ഹവാന: കമ്മ്യൂണിസ്ററ് ക്യൂബയിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവർത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ ‘എസിഐ പ്രെൻസ’ റിപ്പോർട്ട് ചെയ്യുന്നു.
കാമഗുവേ അതിരൂപതയിലെ വൈദികരായ ഫാ. കാസ്റ്റർ അൽവാരെസ് ദേവേസ, ഫാ. ആൽബെർട്ടോ റെയ്സ് എന്നിവരെയാണ് ഒരു കാരണവുമില്ലാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരിക്കുന്നത്. ക്യൂബയിലെ യാഥാർത്ഥ്യം, സ്വാതന്ത്ര്യമില്ലായ്മ, ബാധിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചു കൃത്യമായ വിവരങ്ങൾ പുറംലോകത്തെ അറിയിച്ച വൈദികരും ജനാധിപത്യ പ്രവർത്തകരുമാണ് അന്യായ വിചാരണയ്ക്കു ഇരയായിരിക്കുന്നത്.
കാമഗുയിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ കുർബാനയുടെ 28-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നുവെന്ന് വൈദികരെ തടങ്കലിലാക്കി ചെയ്തത്. 2021 ജൂലൈ 11ന് നടന്ന ജനാധിപത്യ പ്രതിഷേധത്തിനിടെ തന്നെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിന്നുവെന്നും മാറ്റത്തിൽ വിശ്വസിക്കാൻ പ്രയാസമുള്ള വിധം വളരെയധികം കഷ്ടപ്പെട്ട ഒരു ജനതയാണ് ക്യൂബയിലുള്ളതെന്നും ഫാ. ആൽബെർട്ടോ റെയ്സ് പറയുന്നു.
1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ ചരിത്രപരമായ ക്യൂബൻ സന്ദർശനത്തിന് കാൽ നൂറ്റാണ്ട് തികഞ്ഞ വേളയിൽ 2023 ജൂണിൽ ഡയാസ്-കാനലും ഫ്രാൻസിസ് പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. 2023- 2024 കാലയളവിൽ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട പതിനായിരത്തിലധികം പേരെ മോചിപ്പിക്കാൻ ഈ കൂടിക്കാഴ്ച കാരണമായിട്ടുണ്ടെകിലും ഇന്നു സ്ഥിതി വീണ്ടും മാറിയിരിക്കുകയാണ്.

