വത്തിക്കാൻ : കഴിഞ്ഞ പതിനേഴു വർഷമായി മധ്യപൂർവേഷ്യയിൽ അപ്പസ്തോലിക നൂൺഷ്യോ ആയി സേവനം അനുഷ്ഠിച്ചു വന്നിരുന്ന കർദിനാൾ മാരിയോ സെനാരി, തന്റെ എൺപതാമത്തെ വയസിൽ രാജി സമർപ്പിച്ചു. 2008 മുതൽ ഡമാസ്കസിൽ സേവനം ആരംഭിച്ച ഇദ്ദേഹത്തെ 2016 ലാണ് ഫ്രാൻസിസ് പാപ്പാ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. മധ്യപൂർവേഷ്യയിൽ പ്രത്യേകമായി സിറിയയിൽ തീവ്രമായ നയതന്ത്രപരവും മാനുഷികവുമായ പ്രവർത്തനങ്ങൾ നടത്തിയ ഒരു വ്യക്തിയാണ് കർദിനാൾ സെനാരി.
യുദ്ധം, ദാരിദ്ര്യം, തീവ്രവാദം, ഉപരോധങ്ങൾ, പ്രതിസന്ധികൾ, ഭൂകമ്പങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം നൽകുവാൻ കർദിനാൾ ഏറെ സേവനം ചെയ്തിട്ടുണ്ട്.
2021-ൽ, 75 വയസ്സ് തികഞ്ഞപ്പോൾ (“വിരമിക്കലിനുള്ള” കാനോനിക്കൽ പ്രായം), അദ്ദേഹം രാജി സമർപ്പിച്ചിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ രാജി നിരസിക്കുകയും “അനിശ്ചിതമായി” അദ്ദേഹത്തെ സ്ഥാനത്ത് നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
2000 കളുടെ തുടക്കത്തിൽ ഐവറി കോസ്റ്റ്, നൈജർ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലേക്കും പിന്നീട് 2004 മുതൽ 2008 വരെ ശ്രീലങ്കയിലേക്കും അദ്ദേഹം അപ്പസ്തോലിക പ്രതിനിധിയായി അയയ്ക്കപ്പെട്ടിട്ടുണ്ട്. സിറിയയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ അരക്ഷിതാവസ്ഥകളെ തുറന്നു കാണിച്ചതും കർദിനാൾ സെനാരി ആയിരുന്നു.
2024 ഡിസംബറിൽ, ബഷർ അൽ-അസദിന്റെ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനും അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിൽ ഒരു പുതിയ നേതൃത്വം സ്ഥാപിക്കുന്നതിനും കർദിനാൾ സെനാരി സാക്ഷ്യം വഹിച്ചു.
