ബിഷപ് ഡോ. അലക്സ് വടക്കുംതല (കണ്ണൂര്‍ രൂപതാധ്യക്ഷന്‍, ചെയര്മാന്, കെസിബിസി ഹെല്‍ത്ത് കമ്മീഷന്)
രോഗശയ്യയുടെ നിശ്ശബ്ദതയില്‍ മനുഷ്യന് ആദ്യമായി കേള്‍ക്കുന്നത് തന്റെ തന്നെ ഉള്ളിലെ ഒരു ചോദ്യം തന്നെയാണ് ‘ ഈ വേദനയ്ക്കപ്പുറം അര്‍ത്ഥമുണ്ടോ?’ മരുന്നുകളും പരിശോധനകളും ശരീരത്തെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുമ്പോള്‍, ഹൃദയം അന്വേഷിക്കുന്നത് ആശ്വാസത്തിന്റെ ഒരു ദൈവസ്പര്ശമാണ്. രോഗം ഇവിടെ ഒരു ശാരീരിക അവസ്ഥ മാത്രമല്ല; അത് മനുഷ്യനെയും ദൈവത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ആത്മീയ അനുഭവവുമാണ്.
യേശു തന്റെ ശുശ്രൂഷയില്‍ രോഗികളെ സുഖപ്പെടുത്തിയത് അദ്ഭുതങ്ങളായി മാത്രമല്ല, കരുണയുടെ ദൈവരാജ്യപ്രഖ്യാപനമായിട്ടാണ്. അന്ധന്റെ കണ്ണീര് തുടച്ച കൈയും, കുഷ്ഠരോഗിയെ സ്പര്‍ശിച്ച കരുണയും, രോഗശയ്യയില്‍ കിടക്കുന്നവനോട് ‘ഭയപ്പെടേണ്ട’ എന്നു പറഞ്ഞ വാക്കുകളും വേദനിക്കുന്ന മനുഷ്യനോടൊപ്പം നില്ക്കുന്ന ദൈവത്തിന്റെ മുഖമാണ്. അതുകൊണ്ടുതന്നെ, രോഗിയുടെ നൊമ്പരം ഒരു പ്രാര്‍ഥനയായി മാറുന്ന നിമിഷത്തില്‍ ചികിത്സയും വിശ്വാസവും കരുണയും ഒരേ വഴിയില്‍ ഒന്നിക്കുന്നു.
രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാത്രം അല്ല, അവരുടെ വേദനകളില്‍ പങ്കുചേരുകയും സമരിയാക്കാരനെപ്പോലെ അപരന്റെ മുറിവുകള്‍ക്ക് എണ്ണ പുരട്ടുകയും ചെയ്യുന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമെന്നും ഈ ദൈവദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ‘ലോക രോഗീദിനം’ പ്രസക്തമാകുന്നതെന്നും ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.
ഒരു സീനിയര്‍ ഡോക്ടറുടെ പരിശോധനാ മുറിക്കു മുന്പില് കുറിച്ചിരിക്കുന്ന വാക്യം ശ്രദ്ധിച്ചു: ‘ഉീരീേൃ െരമി ൃേലമ,േ ഏീറ വലമഹ.െ’ ശരിയല്ലേ? ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാനാവും; പക്ഷേ സൗഖ്യവും ആശ്വാസവും നല്‍കുന്നത് ദൈവമാണ്.’നിന്നെ സുഖപ്പെടുത്തുന്നവന്‍ ഞാനാണ് കര്‍ത്താവ്’ എന്ന് നാം പുറപ്പാട് പുസ്തകത്തിന്റെ 15:26-ല്‍ വായിക്കുന്നു. സങ്കീര്‍ത്തനം 103:23 നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ‘എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്ന് നിന്റെ സകല രോഗവും സുഖപ്പെടുത്തുന്നവനാണ്.’മുപ്പത്തിനാലാമത് ലോക രോഗീദിനമാണ് 2026 ഫെബ്രുവരി 11-ന്. ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശം ‘സമരിയാക്കാരനെപ്പോലെ അപരന്റെ നൊമ്പരം ഏറ്റെടുക്കുന്ന സ്നേഹം’ എന്നതാണ്.
സഹനങ്ങളില്‍ കഴിയുന്നവര്‍ക്കായുള്ള സ്നേഹസംസ്കാരം തീര്‍ക്കുക എന്ന ദൗത്യം ഈ ആചരണം ഓര്‍മ്മിപ്പിക്കുന്നു.സഹനങ്ങളിലൂടെ നടന്നു നീങ്ങിയ പാപ്പവിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ കടുത്ത സഹനങ്ങളുടെയും രോഗങ്ങളുടെ ആഘാതങ്ങളിലൂടെയും കടന്നുപോയ വ്യക്തിയായിരുന്നു. വെറും ഒന്‍പതു വയസ്സുള്ള പിഞ്ചുബാലനായിരിക്കുമ്പോള് അമ്മ എമിലിയ മരണമടഞ്ഞു. മെഡിക്കല്‍ ബിരുദധാരിയായിരുന്ന സഹോദരന് എഡ്മണ്ട് യുവാവായിരിക്കെ സ്കാര്‍ലറ്റ് ജ്വരം ബാധിച്ച് മരിച്ചു.
അധികം താമസിയാതെ പിതാവ് വോയ്ത്തീവയും നിര്യാതനായി. അങ്ങനെ, ഇരുപത്തൊന്നാം വയസ്സോടെ അടുത്ത ബന്ധത്തിലെ എല്ലാവരെയും അദ്ദേഹം നഷ്ടപ്പെട്ടു.കിരാതമായ നാസി ഭരണകാലത്ത് കരിങ്കല്‍ ഖനികളിലും കെമിക്കല്‍ ഫാക്ടറികളിലും പ്രതികൂല സാഹചര്യങ്ങളില്‍ കഠിനാധ്വാനം ചെയ്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നുവെങ്കിലും, 1944-ല്‍ ഒരു ജര്‍മന്‍ സൈനിക ട്രക്ക് ഇടിച്ച് മാസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകള്‍ നിലനില്‍ക്കെ തന്നെയാണ് സെമിനാരിയില്‍ രഹസ്യമായി പഠിച്ച് 1946 നവംബര്‍ 1-ന് വൈദികനായത്.
ആരോഗ്യപ്രശ്നങ്ങള്‍ നിരന്തരം വേട്ടയാടിയിരുന്നെങ്കിലും ഒരിക്കലും അജപാലന ശുശ്രൂഷയില്‍ മുടക്കം വരുത്താതെ തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചിരുന്ന ഫാ. കാറല്‍ വോയ്ത്തീവ 1978 ഒക്ടോബര്‍ 16-ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ആഗോള സഭയുടെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ്, 1981 മെയ് 13-ന് തുര്‍ക്കി ചാരന് മെഹമദ് അലി അഗയുടെ വെടിയേറ്റ് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ശസ്ത്രക്രിയകള്‍ക്കുശേഷവും ഈ പരിക്കുകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്കും മറ്റ് ദീര്‍ഘകാല വ്യഥകളിലേക്കും നയിച്ചു. ‘എന്റെ കുരിശ് യാത്ര’യുടെ തുടക്കമായിരുന്നു അതെന്ന് ജോണ്‍ പോള്‍ പാപ്പ പിന്നീട് വിശേഷിപ്പിച്ചു. എങ്കിലും അലി അഗയോട് ഹൃദയപൂര്‍വം ക്ഷമിക്കുകയും ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അയാളുടെ മോചനത്തിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഈ സഹനത്തിന്റെ നടുവിലാണ് 1993 ഫെബ്രുവരി 11-ന് ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ‘ലോക രോഗീദിനം’ ആരംഭിച്ചത്.രോഗികള്‍ക്കായുള്ള ഒരു ലോകദിനാചരണം ആരംഭിച്ചതിന്റെ പ്രധാന ഉദ്ദേശ്യം, രോഗബാധിതര്‍ക്കും സഹനങ്ങളില്‍ കഴിയുന്നവര്‍ക്കുമായി പ്രാര്‍ഥിക്കാനാണ്. അതോടൊപ്പം, കാരുണ്യത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സമര്‍പ്പണവും ത്യാഗവും സമൂഹം തിരിച്ചറിയണം. രാവും പകലും രോഗികള്‍ക്കൊപ്പം കഴിയുന്നവരുടെ സേവനം വിലമതിക്കപ്പെടണം.നൊമ്പരങ്ങളുടെ ലോകത്തില്‍ കഴിയുന്നവരെ പ്രത്യേകിച്ച് മരണാസന്നരെയും കിടപ്പുരോഗികളെയും വാര്‍ദ്ധക്യത്തിന്റെ അവശതകളില്‍ കഴിയുന്നവരെയും കരുതലോടെയും ബഹുമാനത്തോടെയും സമീപിക്കാന്‍ ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു. അവഗണനയുടെ സംസ്കാരത്തിന് ബദലായി കനിവിന്റെ സംസ്കാരം വളര്‍ത്താന്‍ ഇത് സഹായിക്കുന്നു.
വേദനിക്കുന്നവരോടൊപ്പം ക്രിസ്തുരോഗങ്ങളുടെയും സഹനങ്ങളുടെയും ലോകത്തിലേക്കാണ് ക്രിസ്തു കടന്നുവന്നത്. അത് അന്വര്‍ത്ഥമാക്കുന്നതാണ് പ്രവാചകവചനങ്ങള്‍: ‘നമ്മുടെ രോഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവന് വഹിച്ചത്; നമ്മുടെ വേദനകളാണ് അവന് ചുമന്നത്’ (ഏശയ്യാ 53:4). രോഗികളെ സ്പര്‍ശിച്ച് സുഖപ്പെടുത്തുമ്പോള്‍ ഈ ദൗത്യമാണ് യേശു പൂര്‍ത്തിയാക്കിയതെന്ന് സുവിശേഷവും സാക്ഷ്യപ്പെടുത്തുന്നു (മത്താ. 8:17). ക്രിസ്തുവിന്റെ കുരിശിലെ സഹനങ്ങള്‍ക്ക് സാക്ഷിയായ വിശുദ്ധ പത്രോസ് അപ്പോസ്തലനും ഇത് സ്ഥിരീകരിക്കുന്നു: ‘അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു’ (1 പത്രോസ് 2:24).
യഥാര്‍ത്ഥത്തില്‍ സൗഖ്യവും സാന്ത്വനവും നല്കുന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്. അതാണ് അസന്ദിഗ്ധമായി അവിടുന്ന് പ്രഖ്യാപിച്ചത്: ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന് ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്’ (യോഹ. 10:10).എത്ര തന്മയത്വത്തോടും പ്രാവീണ്യത്തോടുമാണ് ക്രിസ്തു രോഗികളോടൊപ്പം ആയിരുന്നതും സമ്പൂര്‍ണ്ണമായ സമഗ്ര സൗഖ്യദായക ശുശ്രൂഷയില്‍ വ്യാപരിച്ചതും! നാല് സുവിശേഷങ്ങളിലായി 46 സൗഖ്യപ്പെടുത്തലുകളുടെ വിവരങ്ങള്‍ നമുക്ക് കാണാം. അതില്‍ 33 എണ്ണം അതിശയകരമായ രോഗവിമുക്തിയുടെയും ജീവന് നല്കുന്നതിന്റെയും ദൈവീക ഇടപെടലുകളാണ്.
വൈദഗ്ദ്യമുള്ള ഒരു പീഡിയാട്രീഷ്യനെപ്പോലെയാണ് യേശു ശിശുക്കളുടെ ഇടയിലേക്കും അവരുടെ സഹനങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നത്. പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള മകളെപ്പറ്റി ആകുലതയോടെ കഴിയുന്ന ജയിറോസ് എന്ന സിനഗോഗ് അധികാരിയായ പിതാവിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ‘എന്റെ ഓമന മകള്‍ മരിക്കാറായിക്കിടക്കുന്നു. അവള് സൗഖ്യം പ്രാപിച്ച് ജീവിക്കാനായി അങ്ങ് അവളുടെ മേല്‍ കൈകള്‍ വെക്കണമേ’ (മര്‍ക്കോസ് 5:23). അയാളുടെ ഭവനത്തിലെത്തിയപ്പോള്‍ അലമുറയിട്ട് കരഞ്ഞും ബഹളം ഉണ്ടാക്കിയും നിന്ന വലിയൊരു ജനാവലിയെയാണ് യേശു കണ്ടത്. അവരോട് നിശ്ശബ്ദരായിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കളെയും മൂന്ന് ശിഷ്യരെയും മാത്രം കൂട്ടിക്കൊണ്ട് കുഞ്ഞിന്റെ മുറിയില്‍ പ്രവേശിച്ച്, കരങ്ങളില്‍ പിടിച്ച് കരുതലോടും വലിയ വാത്സല്യത്തോടും കൂടി യേശു പറഞ്ഞു: ‘തലീത്താകൂം – ബാലികേ, എഴുന്നേല്ക്കൂ’.
ഈ പ്രായത്തിലുള്ള പല കുഞ്ഞുങ്ങളുടെയും പ്രധാന പ്രശ്നം പോഷകാഹാരക്കുറവാണെന്ന് മനസ്സിലാക്കി, അതിനുള്ള പ്രതിവിധിയും യേശു സൂചിപ്പിക്കുന്നു (മര്‍ക്കോസ് 5:2143; ലൂക്കാ 8:4056). ഇതേപോലെ കരുതലുള്ള സമീപനം അപസ്മാര രോഗം ബാധിച്ച ബാലനോടും (ലൂക്കാ 9:3743) എല്ലാ കുഞ്ഞുങ്ങളോടും (ലൂക്കാ 18:1517) യേശുവിനുണ്ട്.നല്ല പരിശീലനം നേടിയ ഒരു ഗൈനക്കോളജിസ്റ്റിനെപ്പോലെയാണ് സ്ത്രീകളുടെ രോഗാവസ്ഥകളില്‍ യേശു അവര്‍ക്ക് സൗഖ്യവും സാന്ത്വനവും സ്വീകാര്യതയും പകര്‍ന്നത്. ജനം തിങ്ങിനിറഞ്ഞ് നീങ്ങുമ്പോഴും സൗഖ്യത്തിനായി തന്റെ വസ്ത്രത്തില്‍ തൊട്ട സ്ത്രീയെ അവിടുന്ന് തിരിച്ചറിഞ്ഞു. പന്ത്രണ്ടു വര്‍ഷം വിഷമിപ്പിച്ച രക്തസ്രാവത്തില്‍ നിന്ന് മോചനം നല്കുമ്പോള്, അവളുടെ മാനസിക വ്യഥയും പരിത്യക്താവസ്ഥയും മനസ്സിലാക്കി യേശു പറഞ്ഞു: ‘മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക; വ്യാധിയില്‍ നിന്ന് വിമുക്തയായിരിക്കുക’ (മര്‍ക്കോസ് 5:34). അതുപോലെ, പതിനെട്ടു വര്‍ഷമായി രോഗിണിയായി നിവര്‍ന്ന് നില്ക്കാന് പോലും സാധിക്കാതെ കൂനിയായി കഴിഞ്ഞിരുന്ന ഒരു സാധു സ്ത്രീയെ അനുഗ്രഹിച്ച് സൗഖ്യപ്പെടുത്തി അവള്‍ക്ക് നഷ്ടപ്പെട്ട ആകാശം തിരികെ നല്കിയ വിവരണം അതീവ ഹൃദയസ്പര്‍ശിയാണ് (ലൂക്കാ 13:1017).
നട്ടുച്ചനേരത്ത് കിണറ്റിനരികെ എത്തിയ സമരിയാക്കാരിയും (യോഹ. 4:742), പരിമള തൈലവുമായി ശിമോന്റെ ഭവനത്തിലെത്തിയ പാപിനിയും (മത്തായി 26:612), ചെറുകാശ് കാണിക്കപ്പാത്രത്തില്‍ നിക്ഷേപിച്ച ദരിദ്രവിധവയും (ലൂക്കാ 21:14), ഉത്ഥാനപ്രഭ അനുഭവിച്ച മഗ്ദലേനാമറിയവും (യോഹ. 20:1118) ക്രിസ്തുവില്‍ നിന്ന് ആകാശത്തുറവിയുടെ സൗഖ്യവും സ്വീകാര്യതയും അനുഭവിച്ച സ്ത്രീകളില്‍ ചിലരാണ്.നൈപുണ്യം നിറഞ്ഞ ഒരു മനഃശാസ്ത്രജ്ഞന്റെ വൈദഗ്ദ്ധ്യത്തോടെയാണ് മാനസിക പിരിമുറുക്കവും പിശാചുബാധയും അനുഭവിച്ചവരെ യേശു സൗഖ്യത്തിലേക്ക് നയിച്ചത്. മത്തായിയുടെ സുവിശേഷം 15-ാം അധ്യായത്തില്‍ മാനസികരോഗിയായ മകളുടെ അമ്മയായ ഒരു കനാനാക്കാരി സ്ത്രീ യേശുവുമായി സംവദിക്കുന്ന ഭാഗമുണ്ട്. സഹനത്തിന്റെ നടുവിലും ചാതുര്യത്തോടെ പ്രതികരിക്കാനുള്ള അവളുടെ ശേഷി പുറത്തെടുത്തുകൊണ്ടാണ് യേശു ഇടപെട്ടത്.
ഗെരാസേനരുടെ നാട്ടിലെ പിശാചുബാധിതനെയും (മര്‍ക്കോസ് 5:120) ബേത്സഥാ കുളത്തിലെ തളര്‍വാതരോഗിയെയും (യോഹ. 5:118) സുഖപ്പെടുത്തുമ്പോഴും ഈ അതിശയിപ്പിക്കുന്ന സിദ്ധി പ്രകടമാകുന്നു.അന്ധന്റെ കണ്ണുകള്‍ക്ക് പുതിയ പ്രകാശം പകരുമ്പോഴും (മര്‍ക്കോസ് 8:2226; 10:4652; യോഹ. 9:141), ബധിരനെ ജനക്കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ചെവികളില്‍ വിരലുകള്‍ ഇടുകയും നാവില്‍ സ്പര്‍ശിക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ട് പ്രാര്‍ഥിക്കുകയും ചെയ്ത് സൗഖ്യത്തിലേക്ക് നയിക്കുമ്പോഴും, സംസാരഭാഷയ്ക്ക് അപ്പുറം അവനു പരിചിതമായ മുദ്രകളിലൂടെയും ഭാവനയിലൂടെയും യേശു ബന്ധം സ്ഥാപിക്കുന്നു.യേശു പകര്‍ന്ന സൗഖ്യത്തിന്റെ ഉള്‍പൊരുളുകള്‍ നാം തിരിച്ചറിയണം. ആഴമുള്ള വിശ്വാസത്തിലേക്കും പാപബന്ധനങ്ങളില്‍ നിന്നും ആന്തരിക മുറിവുകളില്‍ നിന്നും മോചനത്തിലേക്കും, സമഗ്രമായ ജീവന്റെ സമൃദ്ധിയിലേക്കുമാണ് അവിടുന്ന് മനുഷ്യരെ നയിച്ചത്.സൗഖ്യദായകനായ യേശു ഇന്നും നമ്മോടൊപ്പം ഉണ്ട്.
വിശുദ്ധ അഗസ്റ്റിന് പറയുന്നു: ക്രിസ്തു നമ്മുടെ ആഴത്തിലുള്ള മുറിവുകള്‍ സൗഖ്യപ്പെടുത്തുന്നത് സഹനങ്ങള്‍ ഒഴിവാക്കി കൊണ്ടല്ല; മറിച്ച് നമ്മുടെ സഹനങ്ങളിലേക്കു ഇറങ്ങിവന്നുകൊണ്ടാണ്. മുറിവേറ്റവരുടെ ആത്മസുഹൃത്താണ് യേശു. ഈ ദൃഷ്ടികോണത്തിലാണ് അവശനായ മനുഷ്യനെ സമീപിച്ച സമരിയാക്കാരനെ ലെയോ പതിനാലാമന്‍ പാപ്പ ലോക രോഗീദിന സന്ദേശത്തില്‍ അവതരിപ്പിക്കുന്നത്.സാന്ത്വനത്തിന്റെ സാമൂഹിക മാനംസമരിയാക്കാരന്റെ അനുകമ്പ ‘ആഴമുള്ള പ്രവൃത്തിയിലേക്ക് നയിക്കുന്ന ഒരു വികാരമാണ്’ എന്ന് ലെയോ പാപ്പ വ്യക്തമാക്കുന്നു. അവശനായി കിടക്കുന്ന മനുഷ്യന്റെ അടുത്തേക്ക് ചെന്നു മുറിവുകള്‍ കെട്ടി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അനുകമ്പ. ലെയോ പാപ്പ തുടര്‍ന്ന് എഴുതുന്നു: ‘ശ്രദ്ധേയമായത്, അയാള്‍ ഒറ്റയ്ക്കല്ല പ്രവര്‍ത്തിക്കുന്നത്.’ ഫ്രാന്‍സിസ് പാപ്പയുടെ സാമൂഹിക പ്രബോധനം ‘സോദരര്‍ സര്‍വരും’ എന്ന രേഖയില്‍ പറയുന്നതുപോലെ, ‘ആ മനുഷ്യനെ ശുശ്രൂഷിക്കാന്‍ കഴിയുന്ന ഒരു സത്രക്കാരനെ സമരിയാക്കാരന് കണ്ടെത്തി; നമ്മളും ഒരു കുടുംബമായി ഒരുമിച്ച് ചേരാന്‍ വിളിക്കപ്പെട്ടിരിക്കുന്നു; കാരണം ചെറിയ വ്യക്തിഗത ശ്രമങ്ങളെക്കാള്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് കൂടുതല്‍ ശക്തം’.’ഒരുമിച്ചിരിക്കുവാന്‍ ഒരുമിച്ചിരിക്കണം’ എന്ന ലെയോ പാപ്പയുടെ ആപ്തവാക്യം അനുസ്മരിപ്പിച്ചുകൊണ്ട് സന്ദേശം വിശദീകരിക്കുന്നു: ‘നമ്മെ അനുകമ്പയിലേക്ക് നയിക്കുന്ന വേദന ഒരു അപരിചിതന്റെ വേദനയല്ല; അത് നമ്മുടെ തന്നെ ശരീരത്തിലെ ഒരു അവയവത്തിന്റെ വേദനയാണ്.
എല്ലാവരുടെയും നന്മയ്ക്കായി പരിചരിക്കാന്‍ നമ്മുടെ ശിരസ്സായ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നു.’ സാഹോദര്യത്തിന്റെ ഈ ‘സമരിയ ചൈതന്യം’ വളര്‍ത്താനുള്ള ഓര്‍മ്മപ്പെടുത്തലുമാണ് ഈ സന്ദേശം.നൊമ്പരങ്ങളുടെ ലോകത്തില്‍ സാന്ത്വനത്തിന്റെ തൂവല്സ്പര്ശമായി തീരാനുള്ള വിളിയും വെല്ലുവിളിയുമാണ് ‘ലോക രോഗീദിനം’.—————–

