ഇൻഡോർ : 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഇൻഡോറിൽ ‘പ്രേ ഫോർ ഇന്ത്യ’ എന്ന പേരിൽ ഭക്തി ഗാനമേള സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികളെ ഐക്യത്തിന്റെയും പ്രാർത്ഥനയുടെയും ദേശസ്നേഹത്തിന്റെയും കൂടിച്ചേരലിൽ ഒന്നിപ്പിച്ചു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പരിപാടിയുടെ നാലാം പതിപ്പ്, ഇൻഡോറിന്റെ ദീർഘകാലമായുള്ള മത ഐക്യത്തിന്റെ പാരമ്പര്യത്തെ വീണ്ടും ഓർമ്മിപ്പിച്ചു. വിശ്വാസത്തോടും ദേശീയ ഐക്യത്തോടുമുള്ള ഈ കൂടിവരവിൽ വിവിധ സഭകളിൽ നിന്നുള്ള പുരോഹിതന്മാരും വിശ്വാസികളും സമൂധ്യ രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്നു.
ഇൻഡോറിലെ ബിഷപ്പ് തോമസ് മാത്യുവും ബിഷപ്പ് ചാക്കോ എസ്വിഡിയും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഈ പരിപാടിക്ക് ആത്മീയ ഉണർവ്വ് നൽകി. സമ്മേളനത്തെ അഭിസംബോധന ചെയ്ത ഇൻഡോർ പാർലമെന്റ് അംഗം ശ്രീ ശങ്കർ ലാൽവാനി, ക്രിസ്ത്യൻ സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകളെ അംഗീകരിക്കുകയും സാമൂഹിക ക്ഷേമത്തിലും ധാർമ്മിക രൂപീകരണത്തിലും സഭയുടെ നിരന്തരമുള്ള ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു.
ക്രിസ്തുമതത്തിലെ വൈവിധ്യമാർന്ന ആരാധനാ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭക്തിഗാനങ്ങളുടെ മനോഹരമായ അവതരണം സമ്മേളനത്തിൽ ഉണ്ടായിരുന്നു. പ്രാർത്ഥനാപൂർവ്വമായ വരികളിലൂടെയും ഉനർവ്വേകുന്ന ഈണങ്ങളിലൂടെയും, ഗാനങ്ങൾ ഐക്യത്തിന്റെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും ശക്തമായ സന്ദേശം നൽകി.

വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സഭാ നേതാക്കൾ വേദി പങ്കിട്ടു, സഭാ ഐക്യത്തിന്റെയും സഹകരണത്തിന്റെയും ദൃശ്യമായ അടയാളം പ്രദാനം ചെയ്തു. നഗരത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ സവിശേഷതയായ കൂട്ടായ്മയുടെ ആത്മാവിനെ അവരുടെ സാന്നിധ്യം അടിവരയിട്ടു.
പഞ്ചാബിൽ നിന്നുള്ള പ്രശസ്ത ധ്യാനപ്രസംഗകരായ ഷാമി, പാരി ഹാൻസും പൂനെയിൽ നിന്നുള്ള പാസ്റ്റർ സണ്ണി വിശ്വാസും സംഗീത വിഭാഗത്തിന് നേതൃത്വം നൽകി, പ്രേക്ഷകരെ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും നിമിഷങ്ങളിലേക്ക് കൊണ്ടെത്തിച്ചു.
ഇൻഡോറിലെ ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസം, ദേശീയ അഭിമാനം, വിഭാഗീയ അതിരുകൾക്കപ്പുറം ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ വീണ്ടും ഉറപ്പിക്കുന്നതിനുള്ള ഒരു വേദിയായി ‘പ്രേ ഫോർ ഇന്ത്യ’ സമ്മേളനം രൂപപ്പെട്ടു. വൈവിധ്യത്തിനിടയിലെ ഐക്യത്തിന്റെ കേന്ദ്ര സന്ദേശം ശക്തമായി പ്രതിധ്വനിച്ചു, ഇന്ത്യയുടെ ബഹുസ്വര സ്വത്വത്തെ നിർവചിക്കുന്ന ഭരണഘടനാ മൂല്യങ്ങളെ പ്രതിധ്വനിപ്പിച്ചു.




