ബോബന് വരാപ്പുഴ
മുഖ്യമന്ത്രി പിണറായി വിജയന് തന്റെ കോളജ് വിദ്യാര്‍ഥി ജീവിതത്തിലെ അതിദാരിദ്ര്യത്തിന്റെയും അരിഷ്ടതകളുടെയും നേരനുഭവങ്ങള്‍, കെ. ഡിസ്ക് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്സ് മീറ്റില്‍ വിദ്യാര്‍ഥികളോട് വൈകാരികമായി പങ്ക് വെച്ച് ചൂടാറും മുമ്പ് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സഖാവ് സി. ദിവാകരന് വെളിപ്പെടുത്തിയ, പിണറായിക്ക് ഭക്ഷണത്തോടുള്ള അതിരറ്റ താല്‍പ്പര്യത്തിന്റെ സാക്ഷ്യം വിവാദമായി.
ഇതെന്തിനാ ഇപ്പോള്‍ പറയുന്നതെന്ന മനോഭാവത്തില്‍ , പല്ല് കടിച്ചു പൊട്ടിക്കുന്നതരത്തില് അരിശം ഉള്ളില്‍ അടക്കിപിടിച്ച് നില്‍ക്കുകയാണ് സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും. പാര്‍ട്ടിയില്‍ വിഭാഗീയത കൊടുമ്പിരി കൊണ്ടുനിന്ന കാലത്ത് ഒരേ സമയം വി.എസിനെയും പിണറായിയേയും പ്രീണിപ്പിച്ച് അവരവരുടെ കൂടെ നില്‍ക്കാനുള്ള തന്റെ പ്രാഗല്ഭ്യം തെളിയിച്ചയാളാണ് ദിവാകരന് സഖാവ്.
അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച രാഷ്ട്രീയ പ്രചരണ ജാഥയ്ക്കിടെ നടന്നതെന്ന് പറയപ്പെടുന്ന ഈ സംഭവത്തെക്കുറിച്ചുള്ള തന്റെ അനുസ്മരണം കൈവിട്ടുപോകുകയും വിവാദമാക്കുകയും ചെയ്തപ്പോള്‍, കൗതുകകരമായ ഒരു വാര്‍ത്തയെന്നതിനപ്പുറം രാഷ്ട്രീയപരമായ മറ്റൊരു മാനവും അതിനില്ലെന്ന് പറഞ്ഞ് സഖാവ് ദിവാകരന് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും അതിലത്ര വിജയിക്കുമെന്ന് തോന്നുന്നില്ല. 2023-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥയായ ‘കനല് വഴികളിലൂടെ’ എന്ന പുസ്തകത്തില്‍ സി. ദിവാകരന് ഇക്കാര്യം വിശാലമായി തന്നെ എഴുതിയിട്ടുണ്ട് എന്നതാണ് അതിന് കാരണം..
പുസ്തകം പെട്ടെന്ന് തന്നെ വിസ്മൃതിയിലേക്ക് നിപതിച്ചതിനെ തുടര്‍ന്ന് അന്നേ അധികം പ്രചാരം കിട്ടാതെ പോയ ഈ സംഭവം ഒരു തിരഞ്ഞെടുപ്പ് കാലം പടിവാതില്ക്കല് എത്തി നില്‍ക്കേ സി. ദിവാകരന് വാക്കുകളിലൂടെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നത് പിണറായി വിജയനോടും സ്വന്തം പാര്‍ട്ടിയായ സിപിഐ, രണ്ടാം കക്ഷിയുമായ ഇടതുപക്ഷ മുന്നണിയോടുമുള്ള പരിഭവമോ പ്രതിഷേധമോ പ്രതിവിപ്ലവമോ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ.? ഏതായാലും സി. ദിവാകരന് തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.’….
ജാഥ ആറ്റിങ്ങലെത്തി. ഉച്ച ഭക്ഷണം എവിടെയാണെന്ന് എന്നോട് തിരക്കി. ഞാന്‍ ജാഥയുടെ സംഘാടകരോട് അന്വേഷിച്ചു. ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണെന്ന് ഞാന്‍ പിണറായിയെ അറിയിച്ചു. മുഖഭാവം ഞാന്‍ ശ്രദ്ധിച്ചു. അസംതൃപ്തി ആ മുഖത്ത് പ്രകടമായിരുന്നു. അതിന്റെ കാരണം ആ സന്ദര്‍ഭത്തില്‍ സിപിഎമ്മില്‍ നിലനിന്നിരുന്ന വി.എസ്, പിണറായി തര്‍ക്കങ്ങളാണെന്ന് ഞാന്‍ ഊഹിച്ചു. ഏതായാലും ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാനിരുന്നു. ജാഥയില്‍ ഉടനീളം പിണറായി ഭക്ഷണം കഴിക്കുന്ന സമയം എന്നെക്കൂടി കൂട്ടുക എന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആറ്റിങ്ങലിലെ ഉച്ചഭക്ഷണത്തിന് ഞങ്ങള്‍ ഒരുമിച്ച് അടുത്തടുത്തിരുന്നു. ഇലയിലെ കറികളെല്ലാം പിണറായി ശ്രദ്ധിച്ചു മത്സ്യം വിളമ്പിയിരുന്നു. മത്സ്യക്കറിയിലെ കഷണങ്ങള്‍ വിരല്‍ കൊണ്ട് തൊട്ടു നോക്കി ചോദിച്ചു. ‘ഇതെന്ത് മത്സ്യമാണ്. ‘ഞാന്‍ രുചിച്ചിട്ട് പറഞ്ഞു. ‘ചൂര’. മനസ്സില്ലാ മനസോടെ ഭക്ഷണം കഴിച്ചെന്ന് വരുത്തി പിണറായി എണീറ്റു പോയി. (താന്‍ എകെജി സെന്ററില്‍ കാണുമെന്നും ദിവാകരന് പോകുമ്പോള്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതെ ഇറങ്ങിയെന്നും കഴിഞ്ഞ ദിവസം പത്രക്കാരോട് പറഞ്ഞതും ഇതേ സി.ദിവാകരന് തന്നെ)ജില്ലാ സെക്രട്ടറി സഖാവ് സത്യനേശനടക്കം സംഘാടകരെല്ലാം വല്ലാതെ ദയനീയമായി നില്ക്കുന്നതു ഞാന്‍ കണ്ടു.. പിണറായി നല്ല മത്സ്യം ധാരാളം കഴിക്കുന്ന സ്വഭാവക്കാരനാണെന്ന് ഞാന്‍ മനസിലാക്കിയത് ആ സംഭവത്തിലാണ്.
ജാഥ ആറ്റിങ്ങല്‍ നിന്ന് നിരവധി സ്വീകരണത്തിന് ശേഷം നെടുമങ്ങാട് രാത്രി ക്യാമ്പ് കഴിഞ്ഞ് പാറശ്ശാല ഉച്ചവിശ്രമവും കഴിഞ്ഞ് പുത്തരിക്കണ്ടം മൈതാനത്ത് സമാപനമായിരുന്നു. രാത്രി നെടുമങ്ങാട് റെസ്റ്റ് ഹൗസിലായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്. ജാഥഅംഗങ്ങളെല്ലാം പിണറായിക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ഏതോ ഹോട്ടലിലെ ഗുണനിലവാരമില്ലാത്തതായിരുന്നു ഭക്ഷണം എന്ന് എനിക്ക് മനസിലായി. എങ്കിലും ഞാന്‍ അതൊന്നും കൂട്ടാക്കാതെ ഭക്ഷണം കഴിക്കാന്‍ പിണറായിയോടൊപ്പം ഇരുന്നു. ഭക്ഷണത്തിന്റെ മുമ്പിലിരുന്ന പിണറായി പെട്ടെന്ന് എണീറ്റ് എന്നോട് പറഞ്ഞു.’നമുക്ക് നാളെ കാണാം. ‘ എന്ന് പറഞ്ഞ് സ്ഥലം വിട്ടു. പുറത്തുനിന്ന സംഘാടകര്‍ ജില്ല സെക്രട്ടറി സഖാവ് സത്യനേശന് അടക്കം പിണറായിയുടെ കണ്ണില്‍പ്പെടാതെ മറഞ്ഞു നിന്നു. പിണറായി പോയതിനു ശേഷം സഖാവ് സത്യനേശന് എന്നോട് പറഞ്ഞു. ഞങ്ങള്‍ക്ക് അബദ്ധം പറ്റി. ഒരു വീട്ടില്‍ ഭക്ഷണം ഏര്‍പ്പാടാക്കാമായിരുന്നു. ഏതായാലും തെറ്റുപറ്റി സഖാവ് പിണറായിയോട് ഒന്ന് പറയണം. നാളെ ഗംഭീരമാക്കാം.
അടുത്ത ദിവസം ഉച്ചഭക്ഷണം പാറശ്ശാലയിലെ ഒരു വീട്ടിലായിരുന്നു. അന്നു രാവിലെ സഖാവ് സത്യനേശന് നേരിട്ട് പാളയം മാര്‍ക്കറ്റിലെത്തി. ഒന്നാന്തരം ഒരു വലിയ നെയ്മീന് വാങ്ങി പാറശ്ശാല വീട്ടിലെത്തിച്ച് കറിവച്ചു. ഞങ്ങള്‍ ഉച്ചഭക്ഷണത്തിനെത്തി, വീട്ടുകാര്‍ ആവേശത്തോടെ പിണറായിയുടെ സാന്നിധ്യത്തെ സ്വാഗതം ചെയ്തു. പഴയതുപോലെ ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാനിരുന്നു. പതിവുപോലെ പിണറായിയുടെ അടുത്തു ഞാനും സ്ഥലം പിടിച്ചു. ഒന്നാന്തരം നെയ്മീന് കറികൂട്ടി നന്നായി ഭക്ഷണം കഴിച്ചു. സഖാവ് സത്യനേശനും സന്തുഷ്ടനായി. ‘ (പേജ് 145- 146).
ജാഥ കൊല്ലം ജില്ലയില്‍ പ്രവേശിച്ച നാളില്‍ ബേബി ജോണിന്റെ നേതൃത്വത്തില്‍ ചവറ വാസുപിള്ളയുടെ ഭവനത്തിലൊരുക്കിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തെക്കുറിച്ച് സഖാവ് ദിവാകരന് വാചാലനാകുന്നത് വായിച്ചപ്പോള്‍ മനസിലൊരു സംശയം തോന്നി. അന്നത്തെ ഇവരുടെ രാഷ്ട്രീയജാഥയുടെ ലക്ഷ്യം നായനാര്‍ സര്‍ക്കാരിന്റെ ഭരണത്തുടര്ച്ചയായിരുന്നോ അതോ സ്വന്തം ആമാശയത്തിനോടുള്ള ആഹാരപരമായ പ്രതിബദ്ധതയോ..?
ഈ പുസ്തകത്തിലെ കൗതുകകരമായ മറ്റൊരു വിശേഷം കൂടി പങ്ക് വെയ്ക്കാമെന്ന് തോന്നുന്നു.’ഈ കണ്വെന്ഷന് തന്നെ സഖാവ് ദിവാകരന്റെ വിജയം ഉറപ്പാണെന്ന് തെളിയിക്കുന്നു…
.’2019-ലെ ലോകസഭാ തിരഞ്ഞെടുപ്പു കാലം. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച സഖാവ് സി.ദിവാകരന്റെ പ്രചരണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സഖാവ് പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്.’ തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടു. ‘(കനല് വഴികളിലൂടെ . പേജ് 213.)
തൊട്ട് മുമ്പ് നടന്ന നിയമസഭ – പഞ്ചായത്ത് -മുനിസിപ്പല്‍ – കോര്പ്പറേഷന് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ശക്തമായ വിജയക്കൊടി പാറിച്ചിട്ടും സര്‍വ്വീസ് സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ശശിതരൂരിനും കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാം സ്ഥാനമാണ് സി. ദിവാകരന് ലഭിച്ചത്.—————————-

