വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുവാൻ പോഡ്കാസ്റ്റുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. സംഘടനയുടെ യുഎസ്എ വിഭാഗവും ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ‘ഫെയ്ത്ത് അണ്ടർ സീജ്’ എന്ന പേരിൽ പുതിയ പോഡ്കാസ്റ്റ് പരമ്പര ആരംഭിച്ചത്. ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ദീർഘകാലമായി മതപീഡന വിശകലന വിദഗ്ദ്ധനുമായ റോബർട്ട് റോയലാണ് ആതിഥേയത്വം വഹിക്കുന്നത്.
ക്രൈസ്തവ വിശ്വാസികൾ ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ എങ്ങനെ വേട്ടയാടപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നേരിട്ടുള്ള സാക്ഷ്യങ്ങളും സാഹചര്യങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധരുടെ നിരീക്ഷണവും വിശദീകരണവും ചേർത്താണ് പോഡ്കാസ്റ്റ് ഒരുക്കുന്നത്.
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കുമായി ചേർന്നുള്ള പോഡ്കാസ്റ്റാണ് ഉദ്ഘാടന എപ്പിസോഡിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള സംഘർഷങ്ങൾക്കിടയിൽ ക്രൈസ്തവർ നേരിടുന്ന കഠിനമായ അവസ്ഥ വിരൽചൂണ്ടുന്ന വിധത്തിലാണ് പോഡ്കാസ്റ്റ് ഒരുക്കുന്നത്. യുദ്ധം ആരംഭിച്ചപ്പോൾ, ഉടൻ തന്നെ എയിഡ് ടു ചർച്ച് ഇൻ നീഡ് മാനുഷിക അടിയന്തരാവസ്ഥയിലായ ആളുകൾക്ക് സഹായം നൽകാൻ തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നു മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് വെളിപ്പെടുത്തി.
1947-ൽ സ്ഥാപിതമായ പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഏഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പീഡിത ക്രൈസ്തവരെ ചേർത്തുപിടിക്കുന്നുണ്ട്. സംഘടനയുടെ വേരുകൾ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നതിനാൽ ക്രൈസ്തവർ അനുഭവിക്കുന്ന കൊടിയ പീഡനങ്ങൾ ലോകമെമ്പാടും എത്തുവാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

