് അടിമയായപ്പോൾ ആരെയും ശ്രദ്ധിക്കാത്തതുപോലെ തനിക്ക് അവനെ സഹായിക്കാൻ കഴിഞ്ഞിരിന്നില്ലായെന്നും എന്നാൽ ദൈവത്തോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചുവെന്നും അവന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചിരിന്നുവെന്നും ഡിജേ പറഞ്ഞു. ലഹരിയുടെ അടിമത്തത്തിൽ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ നിന്ൻ നേടിയ ആത്മീയവും മാനസികവുമായ സൗഖ്യവും ക്രിസ്താനുഭവവും മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുകയാണ് ഈ സഹോദരൻ.
